കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നു സ്ട്രീമിലായി നിയമനനടപടി മുന്നോട്ടുപോവുകയാണ്. ഇവിടെ എങ്ങനെ പിന്നാക്കക്കാർക്ക് മെറിറ്റ് സീറ്റുകൾ നഷ്ടമാകുന്നുവെന്ന് വ്യക്തമാക്കുകയാണ് ലേഖകൻ.
കേരളത്തിെൻറ സ്വന്തം സിവില്‍ സര്‍വിസ് എന്നറിയപ്പെടുന്ന, അഥവാ സിവിൽ സർവിസിനു സമാനമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവിസായ, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്കു (കെ.എ.എസ്) തിരഞ്ഞെടുക്കേണ്ടവരുടെ റാങ്ക് പട്ടിക, കേരള പബ്ലിക് സർവിസ് കമീഷൻ 2021 ഒക്ടോബർ 8നു കേരള പബ്ലിക് സർവിസ് കമീഷൻ പ്രസിദ്ധീകരിച്ചു.
റാങ്ക് പട്ടികയിൽ, മൂന്നു സ്ട്രീമുകളിലായി, 562 പേരാണുള്ളത്. മെയിൻ ലിസ്റ്റിൽ 68 പേരും സപ്ലിമെൻററിയിൽ 122 പേരും ഉൾപ്പെടെ, 190 പേരാണ് സ്ട്രീം ഒന്നിെൻറ പട്ടികയിലുള്ളത്. 70 പേരുടെ മെയിൻ ലിസ്റ്റും 115 പേരുടെ സപ്ലിമെൻററിയും ഉൾെപ്പടെ, സ്ട്രീം രണ്ടിെൻറ പട്ടികയിൽ 185 പേരുണ്ട്. 187 പേരാണു സ്ട്രീം മൂന്നിെൻറ പട്ടികയിൽ. ഇതിൽ 69 പേർ മെയിൻ ലിസ്റ്റിലും 118 പേർ സപ്ലിമെൻററി ലിസ്റ്റിലുമാണ്.
24 വകുപ്പുകളിലെ 105 ഒഴിവുകളാണ് നിലവിൽ കെ.എ.എസിലേക്കു മാറ്റിയിട്ടുള്ളത്. ഓരോ സ്ട്രീമിലും 35 പേരെ വീതം, ആകെ 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു നിയമന ശിപാശ ഉദ്യോഗാർഥികൾക്കു നൽകിക്കഴിഞ്ഞു. 25.10.2021 ആണ് അഡ്വൈസ് തീയതിയായി കാണിച്ചിരിക്കുന്നത്. ഓരോ സ്ട്രീമിൽനിന്നും 35 പേരെ വീതം, പി.എസ്.സി എല്ലായ്പ്പോഴും ചെയ്യുന്നപോലെ, 20 യൂനിറ്റ് റൊട്ടേഷൻ സമ്പ്രദായത്തിലൂടെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുത്തപ്പോൾ, സംവരണ സമുദായക്കാർക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായോ? നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആർക്കാണ് നേട്ടമുണ്ടായിട്ടുള്ളത്? ഇക്കാര്യമാണ് ഇവിടെ വിശദമായി പരിശോധിക്കുന്നത്.
സംവരണ നിയമം
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം പാലിക്കേണ്ടത് എങ്ങനെയെന്നു നിര്‍ദേശിക്കുന്ന നിയമമാണ്, 23-12-1958നു പ്രാബല്യത്തിൽ വന്ന, കേരള സ്റ്റേറ്റ് & സബോഡിനേറ്റ് സര്‍വിസസ് റൂള്‍സ് (കെ.എസ് & എസ്.എസ്.ആര്) രണ്ടാം ഭാഗം (ജനറല്‍ റൂള്‍സ്) 14 മുതല്‍ 17 വരെയുള്ള ചട്ടങ്ങൾ. അതിലെ ചട്ടം 14 (എ), നിയമനത്തിെൻറ യൂനിറ്റ് 20 ആയിരിക്കണമെന്നും അതില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും എട്ടെണ്ണം മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ക്കും നല്‍കണമെന്നും ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തില്‍ നികത്തണമെന്നും നിഷ്കര്‍ഷിക്കുന്നു. [Rule 14(a): The unit of appointment for the purpose of this rule shall be 20, of which two shall be reserved for Scheduled Castes and Scheduled Tribes and 8 shall be reserved for the Other Backward Classes and remaining 10 shall be filled on the basis of merit: (ഊന്നൽ കൂട്ടിച്ചേർത്തത്) (ഈ നിയമത്തിെൻറ ഉദ്ദേശ്യത്തിനായി, നിയമന യൂനിറ്റ് 20 ആയിരിക്കും; അതിൽ രണ്ടെണ്ണം പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കുമായി നീക്കിവെക്കും, 8 എണ്ണം മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി നീക്കിവെക്കും, ശേഷിക്കുന്ന 10 എണ്ണം മെറിറ്റിെൻറ അടിസ്ഥാനത്തിൽ നികത്തും).
മെറിറ്റ് സീറ്റുകളെ പി.എസ്.സി വിശേഷിപ്പിക്കുന്നത് ഓപൺ കോംപറ്റീഷൻ (ഒ.സി) എന്നാണ്. അതായത് തുറന്ന മത്സര ടേണുകൾ. ആ ടേണുകളിലേക്ക് സമുദായ വ്യത്യാസമന്യേ എല്ലാവർക്കും മത്സരിച്ചു കയറാൻ അവകാശമുണ്ട്. മെറിറ്റ് സീറ്റിൽ പരിഗണിക്കപ്പെടാൻ ദലിത്-പിന്നാക്ക വിഭാഗക്കാർക്കും അവകാശമുണ്ടെന്നർഥം.
