മാനവികതയുടെ പ്രതിഫലനങ്ങൾ

ഇൗ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനം നേടിയ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ രചനകളിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകയായ ലേഖിക. അക്രമവും സൗന്ദര്യവും ഇടകലർന്ന ഈ ലോകത്ത് നിഷ്കളങ്കത എത്രത്തോളം സാധ്യമാണെന്നുള്ള തന്റെ നിരന്തര അന്വേഷണങ്ങളാണ് ഹാൻ കാങ്‌ രചനകളിലൂടെ അവതരിപ്പിക്കുന്നതെന്നും എഴുതുന്നു.ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തി​ന്റെ ക്ഷണികത വെളിപ്പെടുത്തുകയും ചെയ്യുന്ന തീവ്രവും കാവ്യാത്മകവുമായ ഗദ്യമെന്നാണ് 2024ലെ സാഹിത്യ നൊബേൽ പുരസ്കാരത്തിനർഹയായ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ രചനകളെ പുരസ്‌കാര കമ്മിറ്റി ചെയർമാൻ ആൻഡേർസ് ഓൽസൻ വിശേഷിപ്പിച്ചത്. സാഹിത്യത്തിനുള്ള...

ഇൗ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനം നേടിയ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ രചനകളിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകയായ ലേഖിക. അക്രമവും സൗന്ദര്യവും ഇടകലർന്ന ഈ ലോകത്ത് നിഷ്കളങ്കത എത്രത്തോളം സാധ്യമാണെന്നുള്ള തന്റെ നിരന്തര അന്വേഷണങ്ങളാണ് ഹാൻ കാങ്‌ രചനകളിലൂടെ അവതരിപ്പിക്കുന്നതെന്നും എഴുതുന്നു.

ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തി​ന്റെ ക്ഷണികത വെളിപ്പെടുത്തുകയും ചെയ്യുന്ന തീവ്രവും കാവ്യാത്മകവുമായ ഗദ്യമെന്നാണ് 2024ലെ സാഹിത്യ നൊബേൽ പുരസ്കാരത്തിനർഹയായ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ രചനകളെ പുരസ്‌കാര കമ്മിറ്റി ചെയർമാൻ ആൻഡേർസ് ഓൽസൻ വിശേഷിപ്പിച്ചത്. സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കുന്ന പതിനെട്ടാമത്തെ വനിതയാണ് ഹാൻ കാങ്; ഏഷ്യയിൽനിന്ന് പുരസ്‌കൃതയാകുന്ന ആദ്യ വനിതയും. ‘വെജിറ്റേറിയൻ’ എന്ന കൃതിക്ക് 2016ലെ അന്താരാഷ്ട്ര മാൻ ബുക്കർ പുരസ്കാരവും അവർക്കു ലഭിച്ചിരുന്നു.

ദക്ഷിണ കൊറിയൻ സംസ്കാരത്തി​ന്റെ ആഗോള സ്വാധീനം വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഹാൻ കാങ്ങിനെത്തേടി നൊ​േബൽ പുരസ്‌കാരം വന്നിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. പന്തയ സൈറ്റുകളിലെ സാധ്യതാ പട്ടികകളിലുൾപ്പെട്ടിരുന്ന പല മികച്ച എഴുത്തുകാരുടെയും പേരുകൾ മറികടന്നാണ് ഹാൻ കാങ്ങിന്റെ പുരസ്കാരലബ്ധിയെന്നത് ചില വായനക്കാരെയെങ്കിലും നിരാശപ്പെടുത്തിയിരിക്കാം. തിരഞ്ഞെടുക്കാൻ മറ്റു പല മികച്ച പേരുകളുമുണ്ടായിട്ടും നൊബേൽ പുരസ്‌കാരം എപ്രകാരമാകും ഹാൻ കാങ്ങിലേക്ക് എത്തിയതെന്നത് കൗതുകകരമായ ഒരു അന്വേഷണത്തിന് വഴിയൊരുക്കുന്നു.

