തിര തുള്ളുന്ന തീരം

1 ഒരു ജനക്കൂട്ടം. അവർ എല്ലാവരും ഒരു വശത്തേക്കു തള്ളുന്നു. വേദിയുടെ ഒരു വശത്തുനിന്നും മറുവശത്തേക്ക്. കൂട്ടത്തിൽ ഒരാൾ സീൽക്കാരശബ്ദത്തിൽ തള്ളുന്നതിന്റെ താളത്തിൽ മന്ത്രിക്കുന്നു: തള്ള്... തള്ള്... ഗുണ്ടും കതിനയും ചെവിയിൽ പൊട്ടാൻ തള്ള്... തള്ള്... അമരത്തിൽ പൊട്ടി ഹൃദയത്തിൽ കത്താൻ തള്ള്... തള്ള്... വെടിക്കെട്ടു കാവിലെ മരുന്നുപണിക്ക് തീപ്പിടിക്കാനിനി നിമിഷങ്ങൾ മാത്രം (തള്ളുന്നതിനിടയിൽ ഒരാൾ തൊട്ടരികെ തള്ളിക്കൊണ്ടിരിക്കുന്നയാളുടെ മുഖത്തേക്കു നോക്കി പരിചയം ഭാവിക്കുന്നു) ആൾ 1: നിങ്ങളെ എവിടെയോ പരിചയമുള്ളപോലെ. ഈ നാട്ടുകാരൻ തന്നെയാണോ? ആൾ 2: കാണാൻ സാധ്യതയില്ല. മാവേലിക്കരയീന്നാ. ആൾ 1: വെടിക്കെട്ടു കാണാൻ...

1

ഒരു ജനക്കൂട്ടം. അവർ എല്ലാവരും ഒരു വശത്തേക്കു തള്ളുന്നു. വേദിയുടെ ഒരു വശത്തുനിന്നും മറുവശത്തേക്ക്. കൂട്ടത്തിൽ ഒരാൾ സീൽക്കാരശബ്ദത്തിൽ തള്ളുന്നതിന്റെ താളത്തിൽ മന്ത്രിക്കുന്നു:

തള്ള്... തള്ള്...

ഗുണ്ടും കതിനയും

ചെവിയിൽ പൊട്ടാൻ

തള്ള്... തള്ള്...

അമരത്തിൽ പൊട്ടി

ഹൃദയത്തിൽ കത്താൻ

തള്ള്... തള്ള്...

വെടിക്കെട്ടു കാവിലെ

മരുന്നുപണിക്ക്

തീപ്പിടിക്കാനിനി

നിമിഷങ്ങൾ മാത്രം

(തള്ളുന്നതിനിടയിൽ ഒരാൾ തൊട്ടരികെ തള്ളിക്കൊണ്ടിരിക്കുന്നയാളുടെ മുഖത്തേക്കു നോക്കി പരിചയം ഭാവിക്കുന്നു)

ആൾ 1: നിങ്ങളെ എവിടെയോ പരിചയമുള്ളപോലെ. ഈ നാട്ടുകാരൻ തന്നെയാണോ?

ആൾ 2: കാണാൻ സാധ്യതയില്ല. മാവേലിക്കരയീന്നാ.

ആൾ 1: വെടിക്കെട്ടു കാണാൻ ഇത്ര ദൂരത്തുന്നോ?

ആൾ 2: പിന്നേ... ഞാൻ എല്ലാ കൊല്ലവും വരാറുണ്ട്. അതങ്ങ് കത്തിപ്പിടിക്കുമ്പോഴത്തെ ഇടികുടുക്കമൊണ്ടല്ലോ, ഇതാ (സ്വന്തം നെഞ്ഞിൽ ചൂണ്ടി) ഇവിടെയാ

ആൾ 3 (ഉറക്കെ, സ്വഗതം) രണ്ടു മണിക്കൂറായി നിൽക്കുന്നു. ഇനി എത്ര കഴിയണമാവോ?

