‘‘കുട്ടനാട് വെറുമൊരു നാടല്ല. വെള്ളത്തില്‍നിന്ന് മനുഷ്യന് പൊന്തിച്ചെടുത്ത ലോകത്തിലെ ഒരു ഭൂമിശാസ്ത്ര വിസ്മയമാണ്. പക്ഷേ, അത് പൊന്തിക്കപ്പെട്ടത് സങ്കീർണമായ ഉൽപാദനബന്ധങ്ങളുടെയും ഉൽപാദനശക്തികളുടെയും അഭൂതപൂർവമായ കൂടിച്ചേരലിലൂടെയാണ്.’’ ആ അന്തരീക്ഷത്തിൽനിന്ന് എഴുതപ്പെട്ട നോവലിനെ വായിക്കുകയാണ് ചിന്തകനായ ലേഖകൻ. വേറിട്ട സാംസ്കാരിക പഠനം കൂടിയാണ് ഇത്.
രസമാകിയ കഥകള്‍ പറയണ`=
മതിനാണല്ലോ മാനുഷജന്മം
കഥകള്‍ കേള്‍പ്പോരുടെ കാതിന് നീളം
കവിയുടെ നാവിനുമുണ്ടെന്നാകില്
മുഷിവറിയില്ല കേള്‍ക്കുന്നവരും
പറയുന്നവരുമൊരേ ചരടാകും
(അയ്യപ്പപ്പണിക്കര്‍, കുടുംബപുരാണം)
അയ്യപ്പപ്പണിക്കര്‍ നിര്വചിച്ചതുപോലെ, “കേള്‍ക്കുന്നവരും പറയുന്നവരും ഒരേ ചരടാകുന്ന” ആഖ്യാനവൈഭവത്താല് അനുവാചകരെ വിചിത്രമായ ദേശകഥയുടെ ഉള്‍വഴികളിലൂടെ ഒപ്പം സഞ്ചരിപ്പിക്കുന്ന നോവലാണ് എസ്. ഹരീഷിന്റെ ‘മീശ’. നോവല്‍ അതിന്റെ ലാവണ്യസിദ്ധമായ ദേശികത പ്രഖ്യാപിക്കുന്ന മാനങ്ങള്‍ നിരവധിയാണ്. നോവല്‍ എഴുത്തുകാര്‍ ആ അർഥത്തില്‍ സർഗധനരായ ഭൂപടനിർമാതാക്കളാണ്. ഗായത്രി സ്പിവാക്കിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണല്ലോ ‘ഭാവനാ ഭൂപടങ്ങള്‍’. സുപരിചിതമായ ദേശത്തെപ്പോലും അപൂര്വസ്നിഗ്ധമായി മാറ്റിവരക്കുമ്പോള്‍ ഉണ്ടാകുന്ന പുതുദേശസൃഷ്ടി അതിന്റെ ചരിത്രത്തിലേക്കും ഇതര വ്യവഹാരസഞ്ചയങ്ങളിലേക്കും അതുവരെ ഉണ്ടായിട്ടില്ലാത്ത ഉള്‍ക്കാഴ്ചകളുടെ വൈദ്യുതിയാണ് പ്രവഹിപ്പിക്കുക. സാഹസികമായ ഇച്ഛാശക്തി അതിനാവശ്യമുണ്ട്. കാരണം, എഴുത്തുകാര്‍ക്ക് സ്വയം സംശയിച്ചുകൊണ്ടും അനിശ്ചിതത്വങ്ങളുടെ ആയാസങ്ങളെ വെല്ലുവിളിച്ചുകൊണ്ടും മാത്രമേ അത്തരമൊരു സാഹസത്തിനു മുതിരുവാന്‍ കഴിയുകയുള്ളൂ. ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ കുട്ടനാടിനെ അതിന്റെ അതിര്‍ത്തിയായി തീരുമാനിച്ച ആഖ്യായികയാണ്. കുട്ടനാട് വെറുമൊരു നാടല്ല. വെള്ളത്തില്‍നിന്ന് മനുഷ്യന് പൊന്തിച്ചെടുത്ത ലോകത്തിലെ ഒരു ഭൂമിശാസ്ത്രവിസ്മയമാണ്. പക്ഷേ, അത് പൊന്തിക്കപ്പെട്ടത് സങ്കീർണമായ ഉൽപാദനബന്ധങ്ങളുടെയും ഉൽപാദനശക്തികളുടെയും അഭൂതപൂർവമായ കൂടിച്ചേരലിലൂടെയാണ്. പുറംലോകത്തിന്, അതിന്റെ സാമൂഹിക-സാമ്പത്തിക ചരിത്രത്തിന്, അതില്‍ നിസ്സാരമല്ലാത്ത പങ്കാണുള്ളത്. കുട്ടനാടിനെ അറിയുന്നവര്ക്കറിയാവുന്ന ഒരു കാര്യമുണ്ട് – ഒരു ജനതയുടെ ഭാഗധേയം ഒന്നാകെ നിർണയിക്കപ്പെട്ട നിരവധി ചരിത്രസംഭവങ്ങളുടെ ക്ഷമാപൂർവമായ കടച്ചിലിലൂടെ മാത്രമേ ഇത്തരമൊരു നോവല്‍ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ സങ്കൽപിക്കാന് കഴിയൂ. മീന്‍പിടിക്കുക എന്നൊരു രൂപകമാണ് ഈ നോവല്‍ രചനയെക്കുറിച്ച് പറയുമ്പോള്‍ അബോധപൂർവമായെങ്കിലും ഹരീഷിനു വീണുകിട്ടുന്നത്. എവിടെയും മീന്‍ കിട്ടാം എന്നൊരവസ്ഥയിലും കുട്ടനാട്ടില്‍ മീന്‍പിടിക്കുക അത്ര എളുപ്പമല്ല. പാടങ്ങളില്‍, കുളങ്ങളില്‍, തോടുകളില്‍, ഉറവകളില്‍, പുഴകളില്‍, കായലുകളില്‍, വെള്ളക്കെട്ടുകളില്‍, വരമ്പുകള്‍ക്കിടയില്‍, കിണറുകളില്‍, ഓലികളില് എല്ലാം നിറയെ മീനുകളുണ്ട്. എന്നാല്‍ അവയെ പിടിക്കാന്‍ അനേകതരം വ്യത്യസ്തമായ ഒറ്റാലുകളും ചൂണ്ടകളും കമ്പികളും വലകളും – ഹരീഷ് തന്നെ പേര്പറയുന്ന കണ്ണാടിവല, കോരുവല, കാരവല, ഇടിവല, കണമ്പുവല തുടങ്ങി നിരവധിതരം വലകളും – ആവശ്യമുണ്ട്. അവ ഉപയോഗിക്കാനുള്ള വഴക്കവും തഴക്കവും വേണം.
