മറന്നുപോയ കളികളിൽകുട്ടിക്കാലത്ത് വീടിന്റെ പുറത്ത് വിവിധകോണുകളിൽ പതിനഞ്ച് നായ്ക്കൾ പരുങ്ങുന്നു... വീട്ടിനുള്ളിൽ പൊട്ടിയ ഓടിനുള്ളിലൂടെ ഇറ്റുന്ന മിന്നൽത്തുള്ളികൾ ചീനച്ചട്ടിയിൽ ശേഖരിച്ച് നാക്കാലിപ്പലകയിൽ പുലിയിരിക്കുന്നു... മഴയുമിരുട്ടും തോർന്നിട്ട് വേണം ദൈവത്തെ വിളിക്കാൻ... ദൈവമാണ് കളം നിരത്തുന്നത് കരിക്കട്ടകൊണ്ട് കള്ളി വരക്കുന്നത് നായ്ക്കളെയും എന്നെയും സ്ഥാനങ്ങളിൽ വിന്യസിക്കുന്നത്... കുരച്ചു ചാടിക്കുന്നത്, തക്കം...
മറന്നുപോയ കളികളിൽ
കുട്ടിക്കാലത്ത്
വീടിന്റെ പുറത്ത്
വിവിധകോണുകളിൽ
പതിനഞ്ച് നായ്ക്കൾ
പരുങ്ങുന്നു...
വീട്ടിനുള്ളിൽ
പൊട്ടിയ ഓടിനുള്ളിലൂടെ
ഇറ്റുന്ന
മിന്നൽത്തുള്ളികൾ
ചീനച്ചട്ടിയിൽ ശേഖരിച്ച്
നാക്കാലിപ്പലകയിൽ
പുലിയിരിക്കുന്നു...
മഴയുമിരുട്ടും തോർന്നിട്ട് വേണം
ദൈവത്തെ വിളിക്കാൻ...
ദൈവമാണ്
കളം നിരത്തുന്നത്
കരിക്കട്ടകൊണ്ട് കള്ളി വരക്കുന്നത്
നായ്ക്കളെയും എന്നെയും
സ്ഥാനങ്ങളിൽ വിന്യസിക്കുന്നത്...
കുരച്ചു ചാടിക്കുന്നത്,
തക്കം കിട്ടിയാൽ
ചെകിളക്ക് കടിച്ച് വെട്ടിയെറിയുന്നത്...
പതിനഞ്ച് നായും
പുലിയും,
എന്ന്
നാമകരണപ്പെടുത്തുന്നത്
ഇരുട്ട് തീരുന്നില്ലെന്നതാണ്
കുറച്ചു നാളായുള്ള
പ്രശ്നം.
ഇടക്ക് ബോറടിക്കുമ്പോൾ
നായ്ക്കൾ ചെന്ന്
കനാലിൽ കുളിക്കുന്നു,
കളിക്കുന്നു
തിമിർക്കുന്നു.
നായ് കനാൽ എന്ന്
കരയിലൊരു
ബോർഡ് വെക്കുന്നു...
മുകളിൽ
നായ്ക്കനായൊരു ആൽ
അതുകണ്ട്
പൂകുന്നു സ്വസ്ഥി...
ഒഴുക്ക് കുറവാണ്...
നൂലുപോലുള്ള
പതിനാലാം നമ്പർ മഴ.
കാറ്റിൻ യവനിക...
ഇരുന്നിരുന്നു
പുലിക്കും പലകക്കും
മിന്നലിറ്റിക്കുതിർന്ന ചട്ടിക്കും
വേര് കിളിർത്തിട്ടുണ്ട്.
ആ വേരുകളുടെ
തായ്പടലം
മുകളിലേക്ക് മുകളിലേക്ക് മൂടിയാണ്, പിന്നെ,
മൂന്നു ദശാബ്ദങ്ങൾ
മാഞ്ഞുപോയത്...
പുലി എന്ന പേര് മാഞ്ഞ്,
ഞാൻ, ഞാൻ, ഞാൻ എന്ന്
തെളിഞ്ഞുവന്നത്.
അന്ന്
തുറന്നുവെച്ച
പാത്രത്തിലിരുന്ന്
ഒരാത്മാവ്
നിശ്ശബ്ദമായി
ജനഗണമന ചൊല്ലുകയാണിപ്പോഴും...
''അക്കുത്തിക്കുത്താന-
പെരുംകുത്താളെക്കൊല്ലു-
കരിംകുത്ത്...'' -എന്ന്
അതിന്റെ മുഴക്കം...
മുഴങ്ങുന്ന
ഇരുട്ട്...
ഇരുൾ
പരത്തുന്ന
ഇരുട്ട്...
മുരട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.