എസ്.സി-എസ്.ടി-ഒ.ബി.സിക്കാരുടെ ആ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് ചട്ടം 14 (ബി) യിൽ ആണ്. പട്ടികജാതി-പട്ടികവര്‍ഗ-മറ്റു പിന്നാക്കവര്‍ഗ (ഒ.ബി.സി)ഉദ്യോഗാര്‍ഥികള്‍ക്കും മെറിറ്റ് നിയമനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ അവര്‍ക്കു മെറിറ്റില്‍ (തുറന്ന മത്സരത്തില്‍) നിയമനം കിട്ടിയെന്നു കരുതി, അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്ന്, അഥവാ ആ സീറ്റില്‍ കുറവുവരുത്തരുതെന്നു നിയമം അനുശാസിക്കുന്നു. [Ruel 14 (b): The claims of members of Scheduled Castes and Scheduled Tribes and other Backward Classes shall also be considered for the appointments which shall be filled on the basis of merit and where a candidate belonging to a Scheduled Caste, Scheduled Tribe or Other Backward Class is selected on the basis of merit, the number of posts reserved for Scheduled Castes, Scheduled Tribes or for Other Backward Classes as the case may be, shall not in any way be affected.] (ഉൗന്നൽ കൂട്ടിച്ചേർത്തത്) (മെറിറ്റിെൻറ അടിസ്ഥാനത്തിൽ നികത്തപ്പെടുന്ന നിയമനങ്ങളിൽ, പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങളുടെ അവകാശങ്ങളും കൂടി പരിഗണിക്കണം. അങ്ങനെ പട്ടികജാതി, പട്ടികവർഗക്കാർ അല്ലെങ്കിൽ മറ്റു പിന്നാക്ക വിഭാഗക്കാർ മെറിറ്റിെൻറ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടാലും അവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളുടെ എണ്ണത്തെ അത് ഒരുതരത്തിലും ബാധിക്കാനും പാടില്ല).
സംവരണ സമുദായക്കാർക്കു നിയമനം കിട്ടാൻ രണ്ടു െക്ലയിം- മെറിറ്റ് ക്ലെയിമും സംവരണ ക്ലെയിമും- ഉണ്ടെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്. മെറിറ്റിൽ സെലക്ഷൻ ലഭിക്കാത്തവരെ മാത്രമേ സംവരണത്തിൽ സെലക്റ്റ് ചെയ്യേണ്ടതുള്ളൂ. അഥവാ മെറിറ്റിൽ സെലക്റ്റ് ചെയ്യപ്പെടാൻ അർഹതയുള്ളവരെ ഒരു കാരണവശാലും സംവരണത്തിലേക്കു മാറ്റരുത്. അങ്ങനെ മാറ്റിയാൽ ആ സംവരണവിഭാഗങ്ങൾക്ക് അത്രയും സീറ്റുകളുടെ നഷ്ടമാണ് ആത്യന്തികമായി ഉണ്ടാവുക. എന്നാൽ, പി.എസ്.സിയുടെ സെലക്ഷനിൽ എപ്പോഴും സംഭവിക്കുന്നത് ഇതാണ്. കെ.എ.എസിലും അതുതന്നെയാണ് ഉണ്ടായിട്ടുള്ളതെന്നു നിയമന ശിപാർശ പരിശോധിച്ചപ്പോൾ മനസ്സിലായി.
20 യൂനിറ്റിെൻറ പ്രശ്നം
എത്ര ഒഴിവുണ്ടെങ്കിലും 20െൻറ യൂനിറ്റുകളായെടുത്തേ സെലക്ഷൻ നടത്താൻ പാടുള്ളൂ എന്നാണല്ലോ ചട്ടം. അങ്ങനെ വരുമ്പോൾ, ഓരോ സ്ട്രീമിലും വരുന്ന 35 ഒഴിവുകളെ 20, 15 എന്ന നിലക്കെടുത്തേ സെലക്ഷൻ നടത്താൻ സാധിക്കൂ. അതിൽ 1, 34 ടേണുകൾ ഡിസേബ്ൾഡ് വ്യക്തികൾക്കു സംവരണം ചെയ്തിട്ടുണ്ട്. അപ്പോൾ, റൊട്ടേഷൻ ചാർട്ടിലെ 33 ഒ.സി ടേൺ വരെ മാത്രമേ സെലക്ഷൻ നടത്താൻ സാധിക്കൂ; അതായത് 17 ഒ.സി ടേണുകളിലേക്കും 16 സംവരണ ടേണുകളിലേക്കും. പി.എസ്.സി നിയമന ശിപാർശയുടെ കീഴിൽ, ഒ.സി-ബി.സി പൊസിഷൻ നൽകിയിട്ടുള്ളതു നോക്കിയാൽ ഇതു മനസ്സിലാകും (ചിത്രം കാണുക).
20, 15 യൂനിറ്റുകളായെടുത്ത് 35 പേരെ തിരഞ്ഞെടുക്കുമ്പോൾ, ഓരോ സ്ട്രീമിലും വിവിധ സമുദായക്കാർക്കു സെലക്ഷൻ ലഭിച്ചിട്ടുള്ളത് പട്ടികകളിൽ കാണുന്ന വിധമാണ്.
ഒരു സ്ട്രീമിലും പട്ടികവർഗ, ദലിത് ക്രൈസ്തവ, (എസ്.സി സി.സി) ധീവര വിഭാഗത്തിനു സെലക്ഷൻ ലഭിച്ചിട്ടില്ല. നിലവിലെ റൊട്ടേഷൻ വ്യവസ്ഥയിൽ, പട്ടികവർഗ, എസ്.സി സി.സി, ധീവര വിഭാഗക്കാരുടെ ആദ്യ ടേണുകൾ യഥാക്രമം 44,48,50 ആണ്. 35 ഒഴിവുകളിൽ ആ ടേണുകൾ വരാത്തതുകൊണ്ടാണ് അവർക്കു സെലക്ഷൻ ലഭിക്കാതെ പോയത്. എന്നാൽ, റൊട്ടേഷൻ ഒരു തുടർപ്രക്രിയ ആയതിനാൽ, അടുത്ത പ്രാവശ്യത്തെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഈ വിഭാഗങ്ങളുടെ ടേണുകൾ വരും. (എസ്.ടി വിഭാഗക്കാരുടെ ടേണുകൾ ആദ്യത്തെ 20ൽ വരത്തക്കവിധം ചാർട്ടിൽ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവർഗ കമീഷൻതന്നെ, 2021 ഒക്ടോബർ 26ന് ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.)
കെ.എ.എസ് ഓരോ സ്ട്രീമിലേക്കും പ്രത്യേകം സെലക്ഷൻ നടത്തിയതിനു ശേഷം ആദ്യം, സ്ട്രീം ഒന്നിലെ ആദ്യത്തെയാളെ, പിന്നീട് സ്ട്രീം രണ്ടിലെ ആദ്യത്തെയാളെ, ശേഷം സ്ട്രീം മൂന്നിലെ ആദ്യത്തെയാളെ ഈ ക്രമത്തിലെടുത്താണ് 105 പേരെ ശിപാർശ ചെയ്തിരിക്കുന്നത്. ഓരോ സ്ട്രീമിലും പി.എസ്.സി ഉദ്യോഗാർഥികളെ എങ്ങനെയാണ്, തിരഞ്ഞെടുത്തതെന്ന വിവരം പി.എസ്.സി വെബ്സൈറ്റിൽ കാണാൻ സാധിക്കില്ല. അതുകൊണ്ട് കാര്യം മനസ്സിലാകാൻ ഓരോ സ്ട്രീമിലെയും സെലക്ഷൻ ലിസ്റ്റുകൾ ആദ്യം നൽകാം.