നോവലിസ്റ്റ് ഹാൻ സങ് വോണിന്റെ മകളായി കൊറിയയിലെ പ്രവിശ്യാ നഗരമായ ഗ്വാങ്ജുവിൽ (Gwangju) 1970ലാണ് ഹാൻ കാങ് ജനിച്ചത്. കൊറിയൻ സ്വേച്ഛാധിപതിയായിരുന്ന ചൻ ഡൂ ഹ്വാൻ (Chun Doo-hwan) രാജ്യത്തു പട്ടാളനിയമം നടപ്പാക്കിയതിനെതിരെ 1980ൽ ഗ്വാങ്ജുവിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കു തൊട്ടുമുമ്പ്, ഹാൻ കാങ്ങിന് ഒമ്പതു വയസ്സുള്ളപ്പോൾ, അവരുടെ കുടുംബം സിയോളിലേക്കു താമസം മാറിയിരുന്നു.

ഗ്വാങ്ജുവിൽ നടന്ന പട്ടാള ആക്രമണങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ചവരും കാഴ്ചക്കാരുമായ നിരവധി മനുഷ്യർ ദാരുണമായി കൊല്ലപ്പെട്ടു. ആ സംഭവത്തെക്കുറിച്ചുള്ള ഒരു പുസ്തകം, കുട്ടികൾ കാണാതെ മുതിർന്നവർ വീട്ടിൽ ഒളിപ്പിച്ചുെവച്ചിരുന്നത് 12 വയസ്സുള്ളപ്പോൾ ഹാൻ കാങ് കണ്ടെത്തി. അതിൽ വികൃതമാക്കപ്പെട്ട മനുഷ്യശരീരങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ഹാൻ കാങ്ങിനെ ഈ ചിത്രങ്ങൾ ആഴത്തിൽ മുറിപ്പെടുത്തി. മനുഷ്യർക്ക് മനുഷ്യരായിരിക്കെ തന്നെ ഇത്രത്തോളം ക്രൂരത എങ്ങനെ കാട്ടാൻ കഴിയുമെന്ന് ചിന്തിക്കാൻ അത് അവരെ പ്രേരിപ്പിച്ചു. മനുഷ്യത്വത്തെക്കുറിച്ചുള്ള അവരുടെ ചിന്തകൾ അവരുടെ പിൽക്കാല എഴുത്തുകളിൽ പ്രതിഫലിച്ചു.

ഹാൻ കാങ്ങിന്റെ രചനകളിൽ ‘വെജിറ്റേറിയൻ’, ‘വൈറ്റ് ബുക്’, ‘ഹ്യൂമൻ ആക്ട്’, ‘ഗ്രീക് ലെസൻസ്’ എന്നീ നോവലുകളാണ് ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. പ്രത്യക്ഷത്തിൽ ഈ നാല് കൃതികളും വ്യത്യസ്തങ്ങളാണെങ്കിലും മാനവികതയെപ്പറ്റിയുള്ള ഹാൻ കാങ്ങിന്റെ ചിന്തകളും നിരീക്ഷണങ്ങളുമാണ് അവരുടെ രചനകളുടെ അടിസ്ഥാനമെന്നു കാണാം. സവിശേഷ രീതികളിലുള്ള ആഖ്യാനങ്ങൾ ഓരോ കൃതിയെയും വേറിട്ട് അടയാളപ്പെടുത്തുന്നുമുണ്ട്. ഡെബോറ സ്മിത്ത് ആണ് ഹാൻ കാങ്ങിന്റെ കൃതികളുടെ പരിഭാഷക.

‘ഹ്യൂമൻ ആക്ട്’ എന്ന നോവലിൽ ‘നിങ്ങൾ’ ആണ് മുഖ്യകഥാപാത്രം (Second Person Narrative). 1980ലെ ഗ്വാങ്ജു കൂട്ടക്കൊലയിൽ ജീവൻ നഷ്‌ടമായ ഡോങ് ഹോ എന്ന വിദ്യാർഥിയാണ് ‘ഹ്യൂമൻ ആക്ടി’ലെ ‘നിങ്ങൾ’. ‘നിങ്ങൾ’ മുഖ്യ കഥാപാത്രമാകുമ്പോൾ ‘ഞാൻ’ ഓരോ വായനക്കാരനുമാകാം. വേറിട്ട ആഖ്യാനരീതിയിലൂടെ ഡോങ് ഹോയെ വർത്തമാനകാലത്തേക്ക് ആവാഹിക്കുകയാണ് ഹാൻ കാങ് ചെയ്യുന്നത്. ‘ഹ്യൂമൻ ആക്ടി’ന്റെ ഓരോ അധ്യായവും വ്യത്യസ്ത കഥാപാത്രങ്ങൾ വ്യത്യസ്ത കാലങ്ങളിൽ അവതരിപ്പിക്കുന്നു. (The Boy -1980, The Boy’s Friend -1980. The Editor -1985, The Prisoner -1990, The Factory Girl -2002, The Boy’s Mother -2010, Epilogue: The writer -2013) അപ്രകാരം 1980കളിൽ തുടങ്ങി വർത്തമാനകാലത്തേക്ക് നോവൽ എത്തിച്ചേരുന്നു. കൊറിയൻ ഭാഷയിൽ നോവലിന്റെ പേര് ‘ദി ബോയ് അപ്രോച്ചസ്’ എന്നായിരുന്നു.

