കോവിഡ് വ്യാപനം ശക്തമാവുകയും മരണം കുതിച്ചുയരുകയുംചെയ്യുേമ്പാൾ എന്താണ് മോദി ഭരണകൂടം ചെയ്യുന്നത്? രാജ്യത്ത് നടക്കുന്നത് ദുരന്തമല്ല, കുറ്റകൃത്യമാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ലേഖിക വാദിക്കുന്നു.
2017ൽ വർഗീയ ധ്രുവീകരണത്തിലാഴ്ന്നുകിടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ, വിഷയം ഒന്നുകൂടി കലുഷമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ ഗോദയിൽ ഇറങ്ങിയിരുന്നു. പ്രതിപക്ഷ സർക്കാർ, ഹിന്ദു ശ്മശാനങ്ങൾക്ക് നൽകുന്നതിനെക്കാൾ കൂടുതൽ മുസ്ലിം ഖബർസ്ഥാന് വിനിേയാഗിച്ച് ന്യൂനപക്ഷമായ മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്നായിരുന്നു പൊതുവേദിയെ അഭിസംബോധന ചെയ്ത് അദ്ദേഹത്തിെൻറ വിമർശനം. ആക്ഷേപഹാസ്യവും വിമർശന കൂരമ്പുകളും കർണകഠോരമായ ഉച്ചസ്ഥായിയിൽ പ്രഘോഷണം നടത്തി സദസ്സിനെ അദ്ദേഹം കൈയിലെടുത്തു- ''ഒരു ഗ്രാമത്തിൽ ഒരു ഖബർസ്ഥാൻ നിർമിക്കുന്നുവെങ്കിൽ, അവിടെ ഒരു ശ്മശാനവും ഉണ്ടാക്കും''- ഇതായിരുന്നു വാക്കുകൾ.
''ശ്മശാനം, ശ്മശാനം''- മായികതയിൽ വീണുപോയ സദസ്സ് ഇതുതന്നെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.
ഇന്ത്യയിലെ ശ്മശാനങ്ങളിലെ കൂട്ട ശവദാഹങ്ങളിൽ ഉയരുന്ന അഗ്നിസ്ഫുലിംഗങ്ങളുടെ വിടാതെ വേട്ടയാടുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര പത്രങ്ങളുടെ ഒന്നാം പേജ് നിറയുേമ്പാൾ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകണം. അദ്ദേഹത്തിെൻറ നാട്ടിൽ എല്ലാ ഖബർസ്ഥാനുകളും ശ്മശാനങ്ങളും ജനസംഖ്യാനുപാതികമായും എന്നാൽ, പരമാവധി ശേഷിയും കവിഞ്ഞ് പൂർണാർഥത്തിൽ പ്രവർത്തനക്ഷമമാണിപ്പോൾ.
''130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ ഒറ്റപ്പെടുത്താനാകുമോ?''- പുതുതായി അണപൊട്ടി പരക്കുന്ന ദുരന്തവും, പുതിയ കോവിഡ് വകഭേദങ്ങളുടെ അതിവേഗ വ്യാപനം നിയന്ത്രിക്കുന്നതിലെ ദയനീയ പരാജയവും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റ് എഡിറ്റോറിയൽ ഉന്നയിച്ച ചോദ്യമിതായിരുന്നു. ''അത്രയെളുപ്പമാകില്ല''- എന്ന് മറുപടിയും. യു.കെയിലും യൂറോപ്പിലും മാസങ്ങൾക്ക് മുമ്പ് കൊറോണ വൈറസ് അതിവേഗം പടരുേമ്പാൾ ഇതേ ചോദ്യം ഇങ്ങനെയാകുമോ ചോദിച്ചിട്ടുണ്ടാകുക? പക്ഷേ, ഇൗ വർഷം ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ഇന്ത്യയിൽ നമുക്ക് അരിശപ്പെടാൻ അവകാശമില്ല.
യൂറോപ്പും യു.എസും കോവിഡ് രണ്ടാം തരംഗത്തിെൻറ ഭീതി അനുഭവിക്കുേമ്പാഴായിരുന്നു മോദി പ്രഭാഷണം നിർവഹിച്ചത്. അവരോട് അനുതാപം നിറയുന്ന വാക്കുകൾ ഒന്നും പറയാൻ അദ്ദേഹത്തിെൻറ വശം ഉണ്ടായിരുന്നില്ല. പകരം ഇന്ത്യയുടെ അടിസ്ഥാന സൗകര്യത്തെ കുറിച്ചും കോവിഡ് തയാറെടുപ്പുകളെ കുറിച്ചുമുള്ള ഗർവിഷ്ഠമായ വീരസ്യങ്ങൾ മാത്രം. ആ പ്രഭാഷണം ഞാൻ ഡൗൺലോഡ് ചെയ്തെടുത്തു, കാരണം മോദി ഭരണം മാറുേമ്പാൾ- അത് വല്ലാതെ വൈകണമെന്നില്ല- പ്രഭാഷണവും അപ്രത്യക്ഷമാകും. അതല്ലെങ്കിൽ കണ്ടെത്താൻ പ്രയാസപ്പെടും. അതിലെ വിലമതിക്കാനാവാത്ത ചില ചീന്തുകൾ ഇതാ:
''സുഹൃത്തുക്കളെ, 130 ഇന്ത്യക്കാരിൽനിന്ന് വിശ്വാസത്തിെൻറയും പ്രതീക്ഷയുടെയും ധനാത്മകതയുടെയും സന്ദേശവുമായാണ് ഞാൻ എത്തിയിരിക്കുന്നത്... ലോകത്ത് കൊറോണ ഏറ്റവും നാശം വിതക്കുന്ന രാജ്യം ഇന്ത്യയാകുമെന്നായിരുന്നു പ്രവചനം. ഇന്ത്യയിൽ കൊറോണ വ്യാപനത്തിെൻറ സൂനാമി അടിച്ചുവീശുമെന്നായിരുന്നു പറഞ്ഞുകേട്ടത്. 70-80 കോടി പേരിൽ രോഗം പടരുമെന്നും 20 ലക്ഷം പേർ മരിക്കുമെന്നും വരെ ചിലർ പ്രചരിപ്പിച്ചു.''
''സുഹുത്തുക്കളെ, ഇന്ത്യ കൈവരിച്ച വിജയം മറ്റൊന്നിേൻറതുമായി തുലനം ചെയ്യാമെന്ന് പറയാനാകില്ല. ലോക ജനസംഖ്യയുടെ 18 ശതമാനം വസിക്കുന്ന രാജ്യം കൊറോണയെ സമർഥമായി പിടിച്ചുകെട്ടി മാനുഷ്യകത്തെ വലിയ ദുരന്തത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു.''
കൊറോണ വൈറസിനെ കാര്യക്ഷമമായി ചെറുത്തുതോൽപിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ മോദി എന്ന മന്ത്രജാലക്കാരൻ തെൻറ വില്ല് കൈയിലെടുത്തിരിക്കുകയാണ്. ഇനിയിപ്പോൾ അദ്ദേഹത്തിന് അതിനെ ചുരുട്ടിക്കെട്ടാനായില്ലെന്നുവന്നാലും അപകടകരമായ അദൃശ്യ രശ്മികൾ പ്രസരിക്കുന്നവരെപോലെ നമുക്ക് അതിനെ കുറിച്ച് പരാതി പറയാൻ പറ്റുമോ? മറ്റു രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും വിമാന സർവിസുകൾ റദ്ദാക്കുകയും ചെയ്യുകയാണ്. നാം ഇവിടെ നമ്മുടെ വൈറസിനും പ്രധാനമന്ത്രിക്കുമൊപ്പം അദ്ദേഹത്തിെൻറ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന എല്ലാ രോഗങ്ങളും ശാസ്ത്രവിരുദ്ധതയും വെറുപ്പും വിഡ്ഢിത്തവുമായി ഒപ്പം ജീവിക്കാൻ തളച്ചിടപ്പെടുകയാണ്.
കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ വർഷം ഇന്ത്യയിൽ വരുകയും പിന്നീടത് കുറയുകയും ചെയ്തപ്പോൾ സർക്കാറും അവരുടെ ശിങ്കിടികളും വിജിഗീഷുക്കളുടെ ഭാവത്തിലായിരുന്നു. ഓൺലൈൻ ന്യൂസ് സൈറ്റ് ദ പ്രിൻറ് എഡിറ്റർ ഇൻ ചീഫ് ശേഖർ ഗുപ്ത പറഞ്ഞത്, ''ഇന്ത്യയിലിപ്പോൾ വിനോദ സഞ്ചാരമുണ്ടാകില്ല. പക്ഷേ, നമ്മുടെ ഓവുചാലുകളിൽ മൃതദേഹങ്ങൾ ഒഴുകുന്നില്ല. ആശുപത്രികളിൽ ബെഡില്ലാത്ത പ്രയാസങ്ങളില്ല. ശ്മശാനങ്ങളും മൃതദേഹം സംസ്കരിക്കുന്ന കേന്ദ്രങ്ങളും വിറകും ഇടവുമില്ലാതെ ബുദ്ധിമുട്ടുന്നില്ല. ഇതൊക്കെ വസ്തുത തന്നെയല്ലേ? അല്ലെന്നാണ് മറുപടിയെങ്കിൽ വിവരങ്ങൾ കൊണ്ടുവരൂ. നിങ്ങൾ ദൈവമാണെന്ന് ചിന്തിക്കുന്നില്ലെങ്കിൽ.'' അനാദരവു നിറഞ്ഞ, ഹൃദയശൂന്യമായ മാനസിക കൽപനകളെ മാറ്റിനിർത്താം- ഏതു മഹാമാരിക്കും ഒരു രണ്ടാം തരംഗമുണ്ടാകുമെന്ന് പറഞ്ഞുതരാൻ ദൈവം തന്നെ േവണ്ടിയിരുന്നോ?
ഇത് പ്രവചിക്കപ്പെട്ടതുതന്നെയായിരുന്നു. പക്ഷേ, ഇത്രമേൽ ഭീതിദമാകുന്നത് ശാസ്ത്രജ്ഞരെയും സാംക്രമിക വൈറസ് വിദഗ്ധരെയുംപോലും അത്ഭുതപ്പെടുത്തുന്നതായി. എങ്കിൽ പിന്നെ, എവിടെയാണ് മോദി പ്രസംഗത്തിൽ വീമ്പു പറഞ്ഞ കോവിഡ് അടിസ്ഥാന സൗകര്യങ്ങളും വൈറസിനെതിരായ 'ജനകീയ പ്രസ്ഥാനവും'. ആശുപത്രി കിടക്കകൾ കിട്ടാനില്ല. ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും മനസ്സു തകർന്നുനിൽപാണ്. ജീവനക്കാരില്ലാത്ത, ജീവനുള്ളവരെക്കാൾ മരിച്ചവരുള്ള വാർഡുകളെ കുറിച്ച കഥകൾ വിളിച്ചുപറയുകയാണ് സുഹൃത്തുക്കൾ. ആശുപത്രി ഇടനാഴികളിലും നിരത്തുകളിലും സ്വന്തം വീടകങ്ങളിലും രോഗികൾ മരിച്ചുവീഴുന്നു. ഡൽഹിയിലെ ശ്മശാനങ്ങളിൽ വിറകുകൾ തീർന്നിരിക്കുന്നു. പട്ടണത്തിലെ മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ വനവിഭാഗം പ്രത്യേകം അനുമതി നൽകുന്നിടത്തുവരെ എത്തി കാര്യങ്ങൾ. എവിടെയും കിട്ടുന്ന കൊമ്പും ചുള്ളിയുമാണ് ആളുകൾ ഉപയോഗിക്കുന്നത്. പാർക്കുകൾവരെ ശവദാഹ ഇടങ്ങളായി പേരുമാറുന്നു. നമ്മുടെ ആകാശത്ത് അദൃശ്യമായ ഏതോ പറക്കുംതളികകൾ വട്ടമിട്ടുപറന്ന് നമ്മുടെ ശ്വാസകോശങ്ങളിൽനിന്ന് ജീവവായു ഊറ്റിയെടുക്കുകയാണെന്ന് തോന്നുന്നു. കേട്ടുകേൾവിയില്ലാത്ത ഒരു വ്യോമാക്രമണം.
ഇന്ത്യയുടെ മരണം മണക്കുന്ന പുതിയ ഓഹരിവിപണിയിലെ നവ കറൻസിയാണ് ഓക്സിജൻ. മുതിർന്ന രാഷ്ട്രീയക്കാർ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങി ഇന്ത്യയിലെ ഉപരിവർഗം ഹോസ്പിറ്റൽ ബെഡിനും സിലിണ്ടറുകൾക്കും ട്വിറ്ററിൽ കേഴുന്നതാണ് കാഴ്ച. സിലിണ്ടർ വിൽക്കുന്ന അധോലോകം അതിവേഗം വളരുന്നു. ഓക്സിജൻ നിറക്കുന്ന യന്ത്രങ്ങളും മരുന്നുകളും എവിടെയും കിട്ടാനില്ല.
ഇനിയുമുണ്ട് പുതിയ വിപണികൾ, മറ്റു ചില വസ്തുക്കൾക്കുവേണ്ടിയാണെന്നു മാത്രം. ഈ സ്വതന്ത്ര വിപണിയുടെ ഏറ്റവും താഴെ ആശുപത്രി മോർച്ചറിയിൽ കെട്ടിപ്പൂട്ടി അട്ടിയിട്ട നിങ്ങളുടെ ഉറ്റവരെ അവസാനത്തെ ഒരു നോക്ക് കാണാൻ നൽകുന്ന കൈക്കൂലി. അന്ത്യകർമങ്ങൾ ചെയ്യാമെന്നേൽക്കുന്ന പുരോഹിതനുള്ള സർചാർജ്. ദീനാനുകമ്പ തെല്ലും ഏശാത്ത ഡോക്ടർമാർ ഓൺലൈൻ മെഡിക്കൽ കൺസൽട്ടേഷൻ എന്ന പേരിൽ വഴികളടഞ്ഞ കുടുംബങ്ങളെ കൊള്ളയടിക്കൽ എന്നിവയാണെങ്കിൽ മുകളറ്റത്ത്, സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് അവസാന രൂപവരെ ചെലവഴിക്കാൻ സ്വന്തം കിടപ്പാടവും പുരയിടവും വിൽക്കലാകും. അവർ നിങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നൽകുന്ന ഡെപോസിറ്റ് പോലും രണ്ടു തലമുറയെങ്കിലും നിങ്ങളെ പിറകോട്ട് നടത്തും.