(പെട്ടെന്ന് വശത്തുനിന്നും തള്ളിന്റെ ഒരല ആളുകൾക്കുമേൽ കടന്നുപോകുന്നു. കാറ്റിൽ ചെടികൾ ചായുമ്പോലെ ആൾക്കാർ മറുവശത്തേക്കു ചായുന്നു.

പെട്ടെന്ന് മാനത്ത് ഒരു ചൈനീസ് പടക്കം ഉയർന്നു പൊട്ടി വർണശോഭയോടെ വിടർന്ന് മാനത്ത് ഇങ്ങനെ എഴുതിക്കാണിക്കുന്നു: വെടിക്കെട്ടു കാവിലെ വെടിക്കെട്ട് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുന്നു)

2

ഗ്രാമഫോൺ കോളാമ്പിപോലെ ഉള്ളിലേക്ക് ചുഴിപ്പുള്ള വലിയ ഒരു സൗണ്ട് ബോക്സ്. സ്‌റ്റേജിന്റെ ഒരു വശത്തുനിന്ന് ഒരു യുവാവ് വേഗത്തിൽ ശരീരമിളക്കി പാശ്ചാത്യ രീതിയിൽ നൃത്തം ചെയ്തുകൊണ്ട് വരുന്നു. ശരീരം ഇളക്കുന്നതിന്റെ വേഗത്തിൽ നിന്നൂഹിക്കാം, ബോക്സിൽനിന്നു വരുന്ന പാട്ടിന്റെ ആവേശം. കുറച്ചു നേരം ബോക്സിനു മുന്നിൽനിന്നു നൃത്തം ചെയ്ത ശേഷം പെട്ടെന്ന് അതിൻെ ചുഴിപ്പിലേക്ക് തല ചേർത്തുവെക്കുന്നു.

കൈകൾ പൂർവാധികം വേഗത്തോടെ താളത്തിൽ ചലിപ്പിക്കുന്നു. ഒറ്റച്ചാട്ടത്തിന് ബോക്സിന്റെ ചുഴിപ്പിലേക്ക് വലിഞ്ഞു കയറി ചുരുണ്ടിരിക്കുന്നു. ബോക്സിൽനിന്ന് അടിപൊളി പാട്ട് ഉച്ചസ്ഥായിയിൽ ഉയരുന്നത് ഇപ്പോൾ നമുക്കും കേൾക്കാം. ബോക്സിന്റെ ചുഴിപ്പിൽ ചുരുണ്ടിരിക്കുന്ന യുവാവിനെ പക്ഷേ കാണാനില്ല.

3

രംഗത്ത് മൂന്നു കസേരകളിൽ മൂന്നുപേർ ഇരിക്കുന്നു. ഒരുവന്റെ കൈയിൽ മൈക്കുണ്ട്. അയാൾ മൈക്കിൽ സംസാരിക്കുന്നു.

മോഡറേറ്റർ: (സദസ്സിനെ നോക്കി) അപ്പോൾ പ്രിയമുള്ളവരേ, ഇനി നമുക്ക് വിഷയത്തിലേക്കു കടക്കാം. ഇന്നത്തെ ഈ സെഷൻ മോഡറേറ്റു ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തം കൂടിയാണ് എന്നു ഞാൻ കരുതുന്നു. താരതമ്യേന നിശ്ശബ്ദമായ ഒരു കുട്ടിക്കാലത്തുനിന്ന് ഈ ലോകത്തിന്റെ ബഹളങ്ങളിലേക്കു തെറിച്ചുവീണ ഒരാളാണ് ഞാൻ. ഇപ്പോൾ ഈ വേദി പങ്കിടുന്ന ഇവർ എന്റെ ശൈശവ മൗനം തകർത്ത രണ്ടു ശബ്ദങ്ങളാണ്.