ഇനി ഇതൊക്കെ സ്വായത്തമായാല്ത്തന്നെ കുട്ടനാടിന്റെ ആദ്യത്തെ ആഖ്യായികാകാരന്‍ താനല്ല എന്ന ബോധം ഹരീഷിനുണ്ട്. ഹരീഷ് നോവലിന്റെ ആമുഖത്തില്‍ പറയുന്നു: “ചേറും ദ്രവിച്ച കണ്ടല്‍മരങ്ങളും തോടുകളുടെ വലപ്പടര്‍പ്പും നിറഞ്ഞ പുഞ്ചനിലങ്ങളില്‍ വലിയ മീന്പിടുത്തക്കാരുണ്ടായിരുന്നു. കാവാലം വിശ്വനാഥ കുറുപ്പും തകഴി ശിവശങ്കരപ്പിള്ളയും മുട്ടന്‍ വരാലുകളെയും മുഷികളെയും വാളകളെയും പിടിച്ചുതീര്‍ത്തു. വേറെയും ഒരുപാടാളുകള്‍ അരിച്ചരിച്ചു ഇപ്പോഴിവിടെ മീനുകള്‍ കുറവാണ്. ഞാന്‍ നല്ല മീന്‍പിടുത്തക്കാരനല്ല. കൂട്ടുകാര്‍ ചെറുപ്പത്തില്‍ വീശുവലകളുമായിറങ്ങുമ്പോള് ഞാന്‍ ചരുവമുമായി പിന്നാലെ പോകും, മീന്‍ പെറുക്കിയിടാന്‍. പക്ഷേ, കരയ്ക്കിട്ട മീനുകളും ഞാന്‍ പിടിച്ചാല്‍ അമരില്ല. കാരികള്‍ വിരലിനിട്ടു കുത്തും. ഇത് എഴുതിയപ്പോഴും എനിക്ക് ഒരുപാട് കുത്തുകിട്ടി.” കവിയും കഥാകാരനും ചേര്‍ന്ന് (വിശ്വനാഥ കുറുപ്പ് കവിയും നോവലിസ്റ്റുമാണ്) മുഴുവന്‍ വലിയ മീനുകളെയും പിടിച്ചു, ഇനി തനിക്കു പിടിക്കാന്‍ ബാക്കിയെന്തുണ്ട് എന്ന അതിശയോക്തിക്കപ്പുറം ഈ പ്രസ്താവത്തിലൂടെ ഹരീഷ് ചെയ്യുന്നത് സർഗാത്മകമായ ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. തനിക്കു മീന്‍ പിടിക്കാന്‍ പുതുതായി ഒരു കുട്ടനാട് കണ്ടെത്താന്‍ പോകുന്നു എന്നതിന്റെ മുന്‍കൂര്‍ ജാമ്യം. അവരാരും കാണാത്ത, പറയാത്ത, അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കുട്ടനാടിനെ കണ്ടെത്തുന്ന പര്യവേക്ഷകനായി ഹരീഷ് മാറുകയാണ്. ഹരീഷ് ആമുഖത്തില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും കുട്ടനാട്ടില്‍നിന്നും വലിയ മീനുകളെ പിടിച്ചിട്ടുള്ള മറ്റൊരാള്‍ അയ്യപ്പപ്പണിക്കരായിരുന്നു. ‘കുട്ടനാടന്‍ ദൃശ്യങ്ങളില്‍’, ‘കുടുംബപുരാണ’ത്തില്‍, മറ്റനേകം ലഘുകവിതകളില്‍ കുട്ടനാടായിരുന്നു അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം’. ഒരുപക്ഷേ ഹരീഷിന്റെ നോവല്‍ മുന്‍കൂട്ടി കണ്ടതുപോലെ അയ്യപ്പപ്പണിക്കര്‍ ‘കുടുംബപുരാണ’ത്തില്‍ എഴുതുന്നത് ഇങ്ങനെയാണ്:
കായല്ക്കരയിലൊരിക്കല് ഞാനെന്‍
കാതരമിഴിയാലുഴുതു നടക്കെ
കണ്ടു ചുറ്റും കേട്ടു ചുറ്റും
എത്രയനന്ത ദുരന്തങ്ങള്‍, അതി-
ലിത്തിരി നേര്‍ത്ത ശുഭാന്തങ്ങള്‍
അവയാകെ പ്രഹസനമായി പ്രഹേളികയായി...
കണ്ണുകളാല്‍ കായല്‍ക്കര ഉഴുതുനടന്ന കവി കണ്ടതുംകേട്ടതുമായ ആ പ്രഹസനങ്ങളെയും പ്രഹേളികകളെയും അവയുടെ ദുരന്ത-ശുഭാന്ത ദര്ശങ്ങളെയും ഇതിഹാസസമാനമായ രീതിയിലാണ് ‘മീശ’യില്‍ ഹരീഷും ആവിഷ്കരിക്കുന്നത്. “ചെവികളിലസുഖം കോരിനിറയ്ക്കും പുഴുകിയ കഥകള്‍” ഇനിയുമനേകമുണ്ടെന്ന അയ്യപ്പപ്പണിക്കര്‍ വചനം മീശ അന്വർഥമാക്കുന്നു.