ഇത്രയും പറഞ്ഞാൽപോലും ആഘാതത്തിെൻറ ആഴവും പരപ്പും, ജനം അനുഭവിക്കാൻ നിർബദ്ധരായ അവജ്ഞയും ആകുലതകളും പങ്കുവെച്ചുവെന്ന് പറയാനാകില്ല. എെൻറ ഒരു സുഹൃത്തിനുണ്ടായ അനുഭവം വേറെ നൂറുകണക്കിന് പേരുടേതുകൂടിയാകും. ചിലപ്പോൾ ഡൽഹിയിൽ മാത്രം ആയിരങ്ങളിൽ ഒന്ന്. പ്രായം 20കളിലുള്ള അയാൾ ഡൽഹിയുടെ പ്രാന്തപ്രദേശമായ ഗാസിയാബാദിലെ ഒരു കൊച്ചുഫ്ലാറ്റിലാണ് മാതാപിതാക്കൾക്കൊപ്പം താമസം. മൂന്നുപേരും കോവിഡ് ബാധിതരായി. മാതാവ് അതിഗുരുതരാവസ്ഥയിലും. തുടക്ക കാലത്തായതിനാൽ മാതാവിന് ഒരു ആശുപത്രി ബെഡ് കണ്ടെത്താൻ അയാൾക്കായി. അതിനിടെ, ഗുരുതരമായ ബൈപോളാർ ഡിപ്രഷൻ തിരിച്ചറിഞ്ഞ പിതാവ് ആക്രമണ സ്വഭാവം പ്രകടിപ്പിച്ചുതുടങ്ങി. സ്വയം മുറിവേൽപിക്കുന്നതായിരുന്നു രീതി. ഉറക്കം കുറഞ്ഞ പിതാവ് ശരീരത്തിൽ സ്വയം മണ്ണുതേച്ചു. അദ്ദേഹത്തിെൻറ സൈക്യാട്രിസ്റ്റ് ഓൺലൈനായി സഹായം ചെയ്യാൻ ശ്രമിച്ചിരുന്നു. വനിത ഡോക്ടറുടെ ഭർത്താവ് അടുത്തിടെ കോവിഡ് ബാധിതനായി മരണപ്പെട്ടതായതിനാൽ അവരും ചിലപ്പോൾ മനസ്സു തകർന്നുപോകും. കുറെയെത്തിയപ്പോൾ ഇനി പിതാവിനെ ആശുപത്രിയിലാക്കണമെന്ന് സൈക്യാട്രിസ്റ്റ് നിർദേശിച്ചു. പക്ഷേ, കോവിഡ് പോസിറ്റിവായതിനാൽ വഴികളില്ലായിരുന്നു. യുവാവ് രാത്രി പകലാക്കി കാവലിരുന്നു, ഒന്നിനു പിറകെ ഒന്നായി എല്ലാ രാത്രിയും. ശരീരത്തിൽ വെള്ളം തൊട്ടുകൊടുക്കും, മണ്ണ് കഴുകിക്കളയും. അവനെ വിളിച്ച ഓരോ തവണയും എെൻറ ശ്വാസം മുറിയുന്നപോലെ തോന്നി. അവസാനം ആ സന്ദേശമെത്തി, ''പിതാവ് പോയി''. അദ്ദേഹം കോവിഡ് ബാധിതനായി മരിച്ചതായിരുന്നില്ല. മറിച്ച് സഹായത്തിന് ആളില്ലാതെ മാനസിക പ്രശ്നങ്ങൾ മൂർച്ഛിച്ച് രക്താതിസമ്മർദം വല്ലാതെ കൂടുകയായിരുന്നു.
ഇനിയാണ് പ്രശ്നം. മൃതദേഹം എന്തുചെയ്യും? അറിയാവുന്നരെയൊക്ക ഞാൻ വിളിച്ചുനോക്കി. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദിറിെൻറ കൂടെ പ്രവർത്തിക്കുന്ന അനിർബൻ ഭട്ടാചാര്യ ആയിരുന്നു പ്രതികരിച്ച ഒരാൾ. 2016ൽ തെൻറ യൂനിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയുടെ പേരിൽ രാജ്യദ്രോഹകുറ്റത്തിന് വിചാരണ നേരിടാനിരിക്കുകയാണ് ഹർഷ് മന്ദിർ. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് അവശനായ അദ്ദേഹം ശാരീരികമായി ഇനിയും പൂർണ ആരോഗ്യാവസ്ഥയിൽ തിരികെ എത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുമെന്നും നടത്തിവരുന്ന അനാഥാലയങ്ങൾ അടച്ചുപൂട്ടുമെന്നുമെന്നാണ് ഒടുവിലെ ഭീഷണി. 2019 ഡിസംബറിൽ ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെ ആളുകളെ സംഘടിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നം. ഇൗ രണ്ടു നിയമങ്ങളും മുസ്ലിംകൾക്കെതിരെ കടുത്ത വിവേചനം കാണിക്കുന്നവയാണ്. എല്ലാ സർക്കാർ സംവിധാനങ്ങളും പരാജയപ്പെട്ടിടത്ത് ഹെൽപ്ലൈനുകളും അടിയന്തര സംവിധാനങ്ങളും ഒരുക്കി കർമമുഖത്തുള്ള പൗരന്മാരിൽപെട്ടവരാണ് മന്ദിറും ഭട്ടാചാര്യയും. പഴക്കം ചെന്നതാണെങ്കിലും ഉള്ളതു സംഘടിപ്പിച്ച് ആംബുലൻസ് സേവനം നടത്തുകയും ശവസംസ്കാരം നടത്തിക്കൊടുക്കുകയും മൃതദേഹങ്ങൾ കൊണ്ടുപോകുകയും ചെയ്യുന്നത് വേറെ. അവർ ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്നുറപ്പ്. പക്ഷേ, ഈ തരംഗത്തിൽ മരിച്ചുവീഴുന്നത് ഇളയ പ്രായക്കാരാണ്. ആശുപത്രി ഐ.സി.യുവിൽ ഏറെയുള്ളതും അവർ തന്നെ. ചെറുപ്പക്കാർ പിടഞ്ഞുവീഴുേമ്പാൾ മുതിർന്നവർക്ക് ജീവിക്കാനുള്ള മോഹംപോലും നഷ്ടമാകുക സാധാരണം.
കാര്യങ്ങൾ പതിയെ ശരിയാകും. തീർച്ചയായും സംഭവിക്കും. പക്ഷേ, നമ്മിൽ എത്ര പേർ അതു കാണാൻ ബാക്കിയാകുമെന്ന് മാത്രം അറിയില്ല. സമ്പന്നർ കുറെക്കൂടി ആശ്വാസത്തോടെ ശ്വസനം നിർവഹിക്കും. പാവങ്ങൾ അങ്ങനെയാകില്ല. എന്നാലും, രോഗികളിലും മരിക്കുന്നവരിലും ജനാധിപത്യത്തിെൻറ ഒരു നിഴൽപാട് കാണാനുണ്ട്. സമ്പന്നരും കുറെപേർ നിലംപറ്റിയിട്ടുണ്ട്. ആശുപത്രികൾ ഓക്സിജനായി നിലവിളിക്കുന്നു. അവനവനു വേണ്ട ഓക്സിജൻ സ്വയം കൊണ്ടുവരണമെന്നിടത്ത് ചിലർ എത്തിയിട്ടുണ്ട്. ഓക്സിജൻ പ്രതിസന്ധി സംസ്ഥാനങ്ങളെ പോർമുഖത്തുനിർത്തിയതും നാം കണ്ടു, രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരി മാറിനിൽക്കുന്നു.
ഏപ്രിൽ 22ന് ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഗംഗാറാമിൽ 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നു. ഓക്സിജൻ ക്ഷാമം സംബന്ധിച്ച് പലവട്ടം അടിയന്തര സന്ദേശം പോയതായിരുന്നു. പക്ഷേ, പിറ്റേന്ന് ആശുപത്രി ചെയർമാൻ 'കാര്യങ്ങൾ വിശദീകരിച്ച്' പറഞ്ഞത്, ''മരണം നടന്നത് ഓക്സിജൻ കിട്ടാതെയാണെന്ന് പറയാനാകില്ലെ''ന്നായിരുന്നു. ഡൽഹിയിലെ മറ്റൊരു മുൻനിര ഹോസ്പിറ്റൽ ജയ്പൂർ ഗോൾഡനിൽ ഏപ്രിൽ 24ന് 20 രോഗികൾ കൂടി മരിക്കുന്നു, ഓക്സിജൻ തീർന്നുപോയതായിരുന്നു പ്രശ്നം. അതേ ദിവസം കേന്ദ്രസർക്കാറിനു വേണ്ടി ഡൽഹി ഹൈകോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്, ''നമുക്ക് ശ്രമം നടത്താം, കരയുന്ന കുട്ടിയാകുകയല്ല വേണ്ടത്...ഇതുവരെ രാജ്യത്ത് ഒരാൾക്കും ഓക്സിജൻ കിട്ടാത്ത സാഹചര്യം ഇല്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്'', എന്നായിരുന്നു.
