വീടിന്റെ പിന്നാമ്പുറത്ത്
അടൂർ സിനിമകളിലെ ഒരു രാത്രി
ജീവൻവച്ചു തുടങ്ങി.
ചീവീടുതന്നെ മുഖ്യതാരം!
പക്കമേളക്കാർ കൂടിക്കൂടി വന്നു,
മുഖർശംഖുമായി തവളയും ചേർന്നു.
ആനന്ദനില ഉച്ചസ്ഥായിയിൽ.
അടുക്കും ചിട്ടയുമില്ലാത്ത
വള്ളിപ്പടർപ്പുകൾക്കിടയിൽനിന്ന്
മനോധർമംപോലെ നാദവിസ്താരം.
തട്ടിൻപുറത്ത് എലി മറിച്ചിട്ട
ഓട്ടുകിണ്ണത്തിന്റെയൊച്ച
ഉറങ്ങുന്നവരുടെ സ്വപ്നത്തിരിവിനെ
സംഭവബഹുലമാക്കി.
തെല്ലകലെ ഏതോ ജീവി
ആക്രമിക്കപ്പെടുന്നുണ്ട്.
ഇരയുടെ കരച്ചിലിൽ
വേട്ടക്കാരന്റെ മൗനം
മാന്യതനടിച്ചൊളിച്ചു
ജഡ്ജിക്കുപ്പായമിട്ട നത്ത്
ഉഭയസമ്മതമെന്നാക്കി
ഇരുട്ടിലും തനിനിറം കാട്ടി.
നാലു വീടുകൾക്കപ്പുറത്തുനിന്ന്
പട്ടി കുരയ്ക്കുന്ന ഒച്ച.
ഉറക്കം മുറിഞ്ഞവർ
ടോർച്ചെടുത്ത് ജനലിലൂടെ
മിന്നിച്ചിട്ട് വീണ്ടും കിടന്നു.
കാക്കക്കരച്ചിലിന്
ഇത്തിരി ബാക്കിനിൽക്കെ
ന്യൂജെൻപടത്തിലേതുപോലെ
അത് സംഭവിച്ചു
വീട് ട്രാഫിക് ബ്ലോക്കിൽപെട്ട
വാഹനംപോലെ
ആത്മനിന്ദയിൽ നീറിക്കൊണ്ടിരുന്നു
‘‘അയ്യോ’’ എന്ന ശബ്ദത്തെ
ആരോ അമർത്തിപ്പിടിക്കുമ്പോലെ
വീടിനെ ശ്വാസം മുട്ടിച്ചു കൊന്നതിന്റെ
ആഘോഷമായി നിശാപാർട്ടി വക
അധോലോക സംഗീതം
നഗരവീഥിക്കപ്പുറവും
അടിച്ചേൽപിക്കപ്പെട്ടു.
‘തൂവാനത്തുമ്പികളു’ടെ
അന്ത്യരംഗത്തിന്
ജോൺസൺ പകർന്ന സംഗീതംകൊണ്ട്
വീടിനെ മെല്ലെ ജീവൻവെപ്പിച്ച്
ഇത്തിരിയെങ്കിൽ ഇത്തിരിനേരം
ഉറങ്ങാൻ കിടന്നു, ഉറങ്ങാതെ കിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.