ചില ഉദ്യോഗാർഥികൾ ഒന്നിൽ കൂടുതൽ സ്ട്രീമുകളിലെ റാങ്ക് ലിസ്റ്റുകളിൽ വന്നിട്ടുണ്ട്. ഉദാഹരണമായി, ഒന്നാം സ്ട്രീമിലെ 17ാം റാങ്കുകാരി, രണ്ടാമത്തെ സ്ട്രീമിലെ ഒന്നാം റാങ്കുള്ളയാളാണ്. അതുപോലെ രണ്ടാമത്തെ സ്ട്രീമിൽ 6ാം റാങ്ക് നേടിയ എസ്.സി ഉദ്യോഗാർഥിനി, ആദ്യ സ്ട്രീമിലെ എ.സി സി സപ്ലിമെൻററി ലിസ്റ്റിൽ ആദ്യത്തെയാളാണ്. അതുപോലെ, സ്ട്രീം മൂന്നിലെ 15ാം റാങ്കുള്ള വിശ്വകർമ ഉദ്യോഗാർഥിനി, സ്ട്രീം ഒന്നിൽ 65ാം റാങ്ക് നേടിയ ആളാണ്. അങ്ങനെ വരുമ്പോൾ, സീനിയോറിറ്റിയിൽ മുന്നിൽ വരത്തക്കവിധം അവർ ഏതെങ്കിലും ഒരു സ്ട്രീമിലെ സെലക്ഷനാവും തിരഞ്ഞെടുക്കുക. അപ്പോൾ ഓരോ സ്ട്രീമിലും ഒരാൾ ഒഴിവാക്കപ്പെടും. അതുകൊണ്ട് എല്ലാ സ്ട്രീമിലും 18ാം റാങ്ക് വരെയുള്ളവർക്കു മെറിറ്റിൽ (ഒ.സി ടേണിൽ) സെലക്ഷൻ ലഭിക്കാൻ അർഹതയുണ്ട്. 18ന് അപ്പുറത്തുള്ള ആർക്കും മെറിറ്റ് സീറ്റുകൾ നൽകാൻ പാടില്ലെന്നും അതിനർഥമുണ്ട്. എന്നാൽ. പി.എസ്.സി സെലക്ഷനിൽ എല്ലാ സ്ട്രീമിലും 18ാം റാങ്കിനപ്പുറത്തുള്ളവർക്ക് മെറിറ്റ് സീറ്റുകൾ ലഭിച്ചതായി കാണാം. മെറിറ്റിൽ സെലക്ഷൻ ലഭിക്കേണ്ട പിന്നാക്ക സമുദായ ഉദ്യോഗാർഥികളെ സംവരണത്തിൽ പെടുത്തുന്നതുകൊണ്ടാണ് ഇങ്ങനെ 18ാം റാങ്കിനപ്പുറത്തുള്ളവർക്കു മെറിറ്റിൽ അനർഹമായി സെലക്ഷൻ ലഭിക്കുന്നത്.
ഈ നിയമന ശിപാർശപ്രകാരം, 17 മെറിറ്റ് സീറ്റിൽ കേവലം 5 പിന്നാക്കക്കാർക്കു മാത്രമേ സെലക്ഷൻ ലഭിച്ചിട്ടുള്ളൂ; 1 ഈഴവ, 2 മുസ്ലിം, 1 ഹിന്ദു നാടാർ, 1 എസ്.ഐ.യു.സി നാടാർ. 18ാം റാങ്ക് വരെ 7 സംവരണ സമുദായക്കാരുണ്ട്; 1 ഈഴവ,1 ഹിന്ദു നാടാർ, 1 എസ്.ഐ.യു.സി നാടാർ, 4 മുസ്ലിം. പി.എസ്.സിയുടെ ഈ നിയമനശിപാർശ പരിശോധിച്ചാൽ, രണ്ട് മുസ്ലിം ഉദ്യോഗാർഥികൾക്കു മാത്രമേ പി.എസ്.സി സെലക്ഷനിൽ മെറിറ്റ് അവസരം ലഭിച്ചിട്ടുള്ളൂ എന്നു കാണാം. രണ്ടുപേർക്കു മെറിറ്റ് അവസരം നഷ്ടമായി. പകരം അവരെ സംവരണ ടേണിൽ തിരഞ്ഞെടുത്തു. അങ്ങനെ വന്നപ്പോൾ, സംവരണ ടേണിൽ സെലക്ഷൻ ലഭിക്കാൻ അർഹതയുള്ള, രണ്ടു മുസ്ലിം ഉദ്യോഗാർഥികൾക്ക് (39, 47 റാങ്കുകാർക്ക്) സെലക്ഷൻ ലഭിക്കാതെപോയി. സെലക്ഷൻ ലഭിക്കാൻ അർഹതയില്ലാത്ത, മുന്നാക്ക സമുദായത്തിൽപ്പെട്ട രണ്ട് ഉദ്യോഗാർഥികൾക്ക് (റാങ്ക് 19, 20) മെറിറ്റിൽ സീറ്റുകൾ കിട്ടുകയും ചെയ്തു. പട്ടിക 4 നോക്കൂ.
പട്ടിക 4ൽ കാണുന്നത് പി.എസ്.സി, റാങ്ക് ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന പ്രാഥമിക രീതിയാണ്. ഇങ്ങനെ തിരഞ്ഞെടുത്തതിനു ശേഷം, മെറിറ്റിലും സംവരണത്തിലും ഒരേ സമുദായക്കാർ വന്നിട്ടുണ്ടെങ്കിൽ, റാങ്ക് ലിസ്റ്റിലെ അവരുടെ സീനിയോറിറ്റി സംരക്ഷിക്കാനായി ചട്ടം 14 (സി) പ്രകാരം അവരുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റും. ഇവിടെ ഈഴവ, മുസ്ലിം ഉദ്യോഗാർഥികളുടെ സ്ഥാനങ്ങൾ മാറ്റിയിട്ടുണ്ട്. അങ്ങനെ മാറ്റിയ ലിസ്റ്റാണ് പട്ടിക 5ൽ.