കാവിയുടുത്ത ഉത്തർ പ്രദേശ് മുഖ്യമന്ത്രി അജയ് മോഹൻ ബിഷ്ത് എന്ന യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത് തെൻറ സംസ്ഥാനത്ത് എവിടെയും ഓക്സിജൻ ക്ഷാമം ഇല്ലെന്നും ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ചാൽ ദേശീയ സുരക്ഷാ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചേർത്ത് അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു. അവരുടെ സ്വത്തും കണ്ടുകെട്ടും. ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി അരുകൊല ചെയ്യപ്പെട്ട ഹാഥറസിലേക്ക് യാത്ര തിരിച്ചതിന് ഉത്തർപ്രദേശിൽ മാസങ്ങളായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് ബാധിച്ച് അതിഗുരുതര നിലയിലാണ്. മഥുര മെഡിക്കൽ കോളജ് ആശുപത്രി കിടക്കയിൽ ''തെൻറ ഭർത്താവ് മൃഗത്തെപോലെ ചങ്ങലയിൽ ബന്ധിതനാണെ''ന്ന് ഭാര്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് പരാതി ബോധിപ്പിക്കുന്നു. (സുപ്രീംകോടതി അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടിട്ടുണ്ട്). എന്നുവെച്ചാൽ, ഉത്തർപ്രദേശിലാണ് നീ കഴിയുന്നതെങ്കിൽ സ്വയം വല്ലതും ചെയ്ത് പുലരാൻ ശ്രമിക്കുക, ഒന്നിനെ കുറിച്ചും പരാതിപ്പെടരുത്.
പരാതിപ്പെടുന്നവർക്ക് ഭീഷണി ഉത്തർപ്രദേശിലൊതുങ്ങില്ല. പ്രതിസന്ധി മുതലെടുത്ത് ചിലർ അവിശ്വാസവും നിഷേധാത്മകതയും പരത്തുകയാണെന്നും അതിന് പകരം മാധ്യമങ്ങൾ അനുഗുണ അന്തരീക്ഷം വളർത്താൻ സഹായിക്കണമെന്നും തീവ്രഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘ്- മോദി സർക്കാറിൽ നിരവധി മന്ത്രിമാർ ഇതിൽ അംഗങ്ങളാണ്- വക്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാറിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ അടച്ചുപൂട്ടി ട്വിറ്ററും ഈ വിഷയത്തിൽ സഹായമാകുന്നുണ്ട്.
എങ്കിൽ പിന്നെ സമാശ്വാസം എവിടെ ലഭിക്കും? ഇനിയും അക്കങ്ങളിൽ ഒട്ടിനിൽക്കണോ? എത്ര പേർ മരിച്ചിട്ടുണ്ട്? രോഗമുക്തി എത്രപേർക്കാണ്? രോഗബാധിതർ എത്ര? എന്നാണ് പരമാവധിയിലെത്തുക? ഏപ്രിൽ 27ലെ റിപ്പോർട്ട് പ്രകാരം 3,23,144 പുതിയ രോഗികളും 2771 മരണങ്ങളുമാണ് രാജ്യത്ത് നടന്നത്. കൃത്യത ആശ്വാസകരമാണ്. ഡൽഹിയിൽപോലും ഇതൊന്നും ഇനി പരിശോധിക്കപ്പെടുകയുമില്ല. ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ശ്മശാനങ്ങളിൽ കോവിഡ് പാലിച്ചുള്ള മൃതദേഹ സംസ്കരണ റിപ്പോർട്ടുകൾ പരിഗണിച്ചാൽ മരണസംഖ്യ ഔദ്യോഗിക കണക്കുകളെ അപേക്ഷിച്ച് 30 ഇരട്ടി വരെ കൂടുതലാണ്. മെട്രോപോളിറ്റൻ പരിധിക്കുപുറത്തെ ഡോക്ടർമാർ പറയും ഇതിലെ വസ്തുതകൾ.
ഡൽഹിയിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുകയാണെങ്കിൽ ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് ഗ്രാമങ്ങളിലെ സ്ഥിതി എന്താകും? പട്ടണങ്ങളിൽ താമസിച്ച ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ 2020ലെ ദേശീയ ലോക്ഡൗൺ ഭീതി ഒഴിയാതെ വൈറസിനെയും വഹിച്ച് നാടുകളിലേക്ക് പലായനം നടത്തുകയാണ്. ലോകത്തെ ഏറ്റവും കഠിനതരമായ ലോക്ഡൗണായിരുന്നു അത്. നാലു മണിക്കൂർ ഇടവേള മാത്രം നൽകിയായിരുന്നു നടപ്പാക്കൽ. തൊഴിലില്ലാതെ കുടിയേറ്റ തൊഴിലാളികൾ പട്ടണങ്ങളിൽ കുടുങ്ങി. വാടകപോലും കൊടുക്കാൻ പണമുണ്ടായില്ല. ഭക്ഷണവും ഗതാഗതവും തരപ്പെട്ടില്ല. അതിവിദൂര ഗ്രാമങ്ങളിലേക്ക് നൂറുകണക്കിന് മൈൽ നടക്കേണ്ടിവന്നു അവർക്ക്. നൂറുകണക്കിന് പേർ പെരുവഴിയിൽ മരിച്ചുവീണു.
ഇത്തവണ ദേശീയ ലോക്ഡൗൺ ഇല്ലെങ്കിലും, ഗതാഗതവും ട്രെയിനും ബസും എല്ലാം ഉണ്ടായിട്ടും തൊഴിലാളികൾ നാടുപിടിക്കുകയാണ്. ഇൗ വലിയ രാഷ്ട്രത്തിെൻറ സമ്പദ്വ്യവസ്ഥയുടെ യന്ത്രം കറങ്ങുന്നത് തങ്ങളാലാണെന്ന് അറിയാമായിട്ടും, അവശ്യ ഘട്ടത്തിൽ ഭരണകൂടം തങ്ങളെ ചിത്രത്തിനു പുറത്തുനിർത്തുമെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് അവർ നാടുവിടുന്നത്. ഇത്തവണത്തെ കൂട്ടപലായനം പക്ഷേ, മറ്റൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം നാട്ടിൽ ചെല്ലുേമ്പാൾ അവർക്ക് ക്വാറൻറീനിൽ കഴിയാൻ പ്രത്യേക കേന്ദ്രങ്ങൾ ഏർപെടുത്തിയിട്ടില്ല. പട്ടണങ്ങൾ വിതരണം ചെയ്യുന്ന വൈറസിൽനിന്ന് ഗ്രാമങ്ങളെ കാക്കാൻ ചെറിയ ശ്രമംപോലും എവിടെയുമില്ല.
എളുപ്പം ചികിത്സിക്കാവുന്ന വയറിളക്കവും ക്ഷയവും പോലുള്ളവ വന്ന് ആളുകൾ മരിച്ചുപോകുന്നവയാണ് ഈ ഗ്രാമങ്ങൾ. അവർക്ക് കോവിഡിനെതിരെ എങ്ങനെ പൊരുതാനാകും? അവർക്ക് കോവിഡ് പരിശോധന ലഭ്യമാണോ? അവിടങ്ങളിൽ ആശുപത്രികളുണ്ടോ? ഓക്സിജനുണ്ടോ? അതിലേറെ പ്രധാനപ്പെട്ട സ്നേഹം തിരികെ കിട്ടുന്നവരാണോ? സ്നേഹം േവണ്ടിയിരുന്നില്ല, എന്തെങ്കിലും പരിഗണന? ഒന്നുമില്ല. രാജ്യത്തിെൻറ പൊതുഹൃദയം ഉണ്ടാകേണ്ടിടത്ത് കടുത്ത നിസ്സംഗത പൊതിഞ്ഞുവെച്ച ഹൃദയത്തിെൻറ രൂപത്തിലുള്ള വലിയ ദ്വാരം മാത്രമാണുള്ളത്.