സ്ഥലം എന്ന സാംസ്കാരിക ജൈവാനുഭവം
ഈ കഥകളില്‍ മനുഷ്യര്‍ മാത്രമല്ല കഥാപാത്രങ്ങള്‍. ജലവും നായയും കഥാപാത്രങ്ങളാവുന്ന വിസ്മയാഖ്യാനമാണല്ലോ തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ. ഹരീഷിന്റെ നോവല്‍ ഈ പാരമ്പര്യത്തിന്റെകൂടി തുടര്‍ച്ചയാണ്. വയലുകളും ജലാശയങ്ങളും നാടുകളും ജൈവസാന്നിധ്യങ്ങളും ഇത്രയേറെ കടന്നുവരുന്ന മറ്റൊരു നോവല്‍ മലയാളത്തിലില്ല. കുട്ടനാടെന്നാല്‍ എന്താണെന്ന് ഒരു ശാസ്ത്രപുസ്തകത്തിലും കിട്ടാത്ത കലാജ്ഞാനം ഈ നോവല്‍ വായനക്കാരുമായി പങ്കുവെക്കുന്നു. കേവലമായ പ്രകൃതി അതിന്റെ അമൂര്ത്താവസ്ഥയിലല്ല ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. മറിച്ച്, ഏറ്റവും മൂര്‍ത്തമായ ഭൗമയാഥാർഥ്യമായാണ്. അടിസ്ഥാനപരമായി വയലുകളും കായലുകളുമാണ് കുട്ടനാടിന്റെ പരമാർഥം. ഓരോ വയലിനെയും ജലാശയത്തെയും പേരിട്ടുവിളിച്ചു പരിചയപ്പെടുത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ഇതില്‍ പല അധ്യായങ്ങളിലായി പരാമര്‍ശിച്ചിട്ടുള്ള പാടങ്ങളും കരികളും നോക്കുക: ചോഴിയാപ്പാറപ്പാടം, കുട്ടങ്കരിപ്പാടം, പായ് വട്ടം കറുകപ്പാടം, ചേക്കപ്പാടം, കന്യാക്കോണ്‍ പാടം, നാനൂറ്റംപടവ് പാടം, കോയിപ്പാടം, താമരച്ചാല്‍ പാടം, കരപ്പാടം, കാട്ടുകരിപ്പാടം, തണ്ടാട്ടുപറപ്പാടം, പുത്തന്‍ചാല്‍ പാടം, പുന്നവേലിപ്പാടം, നടുക്കരിപ്പാടം, ഞാവലുപുഞ്ചപ്പാടം, പുല്ലുകുറിച്ചിപ്പാടം, അയ്യനാടന് പുത്തന്‍കരി, പൂവത്തിക്കരി, കോലാമ്പുറത്തുകരി, പതിനെട്ടോരംപാടം, പുന്നവേലി പാടം, കാളത്തോട് പാടം, കന്നുകുളംപാടം, പോട്ടാപറിച്ചകരി, ആനച്ചാംകുഴിപ്പാടം, തോട്ടുവേലിക്കരി, മാമ്പള്ളിപ്പാടം, വെന്തകരി, തട്ടാമ്പറമ്പ് പാടം, മാലിക്കരി, അടിമത്രക്കരി, കല്ലുപാലംകരി, മാലത്തടംപാടം, കുട്ടന്‍കരി, നെടുച്ചാല്, വിരിപ്പുകാലാ, മേനോന്‍കരി, ആക്കനടിപ്പാടം, പഴുക്കാനിലം, മുപ്പാത്തിക്കരി, തട്ടാര്‍ക്കാട് പാടം, മോര്‍ക്കാട് പാടം, ചെമ്മായിക്കരി, കാട്ടുകരി, കൊച്ചുചേക്ക, ചേക്ക, പാവുകരിപ്പടം, ഉറുമ്പത്തുകണ്ടം, ആറ്റുമുഖം ആറായിരം, ഇരുപത്തിനാലായിരം, കൊച്ചുകായല്‍, മനയ്ക്കപ്പാടം, ചാഴിവളത്തുകരി, ആപ്പുകായല്‍, സായിപ്പുകരി, കൊരട്ടിപ്പാടം, കോയിപ്പാടം എന്നിങ്ങനെ നൂറുകണക്കിന് പാടങ്ങളാണ്. ഇങ്ങനെ ഓരോ വയലിനെയും അരുമയോടെ പേരുചൊല്ലി വിളിച്ച മറ്റൊരു കൃതിയില്ല. ഓരോ പാടത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. അതിന്റെ ചരിത്രത്തിന്റെ, അതിലെ മണ്ണിന്റെ, വെള്ളത്തിന്റെ, വിതയുടെ, വിളവിന്റെ, അവയെയെല്ലാം നിയന്ത്രിച്ച ഉൽപാദനബന്ധങ്ങളുടെ ചരിത്രം. ആ ചരിത്രമാണ് അനന്യമായ ഈ നാമകരണ സഞ്ചയത്തിലൂടെ ഹരീഷ് തൊട്ടുണര്‍ത്തുന്നത്. ഒരു ചെറിയ പ്രദേശത്തിനുള്ളിലുണ്ടായ ചരിത്രസംക്രമണത്തെ ഈ നാമകരണ കർമം സൂക്ഷ്മതയോടെ പിന്തുടരുകയാണ് ചെയ്യുന്നത്. നോവലിന്റെ തുടക്കത്തില്‍ വാവച്ചന്റെ അച്ഛന് പവിയാന് ജലസന്ധികളില്‍ ദിശതെറ്റുമ്പോള്‍ അയാള്‍ കാണുന്നത് വിതച്ചതും വിതക്കാത്തതുമായി പരന്നുകിടക്കുന്ന എണ്ണമറ്റ പാടങ്ങളാണ്. “ഒരു മനുഷ്യന് പോലുമില്ല.” ഇത്രയധികം പാടങ്ങള്‍ കുട്ടനാട്ടിലുണ്ടായത് ഏതെങ്കിലും നിർണയനിരപേക്ഷമായ ചരിത്രാതീതകാലത്താണെന്ന് കരുതരുത്, അത്തരമൊരു വാമൊഴിവഴക്കം പൂർണമായും തള്ളിക്കളയാന്‍ കഴിയില്ലെങ്കിൽപോലും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ആരംഭിച്ചതായിരുന്നു കായലില്‍നിന്നു വെള്ളംവറ്റിച്ചുള്ള നിലമെടുപ്പ് (Land Reclamation). കായല്‍കൃഷി എന്നാണ് ഇതറിയപ്പെടുന്നത്. കുട്ടനാട്ടിലെ നെല്‍കൃഷിയില്‍ മുതലാളിത്ത ഉൽപാദനബന്ധങ്ങൾക്ക് ആരംഭംകുറിച്ച ഈ പ്രക്രിയയുടെ ചരിത്രം വി.ആര്. പിള്ളയും പി.ജി.കെ. പണിക്കരും ചേര്‍ന്നെഴുതിയ ‘Land Reclamation’ (1965) എന്ന കൃതിയിലും കെ.ടി. രാംമോഹന്‍ എഴുതിയ ‘Tales of Rice: Kuttanadu, South West India’ എന്ന കൃതിയിലും വ്യത്യസ്തരീതികളില്‍ വിവരിക്കുന്നുണ്ട്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിലനിന്ന കാര്ഷികാടിമത്തത്തെ മുതലാളിത്ത ഉൽപാദനശക്തികള്ക്കുപയുക്തമായ രീതിയില്‍ വിനിയോഗിച്ചുകൊണ്ടാണ് നെല്‍കൃഷിയിലെ ഈ നവമൂലധനം പ്രവര്‍ത്തനക്ഷമമായ ഒരു അർധ ഫ്യൂഡല്‍ സാമൂഹികസംവിധാനത്തിനു രൂപംകൊടുത്തത്. പൊതുവില്‍ ഈ നിലമെടുപ്പിന്റെ ചരിത്രാഖ്യാനങ്ങളില്‍ ഇതിലേര്‍പ്പെട്ട നവസംരംഭകരായ സവർണ ക്രിസ്ത്യന്‍-സവർണ ശൂദ്ര വിഭാഗങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിക്കുന്നതെന്നും അധ്വാനപ്രധാനമായ നിലമെടുപ്പ് പ്രക്രിയയില്‍ കര്‍ഷകത്തൊഴിലാളികള്‍ കൂടിയായി മാറിയ ദലിത് വിഭാഗങ്ങള്‍ക്കുള്ള പങ്കു ചര്ച്ചചെയ്യപ്പെടാറില്ലെന്നും രാംമോഹന്‍ സൂചിപ്പിക്കുന്നുണ്ട് (അതേ കൃതി). ഈ നോവലാവട്ടെ അടിത്തട്ടിലെ സാംസ്കാരിക ജീവിതമാണ്, അതിനു മേലാളജീവിതവുമായുണ്ടായ സംഘര്‍ഷങ്ങളാണ് ചരിത്രത്തില്‍നിന്നു വീണ്ടെടുക്കുന്നത്.