എല്ലാ യുദ്ധങ്ങളിലും കൂട്ടക്കൊലകളിലും മനുഷ്യർ മറ്റു ചില മനുഷ്യരെ തങ്ങളേക്കാൾ താഴ്ന്നവരായി കാണുന്ന ഒരു നിർണായക ഘട്ടമുണ്ടെന്ന് ‘ഹ്യൂമൻ ആക്ടി’നു വേണ്ടിയുള്ള ഗവേഷണത്തിനിടയിൽ താൻ തിരിച്ചറിഞ്ഞുവെന്ന് ഹാൻ കാങ് ‘ദ ന്യൂയോർക് ടൈംസി’ൽ പ്രസിദ്ധീകരിച്ച ‘അമേരിക്ക യുദ്ധത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ദക്ഷിണ കൊറിയ വിറകൊള്ളുന്നു (While the U.S. Talks of War, South Korea Shudders)’ എന്ന ലേഖനത്തിൽ എഴുതി. ദേശീയത, വംശം, മതം, പ്രത്യയശാസ്ത്രം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ മനുഷ്യർ ഇത്തരത്തിൽ താഴേക്കിടയിലുള്ളവരായി തരംതിരിക്കപ്പെടാം. മനുഷ്യർക്കു മനുഷ്യരായി തുടരാൻ കഴിയുന്ന അവസാനത്തെ പ്രതിരോധം ഈ പക്ഷപാതങ്ങളെയെല്ലാം മറികടക്കുന്ന വിധത്തിൽ മറ്റൊരാളുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള പൂർണവും യഥാർഥവുമായ ധാരണയാണ് എന്ന തിരിച്ചറിവും അതേ സമയത്തുതന്നെ അവർക്കു ലഭിച്ചതായി ലേഖനത്തിൽ പറയുന്നു.

ഹാൻ കാങ്ങിന്റെ ‘വെജിറ്റേറിയൻ’ എന്ന നോവലും ‘ഹ്യൂമൻ ആക്ടും’ പ്രമേയപരമായി വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും അവയുടെ വേരുകൾ പരസ്പരം കെട്ടുപിണയുന്നതായി നോവലിസ്റ്റുതന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അക്രമത്തെയും മാനവികതയെയും കുറിച്ചുള്ള ഹാൻ കാങ്ങിന്റെ ദീർഘകാല അന്വേഷണങ്ങൾ ‘വെജിറ്റേറിയൻ’ എന്ന നോവലിലെ വിശപ്പു നഷ്ടപ്പെട്ട സ്ത്രീയുടെ ശരീര രാഷ്ട്രീയത്തിന്റെ പ്രകോപനപരവും മനഃശാസ്ത്രപരവുമായ ചിത്രീകരണത്തിലെത്തുന്നു.

കൊറിയയിലെ ജാപ്പനീസ് അധിനിവേശകാലത്തു നിരോധിക്കപ്പെട്ട കൊറിയൻ ലിപി ഹങ്കലിൽ (Hangul) കവി യി സാങ് (Yi Sang) എഴുതിയ ‘മനുഷ്യൻ മരമാകണം’ എന്ന വരിയാണ് ‘വെജിറ്റേറിയന്റെ’ പ്രചോദനം. കോളനികളാക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്കുമേൽ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന അക്രമങ്ങളെയും ഹിംസയെയും ഓർമപ്പെടുത്തുന്ന യിയുടെ വരികളുടെ പ്രതിഫലനമാണ് ‘വെജിറ്റേറിയനി’ലെ യോങ് ഹൈ എന്ന സർ റിയലിസ്റ്റിക് കഥാപാത്രത്തിന്റെ മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകൾക്കെതിരെയുള്ള ഒറ്റയാൾ കലാപം.