ആകെ 20 പേരെ മാത്രമാണ് പി.എസ്.സി തിരഞ്ഞെടുക്കുന്നതെങ്കിൽ 20െൻറ ഒറ്റ യൂനിറ്റായെടുത്താണ് സെലക്ഷൻ നടത്തുക. അപ്പോൾ, ഒ.സി ടേണിൽ /മെറിറ്റ് ടേണിൽ തിരഞ്ഞെടുക്കപ്പെടുന്ന അവസാനത്തെ ഉദ്യോഗാർഥി 10ാം റാങ്കുകാരനായിരിക്കും; അതായത്, 20െൻറ നേർ പകുതി അഥവാ 50 ശതമാനം. 20 പേരിൽ ആദ്യത്തെ 10 പേർക്കാണല്ലോ ഏറ്റവും കൂടുതൽ മാർക്ക്/റാങ്ക്. അതുകൊണ്ട് അവർക്ക് മെറിറ്റ് സീറ്റുകൾ കൊടുക്കേണ്ടതുണ്ട്. അതാണു ന്യായവും നീതിയും. എന്നുെവച്ചാൽ, അതിനപ്പുറത്തുള്ള ഒരാൾക്കും, അഥവാ 11ാം റാങ്ക് മുതലുള്ള ഒരാൾക്കും 20 പേരെ തിരഞ്ഞെടുക്കുമ്പോൾ മെറിറ്റ് നിയമനത്തിന് അർഹതയില്ലെന്നർഥം. അതുകൊണ്ടാണ് അവരെ ആരെയും ആദ്യ 20െൻറ യൂനിറ്റിലെ ഒ.സി ടേണിലേക്കു പരിഗണിക്കാത്തത്. ഇതാണു വസ്തുതയെന്നിരിക്കെ, 33 പേരെ തിരഞ്ഞെടുക്കുമ്പോൾ, ഒ.സി ടേണിൽ തിരഞ്ഞെടുക്കേണ്ടത് ആരെയാണ്? റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 17 പേരെ ( ഇവിടെ ഒരാൾ ഒഴിവാക്കപ്പെട്ടതിനാൽ 18ാം റാങ്കുള്ളയാൾ വരെ).
എന്നാൽ, കെ.എ.എസ് തസ്തികയുടെ സ്ട്രീം ഒന്നിലെ 35 ഒഴിവുകളിലേക്കുള്ള സെലക്ഷൻ പരിശോധിക്കുമ്പോൾ (പട്ടികകൾ 4, 5), ഒ.സി ടേണിൽ ഏറ്റവും അവസാനമായി (33. O.C.) സെലക്ഷൻ ലഭിച്ച ഉദ്യോഗാർഥിയുടെ റാങ്ക് 20 ആണെന്നു കാണാം. അയാളുടെ മാർക്ക് 180 ആണ്. 180 മാർക്ക് ലഭിച്ച ആ ഉദ്യോഗാർഥി മെറിറ്റ് ടേണിലും 184 മാർക്ക് ലഭിച്ച മുസ്ലിം ഉദ്യോഗാർഥി (റാങ്ക് നമ്പർ 12) സംവരണ ടേണിലും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും പട്ടികയിൽനിന്നു മനസ്സിലാക്കാം. അതിന്നർഥം ഈ സെലക്ഷൻ രീതി ശാസ്ത്രീയമല്ലെന്നാണ്. ഇനി അടുത്ത രണ്ടു സ്ട്രീമുകളിലേക്കു നടന്ന സെലക്ഷൻ കൂടി നോക്കാം.
7 പിന്നാക്കക്കാർക്ക് ഇവിടെ മെറിറ്റിൽ സെലക്ഷൻ ലഭിച്ചു. 18ാം റാങ്ക് വരെ, 9 പിന്നാക്കക്കാരുണ്ട്. അവർക്കെല്ലാം മെറിറ്റ് സീറ്റുകൾ ലഭിക്കേണ്ടതാണ്. എന്നാൽ അതിൽ രണ്ടുപേരെ സംവരണത്തിലാക്കി, മെറിറ്റിൽ കയറാൻ അർഹതയില്ലാത്ത 19, 20, 21 റാങ്കുകാരെ ഒ.സി ടേണിൽ സെലക്ട് ചെയ്തു. ഇതിൽ 19ാം റാങ്കുകാരൻ ഒ.ബി.സി ഉദ്യോഗാർഥിയാണ്. അയാൾക്കും മെറിറ്റ് സീറ്റിന് അർഹതയില്ല. എന്നാൽ അയാൾക്കു സംവരണത്തിൽ കിട്ടാൻ അർഹതയുണ്ട്. 20, 21 റാങ്കുകാർക്ക് ഒരു തരത്തിലും നിയമനം ലഭിക്കാൻ അർഹതയില്ല. ഒ.സി ടേണിന് അർഹരായ രണ്ടു പിന്നാക്കക്കാരെ സംവരണത്തിൽപ്പെടുത്തിയതിനാലാണ് ഈ രണ്ടു പേർക്കും സെലക്ഷൻ ലഭിച്ചത്.
സ്ട്രീം മൂന്നിലെ സെലക്ഷൻ പട്ടിക കൂടി ഇവിടെ ഇടാം.
ഇവിടെ 8 പിന്നാക്ക സമുദായ ഉദ്യോഗാർഥികൾക്കു മെറിറ്റ് സെലക്ഷൻ ലഭിച്ചതായി കാണാം. അവിടെയും ഒരു മുസ്ലിമിനു നഷ്ടം സംഭവിച്ചു. മെറിറ്റിൽ അനർഹമായി സെലക്ഷൻ ലഭിച്ച 19, 20, 21 റാങ്കുകാരിൽ 19ാം റാങ്കുകാരനു നിയമനം ലഭിക്കാൻ ഒരു വിധത്തിലും അർഹതയില്ലാത്തതാണ്. 20, 21 റാങ്കുകാർ മുസ്ലിം ഉദ്യോഗാർഥികളാണ്. അവർക്കു സംവരണത്തിൽ കിട്ടും.
തിരഞ്ഞെടുപ്പു രീതി എന്തായാലും, ഏതു യൂനിറ്റ് സമ്പ്രദായമായാലും, തിരഞ്ഞെടുക്കപ്പെടുന്ന മൊത്തം പേരുടെ പകുതിവരുന്ന നമ്പറായിരിക്കണം മെറിറ്റ് ടേണിൽ വരേണ്ടത്. അതായത്, 20 പേരെ തിരഞ്ഞെടുത്താൽ 10 ഉം 100 പേരെ തിരഞ്ഞെടുത്താൽ 50 ഉം 1000 പേരെ തിരഞ്ഞെടുത്താൽ 500 ഉം ആയിരിക്കണം, ഒ.സി ടേണിൽ അവസാനമായി വരേണ്ട റാങ്ക് നമ്പറുകൾ. അതിനപ്പുറത്തുള്ള ആരെങ്കിലും മെറിറ്റ് ടേണിൽ വരുന്നുണ്ടെങ്കിൽ ആ സെലക്ഷൻ സമ്പ്രദായം അപാകമുള്ളതാണ്. കെ.എ.എസിെൻറ കാര്യത്തിൽ, 33 പേരെ തിരഞ്ഞെടുക്കുമ്പോൾ, 18നപ്പുറത്തുള്ള ആർക്കും മെറിറ്റിൽ സെലക്ഷൻ ലഭിക്കാൻ പാടുള്ളതല്ല. 18ന് അപ്പുറത്തുള്ള എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗക്കാർക്കു സംവരണ ടേണിൽ സീറ്റ് കിട്ടിയേക്കാം. എന്നാൽ അവർക്കും മെറിറ്റിൽ സെലക്ഷൻ നൽകാൻ പാടില്ല. എന്നാൽ, പി.എസ്.സി 19, 20, 21 വരെയുള്ള റാങ്കുകാരെവരെ മെറിറ്റിൽ തിരഞ്ഞെടുത്തിരിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?