ഏപ്രിൽ 28നാണ് നമ്മുടെ സുഹൃത്ത് പ്രഭുഭായ് മരിച്ച വിവരമറിയുന്നത്. കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നു. പക്ഷേ, മരണം കോവിഡ് കണക്കിൽ എഴുതിവെക്കില്ല. കാരണം, പരിശോധനയോ ചികിത്സയോ കിട്ടാതെ വീട്ടിലായിരുന്നു മരണം. നർമദ താഴ്വരയിൽ അണക്കെട്ട് വിരുദ്ധസമര നായകനായിരുന്നു പ്രഭുഭായ്. കെവാദിയയിൽ അദ്ദേഹത്തിെൻറ വസതിയിൽ പലവട്ടം ഞാൻ താമസിച്ചിട്ടുണ്ട്. അവിടെയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആദിവാസികളായ ഗോത്രവർഗക്കാരെ അവരുടെ മണ്ണിൽനിന്ന് ഓടിച്ച് അണക്കെട്ട് നിർമാതാക്കൾക്കും അവരുടെ ഉദ്യോഗസ്ഥർക്കും കോളനി പണിതത്. നാട്ടിൽനിന്ന് പുറന്തള്ളപ്പെട്ട പ്രഭുഭായിയെ പോലുള്ള കുടുംബങ്ങൾ ഇപ്പോഴുമുണ്ട് അരികുകളിൽ. മഹാദാരിദ്ര്യത്തോടു മല്ലിട്ട്, വീടുകളില്ലാതെ, സ്വന്തം ഭൂമിയായിട്ടും ഭൂമി കൈയേറ്റം ചെയ്തവരുടെ പട്ടികയിൽ.
കെവാദിയയിൽ ആശുപത്രിയില്ല. പകരം ഒരു 'ഏകത പ്രതിമ'യുണ്ട്. സ്വാതന്ത്ര്യസമര പോരാളിയും ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭ്ഭായിയുടെ പേരിൽ. അണക്കെട്ടും അദ്ദേഹത്തിെൻറ പേരിലാണ്. 42.2 കോടി ഡോളർ ചെലവിൽ ലോകത്തെ ഏറ്റവും നീളംകൂടിയ പ്രതിമയാണിത്. അതിവേഗം പറക്കുന്ന എലവേറ്ററുകൾ വിനോദ സഞ്ചാരികളെ സർദാർ പട്ടേലിെൻറ നെഞ്ചുയരത്തിൽനിന്ന് നർമദ അണക്കെട്ട് കാണാൻ സഹായിക്കും. തീർച്ചയാണ്, അവിടെ തകർക്കപ്പെട്ട നദീതട സംസ്കാരം നിങ്ങൾക്കു കാണാനാകില്ല. ആ വലിയ സംഭരണിക്കു താഴെ നിമജ്ജനം ചെയ്യപ്പെട്ടുകിടക്കുകയാണത്. ആ പ്രതിമ മോദിയുടെ പ്രിയപ്പെട്ട പദ്ധതിയായിരുന്നു. 2018 ഒക്ടോബറിലായിരുന്നു ഉദ്ഘാടനം.
പ്രഭുഭായിയെ കുറിച്ച് സന്ദേശമയച്ചത് നർമദയിൽ അണക്കെട്ടിനെതിരായ സമരവുമായി വർഷങ്ങൾ ചെലവിട്ടയാളാണ്. അവർ എഴുതി: ''ഇതെഴുതുേമ്പാൾ കൈകൾ വിറകൊള്ളുകയാണ്. കെവാദിയ കോളനി പരിസരങ്ങളിൽ കോവിഡ് സാഹചര്യം അതിരൂക്ഷമാണ്.''
ഇന്ത്യയിലെ യഥാർഥ കോവിഡ് കണക്കുകളുടെ ഗ്രാഫ് വേണേൽ അഹ്മദാബാദിൽ 'നമസ്തേ ട്രംപ്' പരിപാടിക്കായി ഡോണൾഡ് ട്രംപ് വന്നപ്പോൾ ചേരിപ്രദേശങ്ങളെ മറച്ച് സ്ഥാപിച്ച കൂറ്റൻ മതിലുപോലിരിക്കും. 2020 ഫെബ്രുവരിയിൽ മോദി സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ആ അക്കങ്ങൾ യഥാർഥ ഇന്ത്യയുടെ ചിത്രം നൽകും. അവരുദ്ദേശിച്ച ഇന്ത്യയല്ല, അതിൽ ആളുകൾ ഹിന്ദുക്കളായി വോട്ടു ചെയ്യും, വലിച്ചെറിയപ്പെടുന്നവയെപോലെ മരിക്കുകയും ചെയ്യും.
നമുക്കു കരയുന്ന കുഞ്ഞിനെ പോലെയാകാതിരിക്കാം. 2020 ഏപ്രിലിൽ തന്നെ ഒാക്സിജൻ ക്ഷാമ സാധ്യതയെ കുറിച്ച് സൂചനയുണ്ടായിരുന്നുവെന്ന വസ്തുത നമുക്ക് തൽക്കാലം വിടാം. അേത വിഷയം, കഴിഞ്ഞ നവംബറിൽ സർക്കാർ നിയോഗിച്ച സമിതിയും മുന്നറിയിപ്പ് നൽകിയെന്നതും വിടാം. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രികൾക്കുപോലും ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്നതും കണ്ടില്ലെന്നു നടിക്കാം. കൂടുതൽ ജനകീയമായ പ്രധാനമന്ത്രി ദേശീയ റിലീഫ് ഫണ്ട് ഇല്ലാതാക്കി പകരം കൊണ്ടുവന്ന, സർക്കാർ സൗകര്യങ്ങളും െപാതുമുതലും ഉപയോഗപ്പെടുത്തുകയും എന്നാൽ, ഓഡിറ്റ് പാടില്ലാതെ സ്വകാര്യ ട്രസ്റ്റായി നിൽക്കുകയും ചെയ്യുന്ന പി.എം കെയേഴ്സ് ഫണ്ട് അടിയന്തരമായി ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ എത്തിയത് കണ്ട് അത്ഭുതപ്പെടാതിരിക്കുകയും ചെയ്യാം. ഇനി നമുക്കുള്ള വായുവിതരണത്തിലും മോദിക്ക് പങ്കുണ്ടാകുമോ ആവോ?
മോദി സർക്കാറിന് അടിയന്തരശ്രദ്ധ പതിപ്പിക്കാൻ നിരവധി വിഷയങ്ങൾ വേറെയുണ്ടായിരുന്നുവെന്ന് ഓർക്കണം. ജനാധിപത്യത്തിെൻറ അവസാന കോട്ടയും തകർക്കലും, ഹിന്ദുവല്ലാത്ത ന്യൂനപക്ഷങ്ങളെ അരികുവത്കരിച്ച് ഹിന്ദുരാഷ്ട്രമെന്ന അടിത്തറയിലേക്ക് ഏകോപിപ്പിക്കലും മുടങ്ങാതെ ഷെഡ്യൂൾ പ്രകാരം നടക്കുന്നുണ്ട്. അസമിൽ അടിയന്തരമായി നിർമാണം പൂർത്തിയാക്കേണ്ട തടവറകളാണ് അതിലൊന്ന്. തലമുറകളായി കഴിഞ്ഞുപോരുകയും പെട്ടെന്നൊരുനാൾ പൗരത്വം നഷ്ടമാകുകയും ചെയ്ത 20 ലക്ഷം പേരെ പാർപ്പിക്കാനുള്ളതാണവ. (ഈ വിഷയത്തിൽ നമ്മുടെ സ്വതന്ത്രമായ സുപ്രീംകോടതി സർക്കാറിെൻറ പക്ഷത്തേക്ക് വല്ലാതെ വീണുപോയിട്ടുണ്ട്).