 

ഒരു സ്ത്രീയുടെ വ്യക്തിപരമായ തീരുമാനത്തിലേക്കും അവരുടെ ശരീരത്തിലേക്കും അവർക്കുമേൽ അധികാരമുണ്ടെന്ന് കരുതുന്നവരുടെ കടന്നുകയറ്റവും അക്രമവും വെജിറ്റേറിയന്റെ പ്രമേയമാകുന്നു. ‘വെജിറ്റേറിയൻ’ നോവലിലെ മുഖ്യ കഥാപാത്രമായ യോങ് ഹൈ മാംസാഹാരം വർജിക്കാൻ തീരുമാനിക്കുന്നു. യോങ് ഹൈയുടെ പിതാവ് അവരെ ബലം പ്രയോഗിച്ചു മാംസഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ചെകിട്ടത്തടിക്കുകയും ചെയ്യുന്നു. തുടർന്ന് യോങ് ഹൈ സ്വന്തം ശരീരത്തിൽ മുറിവേൽപിച്ചു ആത്മഹത്യക്ക് ശ്രമിക്കുന്നു. സൈക്യാട്രിക് ഹോസ്പിറ്റലിൽ ഡോക്ടർമാരും ബലം പ്രയോഗിച്ച് യോങ് ഹൈക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുന്നു. ശരീരമാണ് ഇവിടെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ‘ഹ്യൂമൻ ആക്ടി’ൽ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടിൽ രാഷ്ട്രമാണ് സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ ക്രൂരതകൾക്ക് ഇരയാകുന്നത്.

‘വെജിറ്റേറിയൻ’ എന്ന നോവലിനു മൂന്നു ഭാഗങ്ങളാണുള്ളത്. യോങ് ഹൈയുടെ ഭർത്താവാണ് വെജിറ്റേറിയൻ എന്നുതന്നെ പേരുള്ള ആദ്യ ഭാഗത്തിന്റെ ആഖ്യാതാവ്. തന്റെ ഭാര്യ മാംസം കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന വസ്തുത അയാളിലൂടെയാണ് വായനക്കാർ അറിയുന്നത്. സ്വപ്നങ്ങളെക്കുറിച്ചുള്ള ആത്മഭാഷണങ്ങൾ മാത്രമാണ് യോങ് ഹൈയുടേതായി ഇവിടെ പ്രത്യക്ഷപ്പെടുന്നത്.

യോങ് ഹൈയുടെ സഹോദരീ ഭർത്താവാണ് മംഗോളിയൻ മാർക്ക് എന്ന രണ്ടാം ഭാഗത്തിലെ നായകൻ. ഭർത്താവിനെ ഉപേക്ഷിച്ചു യോങ് ഹൈയുടെ രക്ഷാകർത്താവായി മാറുന്ന അവരുടെ സഹോദരിയുടെ കഥയാണ് ഫ്ലമിങ് ട്രീ എന്ന മൂന്നാം ഭാഗത്തു പറയുന്നത്. മാംസഭക്ഷണത്തിനെതിരെയുള്ള യോങ് ഹൈയുടെ ചെറുത്തുനിൽപ്പും ഭക്ഷണമുപേക്ഷിച്ചു മരമായിത്തീരാനുള്ള അവരുടെ ആഗ്രഹവും പ്രമേയമാകുന്ന നോവലിൽ ഒരിടത്തും അവർ ആഖ്യാതാവോ മുഖ്യകഥാപാത്രമോ ആകുന്നില്ലയെന്നത് ശ്രദ്ധേയമാണ്.