20നു മേൽ ഒഴിവുകൾ ഉണ്ടായാലും 20െൻറ യൂനിറ്റുകളായെടുത്തേ സെലക്ഷൻ നടത്താവൂ എന്ന ചട്ടമാണ് ഈ ദുരവസ്ഥക്കു കാരണം. മറിച്ച്, ഉള്ള ഒഴിവുകൾ (ഇവിടെ 35 ) ഒറ്റ യൂനിറ്റായെടുത്തു സെലക്ഷൻ നടത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. തൽക്കാലം സ്ട്രീം ഒന്നിെൻറ മാത്രം സെലക്ഷൻ ലിസ്റ്റ് നൽകാം (പട്ടിക 8 കാണുക).
മൊത്തം ഒഴിവുകളെ ഒറ്റ യൂനിറ്റായെടുത്തു സെലക്ഷൻ നടത്തുമ്പോൾ, ഒ.സി ടേണിൽ ഏറ്റവും അവസാനമായി സെലക്ഷൻ ലഭിക്കുന്നത് കൃത്യമായി 18ാം റാങ്കുള്ള ഉദ്യോഗാർഥിക്കായിരിക്കും. അതിനപ്പുറത്തുള്ള ആർക്കും മെറിറ്റ് സെലക്ഷൻ നൽകാൻ സാധിക്കില്ല. മാത്രമല്ല, 18ാം റാങ്കിനകത്തുള്ള 7 സംവരണ സമുദായക്കാർക്കും മെറിറ്റ് സെലക്ഷൻ ലഭിക്കുന്നതും കാണാം. (മുകളിലെ പട്ടികയിൽ മഞ്ഞ കളറിൽ നൽകിയിരിക്കുന്നു).
പി.എസ്.സിയുടെ നിലവിലെ റൊട്ടേഷൻ യൂനിറ്റിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്താൽ ഓരോ സ്ട്രീമിലും വിവിധ സമുദായക്കാർക്കുണ്ടാകുന്ന നഷ്ടമാണ് പട്ടിക 9, 10ൽ നൽകുന്നത്.
ചുരുക്കത്തിൽ 3 സ്ട്രീമിലുംകൂടി 5 തസ്തികകൾ സംവരണ സമുദായക്കാർക്കു നഷ്ടമായിരിക്കുന്നു. സ്ട്രീം ഒന്നിലും രണ്ടിലും രണ്ടു സീറ്റ് വീതവും സ്ട്രീം മൂന്നിൽ ഒരു സീറ്റിെൻറയും നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സമുദായം തിരിച്ചുപറഞ്ഞാൽ, മുസ്ലിംകൾക്ക് 3, ലത്തീൻ കത്തോലിക്കർക്ക് 1, ഒ.ബി.സിക്കാർക്ക് 1 ഇങ്ങനെ. വളരെ കുറവു തസ്തികകൾ മാത്രമുള്ള, എന്നാൽ, നിർണായക പ്രാധാന്യമുള്ള കെ.എ.എസിൽ 1 സീറ്റിെൻറ നഷ്ടം പോലും വലിയ നഷ്ടമാണെന്നു പറയേണ്ടതില്ലല്ലോ. ആ നിലക്ക് മൊത്തം 5 സീറ്റുകൾ നഷ്ടമാകുന്നത് പിന്നാക്കക്കാരെ സംബന്ധിച്ച് വളരെ ഗൗരവമുള്ള കാര്യംതന്നെയാണ്. കെ.എസ് ആൻഡ് എസ്.എസ്.ആർ 14 (ബി)യുടെ ലംഘനമാണിത്; സാമൂഹികനീതിയുടെ അട്ടിമറിയും.
ചട്ടം 14 (ബി) പറയുന്നത് സംവരണ സമുദായക്കാരെ മെറിറ്റ് സീറ്റിലേക്കു പരിഗണിക്കണം എന്നാണ്. മാത്രമല്ല, ഏതെങ്കിലും ഉദ്യോഗാർഥിക്കു മെറിറ്റ് സീറ്റിന് അർഹതയുണ്ടെങ്കിൽ അയാളെ സംവരണത്തിലേക്കു മാറ്റാൻ പാടില്ലെന്ന് നിരവധി കോടതിവിധികളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. (ഈ വർഷം മാർച്ച് 5ന് The State of Tamil Nadu vs K. Shobana Etc.. Etc.. എന്ന കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഉദാഹരണം) എന്നാൽ, ചട്ടം 14 ( എ) നടപ്പാക്കുമ്പോൾ ചട്ടം 14 (ബി) അട്ടിമറിക്കപ്പെടുകയാണിവിടെ. മെറിറ്റിൽ സീറ്റ് കിട്ടാൻ അർഹതയുള്ള സംവരണ സമുദായ ഉദ്യോഗാർഥികൾ സംവരണ സീറ്റിലേക്ക് ഒതുക്കപ്പെടുന്നു.
നേട്ടം മുന്നാക്കക്കാർക്ക്
പിന്നാക്ക വിഭാഗങ്ങൾ മത്സരിച്ച് ഉയർന്ന റാങ്കുകൾ നേടുന്നതിെൻറ നേട്ടം യഥാർഥത്തിൽ ലഭിക്കുന്നതു മുന്നാക്ക സമുദായക്കാർക്കാണ്. ഉയർന്ന റാങ്കുള്ള പിന്നാക്ക വിഭാഗക്കാരെ, നിലവിലെ 20 യൂനിറ്റ് റൊട്ടേഷൻ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമേ സംവരണത്തിൽ ഒതുക്കിയാൽ അതിെൻറ നേട്ടം സ്വാഭാവികമായും മുന്നാക്ക സമുദായങ്ങൾക്കു ലഭിക്കും. കെ.എ.എസിൽ മൂന്നു സ്ട്രീമുകളിലായി അനർഹമായി നേട്ടം ലഭിച്ചതാർക്കെന്ന് താഴെ പട്ടിക 12ൽ ഉണ്ട്.