നിലമെടുപ്പിലൂടെ ‘വീണ്ടെടുത്ത’ ഈ പാടങ്ങളോടൊപ്പമാണ് പ്രാദേശികമായ സ്ഥലനാമങ്ങള്‍ കടന്നുവരുന്നത്. വാവച്ചന് എന്ന മീശ ഒരു സ്വപ്നത്തിലെന്നപോലെ പോകാനാഗ്രഹിക്കുന്ന ‘മലയ’ എന്ന വിദൂരസ്ഥലസൂചകത്തെ മുന്‍നിര്‍ത്തി അയാളുടെ ജീവിതം കടന്നുപോകുന്ന യഥാർഥ ഭൗമസാധ്യത തെളിയുന്നത് സ്ഥലങ്ങളുടെ ഈ നാമകരണത്തിലൂടെയാണ്. ഇവ കുട്ടനാട്ടിലെ സ്ഥലപ്പേരുകളും ഭ്രമാത്മകമായ ‘മീശ’യുടെ സ്ഥലബോധവും ചേര്‍ന്നു നിർമിക്കുന്ന ഒരു അബോധസ്ഥലിയുടെ പ്രകാശനമാണ്. ഇത്രയധികം സ്ഥലനാമങ്ങള്‍ എങ്ങനെയാണ് ബോധപൂർവം ഒരു നോവലില്‍ കടന്നുവരിക? ഇതാണ് നോവലിന്റെ ആന്തരികഘടനയുടെ അബോധപൂർവമായ തെരഞ്ഞെടുപ്പാണ് ആ സ്ഥലനാമകരണം എന്ന് ഞാന്‍ പറയുന്നതിനുള്ള കാരണം. ഇതില്‍ കുട്ടനാടിനു പുറത്തുള്ള ചില സ്ഥലനാമങ്ങള്‍ കടന്നുവരുന്നുണ്ട് (മലയ, നാഞ്ചിനാട്, തൃത്താല, നെയ്യാറ്റിൻകര, തോവാള, ശുചീന്ദ്രം, നാഗർകോവില്‍, ആലപ്പുഴ, കോട്ടയം, ഏറ്റുമാനൂര്‍, ചോറ്റാനിക്കര, മൂവാറ്റുപുഴ, തൊടുപുഴ, തിരുവനന്തപുരം, സംഗത്തുറൈ, കൊല്ലം, ചെങ്കോട്ട, കൊടുങ്ങല്ലൂര്‍, ചങ്ങനാശ്ശേരി). അതാവട്ടെ കുട്ടനാടിന്റെ സ്ഥലവൈവിധ്യത്തെ ഒന്നുകൂടി പൊലിപ്പിക്കുന്നതേയുള്ളൂ. പൊതുവേ മലയാളി വായനക്കാര്‍ക്ക് പരിചിതമായ ഈ സ്ഥലനാമങ്ങള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവ കുട്ടനാടിന്റെ ആന്തരികഭൂമികയെ നിര്‍വചിക്കുന്ന ഉൾനാടുകളും നേരതിരുകളുമാണ്: നീണ്ടൂര്‍, നീലംപേരൂര്‍, കൈപ്പുഴ, വെച്ചൂര്‍, പെരുംതുരുത്ത്, മാക്കോത്തറ, തിരുവാര്‍പ്പ്, കല്ലുമട, ഒളശ്ശ, പരിപ്പ്, മാന്നാനം, മണിയന്തൂര്, കൊടുത്തുരുത്ത്, പെരുന്തൂര്‍, വൈക്കം, പൂഞ്ഞാര്‍, തൂറപ്പറമ്പ്, അതിരമ്പുഴ, കല്ലറ, ആര്‍പ്പൂക്കര, പ്രാവട്ടം, ചാത്തന്‍കരി, കൂത്താട്ടുകുളം, വില്ലൂന്നി, നാല്പ്പാത്ത്, കുമാരനല്ലൂര്‍, കല്ലുവെട്ടാംമട, പുലിക്കുട്ടിശ്ശേരി, മരങ്ങാട്, കാണിക്കാർ, വേദഗിരിക്കുന്ന്, മുത്തോലി, അന്ധകാരനഴി, നാട്ടശ്ശേരി, വാരിശ്ശേരി, പടിഞ്ഞാറ്റിൻകര, അയര്‍കുന്നം, പാമ്പാടി, ആര്പ്പില്പറമ്പ്, മണ്ണൂര്‍, ഓണംതുരുത്ത്, പ്രാല, തലയാഴത്ത്, കണ്ണങ്കര, പുളിങ്ങാ, എടത്വാ, നെടുംചാല്‍, വിരിപ്പുകാലാ, മണിയന്തുരുത്ത്, കരുപ്പന്തറ, മുതിരക്കാലാ, മുണ്ടാര്‍, എഴുമാംതുരുത്ത്, പള്ളിപ്പുറം, മുഹമ്മ, തണ്ണീര്‍മുക്കം, അമ്പലപ്പുഴ, കൈനടി, കാവാലം, കൈനകരി, ചങ്ങനാശ്ശേരി, പള്ളിത്താനം, കുട്ടമംഗലം, കുപ്പപ്പുരം, ചേന്നങ്കരി, തോട്ടുവാത്തല, കരിമഠം, അയ്മനം, കുടമാളൂര്‍, പറവൂര്‍, തിരുവല്ല, മുണ്ടക്കയം, എരുമേലി, തട്ടമല, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, കുടമുരുട്ടിമല, ഓണാട്ടുകര, പള്ളാത്തുരുത്തി, മാത്തങ്കരി, വെള്ളാശ്ശേരി, മധുരവേലി, കല്ലുങ്കത്ര, നാഗമ്പടം, പേട്ട, കിടങ്ങൂര്‍, കല്ലുമട, താഴത്തങ്ങാടി, വെട്ടിക്കാട്, കാഞ്ഞിരം, അര്‍ത്തുങ്കല്‍, നീലമ്പേരൂര്‍, തളിക്കോട്ട, പുളിങ്കുന്ന്, മുത്തന്റെനട, കണ്ണങ്കര, ആര്യക്കര, ചെകുത്താന്പറമ്പ്, കൊഞ്ചുമട, കുമരകം, കിളിരൂര്‍, പള്ളം, തുറുവേലിക്കുന്ന്, ചോഴിയപ്പാറ, ചാലായി, മുന്നാറ്റുമുഖം, മുത്തേരിമട, ഊര, ഈരേക്കടവ്, പണ്ടാരച്ചിറ, മങ്കൊമ്പ്, നെടുമുടി, തകഴി, ചമ്പക്കുളം, പെരുവന്താനം, പെരുമാളം, ഊരാളിക്കാവ്, തോട്ടപ്പള്ളി, കരുമാത്രക്കാവ്, കണ്ണാടി, ഒറ്റക്കൈനടി, ഇല്ലിക്കളം, ആറ്റാമംഗലം, ഇരുമ്പ്, ചെങ്ങളംകുന്ന്, കൈപ്പുഴമുട്ട്, ശ്രാമ്പിച്ചിറ, മാഞ്ചിറ, നാട്ടകം, കോടിമത, കക്കാക്കൂന, ഉമ്മാച്ചേരി, നഷ്ണാന്തറ, വിശാഖംതറ, നെല്ലാനി, ഇല്ലിക്കല്‍, ചീപ്പുങ്കല്‍, വരമ്പിനകം, കരിമീഠം, പത്തുപങ്ക്, പൊന്മാന് തുരുത്ത്, പുതുവല്‍, കൃഷ്ണവിലാസം