മനുഷ്യർ നടത്തുന്ന അതിക്രമങ്ങളെയും നിഷ്കളങ്കതയുടെ (അ)സാധ്യതയെയും ചോദ്യംചെയ്യുന്ന, ഭ്രാന്തിനെയും ഭ്രാന്തില്ലായ്മയെയും നിർവചിക്കുന്ന, മറ്റുള്ളവരെ മനസ്സിലാക്കുന്നതിലുള്ള (അ)സാധ്യതയെക്കുറിച്ചു പറയുന്ന, അവസാന ആശ്രയമോ തീരുമാനമോ ആയി സ്വന്തം ശരീരത്തെ കാണുന്ന അനേകം അടരുകളുള്ള നോവലാണ് ‘വെജിറ്റേറിയനെ’ന്ന് ഹാൻ കാങ് പറയുന്നുണ്ട്. ‘ഹ്യൂമൻ ആക്ടി’ൽ ജയിൽപുള്ളി എന്ന അധ്യായത്തിൽ ഹാൻ കാങ്ങിന്റെ ഈ വീക്ഷണം പ്രതിഫലിക്കുന്ന വരികൾ വായിക്കാം.

‘‘മനുഷ്യർ അടിസ്ഥാനപരമായി ക്രൂരന്മാരാണെന്നത് ശരിയാണോ? ക്രൂര അനുഭവങ്ങൾ മാത്രമാണോ ഒരു വർഗമെന്നനിലയിൽ നമ്മൾ പങ്കിടുന്നത്? നാമോരോരുത്തരും ഒരു പ്രാണിയായോ മൃഗമായോ വെറും മാംസക്കട്ടിയായോ ചുരുങ്ങിയേക്കുമെന്നുള്ള സത്യം മറച്ചു​െവക്കാനായുള്ള ആത്മവ്യാമോഹമാണോ നാം ചേർത്തുപിടിക്കുന്ന അന്തസ്സ്? തരംതാഴ്ത്തപ്പെടുകയും നശിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുക എന്നുള്ളതാണോ മനുഷ്യരാശിയുടെ, അനിവാര്യമാണെന്ന് ചരിത്രം സ്ഥിരീകരിച്ച ആത്യന്തിക വിധി?’’ മനുഷ്യരുടെ ഹിംസാത്മക സ്വഭാവത്തിന്റെ വ്യതിയാനങ്ങളാണ് ഹാൻ കാങ്ങിന്റെ രചനകളിൽ പ്രതിഫലിക്കുന്നത്.

 

‘വെജിറ്റേറിയനി’ൽ യോങ് ഹൈ അക്രമവും മാംസാഹാരവും നിരസിക്കുകയും തുടർന്നു ഭക്ഷണംതന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നതിനു സമാനമായി ‘ഗ്രീക് ലെസൻസ്’ എന്ന നോവലിലെ മുഖ്യ സ്ത്രീ കഥാപാത്രം ‘സൂചിമുനകൾകൊണ്ടുണ്ടാക്കിയ ഒരു കമ്പളംപോലെ തന്നെ കുത്തിനോവിച്ച’ ഭാഷയെ പൂർണമായി ഉപേക്ഷിക്കുന്നു. അതേസമയംതന്നെ തന്റെ സംസാരശേഷി തിരിച്ചുപിടിക്കാൻ അവർ യത്നിക്കുകയും ചെയ്യുന്നു.

ഇനിയും സംസാരിച്ചുതുടങ്ങിയിട്ടില്ലാത്ത തന്റെ ഒന്നര വയസ്സായ മകൻ വാക്കുകൾക്ക് സമാനമായ നിഗൂഢമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുമ്പോൾ ജീവിതത്തി​ന്റെ എല്ലാ അർഥങ്ങളും വികാരങ്ങളും അനുഭൂതികളും മഹാവിസ്ഫോടനത്തിന് മുമ്പുള്ള നിമിഷംപോലെ ഒറ്റ വാക്കിലേക്ക് ഘനീഭവിക്കുന്നതായി ഹാൻ കാങ് സങ്കൽപിക്കുമായിരുന്നു. ‘ഗ്രീക് ലെസൻസ്’ എന്ന നോവലിൽ ഇത്തരത്തിലൊരു സന്ദർഭം കാണാം. സംസാരശേഷി നഷ്ടപ്പെട്ട ‘ഗ്രീക് ലെസൻസി’ലെ നായിക എല്ലാ ഭാഷയും ഒറ്റ വാക്കിലേക്ക് ചുരുങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ട്.