കഴിഞ്ഞ മാർച്ചിൽ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ മുസ്ലിം വംശഹത്യയിൽ പ്രതിചേർക്കപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികളും ആക്ടിവിസ്റ്റുകളും മുസ്ലിം യുവാക്കളും വിചാരണ കാത്ത് ജയിലുകളിലുണ്ട്. ഇന്ത്യയിൽ നിങ്ങൾ മുസ്ലിമാണെങ്കിൽ, കൊല ചെയ്യപ്പെടുന്നത് ഒരു കുറ്റകൃത്യമാണ്. നിങ്ങളുടെ ആളുകൾ തന്നെ അതിന് വില കൊടുക്കേണ്ടിവരും. അയോധ്യയിൽ പുതിയ രാമക്ഷേത്രത്തിെൻറ ഉദ്ഘാടനം കഴിഞ്ഞു. മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാർമികത്വത്തിൽ ഹിന്ദുത്വ അക്രമികളാൽ മണ്ണോടുചേർന്ന മസ്ജിദിെൻറ സ്ഥാനത്താണ് അത് ഉയരുന്നത്. അവിടെയും നമ്മുടെ സ്വതന്ത്രമായ സുപ്രീംകോടതി സർക്കാറിെൻറ പക്ഷത്തേക്ക് വല്ലാതെ വീണുപോയി. അത് പൊളിച്ചവരുടെ വശത്തേക്ക് ചെറുതായും.
കൃഷി കോർപറേറ്റ്വത്കരിക്കുന്ന വിവാദമായ കാർഷിക നിയമങ്ങൾ പാസാക്കേണ്ടതുണ്ടായിരുന്നു. അതിെൻറ പേരിൽ പ്രതിഷേധവുമായി ഇറങ്ങിയ ലക്ഷക്കണക്കിന് കർഷകരെ അടിക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും വേണ്ടിയിരുന്നു.
അതിലേറെ പ്രധാനമായി, ന്യൂഡൽഹിയുടെ പഴമ ആവേശിച്ച രാജപ്രൗഢിക്ക് ശതകോടികൾ മുടക്കി ഒരുക്കുന്ന മഹത്തായ ബദൽ സംവിധാനമാണ് മറ്റൊന്ന്. അല്ലേലും, എങ്ങനെയാണ് പുതിയ ഹിന്ദു ഇന്ത്യ സർക്കാറിനെ പഴയ കെട്ടിടങ്ങളിൽ പാർപ്പിക്കുക? മഹാമാരിയിൽ വലഞ്ഞ ഡൽഹി ലോക്ഡൗണിലാണെങ്കിലും 'സെൻട്രൽ വിസ്റ്റ' പദ്ധതി നിർമാണ പ്രവർത്തനങ്ങൾ അടിയന്തര സേവനമായി പ്രഖ്യാപിച്ച് നടക്കുന്നുണ്ട്. ജോലിക്കാരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വേണേൽ അവരെ ഉപയോഗിച്ച് ശ്മശാനവും പണിയുമായിരിക്കും.
കുംഭമേളയും നടക്കേണ്ടതുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ഹിന്ദു തീർഥാടകർ ഗംഗാസ്നാനത്തിനായി ഒരു കൊച്ചുപട്ടണത്തിൽ സംഗമിച്ച് വിശുദ്ധരായി വീടുകളിലേക്ക് തിരിച്ചുപോയപ്പോൾ വൈറസിനെകൂടി അവർ കൂടെകൂട്ടി. ഈ കുംഭമേളയുടെ ആരവം നിലനിൽക്കുകയാണ്. അവസാനം ഇത് പ്രതീകാത്മകമാക്കണമെന്നു പറഞ്ഞതു മാത്രം- എന്ത് ഉദ്ദേശിച്ചാലും- മിച്ചം. (മറുവശത്ത്, കഴിഞ്ഞ വർഷം ഇസ്ലാമിക സംഘടനയായ തബ്ലീഗ് ജമാഅത്ത് നടത്തിയ സംഗമത്തിെൻറ പേരിൽ എന്തൊക്കെ പുകിലായിരുന്നു. െകാറോണ ജിഹാദികൾ എന്നും മാനുഷികതക്കെതിരായ കുറ്റകൃത്യം നടത്തിയവരെന്നും വിളിച്ച് മാധ്യമങ്ങൾ പ്രത്യേക കാമ്പയിൻ നടത്തിയിട്ടേയില്ലായിരുന്നു). അതിനിടെ, പട്ടാള അട്ടിമറിയുടെ നടുവിൽ വംശഹത്യക്കു പേരുേകട്ട ഭരണകൂടം ഭരണമേറ്റെടുത്ത മ്യാന്മറിലേക്ക് ആയിരക്കണക്കിന് റോഹിങ്ക്യൻ അഭയാർഥികളെ തിടുക്കപ്പെട്ട് നാടുകടത്തലും അടിയന്തര പ്രാധാന്യമുള്ളതായിരുന്നു. (ഇവിടെയും സ്വതന്ത്രമായ നമ്മുടെ പരമോന്നത കോടതിയിൽ പരാതി നൽകിയപ്പോൾ സർക്കാർ നിലപാടിനൊപ്പം നിൽക്കുകയാണ് ചെയ്തത്).
ഇനി എല്ലാറ്റിനുമപ്പുറത്ത് പശ്ചിമ ബംഗാളിൽ ഒരു തെരഞ്ഞെടുപ്പ് വിജയിക്കാനുണ്ട്. അതിനായി, മോദിയുടെ വിശ്വസ്തനായ ആഭ്യന്തര മന്ത്രി അമിത് ഷാ കാബിനറ്റ് ഉത്തരവാദിത്തങ്ങൾ തൽക്കാലം ഉപേക്ഷിച്ച് മാസങ്ങളോളം ബംഗാളിൽ മാത്രമായിരുന്നു ശ്രദ്ധയൂന്നിയത്. ഭൂമിശാസ്ത്രപരമായി പശ്ചിമ ബംഗാൾ ഒരു കൊച്ചുസംസ്ഥാനമാണ്. ഒറ്റ നാൾകൊണ്ട് നടത്താമായിരുന്നു തെരഞ്ഞെടുപ്പ്. മുമ്പ് അത് നടന്നതുമാണ്. പക്ഷേ, ബി.ജെ.പിക്ക് പുതിയ ഭൂപ്രദേശമായതിനാൽ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാൻ അണികളെ മണ്ഡലത്തിൽനിന്ന് മണ്ഡലത്തിലേക്ക് കൊണ്ടുപോകുക സമയമേറെ വേണ്ട പ്രക്രിയയായിരുന്നു. എട്ടു ഘട്ടങ്ങളായിതന്നെ തെരഞ്ഞെടുപ്പ് നടന്നു. ഒരു മാസം നീണ്ടുനിന്നു. ഏപ്രിൽ 29നായിരുന്നു അവസാനത്തേത്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ മറ്റു പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് അവശേഷിച്ചവയെങ്കിലും ഒന്നിച്ചാക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, ബി.ജെ.പിക്കൊപ്പം നിന്ന കമീഷൻ വഴങ്ങിയില്ല. പ്രചാരണം പിന്നെയും കൊഴുത്തു. ബി.ജെ.പിയുെട താരപ്രഭയുള്ള നേതാവ് പ്രധാനമന്ത്രി വിജിഗീഷുവിനെപോലെ എത്തി മാസ്കിടാതെ മാസ്കില്ലാ അണികൾക്കു മുന്നിൽ പ്രസംഗിക്കുന്നത് കാണാത്തവരായി ആരുണ്ട്? പണ്ടില്ലാത്ത ആവേശത്തോടെ കൂട്ടമായി സംഗമിച്ചതിന് നന്ദിയും പറഞ്ഞായിരുന്നു പ്രസംഗം. പ്രതിദിന കണക്കുകൾ രണ്ടു ലക്ഷത്തിൽ തൊട്ടുനിൽക്കുന്ന, പിന്നെയും മുന്നോട്ടുകുതിക്കുന്ന ഘട്ടത്തിലായിരുന്നു അത്.
തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇനി ബംഗാളും കൊറോണയുടെ വറചട്ടിയാകാൻ പോകുകയാണ്. കൊൽക്കത്തയിൽ പരിശോധിക്കപ്പെടുന്ന രണ്ടുപേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റിവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബംഗാൾ വിജയിച്ചാൽ എല്ലാവർക്കും സൗജന്യ വാക്സിൻ എന്നായിരുന്നു വാഗ്ദാനം. അതു സംഭവിച്ചില്ലെങ്കിലോ?