തോപ്പ്, തലയാഴം, പള്ളുരുത്തി, മുട്ടാര്‍, തലവടി, മുല്ലക്കല്‍, കവണാറ്റിന്‍ കര, ചെങ്ങളം, കുറിച്ചി, പാതിരാമണല്‍, വൈറ്റിലത്തുരുത്ത്, മണിയാപറമ്പ്, താഴത്തങ്ങാടി, തലയാഴത്ത്, വെളിയനാട്, അതിരമ്പുഴ, കാക്കത്തെരുവ്, കാണക്കാരി, എട്ടുപറ, ചാലായി, തൈക്കല്‍, പള്ളിത്താഴെ കവല, കുട്ടോമ്പുറം തുടങ്ങി പല സന്ദര്‍ഭങ്ങളിലായി ഈ സ്ഥലനാമങ്ങള്‍ കടന്നുവരുന്നു. ചിലത് ഞാന്‍ വിട്ടുപോയിട്ടുണ്ടാവാം. താരതമ്യേന ചെറുതായ ഒരു ഭൂമിശാസ്ത്രമേഖലയില്‍ നടക്കുന്നതായി സങ്കൽപിക്കപ്പെടുന്ന കഥയില്‍ ഇത്രയും സ്ഥലനാമങ്ങള്‍ കടന്നുവരുന്ന മറ്റൊരു നോവല്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. ഇങ്ങനെ ഓരോ തുണ്ട് ഭൂമിക്കും പേരിട്ടു പേരിട്ടു പോകുന്ന രചനാതന്ത്രം അത് ഭൂമിശാസ്ത്രത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തിനു നല്കുന്ന സവിശേഷമായ ഊന്നലില്‍നിന്ന് അബോധപൂർവമായി സംഭവിക്കുന്നതാണ്. ഇത് ഒരേസമയം മലയാളത്തിലെ മറ്റൊരു നോവലിനും അവകാശപ്പെടാന്‍ സാധിക്കാത്തതും ഒരു ഭ്രമാത്മകയാത്രയെ അതിന്റെ മൂര്‍ത്തമായ സ്ഥലവിന്യാസത്തിനുള്ളില് നിര്‍വചിക്കുന്ന സർഗാത്മക നൂതനത്വത്തെ പ്രകാശിപ്പിക്കാനുള്ള രീതിവിദ്യയുമാണ്.
അയ്യപ്പപ്പണിക്കര്‍
വാവച്ചന് എന്ന മീശ കടന്നുപോവുന്നതോ അെല്ലങ്കില്‍ അയാളുടെ ഒളിജീവിതം പരന്നുകിടക്കുന്നതോ ആയ ജലാശയങ്ങളും ഈ നോവലില്‍ നാമകരണം ചെയ്യപ്പെടുന്നുണ്ട്. ഇവിടെയും പരിചിതമായ ചില പേരുകള്‍ കാണാമെങ്കിലും നിഗൂഢമായ ഒരു ജലാശയസമൃദ്ധിയുടെയും അതിന്റെ ഭയ, സ്നേഹ, കാമ, കാരുണ്യ, ബീഭത്സതകളെയും പ്രതിനിധാനം ചെയ്തുകൊണ്ട് മരണത്തിന്റെയും ജീവിതത്തിന്റെയും ജലസന്ധികള്‍ ഈ നോവലില്‍ കടന്നുവരുന്നു. മീനച്ചിലാര്‍, മണിമലയാര്‍, പമ്പയാര്‍, കൊടുത്തുരുത്ത് തോട്, മുടക്കാലിത്തോട്, കൈപ്പുഴയാര്‍, മണിയാപറമ്പ് തോട്, എഴുമാംകായല്‍, മഠത്തില്‍ കായല്‍, വേണാട്ടുകായല്‍, ആര് ബ്ലോക്ക്, ചെറുകാലിക്കായല്‍, വേമ്പനാട്ടു കായല്‍, അച്ചൻകോവിലാര്‍, പെരിയാര്‍, പോളച്ചാല്‍, മൂവാറ്റുപുഴയാര്‍, പുല്ലുകയാര്‍, കവണാര്, കോടൂരാര്‍, ചെറുകാലിക്കായല്‍, മാരാന് കായല്‍, മാനാടിത്തോട്, എം.എന്‍ ബ്ലോക്ക്, തീട്ടക്കുഴിത്തോട്, താമിരഭരണിനദി, മദാമ്മക്കുളം, പുന്നമടക്കായല്‍, മെത്രാന് കായല്‍, കണ്ണാടിച്ചാല്‍, ചന്ത്രത്തോട്, വട്ടക്കായല്‍, പെണ്ണാര്‍ തോട്, ഇത്തിക്കായല്‍, ആമച്ചാല്‍, ബ്രണ്ടന്‍ കായല്‍, വിളക്കുമരക്കായല്, വീരമ്പുഴ, കൈതപ്പുഴക്കായല്‍, തൃണയങ്കൊടം കായല്‍, ചിത്തിരക്കായല്, കായംകുളം കായല്‍, അഞ്ചുമനത്തോട്, മതികായല്‍ എന്നിങ്ങനെ നോവലില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന ആ ജലസഞ്ചയ വൈവിധ്യം മൂര്‍ത്തമായ പേരുകൾ പേറി ചരിത്രത്തിലൂടെ കരയുടെ ക്ഷതസാധ്യതകളെ നിരന്തരം ഓർമിപ്പിച്ചുകൊണ്ട് നോവലില്‍ ഒഴുകിപ്പരക്കുന്നു. “ആള്‍പ്പാര്‍പ്പില്ലാത്ത വരമ്പിനകവും കരീമഠവും കടന്നു വട്ടക്കായല്‍ വഴി പെണ്ണാര്‍തോട് നീന്തിയാണ് മീശ കുമരകത്തെത്തിയത്” (പേ. 