അനന്തതയെ ഒരു ബിന്ദുവിലേക്ക് സന്നിവേശിപ്പിക്കുന്ന ഹാൻ കാങ്ങിന്റെ ഈ രീതി ‘വെജിറ്റേറിയനി’ലും കാണാം. കഴിച്ച എല്ലാ ജീവികളുടെയും അലർച്ചകളും നിലവിളികളും തന്റെ നെഞ്ചിനുള്ളിൽ ഒരു മുഴയായി രൂപപ്പെട്ടിരിക്കുന്നതായി മാംസഭക്ഷണം ഉപേക്ഷിച്ച യോങ് ഹൈക്ക് അനുഭവപ്പെടുന്നു. ഭൗതിക അവശിഷ്ടങ്ങൾ വിസർജിച്ചുവെങ്കിലും ആ മൃഗങ്ങളുടെയെല്ലാം ജീവനുകൾ തന്റെ ഉള്ളിൽ ഉറച്ചുപോയെന്ന് അവർ വിലപിക്കുന്നു.

ഒരിക്കൽ തനിക്ക് എഴുതാൻ കഴിയാതെ ഒരു വർഷത്തോളം കഴിയേണ്ടിവന്നിരുന്നുവെന്നു ഹാൻ കാങ് പറയുന്നുണ്ട്. ആ കാലഘട്ടത്തിന്റെ ഓർമകളാണ് ‘ഗ്രീക് ലെസൻസ്’ എന്ന നോവലിലേക്ക് അവരെ എത്തിച്ചത്. ഈ നോവലിൽ മുഖ്യകഥാപാത്രങ്ങൾക്കു പേരുകളില്ല. ഇവിടെ കഥ മുന്നോട്ടു നയിക്കുന്നത് കഥാപാത്രങ്ങളല്ല, മറിച്ചു ഭാഷയാണ് അഥവാ ഭാഷ നഷ്ടപ്പെടലാണ്. സംസാരശേഷി നഷ്ടമാകുന്ന സ്ത്രീ കഥാപാത്രവും കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുരുഷ കഥാപാത്രവും പരസ്പരം ആശയവിനിമയത്തിനായി സ്പർശനത്തെ ആശ്രയിക്കുന്നു, സ്ത്രീ തന്റെ വിരലുപയോഗിച്ചു പുരുഷന്റെ കൈകളിൽ എഴുതുന്നു.

സാധാരണ കാഴ്ച നഷ്ടപ്പെട്ടവരുടെ ശ്രവണശക്തി കൂടുതലായിരിക്കുമെന്നു പറയാറുണ്ടെങ്കിലും തന്റെ കാര്യം അങ്ങനെയല്ലെന്നാണ് ‘ഗ്രീക് ലെസൻസി’ലെ പുരുഷ കഥാപാത്രം പറയുന്നത്. താൻ ശബ്ദത്തെയല്ല, സമയത്തെയാണ് ആദ്യമറിയുന്നതെന്നും തന്നെ ക്രമേണ കീഴടക്കാനായി ശരീരത്തിലൂടെ സാവധാനത്തിലും നിഷ്ഠുരമായും പ്രവഹിക്കുന്ന ഒരു ഭീമാകാരമായ വസ്തുവെന്നപോലെയാണ് തനിക്കു സമയം അനുഭവപ്പെടുന്നതെന്നും അയാൾ പറയുന്നു. അയാളുടെ ആദ്യ കാമുകി ശ്രവണശേഷി നഷ്ടപ്പെട്ടവളായിരുന്നു. മനുഷ്യശരീരത്തെയും ഇന്ദ്രിയാനുഭൂതികളെയുംപറ്റിയുള്ള ഹാൻ കാങ്ങിന്റെ അവബോധം ‘ഗ്രീക് ലെസൻസി’ലെ കഥാപാത്ര സൃഷ്ടികളെ ഉദാത്തമാക്കിയിരിക്കുന്നു. ഇതേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഹാൻ കാങ് ബുക്കർ പുരസ്‌കാര വേളയിൽ ഇപ്രകാരം വ്യക്തമാക്കിയിരുന്നു.