ഒന്ന്, ഞാൻ വട്ടുരുട്ടിക്കളിക്കുമ്പോൾ പെട്ടെന്നു വളവു തിരിഞ്ഞു വന്ന് നീട്ടിയടിച്ച് എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു ലോറിയുടെ ഹോണാണ്. മറ്റേത് അച്ഛന്റെ കൂടെ ആദ്യമായി മൃഗശാല കാണാൻ പോയപ്പോൾ കേട്ടു ഭയന്ന സിംഹഗർജനം. എന്റെ ഈ ചെറിയ ജീവിതത്തിൽ അവർക്കുള്ള സ്ഥാനത്തെപ്പറ്റി അവരെന്തു വിചാരിക്കുന്നു എന്ന് ചോദിച്ചുകൊണ്ട് ഈ സെഷൻ തുടങ്ങാം. ലോറി ഹോണോടാണ് ആദ്യത്തെ ചോദ്യം. കാലം വളരെ കഴിഞ്ഞിരിക്കുന്നു. ഓർമയുണ്ടോ താങ്കൾക്കെന്നെ?

(മൈക്ക് ലോറി ഹോണിന് കൈമാറുന്നു. ലോറി ഹോൺ നീട്ടി മുഴങ്ങുമ്പോൾ മോഡറേറ്റർ ഞെട്ടിത്തെറിച്ച് എണീറ്റ് കസേരയുമെടുത്ത് ഓടിമറയുന്നു. ഇപ്പോൾ വേദിയിൽ ഹോണും സിംഹഗർജനവും മാത്രം. ഹോൺ നീട്ടിമുഴങ്ങുമ്പോൾ സിംഹഗർജനം മൈക്ക് പിടിച്ചു വാങ്ങി തിരകളായി ഉയരുന്നു.)

4

രംഗത്ത് രണ്ടുപേർ. ഒരാൾ പരുങ്ങുന്ന ഭാവത്തിൽ. മറ്റേയാൾക്ക് അധികാരഭാവം.

ഒരാൾ: (ഉറക്കെ) നിന്റെ പേരെന്താ?

മറ്റേയാൾ: (പതുക്കെ) വിനോദ്.

ഒരാൾ: (കൂടുതൽ ഉറക്കെ) സ്ഥലം?

മറ്റേയാൾ: (പതുക്കെ) എടപ്പ.

ഒരാൾ: (കൂടുതൽ ഉറക്കെ) ഇവിടെ എന്താ?

മറ്റേയാൾ: (പതുക്കെ, വിനയഭാവത്തിൽ) ഒരാളെ കാണാനുണ്ട്.

ഒരാൾ: (കൂടുതൽ ഉറക്കെ) ആരെ?

മറ്റേയാൾ: (പതുക്കെ, പരുങ്ങലോടെ) അത്...

ഒരാൾ: (ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട്) പരുങ്ങുന്നോ, പറയെടാ. താനെന്തിനിവിടെ കറങ്ങി നടക്കുന്നു? കുറേ നേരമായല്ലോ. നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്.

മറ്റേയാൾ (പതുക്കെ), പൊന്നു ചേട്ടാ, സത്യമാ പറഞ്ഞത് (പെട്ടെന്ന് ഒരാളുടെ നേരെ ചെന്ന് മുഖത്തോടു മുഖം ചേർത്തുവെച്ച് ഉറക്കെ അലറുന്നു) ഡാ നായെ.. എന്നാൽ നീയൊന്നു ശരിയാക്കടാ... കാണട്ടടാ...

ഒരാൾ: (ഞെട്ടുന്നു. ഉടൻ ശബ്ദം താഴ്ത്തി) ഓ... അങ്ങേരെ കാണാനാണോ? അതങ്ങു നേരത്തേ പറയണ്ടേ (സ്റ്റേജിന്റെ പിറകിലേക്കു ചൂണ്ടി) അതാ അതിലേ. ഞാൻ കാണിച്ചു തരാം (വേദിക്കു പിന്നിലേക്കു നടന്നു മറയുന്നു. ഒന്നു കൂടി പരുങ്ങി നിന്ന ശേഷം മറ്റേയാൾ എതിർവശത്തേക്കും നടന്നു മറയുന്നു. രംഗമിപ്പോൾ ശൂന്യമാണെങ്കിലും അവിടെ നടന്ന സംഭാഷണം പ്രതിധ്വനിക്കുംപോലെ താണും ഉയർന്നും താണും ഉയർന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു രംഗം ഇരുളുന്നു.)

