poem

ജീവന്റെ ഉത്സവം

കാഴ്ചയിൽ നേരുകൾ കണ്ടു,

കറുക്കാത്ത കാലം കുടിയിരിക്കട്ടെ-

യുൾക്കണ്ണിന്റെയാഴങ്ങളിൽ,

ചോരയോട്ടം നിലയ്ക്കാത്ത

ഭൂമി, ജലം, പച്ച

ജീവന്റെയുത്സവം.

കുപ്പിവെള്ളത്തിൽ, കുഴൽക്കിണറിൽ

ദാഹമൊക്കെയൊടുക്കേണ്ട

പട്ടണം കണ്ടിടാം.

ചത്തുപോയീടും ജലാശയം,

ഔദാര്യമെത്രനാളായുറ്റിവാങ്ങി-

യറിയാത്ത കോട്ടയും

തേവരു കാവൽനിൽക്കുമേട്ടമീനും

മറവിയിൽ പോയ ഗോത്രങ്ങളും,

ഓർക്കുമൊരിക്കൽ

ചെളിമുടി പൊള്ളലിൽ

നീറിനിൽക്കും

ദാഹനീരിന്റെ നന്മയും.

കായലിലേയ്ക്കു നടക്കാം,

വരുംകാലവാണിഭത്തിൻ നിലം

കണ്ടു സംതൃപ്തരായ്

കാഴ്ചയൊടുക്കാം;

ഒരിക്കൽ തുളുമ്പിയ കായലിൽ

പിന്നെക്കുഴിക്കും കിണറിന്റെ

ആഴമറിയില്ലിരുട്ടിന്നറകളിൽ

പാറ തുരന്നു

മറുപുറമെത്തിലും.


Tags:    
News Summary - Malayalam Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.