ഇവിടെ 5 മുന്നാക്കക്കാർക്കും 3 പിന്നാക്കക്കാർക്കും (ആകെ 8 പേർക്ക്) അനർഹമായി മെറിറ്റിൽ സെലക്ഷൻ ലഭിക്കുന്നുണ്ട്. മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ, അനർഹരായ ആർക്കും മെറിറ്റിൽ സെലക്ഷൻ നൽകാൻ പാടില്ലെന്നു നേരത്തേ സൂചിപ്പിച്ചു. ഇവിടെ, അർഹതയില്ലാത്ത ഒ.ബി.സിക്കാരനും മുസ്ലിമിനും സെലക്ഷൻ നൽകിയിരിക്കുന്നതും തെറ്റാണ്. ഈ ഒ.ബി.സിക്കാരനും മുസ്ലിമിനും പക്ഷേ, ഒറ്റ യൂനിറ്റായി സെലക്ഷൻ നടത്തിയാൽ സംവരണ ടേണിൽ സെലക്ഷൻ ലഭിക്കുമെന്നു മുന്നേ സൂചിപ്പിച്ചു. എന്നാൽ, മുന്നാക്കക്കാർക്ക് ഒരുവിധത്തിലും അർഹതയില്ലാത്ത സീറ്റുകളാണു ലഭിക്കുന്നത്.
ഒ.ബി.സിക്കാർക്ക് മെറിറ്റിൽ അനർഹമായി ഇതുപോലെ സീറ്റുകൾ ലഭിക്കുന്നത് വളരെ അപൂർവമാണ്. മിക്കപ്പോഴും മുന്നാക്കക്കാർക്കു മാത്രമായിരിക്കും അതു ലഭിക്കുക. അതുകൊണ്ടാണ് 20 യൂനിറ്റ് റൊട്ടേഷൻ സമ്പ്രദായത്തിെൻറ ഗുണഭോക്താക്കൾ മുന്നാക്ക സമുദായക്കാരാണെന്നു പറയുന്നത്. വാസ്തവത്തിൽ മുന്നാക്കക്കാർക്കുള്ള രഹസ്യ സംവരണ (clandestine reservation)മാണ് 20 യൂനിറ്റ് സമ്പ്രദായത്തിലൂടെ പി.എസ്.സി നടപ്പാക്കുന്നതെന്ന് ആരോപിക്കാവുന്നതാണ്.
ഫ്രഷ് നിയമനം നടക്കുന്ന തസ്തികകളുടെ കാര്യത്തിൽ 20െൻറ ആദ്യ യൂനിറ്റിൽ, അർഹരായ എല്ലാ പിന്നാക്ക-ദലിത് വിഭാഗക്കാർക്കും മെറിറ്റ് സീറ്റുകൾ ലഭിക്കും. എന്നാൽ പിന്നീടു വരുന്ന യൂനിറ്റുകളിൽ അത് അപൂർവ സംഭവമായിരിക്കും. ഇവിടെയും വ്യത്യസ്തമല്ല. എല്ലാ സ്ട്രീമിലെയും ആദ്യ യൂനിറ്റിൽ പ്രശ്നമൊന്നുമില്ല. രണ്ടാമത്തെ യൂനിറ്റിലാണ് ഒ.ബി.സിക്കാർക്ക് മെറിറ്റ് സീറ്റുകൾ നഷ്ടപ്പെടുന്നത്. (പട്ടിക 13 കാണുക )
നഷ്ടം സംഭവിക്കുന്നത് രണ്ടാം യൂനിറ്റ് മുതലാണെന്നു വ്യക്തമാണ്. രണ്ടാം യൂനിറ്റിൽ മെറിറ്റിൽ കയറേണ്ടവരെ ആദ്യത്തെ 20െൻറ യൂനിറ്റിൽ സംവരണത്തിൽ തിരഞ്ഞെടുത്തിട്ടുണ്ടാവും. അങ്ങനെ വരുമ്പോൾ രണ്ടാം യൂനിറ്റിൽ തിരഞ്ഞെടുക്കപ്പെടാൻ അവർ അവശേഷിക്കുന്നുണ്ടാവില്ല. അപ്പോഴാണ് ആ സീറ്റ് അനർഹരായ ഉദ്യോഗാർഥികൾക്കു ലഭിക്കുന്നത്.
ഒന്നാം സ്ട്രീമിൽ രണ്ടാമത്തെ യൂനിറ്റിൽ ആകെ ഒരാൾ മാത്രമേ മെറിറ്റിൽ സെലക്റ്റ് ചെയ്യപ്പെട്ടുള്ളൂ. രണ്ടാം സ്ട്രീമിൽ ആരും തന്നെ മെറിറ്റിൽ സെലക്റ്റ് ചെയ്യപ്പെട്ടില്ല. മൂന്നാം സ്ട്രീമിൽ കേവലം ഒരാൾ മാത്രമേ സെലക്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ, ആദ്യ യൂനിറ്റുകളിൽ അർഹരായ എല്ലാ പിന്നാക്കക്കാർക്കും മെറിറ്റ് സെലക്ഷൻ ലഭിക്കുന്നതും കാണാം.
പി.എസ്.സിയുടെ ഈ സെലക്ഷൻ സമ്പ്രദായത്തിൽ, മെയിൻ റാങ്ക് ലിസ്റ്റിൽ കൂടുതലായി വരുന്ന, ഈഴവ, മുസ്ലിം, വിശ്വകർമ, ലത്തീൻ കത്തോലിക്കർ ഇവർക്കും ഒ.ബി.സി കാറ്റഗറിയിൽ വരുന്ന ഇതര സമുദായങ്ങൾക്കും ആയിരിക്കും നഷ്ടം കൂടുതൽ ഉണ്ടാവുക. സാധാരണ മിക്ക ലിസ്റ്റിലും ഈഴവർക്കായിരിക്കും ഏറ്റവും കൂടുതൽ നഷ്ടം കണ്ടിട്ടുള്ളത്. എന്നാൽ ഈ ലിസ്റ്റിൽ അവർ ക്കു നഷ്ടം കുറവാണ്. അതിന്നു കാരണം, ഇത്തരം ഉന്നത തസ്തികകളിൽ ഈഴവ /തിയ്യ വിഭാഗം മെയിൻ ലിസ്റ്റിൽ വരുന്നത് ഇപ്പോഴും കുറവാണെന്നതാണ്. കെ.എ.എസിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചിട്ടുള്ളത് മുസ്ലിംകൾക്കാണ്, 3 സീറ്റുകളാണ് അവർക്കു നഷ്ടമായത്.