 

5

രംഗത്ത് ഇരുട്ട്. വെളിച്ചം വീണ് കൂടിക്കൂടി വന്ന് അതിതീവ്ര വെളിച്ചമാകുമ്പോൾ വേദിയുടെ നടുവിൽ ഒരു മനുഷ്യരൂപം തെളിയുന്നു. കവിയാണ്. ഒരേ സമയം തനിക്കും സദസ്സിനുമായി അയാൾ കവിത ചൊല്ലുന്നു:

പകലിലെങ്ങനെ കവിത ചൊല്ലുവാൻ

പരിഹസിക്കില്ലേ സകലരും?

(അയാൾ വരി ആവർത്തിച്ചു ചൊല്ലുന്നു. പെട്ടെന്ന് ഇരുട്ടാവുന്നു)

ഇരുട്ടിലീ രാവിലുരുക്കഴിക്കുമ്പോൾ

ഉറക്കം ഞെട്ടിടാം ഉലകിനും

പിറുപിറുത്തേക്കാം, അടച്ചുവയ്ക്കുകാ -

ക്കവിതയെന്നു കൺതുറിച്ചേക്കാം

(പെട്ടെന്ന് ഇരുട്ടിൽ ഒരു മഴ ഇരമ്പിപ്പെയ്യുന്ന ശബ്ദം കൂടിക്കൂടി വരുന്നു.)

പെരുമഴയുടെ മറയ്ക്കുള്ളിൽ വെച്ചേ

കവിത ചൊല്ലാവൂ രഹസ്യമായ്

മഴയുടെ മഹാരവം പുറത്തെല്ലാം

കവിത ചൊല്ലുന്നുണ്ടകത്തൊരാൾ

(മഴയുടെ ശബ്ദം നേർത്തുവരുന്നതോടൊപ്പം യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം കൂടിക്കൂടി വന്ന് ഒടുവിൽ അതു മാത്രമാകുന്നു)

അലറുന്ന യന്ത്രനിരയിലിന്നൊരു

കരിനിഴലായിച്ചുരുളവേ

ഇതാണുറക്കനെ കവിത ചൊല്ലുവാ -

നവസരം - എന്റെ പ്രതികാരം.

(വെളിച്ചം തെളിയുമ്പോൾ വലിയ യന്ത്രങ്ങൾക്കിടയിൽനിന്ന് ഏതോ ലിവർ തിരിച്ചുയർത്തുന്ന കരിപുരണ്ട ഒരാൾരൂപം തെളിഞ്ഞുവരുന്നു.)

6

രണ്ടുപേർ ചേർന്ന് അലാങ്കുകൊണ്ട് ഒരു കുഴി കുഴിച്ചുകൊണ്ടിരിക്കുന്നു. കൈയ്യിട്ട് മണ്ണെടുത്ത് പുറത്തേക്കിടുന്നു.

ഒന്നാമൻ: പോരാ, കുറച്ചുകൂടി കുഴിക്കണം

രണ്ടാമൻ: ഉയരെ ഉയരെ ഉയരെ കേറിപ്പൊട്ടാൻ പാകത്തിന്

ഒന്നാമൻ: നാടിന്റെ ചെവി പൊട്ടണം...

(കൂടുതൽ ആഴത്തിൽ കുഴിക്കുന്നു)

രണ്ടാമൻ: എത്ര ആഴത്തിൽ വെടിമരുന്ന് നിറക്കുന്നോ അത്ര മേലേക്കു പൊങ്ങും.

ഒന്നാമൻ: വെടിമരുന്നു മാത്രം പോരാ...

രണ്ടാമൻ: കുപ്പിച്ചില്ലു വേണം

ഒന്നാമൻ: ആണി വേണം...

രണ്ടാമൻ: ഇരിമ്പുണ്ടകൾ ഇടാം.

ഒന്നാമൻ: അതിനേക്കാൾ നല്ലത് നല്ല മൂർച്ചയുള്ള നാലു കത്തിമുനയാണ്.