ഇനി വാക്സിെൻറ വിഷയം എന്തൊക്കെയാണ്? അവ ഇന്ത്യയെ രക്ഷിക്കുമോ? ഇന്ത്യ വാക്സിൻ ശക്തികേന്ദ്രമല്ലേ? സത്യത്തിൽ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ രണ്ട് നിർമാതാക്കളെ ആശ്രയിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. രണ്ടു കമ്പനികൾക്കും ലോകത്തെ ഏറ്റവും ഉയർന്ന വിലയിൽ, ലോകത്തെ ഏറ്റവും പാവപ്പെട്ട ജനതക്ക് വിൽക്കാൻ അനുമതിയും നൽകിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രികൾക്ക് കൂടിയ വിലയ്ക്കും സംസ്ഥാന സർക്കാറുകൾക്ക് അൽപം താഴ്ന്ന വിലയ്ക്കും വിൽക്കുമെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നാമ്പുറ റിപ്പോർട്ടുകൾ പ്രകാരം വാക്സിൻ കമ്പനികൾ അവിശ്വസനീയമായ ലാഭം ഇതുവഴി സ്വന്തമാക്കും.
മോദിക്കു കീഴിൽ, രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയിരിക്കുന്നു. മുേമ്പ ദാരിദ്ര്യത്തിൽ കഴിഞ്ഞ കോടികൾ കൊടിയ പട്ടിണിയിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തിരിക്കുന്നു. 2005ൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ തുടക്കമിട്ട തൊഴിലുറപ്പ് പദ്ധതികളെയാണ് വലിയ ഒരു വിഭാഗം ആശ്രയിക്കുന്നത്. ദാരിദ്ര്യം വലക്കുന്ന കുടുംബങ്ങൾ ഒരു മാസത്തെ മൊത്തം വരുമാനം ചെലവിട്ട് വാക്സിൻ എടുക്കാമെന്ന് തീരുമാനിക്കുമോയെന്നതാണ് അവശേഷിക്കുന്ന ചോദ്യം. യു.കെയിൽ വാക്സിൻ സൗജന്യമാണ്. അനവസരത്തിൽ വാക്സിനെടുക്കാൻ ശ്രമിക്കുന്നത് കുറ്റകൃത്യമാണ്. ഇന്ത്യയിൽ പക്ഷേ, വാക്സിൻ പ്രചാരണത്തിനു പിന്നിൽ കോർപറേറ്റ് ലാഭമാണ് പ്രധാന ഘടകം.
ഇൗ മഹാദുരന്തം കളി തുടരുേമ്പാൾ മോദി അനുകൂല മാധ്യമങ്ങൾ ഒരേ താളത്തിൽ ആവർത്തിക്കുന്നത് 'സംവിധാനം' തകർന്നിരിക്കുന്നുവെന്നാണ്. അതായത് ഇന്ത്യൻ ആരോഗ്യ സംവിധാനത്തിനുമേൽ വൈറസ് കടന്നുകയറിയിരിക്കുന്നുവെന്ന്.
സംവിധാനത്തിെൻറ തകർച്ചയല്ലിത്. സംവിധാനം പേരിനെങ്കിലും നിലനിന്നതാണ്. തൊട്ടുമുമ്പുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ചെയ്തതിെൻറ തുടർച്ചയായി, ആകെ അവശേഷിച്ച ചെറിയ മെഡിക്കൽ അടിസ്ഥാന മേഖലയെ കൂടി ഈ സർക്കാർ തകർത്തുകളഞ്ഞു. പൊതു ആരോഗ്യ സംവിധാനമില്ലാത്ത രാജ്യങ്ങളെ മഹാമാരി പിടികൂടുേമ്പാൾ സംഭവിക്കുന്നതാണത്. െമാത്തം പ്രതിശീർഷ ഉൽപാദനത്തിെൻറ 1.25 ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യമേഖലയിൽ വിനിയോഗിക്കുന്നത്, മഹാദരിദ്രമായവ ഉൾപ്പെടെ മിക്ക രാജ്യങ്ങളെക്കാളും കുറവ്. ഇൗ കണക്കുപോലും ഊതിപ്പെരുപ്പിച്ചവയാണ്. 0.34 ശതമാനത്തെക്കാൾ ഇത്തിരി കൂടും. ഏറ്റവും ദയനീയമായത്, രാജ്യത്ത് 78 ശതമാനം ആരോഗ്യപരിരക്ഷയും നഗരങ്ങളിലാണ്. ഗ്രാമങ്ങളിലുള്ളതിെൻറ 71 ശതമാനവും സ്വകാര്യ മേഖലയിലുമാണ്.
ആരോഗ്യ പരിചരണം മൗലികാവകാശമാണ്. പണമില്ലാതെ പട്ടിണി കിടക്കുന്ന, രോഗിയായ, മരണത്തോടു മല്ലിടുന്നവരെ സ്വകാര്യമേഖല ഒരിക്കലും പരിഗണിക്കില്ല. ഇന്ത്യൻ ആരോഗ്യമേഖലയിലെ ഈ കൂട്ടമായ സ്വകാര്യവത്കരണം കുറ്റകൃത്യമാണ്.
സംവിധാനം തകർന്നിട്ടില്ല. സർക്കാറാണ് പരാജയപ്പെട്ടത്. പരാജയം എന്നതുപോലും തെറ്റായ പദപ്രയോഗമാണ്. കാരണം, ഇത് വെറും കുറ്റകൃത്യമല്ല, മാനുഷികതക്കെതിരെ പച്ചയായ കുറ്റകൃത്യമാണ്. ഇന്ത്യയിൽ പ്രതിദിന കണക്ക് അഞ്ചു ലക്ഷം കവിയുെമന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലക്ഷങ്ങൾ മരിക്കുമെന്നും. ഞാനും സുഹൃത്തുക്കളും എല്ലാ ദിവസവും പരസ്പരം വിളിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. പഴയ സ്കൂൾ കാലം പോലെ. എല്ലാവരും ജീവനോടെയുണ്ടെന്ന് ഉറപ്പാക്കാനാണ്.
''മോദി രാജിവെക്കണം'' എന്ന ഹാഷ്ടാഗ് കാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. താടിക്കിടയിൽനിന്ന് ഇറങ്ങിവരുന്ന തലയോട്ടികളുടെ കൂമ്പാരവും, മൃതദേഹങ്ങളുടെ പൊതുറാലിയിൽ മോദി മസീഹ സംസാരിക്കുന്നതും മുതൽ മൃതദേഹങ്ങളുടെ ചക്രവാളത്തിൽ കഴുകൻമാരായി ഇരുവർ വന്ന് വോട്ടുതേടുന്നതുവരെ വരകളും മീമുകളും പലതുണ്ട്. കഥയുടെ മറുവശം ഇവിടെയുമല്ല. ഒരു വികാരവും തോന്നാത്ത, ശൂന്യമായ കണ്ണുകളും സന്തോഷം പകരാത്ത പുഞ്ചിരിയുമുള്ള ആൾക്ക് പലരിലും അതിവൈകാരികത സൃഷ്ടിക്കാനാവുന്നുണ്ട്. ഏറ്റവും വലിയ വോട്ടുബാങ്കും രാജ്യത്തിെൻറ രാഷ്ട്രീയ വിധി തീരുമാനിക്കാൻ കെൽപുള്ള മേഖലയുമായ ഉത്തരേന്ത്യയിൽ അടിച്ചേൽപിക്കുന്ന വേദന സന്തോഷമായി മാറുന്നുണ്ടോയെന്നാണ് സന്ദേഹം.
ഫ്രഡറിക് ഡഗ്ലസ് പറയുന്നുണ്ട്: ''ഏകാധിപതികളുടെ പരിമിതി എപ്പോഴും അയാൾ അടിച്ചമർത്തുന്ന ജനതയുടെ ക്ഷമയാണ്.'' ക്ഷമിക്കാനുള്ള നമ്മുടെ ശേഷിയിൽ നാം ഇന്ത്യക്കാർ എങ്ങനെയാണ് അഭിമാനം കൊള്ളുന്നത്. അകംതിരിഞ്ഞുനിന്ന് എല്ലാ രോഷവും സ്വയം പുറത്തുകളയാനും സമന്മാരാകാനാവാതെ പോയതിനെ ന്യായീകരിച്ചും എത്ര മനോഹരമായാണ് നാം ധ്യാനമഗ്നരായിരിക്കാൻ ശീലിച്ചത്. എത്ര ദയനീയമായാണ് നാം നമ്മുടെ അപമാനത്തെ ആേശ്ലഷിച്ചുനിൽക്കുന്നത്.