‘‘കേൾവി, സ്പർശനം തുടങ്ങിയ ഇന്ദ്രിയാനുഭൂതികൾക്ക് ഞാൻ വളരെയധികം പ്രാധാന്യം നൽകുന്നു. വിദ്യുത് പ്രവാഹംപോലെ എഴുത്തിൽ ഞാൻ ഈ സംവേദനങ്ങൾ സന്നിവേശിപ്പിക്കുന്നു, വായിക്കുന്നയാൾ ആ വൈദ്യുതധാരയെ തിരിച്ചറിയുമ്പോൾ ഓരോതവണയും അത് എനിക്ക് അലൗകികമായ അനുഭൂതിയാകുന്നു.’’ മറ്റു നോവലുകളിൽനിന്നു വ്യത്യസ്തമായി നോവലിസ്റ്റിന്റെ വ്യക്തിപരമായ ദുഃഖം പങ്കുവെക്കുന്ന കൃതിയാണ് ‘വൈറ്റ് ബുക്’. രണ്ടു മണിക്കൂറുകൾമാത്രം ജീവിച്ചിരുന്ന തന്റെ ജ്യേഷ്ഠസഹോദരിയുടെ വേർപാടിന്റെ വേദനയാണ് ഈ രചനയിൽ എഴുത്തുകാരി പകർത്തിയിരിക്കുന്നത്. ജനിച്ചുവീഴുന്ന കുട്ടികൾക്കായുള്ള വെളുത്ത തുണി മുതൽ മരിച്ചവരെ പുതപ്പിക്കുന്ന വെളുത്ത വസ്ത്രം വരെ, ജനനം മുതൽ മരണം വരെ, ‘വൈറ്റ് ബുക്കി’ൽ വിഷയമാകുന്നു.

‘ഹ്യൂമൻ ആക്ടി’ലെ ‘‘മരിക്കാതിരിക്കൂ, ദയവായി മരിക്കാതിരിക്കൂ’’ എന്ന വിലാപം ‘വൈറ്റ് ബുക്കി’ലും ആവർത്തിച്ചിരിക്കുന്നു. ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ വിട്ടുപോകാനൊരുങ്ങുന്ന കുഞ്ഞിനോട് ആഖ്യാതാവിന്റെ അമ്മ പറയുന്നു, ‘‘മരിക്കാതിരിക്കൂ, ദൈവത്തെയോർത്തു മരിക്കാതിരിക്കൂ.’’ അകാലത്തിൽ ജീവനുപേക്ഷിക്കാൻ നിർബന്ധിതരാകേണ്ടിവരുന്ന മനുഷ്യരെ ഓർത്തുള്ള എഴുത്തുകാരിയുടെ വേദനയായിരിക്കണം രാഷ്ട്രീയ കലാപം പ്രമേയമായ ‘ഹ്യൂമൻ ആക്ടി’ലും വ്യക്തിപരമായ നഷ്ടം പറയുന്ന ‘വൈറ്റ് ബുക്കി’ലും ഒരേപോലെ പ്രതിഫലിച്ചത്.

കാവ്യമെന്നോ ആത്മഭാഷണങ്ങളെന്നോ ലേഖനങ്ങളെന്നോ നോവലെന്നോ വായനക്കാരുടെ ഹിതത്തിനനുസരിച്ചു തീരുമാനിക്കാവുന്ന ആഖ്യാനമാണ് ‘വൈറ്റ് ബുക്കി’ന്റെ സവിശേഷത. തനിക്കുമുന്നേ ജനിച്ചു മരിച്ച തന്റെ സഹോദരിയെക്കുറിച്ചുള്ള ഓർമകൾക്കൊടുവിൽ ‘‘അവളുണ്ടായിരുന്നെങ്കിൽ ഞാനുണ്ടാവുമായിരുന്നില്ല’’ എന്ന് ആഖ്യാതാവ് തിരിച്ചറിയുന്നു.

 

പുസ്തകത്തിലെ വെളുത്ത വസ്തുക്കളുടെ വർണനകളിലെ കാവ്യഭാഷ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് ‘വൈറ്റ് ബുക്കി’ൽ തണുത്തുറഞ്ഞ കടലിനെ ഇങ്ങനെ വരച്ചിടുന്നു.