രണ്ടാമൻ: എടോ പണ്ട് പത്ത് സീ യിൽ വെച്ച് കുമാരിട്ടീച്ചറ് പഠിപ്പിച്ച കൊറച്ച് അക്ഷരങ്ങളുണ്ടായിരുന്നല്ലോ. അവ ഇതിലിടാം. അങ്ങട് പൊട്ടട്ടെ

ഒന്നാമൻ: ടീച്ചറ് പാവമാ... ആ പരമേശരൻ മാഷെ ജീവനോടെ കൊണ്ടന്ന് ഇതിലിടുന്നതാ നല്ലത്.

രണ്ടാമൻ: നമുക്കാ വിടുവായൻ പഞ്ചായത്തു പ്രസിഡന്റിന്റെ നാവറുത്ത് ഇതിലിടാൻ പറ്റുമോ എന്നാ എനിക്കറിയേണ്ടത്.

ഒന്നാമൻ: ഹൊ, ഇതിങ്ങനെ ഇട്ടുപോയാൽ എന്തോരം കനത്തിലാ പൊട്ടുക! എനിക്കു കാണാൻ തിരക്കായി.

രണ്ടാമൻ: പ്രസിഡന്റിന്റെ നാവ്

ഒന്നാമൻ: കണ്ടമ്പൂച്ചത്തല

രണ്ടാമൻ: കോഴിയുടെ പൂവ്

ഒന്നാമൻ: നേതാവിന്റെ കുമ്പ

രണ്ടാമൻ: പട്ടിയുടെ ഓളി

ഒന്നാമൻ: കൂമന്റെ കണ്ണ്

രണ്ടാമൻ: അടിയാധാരം

ഒന്നാമൻ: ആധാരക്കാർഡ്

രണ്ടാമൻ: എസ്.എസ്.എൽ.സി ബുക്ക്

ഒന്നാമൻ: നികുതിച്ചീട്ട്

രണ്ടാമൻ: ഒച്ച കൂടട്ടെ

ഒന്നാമൻ: കേറിപ്പൊട്ടട്ടെ

(കുഴിയിൽ ഇടേണ്ട വസ്തുക്കളുടെ പേരുകൾ രണ്ടാളും മാറി മാറിപ്പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ കലപിലയിൽ രംഗം ഇരുളുന്നു)

7

രംഗത്ത് രണ്ടു ചെണ്ടകൾ. ഒന്നിന്റെ വശത്ത് മേളത്തിനു ക്ഷണമുള്ള ചെണ്ട എന്ന് എഴുതിയിട്ടുണ്ട്.

മുണ്ടുടുത്ത് കഴുത്തിൽ സ്വർണമാലയിട്ട ഒരാൾ സ്റ്റേജിനു പിന്നിൽ നിന്നു മുന്നിലേക്കു വന്ന് സദസ്സിനു നേർക്കു കൈ കൂപ്പി മേളത്തിനു ക്ഷണമുള്ള ചെണ്ടയിൽ തൊട്ടു തലയിൽ വെച്ച് എടുത്തു തോളിലിട്ടു കൊട്ടാൻ തുടങ്ങുന്നു. അവജ്ഞയോടെ തൊട്ടപ്പുറത്തെ ചെണ്ടയെ നോക്കുന്നു. മുണ്ടുടുത്ത് സ്വർണമാലയിടാത്ത മറ്റൊരാൾ വന്ന് സദസ്സിനെ തൊഴുത് മറ്റേ ചെണ്ട തൊട്ടു തലയിൽ വെച്ച് തോളിലിട്ട് കൊട്ടാൻ തുടങ്ങുന്നു.

മേളത്തിനു ക്ഷണമുള്ള ചെണ്ട: (കൊട്ടു നിർത്തി) ഛായ്... അബദ്ധം അബദ്ധം... തന്നെയാരാ ഇങ്ങോട്ടു ക്ഷണിച്ചേ?