ക്ലാസ് 4, 3 തസ്തികകളുടെ റാങ്ക് ലിസ്റ്റുകളിലാണ് ഈഴവരുൾപ്പെടെയുള്ള പിന്നാക്ക സമുദായക്കാർ കൂടുതലും കടന്നുകൂടുന്നത്. ക്ലാസ് 1, 2 തസ്തികകളുടെ ലിസ്റ്റുകളിൽ എസ്.സി-എസ്.ടി-ഒ.ബി.സിക്കാർ കയറുന്നതു തുലോം കുറവാണ്. സമീപകാലത്തായി മുസ്ലിംകൾ ഇത്തരം ലിസ്റ്റുകളിൽ കൂടുതലായി കടന്നുകൂടുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. കെ.എ.എസ് ഉദാഹരണമാണ്.
സ്ട്രീം ഒന്നിൽ എസ്.സി-എസ്.ടി വിഭാഗത്തിൽപ്പെട്ട ആരും മെയിൻ ലിസ്റ്റിൽ വന്നിട്ടില്ലെങ്കിലും ദലിത് ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള ഒരു ഉദ്യോഗാർഥിയുണ്ട്. എന്നാൽ, സ്ട്രീം രണ്ടിലും മൂന്നിലും എസ്.സി-എസ്.ടി വിഭാഗത്തിൽപ്പെട്ടവർ വന്നിട്ടുണ്ട്. (ഈ രണ്ടു സ്ട്രീമിലെയും അപേക്ഷകർ ഉദ്യോഗസ്ഥർ തന്നെയായത് ഒരു കാരണമാവാം) സ്ട്രീം രണ്ടിൽ ഓരോരുത്തരും സ്ട്രീം മൂന്നിൽ 2 എസ്.സിയും 1 എസ്.ടിയുമാണ് മെയിൻ ലിസ്റ്റിൽ കയറിയിട്ടുള്ളത്.
മെയിൻ ലിസ്റ്റിൽ വരുന്ന ദലിത്-പിന്നാക്ക വിഭാഗക്കാർക്കാണ് 20 യൂനിറ്റ് റൊട്ടേഷൻ സമ്പ്രദായം ദോഷം ചെയ്യുന്നത്. ഇന്നതു കൂടുതൽ ബാധിക്കുന്നത് ഈഴവരെയും മുസ്ലിംകളെയും പോലുള്ള ഒ.ബി.സിക്കാരെയാണെങ്കിൽ, മെയിൻ ലിസ്റ്റിൽ പ്രവേശനം കിട്ടുന്ന മുറക്ക് എല്ലാ ഒ.ബി.സിക്കാരെയും പട്ടികജാതി-പട്ടികവർഗക്കാരെയും ബാധിക്കാൻ പോകുന്ന കാര്യമാണിത്.
കെ.എ.എസിെൻറ ലിസ്റ്റ് െവച്ചാണ് പി.എസ്.സി സെലക്ഷൻ രീതിയുടെ അപാകം ഇവിടെ പരിശോധിച്ചതെങ്കിലും കേരള പി.എസ്.സിയുടെ എല്ലാ സെലക്ഷനിലും ഇതേ രീതി തന്നെയാണു പിന്തുടരുന്നതെന്നു പ്രത്യേകം സൂചിപ്പിക്കട്ടെ. നിലവിലുള്ള ചട്ടത്തിൽ ഭേദഗതി വരുത്താത്തതുകൊണ്ടാണ് സുപ്രീംകോടതിയിൽവരെ പോയെങ്കിലും ഈ അനീതി അഭംഗുരം തുടരുന്നത്.
20 യൂനിറ്റ് സമ്പ്രദായം എന്ന കടമ്പയില്ത്തട്ടിയാണു സുപ്രീംകോടതിയില്‍ കേസ് പരാജയപ്പെട്ടതെന്നു പറയാം; സുപ്രസിദ്ധമായ 50-50 കേസിൽ. ''മൊത്തം ഒഴിവുകളെ ഒറ്റ യൂനിറ്റാക്കി കണക്കാക്കി നിയമന ശിപാര്‍ശ നടത്തണം'' എന്ന കേരള ഹൈകോടതിയുടെ വിധി, നിലവിലുള്ള നിയമത്തിനു വിരുദ്ധമാണെന്നും യൂനിറ്റിെൻറ വലുപ്പം മാറ്റാനുള്ള അധികാരം കോടതികള്ക്കില്ലെന്നുമാണു സുപ്രീംകോടതി (2009 മാർച്ച് 30നു) നിരീക്ഷിച്ചത്.
കെ.എ.എസിൽ 105 പേരെ തിരഞ്ഞെടുക്കുമ്പോഴാണ് 5 പിന്നാക്കക്കാർക്ക് അവസരനഷ്ടം വന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിനു നിയമനശിപാര്ശകളാണു പി.എസ്.സി നടത്തുന്നത്. ഏതു നിയമന ശിപാര്ശയെടുത്തു പരിശോധിച്ചാലും, നിലവിലെ റൊട്ടേഷന്‍ സമ്പ്രദായം മൂലം നൂറുകണക്കിന് ഉദ്യോഗങ്ങള്‍ പിന്നാക്ക സമുദായങ്ങള്‍ക്കു നഷ്ടമാകുന്നതു മനസ്സിലാക്കാനാകും. അപ്പോള്‍, ഓരോ വര്‍ഷവും പിന്നാക്ക സമുദായങ്ങള്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം എത്ര ഭീമമായിരിക്കും എന്ന് ഊഹിച്ചു നോക്കുക. നാളിതുവരെയുണ്ടായിട്ടുള്ള നഷ്ടമോ? ഈ നഷ്ടത്തിനു മുന്നില്‍, നരേന്ദ്രന് കമീഷനും മറ്റും ചൂണ്ടിക്കാണിച്ചിട്ടുള്ള നഷ്ടം എത്ര നിസ്സാരം! പക്ഷേ നരേന്ദ്രന് കമീഷനുവേണ്ടിയുണ്ടായ ഉണര്‍വും പ്രക്ഷോഭവും ഈ വിഷയത്തില്‍ പിന്നാക്ക സമുദായങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതാണു ഖേദകരം.