‘‘An unusually shallow stretch of water, compounded by a cold current, had formed serried ranks of frozen waves, like layer upon layer of dazzling white flowers captured in the moment of unfurling.’’ ഹാൻ കാങ്ങിന് സംഗീതത്തോടും കലയോടുമുള്ള താൽപര്യം അവരുടെ രചനകളിലും പ്രതിഫലിക്കുന്നു.

കൊറിയൻ നോവൽ പുരസ്‌കാരം, കൾച്ചർ മിനിസ്ട്രി കൊറിയയുടെ ടുഡേസ് യങ് ആർട്ടിസ്റ്റ് പുരസ്‌കാരം, യിസാങ് സാഹിത്യ പുരസ്‌കാരം, ഡോംഗ്രി സാഹിത്യ പുരസ്‌കാരം, മാൻഹേ പുരസ്‌കാരം, ഹ്വാങ് സൺ വോൺ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഹാൻ കാങ്ങിനെ തേടിയെത്തിയിട്ടുണ്ട്.

‘വെജിറ്റേറിയൻ’ എന്ന നോവൽ 2009ൽ സംവിധായകൻ ലിം വൂ സിയോങ് (Lim Woo -Seong) അതേ പേരിൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. 2011ൽ ലിം വൂ സിയോങ് ഹാൻ കാങ്ങിന്റെ ബേബി ബുദ്ധ എന്ന ചെറുകഥയെ സ്കാർസ് എന്ന പേരിലും അഭ്രപാളികളിലെത്തിച്ചു. ഹാൻ കാങ്ങിന്റെ പ്രസിദ്ധീകൃതമായ കൃതികളിൽ ചെറുകഥാ സമാഹാരങ്ങളായ ഫ്രൂട്സ് ഓഫ് മൈ വുമൺ, ഫയർ സാലമാന്റർ; നോവലുകളായ ബ്ലാക്ക് ഡിയർ, യുവർ കോൾഡ് ഹാൻഡ്‌സ്, ദ വെജിറ്റേറിയൻ, ബ്രെത് ഫൈറ്റിങ്, ഗ്രീക് ലെസൻസ്, ഹ്യൂമൻ ആക്ട്, ദി വൈറ്റ് ബുക് മുതലായവ ഉൾപ്പെടുന്നു. ഐ പുട്ട് ദി ഈവനിങ് ഇൻ ദ ഡ്രോവർ എന്ന പേരിൽ അവർ ഒരു കാവ്യസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാൻ കാങ്ങിന്റെ യൂറോപ്പ എന്ന ചെറുകഥയുടെ പരിഭാഷ ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അവരുടെ ഏറ്റവും പുതിയ നോവലായ വീ ഡു നോട്ട് പാർട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് 2025ൽ പ്രസിദ്ധീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

‘ഡിയർ സൺ, മൈ ബിലവ്ഡ്’ എന്ന പേരിൽ ഒരു കൈയെഴുത്തുപ്രതി ഹാൻ കാങ് നോർവേയിലെ ഫ്യൂച്ചർ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഫ്യൂച്ചർ ലൈബ്രറിയിൽ അഞ്ചാമതായി വന്നുചേർന്ന പുസ്തകമാണ് ഡിയർ സൺ, മൈ ബിലവ്ഡ്; ഏഷ്യയിൽനിന്ന് ഇത്തരത്തിൽ സംഭാവന ചെയ്യപ്പെട്ട ആദ്യ പുസ്തകവും. സ്വീഡിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങിയ ഭാഷകളിലേക്ക് അവരുടെ കൃതികൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ സി.വി. ബാലകൃഷ്ണനാണ് ‘വെജിറ്റേറിയൻ’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

സമകാല ഗദ്യത്തിലെ നൂതന ആവിഷ്കാരങ്ങളെന്നാണ് സ്വീഡിഷ് അക്കാദമി ഹാൻ കാങ്ങിന്റെ പരീക്ഷണാത്മകവും കാവ്യാത്മകവുമായ രചനകളെ വിശേഷിപ്പിച്ചത്. അക്രമവും സൗന്ദര്യവും ഇടകലർന്ന ഈ ലോകത്ത് നിഷ്കളങ്കത എത്രത്തോളം സാധ്യമാണെന്നുള്ള തന്റെ നിരന്തര അന്വേഷണങ്ങളാണ് ഹാൻ കാങ്‌ തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - weekly literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.