മേളത്തിനു ക്ഷണമില്ലാത്ത ചെണ്ട: ഇതെന്റെ ചെണ്ട. മേളത്തിനാരും വിളിക്കാത്ത ചെണ്ട. എനിക്കു തോന്നുമ്പോൾ ഞാൻ വന്നു കൊട്ടും.

മേളത്തിനു ക്ഷണമുള്ള ചെണ്ട: അങ്ങനെ എവിടെയും വന്നു കൊട്ടാൻ തനിക്ക് അനുവാദമില്ല. തേവർക്ക് എന്റെ കൊട്ടേ രസിക്കൂ. തന്റെ കൊട്ട് രസിക്കില്ല.

മേളത്തിനു ക്ഷണമില്ലാത്ത ചെണ്ട: അതൊക്കെ പണ്ട്. ആ കാലമൊക്കെ മാറിയത് മേളത്തിനു വിളിക്കുന്ന ചെണ്ട അറിഞ്ഞില്ലെന്നുണ്ടോ? ഇത് പൊതുസ്ഥലമാ. നിങ്ങൾക്കും എനിക്കും കൊട്ടാൻ ഒരുപോലെ അവകാശം തന്നിട്ടുള്ളത് ഈ രാജ്യത്തെ നിയമമാ. അറിയില്ലെങ്കിൽ പറഞ്ഞേക്കാം.

മേളത്തിനു ക്ഷണമുള്ള ചെണ്ട: ഓഹോ... വായിൽ നാവൊക്കെ വന്നു അല്ലേ... ശരി ശരി, നിന്റെ കൊട്ടു കേൾക്കാൻ ആരാ ഉണ്ടാവുക എന്നു കാണാമല്ലോ...

(രണ്ടാളും കൊട്ടിക്കയറുന്നു. കേൾക്കാൻ ആളുകൾ കൂടുന്നു. മേളത്തിനു ക്ഷണമുള്ള ചെണ്ട എന്ന് എഴുതിവെച്ച ലേബൽ കണ്ട് ആ ചെണ്ടക്കു ചുറ്റും ആളു കൂടുന്നു. മേളത്തിനു ക്ഷണമില്ലാത്ത ചെണ്ടക്കു ചുറ്റും വന്നവർപോലും ലേബൽ കണ്ട് അപ്പുറത്തേക്കു മാറുന്നു. ക്ഷണമില്ലാത്ത ചെണ്ടക്കാരൻ അതുകണ്ട് തളരുന്നു. കൊട്ടു നിർത്തി എന്തോ ആലോചിച്ചു നിൽക്കുന്നു.

അപ്പുറത്തെ ആൾക്കൂട്ടത്തെ നോക്കുന്നു. പെട്ടെന്ന് തീരുമാനിച്ചുറച്ചപോലെ ചാടിക്കൊണ്ടു കൊട്ടാൻ തുടങ്ങുന്നു. ചാഞ്ഞ്, ചെരിഞ്ഞ്, മാനത്തേക്കു ചാടിയുയർന്ന് കൊട്ടു തുടരുമ്പോൾ അപ്പുറത്തെ കാണികൾ അത്ഭുതത്തോടെ ഇപ്പുറം നോക്കുന്നു. പതുക്കെ ഓരോരുത്തരായി ഇപ്പുറം വരുന്നു. ഇപ്പോൾ മേളത്തിനു വിളിക്കുന്ന ചെണ്ടക്കു ചുറ്റും ആരുമില്ല. ആൾക്കൂട്ടത്തിന്റെ തലക്കു മുകളിലൂടെ ക്ഷണമില്ലാത്ത ചെണ്ട കൊട്ടിക്കയറുന്നു. പെട്ടെന്ന് പിന്നിൽ ഒരു അലർച്ച കേൾക്കുന്നു. ചുകന്ന താടി വേഷത്തിന്റെ അലർച്ച. കൊട്ടുകാർ ഇരുവരും കൊട്ടു നിർത്തുന്നു. കാണികളും കൊട്ടുകാരും അതെന്താണ് എന്നറിയാൻ പിന്നിലെ ഇരുട്ടിലേക്കു നോക്കുമ്പോൾ വീണ്ടും അലർച്ച കേൾക്കുന്നു)

കൂട്ടത്തിലൊരു കാണി (പിന്നിലേക്കു നോക്കി, ഉറക്കെ): ആരെടാ അത്?