ഇ.ഡബ്ല്യു.എസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുന്നാക്ക സംവര ണം നടപ്പാക്കാൻ തുടങ്ങുന്നതിനു മുമ്പുള്ള ലിസ്റ്റാണിത്. സ്ട്രീം ഒന്നിെൻറ ലിസ്റ്റിൽനിന്ന് മെറിറ്റിൽ ആകെ 5 ഒ.ബി.സിക്കാർക്കാണു നിയമനം ലഭിച്ചതെന്നു നാം കണ്ടു. എന്നാൽ, 10 ശതമാനം ഇ.ഡബ്ല്യു.എസ് കൂടി വന്നാൽ അതു വീണ്ടും കുറയുമെന്നതിൽ സംശയം വേണ്ട. വിവിധ സമുദായങ്ങൾക്കു സർവിസിൽ മതിയായ പ്രാതിനിധ്യത്തിനു വേണ്ടിയാണല്ലോ സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിൽ പട്ടികജാതി-പട്ടികവർഗക്കാർക്കു മാത്രമേ ജനസംഖ്യാനുപാതിക സംവരണമുള്ളൂ. ഒ.ബി.സിക്കാർക്കു ജനസംഖ്യാനുപാതിക സംവരണമില്ല. ദേശീയതലത്തിൽ 52 ശതമാനം വരുന്ന ഒ.ബി.സി വിഭാഗത്തിനു കേവലം 27 ശതമാനം സംവരണമേയുള്ളൂ. മുസ്ലിം, ക്രിസ്ത്യൻ ഒ.ബി.സിക്കാരെക്കൂടി ചേർത്താൽ, സംസ്ഥാനത്ത് 60-70 ശതമാനമോ അതിൽകൂടുതലോ പിന്നാക്ക വിഭാഗമായിരിക്കും. എന്നാൽ അവർക്കു 40 ശതമാനം സംവരണമേയുള്ളൂ. സംവരണം 50 ശതമാനത്തിനപ്പുറം പോകാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധിയാണ് ഒ.ബി.സികൾക്കു ജനസംഖ്യാനുപാതിക സംവരണം ഏർപ്പെടുത്തുന്നതിനു തടസ്സം നിൽക്കുന്നത്. (മുന്നാക്ക വിഭാഗങ്ങൾക്കു 10 ശതമാനം സംവരണം, ഈ 50 ശതമാനത്തിനു പുറത്തു നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഒരു സുപ്രീം കോടതി വിധിയും തടസ്സമല്ല) അതുകൊണ്ട് മെറിറ്റ് സീറ്റുകളിൽക്കൂടി പ്രവേശനം കിട്ടിയാലേ ഒ.ബി.സികളുടെ പ്രാതിനിധ്യക്കുറവ് കുറച്ചെങ്കിലും പരിഹരിക്കപ്പെടൂ. എന്നാൽ, മുന്നാക്ക സംവരണം നടപ്പാക്കുമ്പോൾ, പിന്നാക്കക്കാരുടെ ആ അവസരവും അട്ടിമറിക്കപ്പെടുകയാണ്. ഈ ലിസ്റ്റിൽ ഇ.ഡബ്ല്യു.എസ് കൂടി നടപ്പാക്കുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നതു വേറൊരു സന്ദർഭത്തിൽ പറയാമെന്നു വിചാരിക്കുന്നു.
ദലിത് -പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കു സംവരണം നൽകാതെ കെ. എ.എസ് നടപ്പാക്കാനായിരുന്നു സവർണ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. ആ ശ്രമങ്ങളെ പല കോണുകളിലൂടെയുള്ള വലിയ ചെറുത്തുനിൽപ്പിലൂടെയാണ് പിന്നാക്ക വിഭാഗക്കാർ തോൽപ്പിച്ചത്
ഇത്രയും വായിച്ചു കഴിയുമ്പോൾ, വായനക്കാർ സ്വാഭാവികമായും കരുതുക, നിലവിലുള്ള ഒഴിവുകൾ ഒരുമിച്ചെടുത്തു സെലക്ഷൻ നടത്തിയാൽ ഈ അനീതി പരിഹരിക്കപ്പെടും എന്നായിരിക്കും. ചിലർ ആവശ്യപ്പെടുന്നത് ഒഴിവുകളെ 100െൻറ യൂനിറ്റായെടുത്തു സെലക്ഷൻ നടത്തണമെന്നാണ്. 20 യൂനിറ്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്നം പരിഹരിക്കാം. നിലവിലെ ചട്ടത്തിൽ ചെറിയൊരു ഭേദ ഗതി കൊണ്ടുവന്ന് അതു നടപ്പാക്കാവുന്നതേയുള്ളൂ. അക്കാര്യം വിശദമായി, ക്യൂവൈവ് ടെക്സ്റ്റ് (Quivive Text) ഉടൻ പുറത്തിറക്കുന്ന എെൻറ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ദലിത് -പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കു സംവരണം നൽകാതെ കെ. എ.എസ് നടപ്പാക്കാനായിരുന്നു സവർണ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. ആ ശ്രമങ്ങളെ പല കോണുകളിലൂടെയുള്ള വലിയ ചെറുത്തുനിൽപ്പിലൂടെയാണ് പിന്നാക്ക വിഭാഗക്കാർ തോൽപ്പിച്ചത്. എന്നാൽ , വർഷങ്ങളായി പിന്നാക്ക വിഭാഗക്കാരുടെ മെറിറ്റ് സീറ്റ് അവകാശത്തെ അട്ടിമറിക്കുന്ന, പി.എസ്.സിയുടെ സെലക്ഷൻ സമ്പ്രദായത്തെ, ചെറുത്തു തോൽപ്പിക്കാൻ അവർക്കു സാധിച്ചിട്ടില്ല. കെ.എ.എസ് അതിനു നല്ലൊരു അവസരമാണ് അവർക്കു നൽകുന്നത്. ചെറിയ ലിസ്റ്റാണ്; ഓരോന്നിൽനിന്നും വെറും 35 പേരെ മാത്രമേ അഡ്വൈസ് ചെയ്യുന്നുള്ളൂ; ഫ്രഷ് നിയമനം ആരംഭിക്കുന്ന ലിസ്റ്റാണ്. അതുകൊണ്ടുതന്നെ ആർക്കും എളുപ്പത്തിൽ പരിശോധിച്ചു നിജസ്ഥിതി മനസ്സിലാക്കാം.
പബ്ലിക് സർവിസ് കമീഷനും സംവരണവുമെല്ലാം വരുന്നതിനു മുമ്പുള്ള തിരുവിതാംകൂർ രാജഭരണത്തിലെ സവർണ ബ്യൂറോക്രസിയുടെ അവസ്ഥയിലേക്കു കേരള സിവിൽ സർവിസിനെ പിന്നോട്ടു കൊണ്ടുപോകുന്ന, രണ്ടു പ്രധാനപ്പെട്ട നീക്കങ്ങളാണ് പി.എസ്.സിയുടെ ഈ നിയമനരീതിയും മുന്നാക്ക സംവരണവും. നിയമനരീതി ശാസ്ത്രീയമായി തിരുത്തുവാനും മുന്നാക്ക സംവരണം പിൻവലിച്ച് സാമൂഹികനീതി ഉറപ്പുവരുത്തുവാനും കഴിഞ്ഞില്ലെങ്കിൽ ദലിത്-പിന്നാക്ക വിഭാഗക്കാർക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ നഷ്ടം ഒന്നുകൂടി ഭീമാകാരമാകും. ഉണർന്നു പ്രവർത്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് കെ.എ.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.