235) എന്നും, “കണ്ണാടിച്ചാല്‍ മുതല്‍ കൊഞ്ചുമടവരെ ഓരോ തോട്ടുവക്കും പരമേശ്വരൻ കൊല്ലന് ഇരുട്ടത്ത് തിരഞ്ഞു. മുത്തേരിമടയിലും പത്തുപങ്കിലും ആരെയും കണ്ടില്ല. നേരമിരുണ്ടാല്‍ ചാഴിവളത്തുകരിയിലും പൊന്മാന്തുരുത്തിലും പുതുവലിലുമൊക്കെ മിന്നാമിനുങ്ങുകളും കാട്ടുകോഴികളും ശബ്ദവും മാത്രമുണ്ട്” (പേ. 237) എന്നുമൊക്കെ നോവലിലുടനീളം അതിസാധാരണമായ ഓരോ അതിസാധാരണമായ ചരാചരങ്ങളെ പേരുവിളിച്ചു അടയാളസ്ഥലികളും വസ്തുക്കളുമാക്കുന്നത് ഈ നോവലിലെ രചനാപരമായ ഒരു കൗതുകം മാത്രമല്ല, സ്ഥലത്തെ ദേശം എന്നതിലുപരി ജൈവാനുഭവങ്ങളുടെ ഉൽപാദനസ്രോതസ്സായിക്കാണുന്ന, അവയവരഹിതമായ അനുഭവശക്തികളുടെ (affect) അനുസ്യൂതിയായിക്കാണുന്ന സാംസ്കാരിക സമീപനമാണ്. ‘മുതല’ എന്ന ജീവി ഈ നോവലില്‍ പലതലങ്ങളില്‍ ഹിംസയുടെ, കാരുണ്യത്തിന്റെ, ഭീതിയുടെ, പകയുടെ, ആത്മനാശത്തിന്റെ, സർവനാശത്തിന്റെ, കൂട്ടക്കൊലയുടെ, ഒറ്റപ്പെടലിന്റെയൊക്കെ ആത്യന്തികരൂപകമായി നിറഞ്ഞുനില്ക്കുന്നത് വിസ്മയിപ്പിക്കുന്ന ജലവിതാനങ്ങളുടെ നിഗൂഢമായ ഭ്രമാത്മകതയിലാണ്.
ആ ജലസഞ്ചയങ്ങളിലും അതില്‍ പിടഞ്ഞുപൊങ്ങി നില്ക്കുന്ന കരയിലും കരികളിലും മനുഷ്യനൊപ്പം ജീവിക്കുന്ന അസംഖ്യം ജീവജാലങ്ങളെ ഈ നോവലിന്റെ ആഭിചാരത്തറയിലേക്ക് ഹരീഷ് ആവാഹിച്ചു വരുത്തുന്നുണ്ട്. പക്ഷികളുടെ ഒരു വിചിത്രലോകംതന്നെ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. വന്നവരും പോയവരുമായ പറവകളുടെ പക്ഷിപാതാളംകൂടിയായി കുട്ടനാട് നിർമിക്കപ്പെടുകയാണ്. ഇത്രയേറെ പക്ഷികള്‍ ഈ നോവലില്‍ പറന്നുവന്നു താണിരുന്നു ചിറകടിക്കുകയും സ്വന്തം സ്വരപ്പാടുകളും മുട്ടയും കാഷ്ഠവും തൂവലുകളും ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നതെന്തിനാണ്? അവ ജീവിക്കുകയും മരിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് എന്തിനാണ്? ഒരു പക്ഷിസങ്കേതമായി നോവല്‍ മാറുന്നത് എന്തുകൊണ്ടാണ്? ഞാറപ്പക്ഷി, കൊള്ളക്കൊറവന്, പരുന്ത്, ചങ്ങാലിപ്പരുന്ത്, കോഴി, താറാവ്, ഇത്തിരിക്കുഞ്ഞന് ആറ്റക്കിളി, പൊന്മാന്, കൊക്ക്, ഏറിയാന്‍ പുള്ള്, കരിഞ്ചിറകന് കടല്‍കാക്ക, കിന്നരി നീര്‍കാക്ക, ഇരപിടിയൻ മൂങ്ങ, വെള്ളക്കൊക്ക്, ഞാറപ്പക്ഷി, കല്ലെരണ്ട, പേത്ത എരണ്ട, കട്ടകുത്തിപ്പക്ഷി, ചാരപ്പൂണ്ടന്‍, പെരുമുണ്ടി, കല്മണ്ണാത്തിപ്പക്ഷി, പൂനാരപ്പക്ഷി, താമരക്കോഴി, കരിയാള, കഷണ്ടിക്കൊക്ക്, ഇടമുണ്ടി, മണല്‍ക്കോഴി, പുള്ളിക്കാടക്കൊക്ക്, ചായമുണ്ടി, മുങ്ങാങ്കോഴി, ഈര്ക്കലിക്കാലന് പക്ഷി, തത്ത, ആള, ചെമ്പല്ലിത്താറാവ്, പച്ചത്തലയന്‍ താറാവ്, പുളിങ്കുന്ന് പൂവന്, ചങ്ങനാശ്ശേരിപ്പിട, കാട്ടുകോഴി, കരിതപ്പി, ആറ്റുമണൽകോഴി, കരണ്ടിക്കൊക്ക്, കാലുമുണ്ടി, മഞ്ഞക്കൊച്ച, പാതിരാക്കൊക്ക്, ചോരക്കൊക്ക്, ചാരമാരപ്പൊട്ടന്, വഴികുലുക്കി, കരിന്തൊപ്പി, പുള്ള് തുടങ്ങി എത്രയോ ഗഗനചാരികളാണ് പേര് വെളിപ്പെടുത്തി ഈ നോവലില്‍ പല അധ്യായങ്ങളിലായി പറന്നുകളിക്കുന്നത്. വാവച്ചന് എന്ന മീശയുടെ രൂപാന്തരങ്ങളുടെ ആന്തരികഭാവം ഈ പറവകളാണ്. അയാള്‍ക്ക് ചെല്ലാന്‍ കഴിയാത്ത ‘മലയ’യും അയാള്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ഇരുട്ടും താണ്ടിയ പറവക്കൂട്ടങ്ങള്‍ ഈ നോവലിന്റെ ആന്തരികയുക്തിയുടെ മറ്റൊരു ഭ്രമാത്മകമായ ആകാശത്തെ വായനക്കാർക്കായി വരച്ചിടുകയാണ് ചെയ്യുന്നത്.