2001ൽ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി രാഷ്ട്രീയത്തിൽ തുടക്കം കുറിക്കുേമ്പാൾ വരുംതലമുറകളിൽ തെൻറ ഇടം ഉറപ്പിച്ചാണ് 2002ൽ ഗുജറാത്ത് വംശഹത്യ നടക്കുന്നത്. ഗുജറാത്ത് പൊലീസിെൻറ പൂർണ സഹായത്തോടെ തീവ്ര ഹിന്ദുത്വ ശക്തികൾ ദിവസങ്ങൾകൊണ്ട് ആയിരക്കണക്കിന് മുസ്ലിംകളെ വധിക്കുകയും ബലാത്സംഗം നടത്തുകയും ജീവനോടെ കത്തിക്കുകയും ചെയ്തു. അതിക്രൂരമായ ട്രെയിൻ ആക്രമണത്തിൽ 50 ഹിന്ദു തീർഥാടകരെ ജീവനോടെ കത്തിച്ചതിന് അങ്ങനെ ''പ്രതികാരം'' തീർത്തു. അക്രമം ഏകദേശം അവസാനിച്ചുവെന്ന് കണ്ടയുടൻ, അതുവരെയും പാർട്ടിയുടെ മാത്രം മുഖ്യമന്ത്രിയായിരുന്ന മോദി നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 'ഹിന്ദു ഹൃദയ സമ്രാട്ട്' ആയി പ്രചാരണം കൊഴുപ്പിച്ച് ചരിത്രവിജയം കുറിക്കുകയും ചെയ്തു. അതുകഴിഞ്ഞ് ഇന്നുവരെ മോദി ഒരു തെരഞ്ഞെടുപ്പും തോറ്റിട്ടില്ല.
ഗുജറാത്ത് വംശഹത്യയിൽ കൊലയാളി വേഷമിട്ടവരിൽ പലരും മാധ്യമപ്രവർത്തകൻ ആശിഷ് ഖേതെൻറ കാമറയിൽ പതിഞ്ഞിരുന്നു. ആളുകളെ നിർദയം വെട്ടിക്കൊന്നതും ഗർഭിണികളായ സ്ത്രീകളുടെ വയർ പിളർന്നതും കുഞ്ഞുങ്ങളുടെ തല പാറകളിൽ ഇടിച്ചതുമൊക്കെ അവർ ആഘോഷപൂർവം വിവരിക്കുന്നുണ്ട്. മോദി മുഖ്യമന്ത്രിയായതുകൊണ്ടുമാത്രമാണ് തങ്ങൾക്കിത് സാധ്യമായതെന്ന് അവർ അഭിമാനം പറയുന്നുണ്ട്. ഇവയത്രയും ദേശീയ ടെലിവിഷനുകൾ സംപ്രേഷണം ചെയ്തതാണ്. മോദി ഇപ്പോഴും അധികാരത്തിലുണ്ട്, കോടതിയിൽ സമർപ്പിച്ച് ഫോറൻസിക് പരിശോധന നടന്ന ഈ ടേപ്പുകളുടെ ആളായ ഖേതൻ പല കേസുകളിലും സാക്ഷിയായി ഹാജരായിരുന്നു. കാലങ്ങൾക്കിടെ കൊലയാളികളിൽ ചിലർ അറസ്റ്റിലാകുകയും ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്തുവെങ്കിലും അവശേഷിച്ചവർ നിരപരാധികളായി. അടുത്തിടെ പുറത്തിറങ്ങിയ Undercover: My Journey into the Darkness of Hindutva എന്ന തെൻറ പുസ്തകത്തിൽ മുഖ്യമന്ത്രിയായി മോദി ഭരിച്ച കാലഘട്ടത്തിൽ ഗുജറാത്ത് പൊലീസും ജഡ്ജിമാരും അഭിഭാഷകരും പ്രോസിക്യൂട്ടർമാരും അന്വേഷണ കമ്മിറ്റികളും ചേർന്ന് തെളിവുകൾ നശിപ്പിച്ചതും സാക്ഷികളെ ഭീഷണിയുടെ മുനയിൽ നിർത്തിയതും ജഡ്ജിമാരെ സ്ഥലം മാറ്റിയതുമുൾപ്പെടെ വിവരിക്കുന്നുണ്ട്.
ഇെതല്ലാം നന്നായി അറിയാമായിരുന്നിട്ടും രാജ്യത്തെ ബുദ്ധിജീവികളും കോർപറേറ്റ് സി.ഇ.ഒമാരും അവരുടെ മാധ്യമങ്ങളും ചേർന്ന് മോദിയെ പ്രധാനമന്ത്രിയാക്കാൻ കഠിനാധ്വാനം നടത്തി. വിമർശനവുമായി ഇറങ്ങിയവരെ ഒച്ചയിട്ടും അപമാനിച്ചും പിന്നിൽ നിർത്തി. ''മുന്നോട്ട്'' എന്നായിരുന്നു അവരുടെ മന്ത്രം. മറുവശത്ത്, വരാനിരിക്കുന്ന കോവിഡ് ഭീഷണിയെ കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുകയും തയാറെടുപ്പിന് സർക്കാറിനോട് ആഹ്വാനം ചെയ്യുകയും ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപമാനിക്കൽ അവർക്ക് ഇഷ്ടവിനോദമാണ്. എല്ലാ പ്രതിപക്ഷ കക്ഷികളെയും തകർക്കാൻ ഭരണകക്ഷിയെ സഹായിക്കുകയെന്നത് ജനാധിപത്യത്തെ തകർക്കലാണ്.
അതായത്, ജനാധിപത്യം നിലനിൽക്കാൻ അനുപേക്ഷ്യമായ ഓരോ സ്വതന്ത്ര സ്ഥാപനവും നിശ്ചേഷ്ടമാകുകയും വൈറസ് നിയന്ത്രണങ്ങൾ ഭേദിച്ച് പടരുകയും ചെയ്യുന്ന കാലത്താണ് നാം.
നാം സർക്കാർ എന്നു വിളിക്കുന്ന ഈ പ്രതിസന്ധി ഉൽപാദന യന്ത്രം ദുരന്തമുഖത്ത് നമ്മെ നയിക്കാനാവാതെ ഉഴറുന്നു. സർക്കാറിലെ എല്ലാ തീരുമാനവും ഒരാളുടെയാെണന്നതുമാത്രമല്ല, അയാൾ അപകടകാരിയുമാണ്. ഈ വൈറസ് ഒരു രാജ്യാന്തര പ്രശ്നമാണ്.
മോദിയോടു ചോദിക്കാനുള്ളത്, ഈ കുറ്റകൃത്യങ്ങളിൽനിന്ന് രാജി സാധ്യമായ ഒരു നിർദേശമാകുമോ? എല്ലാ കുറ്റകൃത്യങ്ങളിൽനിന്നും ചെറിയ ഇടവേള എടുക്കാം- എല്ലാ കഠിനാധ്വാനങ്ങളിൽനിന്നുമുള്ള അവധി. 56.4 കോടി ഡോളർ വിലയുള്ള വി.വി.ഐ.പി യാത്രകൾക്ക് മാത്രം ഒരുക്കിയ ബോയിങ് 777 എയർ ഇന്ത്യ വൺ വിമാനം അവിടെ റൺവേയിൽ വിശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിനും പരിവാരത്തിനും ചെറുതായി ഒരു യാത്രക്കിറങ്ങാം. അവശേഷിച്ചവർക്ക് ശുദ്ധികലശവും നടത്താം.
രാജ്യത്തെ നമുക്ക് ഒറ്റപ്പെടുത്താനാകില്ല. നമുക്ക് സഹായം ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.