(അലർച്ച ഒന്നുകൂടി അടുത്തുനിന്നു കേൾക്കുന്നു. തുടർന്ന് അലർച്ച ഇങ്ങനെ പറയുന്നു)

അലർച്ച: അരങ്ങത്തേക്കു വിളിക്കാത്ത കഥകളിക്കാരനാണേ.

(പിന്നിൽനിന്നും അലർച്ച ഒന്നുകൂടി ഉയരുമ്പോൾ മേളത്തിനു ക്ഷണിക്കാത്ത ചെണ്ടക്കാരൻ ചെണ്ടയുമായി ഉയർന്നു ചാടി അമരത്തിൽ കൊട്ടുന്നു. ചെണ്ട കൊട്ടും അലർച്ചയും ചേർന്ന് ഒന്നാവുന്നു.)

 

8

ഉച്ചഭാഷിണി 1: എന്റെ പ്രാർഥന അഞ്ചു മിനിറ്റ്

ഉച്ചഭാഷിണി 2: എങ്കിൽ എന്റെ പ്രാർഥന ആറു മിനിറ്റ്

ഉച്ചഭാഷിണി 1: എന്നാൽ പിന്നെ എന്റെ പ്രാർഥന ഏഴു മിനിറ്റ്

ഉച്ചഭാഷിണി 2: വിടില്ല ഞാൻ, എന്റെ പ്രാർഥന എട്ടു മിനിറ്റ്

ഉച്ചഭാഷിണി 1: എന്റെ പ്രാർഥന പകലു മുഴുക്കെ

ഉച്ചഭാഷിണി 2: എന്റെ പ്രാർഥന ദിവസം മുഴുവൻ

ഉച്ചഭാഷിണി 1: എന്റെ പ്രാർഥന കൊല്ലം മുഴുവൻ

ഉച്ചഭാഷിണി 2: അമ്പടാ, എന്റെ പ്രാർഥന അനന്തകാലം.

9

(അരങ്ങിന്റെ പിന്നിൽ ഇരുട്ട്. മുന്നിൽ വെളിച്ചം തെളിഞ്ഞു വരുന്നു. ഒരു മനുഷ്യരൂപം അരങ്ങിന്റെ പിന്നിലൂടെ നടന്നു നീങ്ങുംപോലെ തോന്നുന്നു. നടന്നു നീങ്ങുന്നതനുസരിച്ച് പിന്നിൽ നിരത്തിവെച്ച ഓരോ വാദ്യോപകരണത്തിൽനിന്നും ശബ്ദമുയരുന്നു. അയാൾ അവയോരോന്നും കൊട്ടിനോക്കി ശബ്ദം പരിശോധിച്ചുകൊണ്ടാണ് നീങ്ങുന്നത്. ഓരോ വാദ്യത്തിനും ഓരോ ശബ്ദം. പെട്ടെന്ന് കൊട്ടു നിലക്കുന്നു. രണ്ടു നിമിഷത്തെ മൗനം. കൊട്ടുകാരൻ വേദിക്കു മുന്നിലേക്കു വന്ന് സദസ്സിനോടായി പറയുന്നു)

കൊട്ടുകാരൻ: കേട്ടല്ലോ... നമ്മുടെ പ്രശസ്തമായ ശബ്ദങ്ങളാണ്... ഇബറ്റങ്ങളുടെ ശബ്ദമൊന്നും ഇന്നത്തെ കാലത്തിനു ചേരുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അങ്ങാടിയുടെ തിരക്കിനെ വെല്ലുന്ന ശബ്ദമുള്ള ഒരു വാദ്യമാണ് ഇന്നു നമുക്കു വേണ്ടത്. നാടു മുഴുവൻ അതു മുഴങ്ങണം. മുഴങ്ങിയാൽ ജനം തുള്ളണം. തുള്ളുമോന്നു ഞാനൊന്നു നോക്കട്ടെ.