പക്ഷികളില്‍ മാത്രം ഇത് ഒതുങ്ങിനില്ക്കുന്നില്ല. ഷഡ്പദങ്ങളുടെ പേരുകളിലും ഹരീഷിനു അഭിരമിക്കാന്‍ കഴിയുന്നുണ്ട്: സ്വാമിത്തുമ്പി, ചുട്ടിനിലത്തന്‍, കരിയിലശലഭം, ചെമ്പന്ചെല്ലിവണ്ട്, മൂളിവണ്ട്, വയല്ക്കോതപ്പൂമ്പാറ്റ, മണിയനീച്ച, ചെല്ലി, ചീവീട്, പുല്‍ച്ചാടി, മിന്നാമിനുങ്ങ്, പുള്ളിപ്പൊട്ടന് പൂമ്പാറ്റ, മഞ്ഞത്തകരമുത്തിപ്പൂമ്പാറ്റ, ഈച്ച, ഉറുമ്പ്, മണിയനീച്ച തുടങ്ങി ഈ നോവലിലെ പ്രാണിസഞ്ചയം ചെറുജീവികളുടെ ഒരു ഉപലോകംകൂടി നിർമിക്കുന്നുണ്ട്. പ്രാണിലോകത്തിലേക്ക് എത്രയും നിഷ്കര്‍ഷയോടെയാണ് നോവല്‍ കടന്നുചെല്ലുന്നത് എന്നതിന്റെ ഉദാഹരണമാണ് നോവലില്‍ പലയിടത്തായി പരാമര്‍ശിക്കപ്പെടുന്ന മീനുകളുടെ പേരുകള്‍. കുഞ്ഞുപരല്, കാരി, കൂരി, കൊറ്റച്ചിപ്പരല്, പൂവാലിപ്പരല്, വാലേല്പൊട്ടിപ്പരല്, ക്ലാപ്പമീന്, മുതുവലമീന്, ചെമ്മീന്‍, പള്ളത്തി, നങ്ക്, കടവരാല്, തെരണ്ടി, തലേക്കള്ളി, മുള്ളന്കുറിച്ചി, കാക്കത്തെരണ്ടി, കരിമീന്‍, കയ്പമീന്, കൊഞ്ച്, ആരകന്‍ മീന്‍, ഊപ്പ, കൊമ്പന്മീന്, കാളാഞ്ചി, കരപ്പൂളാന്, ബ്ലാത്തില്, പന്നിക്കരിമീന്, അഴിമുഖം വരെയെത്തുന്ന മത്തിയും അയലയും കൊമ്പന്‍സ്രാവും, തിരുത, ആകോലി, കല്ലടമീന്, ചൂളനിരണ്ട, കായലാറ്റ, വരാല്, മുഷി, വാള, ചേറുമീന്‍, തുപ്പലുകൊത്തി, പള്ളത്തി, ചെമ്പല്ലി, കുഞ്ഞിക്കണ്ണ്, പൂമീന്‍, ആളെത്തീനി സ്രാവ്, ഏട്ടസ്രാവ്, മഞ്ഞക്കൂരി, പാത്തകൊക്കന് ആള, വരിയിരണ്ട, വലവക, മഴക്കൂരി, വട്ടേരി, തൂളിമീന്, തളപ്പന് എന്നിങ്ങനെ ഈ മീനുകള്‍ക്കെല്ലാം ഓമനിച്ചു പേരിട്ടുവിളിക്കേണ്ട എന്ത് ബാധ്യതയായിരുന്നു നോവലെഴുത്തുകാരന് ഉണ്ടായിരുന്നത്? ഇവയോടൊപ്പമുണ്ട്, കക്കയും മല്ലിക്കക്കയും. സ്വന്തം ഭ്രമലോകത്തെക്കുറിച്ചുള്ള അബോധമായ ഒരു വിഭ്രാന്തിയില്‍ ഒറ്റാലുകളും വലകളുമായി ഈ നോവല്‍ മീന്പിടിക്കാനിറങ്ങുകയാണ്. നോവലിന്റെ അടക്കംകൊല്ലിവലയില് കുടുങ്ങാത്ത ഒരു മീനും അവശേഷിക്കുന്നില്ല എന്ന് തോന്നിപ്പോകും ഈ പേരുകള്‍ ചേര്‍ത്തുവെക്കുമ്പോള്‍. നോവലിന്റെ തുടക്കത്തിൽതന്നെ നാം പരിചയപ്പെടുന്നത് ചെറുമീനുകളെ തിന്നും നിരവധി കുഞ്ഞുങ്ങളെ ഉണ്ടാക്കിയും ഒറ്റാലുകള്ക്കും വലകള്‍ക്കും ഉള്‍ക്കൊള്ളാനാവാതെ വളർന്നു തടിച്ച പാപ്പു എന്ന വരാലിനെയാണ്. ഇടവപ്പാതിയില്‍ കുട്ടനാട്ടിലെ പുതുവെള്ളത്തിലേക്ക് പ്രജനനത്തിനു കൂട്ടമായെത്തുന്ന മീനുകളെ പിടിക്കുന്നതാണ് ഊത്തപിടുത്തം. മീനുകളെ ഇണചേരാന്‍ അനുവദിക്കാതെ അവയുടെ പ്രാക്കേല്ക്കുന്ന ഊത്തപിടുത്തക്കാര്‍ അടുത്ത ജന്മത്തില് മീനുകളായാണ് പുനര്‍ജനിക്കുന്നത്. മീനും മനുഷ്യനും ഒരേ പരമ്പരയുടെ തുടര്‍ച്ചയാവുന്നു.
ഇവയോടൊപ്പമുള്ള മൃഗസഞ്ചയത്തെയും അതീവ വിശ്വസ്തതയോടെ ഹരീഷ് കഥയിലേക്ക് കൊണ്ടുവരുന്നു. ഈനാമ്പേച്ചി, മാക്രി, പശു, പോത്ത്, എരുമ, കയ്പന്ഞണ്ട്, മൂരി, പന്നിയെലി, നായ, പൂച്ച, തവള, വാലുമാക്രി, അണ്ണാന്, പന്നി, കാട്ടുമുയല്‍, മുട്ടനാട്, കാട്ടുപൂച്ച, നീര്ന്നായ, മുതല, ചീങ്കണ്ണി, കഴുനായ, കീരി, വെള്ളാമ, കാരാമ, ഉടുമ്പ്, ആന, കുതിര, മ്ലാവ്, കൂരന്‍, പുലി, ചട്ടന്‍ പുലി, കായല്‍ മുതല, മീന്‍മുതല, അഴിമുതല, കരിയാറ്റുമുതല, കവാലി ഞണ്ട്, കീരി, ഉടുമ്പ് തുടങ്ങി കരയിലും വെള്ളത്തിലും പിന്നെ ഉഭയജീവികളായും കഴിയുന്ന ജന്തുജാലത്തിനൊപ്പം ഉരഗങ്ങളുടെ ഒരു കാഴ്ചബംഗ്ലാവും ഈ നോവല്‍ തുറന്നുവെക്കുന്നുണ്ട്. അതിലാവട്ടെ, നീര്‍ക്കോലി, മൂര്‍ഖന്‍, കരിമൂര്ഖന്, വെള്ളമൂര്‍ഖന്‍, കൈതമൂര്‍ഖന്‍, കട്ടപ്പുളവന്‍, ഒട്ടുപാമ്പ്, വരിപ്പാമ്പ്, വെള്ളിവരയന്‍ പാമ്പ്, വെട്ടുകുത്തിപ്പാമ്പ്, ഇരുതലയന്‍ മണ്ണൂലി, പന്തുപാമ്പ്, വില്ലൂന്നി, ശംഖുവരയന്‍, ചുരുട്ട, മണ്ഡലി, മഞ്ചട്ടി, വെള്ളക്കൊട്ടന്, അണലി, മഞ്ഞച്ചേര, കരിഞ്ചേര, പയ്യാനി തുടങ്ങിയവയെല്ലാം ഇഴഞ്ഞെത്തുന്നു. “കട്ടപ്പുളവന്‍ പാമ്പാണോ മനുഷ്യനാണോ?” എന്ന് കഥ കേള്‍ക്കുന്ന കുട്ടി ചോദിക്കുമ്പോള്‍ ആഖ്യാതാവ് പറയുന്നത് “ചിലപ്പോള്‍ മനുഷ്യന്, ചിലപ്പോള്‍ പാമ്പ്” (പേജ്: 308) എന്നാണ്. ഇതിന്റെ ആത്യന്തികമായ അർഥം മനുഷ്യരെപ്പോലെ ഈ ജന്തുസഞ്ചയവും ആവാസവ്യവസ്ഥയുടെ അവകാശികളും അതുകൊണ്ടുതന്നെ ഈ മഹാകഥയിലെ കഥാപാത്രങ്ങളുമാണ് എന്നതാണ്. ‘പാമ്പുകള്‍’ എന്ന അധ്യായം ‘മുതല’, ‘അവസാനത്തെ മുതല’ തുടങ്ങിയ അധ്യായങ്ങള്‍ കട്ടപ്പുളവന്റെ കഥപറയുന്ന അധ്യായത്തിനൊപ്പം ഈ നോവലിന്റെ മൃഗ-മനുഷ്യ ബന്ധങ്ങളെ പുനര്വിചിന്തനംചെയ്യുന്ന ഒരു പോസ്റ്റ്ഹ്യൂമന്‍ വിചാരമാതൃകയെക്കൂടി വെളിവാക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ, ഹരീഷ് തൊട്ടുതലോടിവിടാത്ത ഒരു സസ്യവർഗംപോലും കുട്ടനാട്ടിൽ ഇല്ലെന്നുതോന്നും, ഈ നോവല്‍ വായിക്കുമ്പോള്‍. ഇതില്‍ കടന്നുവരുന്ന സസ്യങ്ങളുടെ നീണ്ടനിരയിലേക്ക് ഒന്ന് കണ്ണോടിക്കുക: മുള്ളന്‍പായല്‍, കറുക, പൂവരശ്, ഞാലിപ്പൂവന്, പാളയംകോടന്, കറിവേപ്പില, അടിപ്പായല്‍, വേപ്പ്, റബര്‍, പ്ലാവ്, മാവ്, കുറ്റിപ്പാണല്‍, കരിമ്പന, തെങ്ങ്, ഏത്തവാഴ, ഒതളം, കവുങ്ങ്, വെളിഞ്ചേമ്പ്, ചൊറിയണം, ചൊറിയന്ചേമ്പ്, പൂവന്, ആറ്റുകണ്ണന്വാഴ, ചേരുമരം, വല്ലിക്കറുക, അരളിയാമ്പല്, കാന്താരി, മാറാന്‍ചേമ്പ്, എള്ള്, കപ്പളം, കയ്യന്യം, മൈലാഞ്ചി, കവട, കൈത, തഴക്കൈത, വരയന്ചെല്ലി, മൊട്ടുചെല്ലി, നീര്പ്പുല്ല്, മഞ്ഞക്കോരപ്പുല്ല്, ചുള്ളിച്ചെടി, കുളവാഴ, കട്ടന്‍ കപ്പ, തുടലി, ചേക്കപ്പുല്ല്, വയൽച്ചുള്ളി, ഒട്ടല്, ആമ്പല്‍, കാട്ടാത്ത, ഗന്ധരാജന്‍, ബ്ലാത്തി, പയറ്, വേഷാങ്കോല്, ഈരപ്പുല്ല്, കൂണ്, ചെല്ലക്കൂണ്, പാല്ക്കൂണ്, കരക, അരിക്കൂണ്, കൊതിവിഷക്കൂണ്, മഞ്ചാടി, കതിര, വട്ടിപ്പുല്ല്, ആനച്ചുവട്, കണ്ടല്‍, പരുത്തി, പോള, കൊഴുപ്പ, വയല്പ്പൊറ്റ്, കാച്ചില്, മാറാന്‍ ചേമ്പ്, നീലക്കൊടുവേലി, കരിമരുത്, അകില്, പുന്ന, ആനക്കുറുന്തോട്ടി, അലക്, കാന്താരിപ്പടപ്പന്‍ കപ്പ, ഏത്തപ്പൂവന് കപ്പ, വെള്ളരി, വെളിഞ്ചേമ്പ്, ചണം, വേനപ്പച്ച, നീലക്കൂവ, പുന്ന, പെരിങ്ങലം, മഞ്ഞപ്പാവട്ട, വട്ടക്കാക്കക്കൊടി, പാല്‍വള്ളി, വാഴച്ചാരി, ചീക്കുപായല്, ചെല്ലി, ആമ്പല്‍, ഇലവട്ട്, കാക്കപ്പഴച്ചെടി, വെറുങ്ങുമരം, താള്, തകര, വന്തപ്ലാവ്, അരിഞ്ഞാണപ്പയര്, ആഫ്രിക്കൻ പായല്‍ എന്നിങ്ങനെ കുട്ടനാടന്‍ കരകളിലും ജലക്കൂട്ടുകളിലും വേരുകള്‍ പടര്‍ത്തിയ സകല പച്ചപ്പുകളും കഥയുടെ വെള്ളവും ചൂടുമേറ്റ് വളരുന്നു. ആ പാടങ്ങളില്‍ വിതക്കപ്പെടുന്ന വിത്തുകള്‍ ഏറെയാണ്. അവയുടെ വൈവിധ്യവും – ഞവരനെല്ല്, കൊച്ചതിക്കുരാലി നെല്ല്, വന്നെലനെല്ല്, കൂരനെല്ല്, കരിവെണ്ണല്‍ നെല്ല്, മുടിപുഴുക്കനെല്ല്, ജീരകച്ചെമ്പാവ്, കൊളപ്പാലനെല്ല് എന്നിങ്ങനെ –ഹരീഷിന്റെ കണ്വെളിച്ചത്തിലേക്ക് കതിര്നീട്ടുന്നുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.