(അയാൾ പിന്നിലെ ഇരുട്ടിൽ പോയി വലിയ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുവരുന്നു. വളരെ വലിയ വീതിയുള്ള ഒരു ലോഹച്ചക്രം കൊണ്ടുവന്ന് സ്റ്റേജിന്റെ നടുവിൽ വെക്കുന്നു. പ്ലാസ്റ്റിക് ഷീറ്റ് അതിൽ ചേർത്തുകെട്ടി മുറുക്കുന്നു. വലിയ ഒരു ദണ്ഡുകൊണ്ട് അതിന്മേൽ അടിക്കുമ്പോൾ പെരുംശബ്ദം ഉയരുന്നു)

കൊട്ടുകാരൻ: പോരാ, ഇതു പോരാ

(താനുണ്ടാക്കിയ വാദ്യം അയാൾ പിന്നിലേക്കു കൊണ്ടുപോയി വെക്കുന്നു. കുറേക്കൂടി വലിയ വീതിച്ചക്രവും പ്ലാസ്റ്റിക് തുകലുമെടുത്തു വന്ന് രംഗത്തിനു നടുവിൽ വെച്ച് അത് മുറുക്കുന്നു. ദണ്ഡുകൊണ്ട് ആ വലിയ ഡ്രമ്മിൽ കൊട്ടുമ്പോൾ കുറേക്കൂടി ഗംഭീരമായ ശബ്ദം മുഴങ്ങുന്നു)

കൊട്ടുകാരൻ: പോരാ, ഇതുപോരാ

(പെട്ടെന്ന് പിന്നിൽനിന്ന് അയാൾ ഉപേക്ഷിച്ച വാദ്യങ്ങളെല്ലാം ചേർന്ന് മുഴങ്ങുന്നു)

കൊട്ടുകാരൻ (പിന്നിലേക്കു ചൂണ്ടി) സ്റ്റോപ്പ്. നിർത്താനല്ലേ പറഞ്ഞത്. പിന്നിലെ കോറസ് നിലക്കുന്നു. കൊട്ടുകാരൻ തന്റെ മുന്നിലെ ഡ്രമ്മിൽ ഉറക്കെ അടിക്കുന്നു. ശബ്ദം പുറമേക്കു കേൾക്കാനില്ല. എങ്കിലും ബ്രഹ്മാണ്ഡം പൊളിയുന്ന ശബ്ദം അതിൽ നിന്നും പുറപ്പെടുന്നത് ആസ്വദിക്കുന്ന ഭാവത്തിൽ ഡ്രമ്മിനു മുന്നിൽ അയാൾ ആനന്ദത്തിൽ ലയിച്ചെന്നപോലെ നിൽക്കുന്നു)

കൊട്ടുകാരൻ: ഹാ... ഇതാണെന്റെ ശബ്ദം. എന്റെ ശബ്ദം വേറിട്ടു കേൾക്കാൻ ഇത്രയെങ്കിലും മുഴങ്ങണം

(അയാൾ മെല്ലെ തുള്ളിത്തുടങ്ങുമ്പോൾ അരങ്ങിലെ വെളിച്ചം കുറഞ്ഞു കുറഞ്ഞ് ഇരുട്ടാവുന്നു.)

10

രംഗത്ത് ഇരുട്ട്. പശ്ചാത്തലത്തിൽ കടലിരമ്പം കേൾക്കുന്നു. അത് ഉയർന്നു താഴുമ്പോൾ കാറ്റ് ഉറക്കെ വീശുന്ന ശബ്ദം കേൾക്കുന്നു. വീണ്ടും കടലിരമ്പം

പെട്ടെന്ന് ആ ശബ്ദങ്ങളെ കീറിമുറിച്ചുകൊണ്ട് ഒരു കടൽപ്പക്ഷിയുടെ തുളച്ചുകേറുന്ന ശബ്ദം ഉയരുന്നു. പിറകെ, അവസാനമില്ലാത്ത ഒരു തേങ്ങിക്കരച്ചിൽ ആരംഭിക്കുന്നു.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.