കപിൽദേവിന്റെ ‘ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഇൗ ജൂൺ 25ന് 40 വർഷം. ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഇൗ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്യസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്?-മുതിർന്ന സ്പോർട്സ് േജണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
‘ഹരിയാന കൊടുങ്കാറ്റ്’ എന്നാണ് കപിൽദേവ് അറിയപ്പെട്ടത്. ഹരിയാനയിൽനിന്നുള്ള ഗുസ്തി താരങ്ങൾ നീതിക്കായി കേണപ്പോൾ, ജന്തർമന്തറിലെ വീഥികളിൽ അവർ വലിച്ചിഴക്കപ്പെട്ടപ്പോഴൊക്കെ കപിൽദേവ് അവർക്ക് പിന്തുണയുമായെത്തി. ഒടുവിൽ കപിൽ നായകനായി, 1983ലെ ലോകകപ്പ് ക്രിക്കറ്റ് ജയിച്ച ഇന്ത്യൻ ടീം തന്നെ കപിലിനൊപ്പം ചേർന്നപ്പോൾ അതൊരു കൊടുങ്കാറ്റായി. നീതിക്കായി കൈ കൂപ്പി കേഴുന്ന താരങ്ങളെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചു തലയുയർത്തി നിന്ന ബ്രിജ്ഭൂഷൺ ശരൺസിങ് തെല്ലൊന്നു ഞെട്ടി. കരുത്തറിയിക്കാൻ പ്രഖ്യാപിച്ച റാലി തൽക്കാലത്തേക്കെങ്കിലും മാറ്റി.
ബി.സി.സി.ഐ പ്രസിഡന്റുകൂടിയായ, അന്നത്തെ ടീമംഗം റോജർ ബിന്നി ആ കൂട്ടായ്മയിൽനിന്ന് അൽപം അകലം പാലിച്ച്, വിശദീകരണവുമായി വന്നെങ്കിലും 1983ലെ ക്രിക്കറ്റ് ലോക കപ്പ് ജയിച്ച ഇന്ത്യൻ ടീം ഗുസ്തി താരങ്ങൾക്കൊപ്പം എന്ന സന്ദേശം നാടെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. റോജർ ബിന്നിയിൽനിന്നിത് പ്രതീക്ഷിച്ചിരുന്നതിനാൽ ആ വിശദീകരണത്തിനു വലിയ സ്വീകാര്യത കിട്ടിയതുമില്ല. അന്നത്തെ ടീമിന്റെ വാട്സ്ആപ് കൂട്ടായ്മയിൽ സുനിൽ ഗവാസ്കർ ആണ് ഗുസ്തി താരങ്ങളെ പിന്തുണക്കണം എന്ന ആശയം മുന്നോട്ടുെവച്ചത് എന്നുകൂടി വ്യക്തമായതോടെ ബിന്നിയുടെ ഭാഗിക പിന്മാറ്റം ശ്രദ്ധിക്കപ്പെടാതെ പോയി.
സചിൻ ടെണ്ടുൽകർക്കു മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ ആരാധനാമൂർത്തി കപിൽദേവായിരുന്നു. കപിലിനു മുമ്പ് ഗവാസ്കറും. അതുകൊണ്ടാണ് സചിൻ ടെണ്ടുൽകറും മഹേന്ദ്രസിങ് ധോണിയും പ്രതികരിക്കാത്തത് പലരും അവഗണിച്ചതും. കപിലിന്റെയും ഗവാസ്കറുടെയും പിന്തുണ ആഘോഷിച്ചതും. മാത്രമല്ല, 1983ലെ ലോകകപ്പ് വിജയംപോലെ ഇന്ത്യൻ സ്പോർട്സിന്റെ ഗതിമാറ്റിയ സംഭവവുമല്ല, 2011ൽ ധോണിയുടെ ടീം കൈവരിച്ച ലോകകപ്പ് വിജയം. സചിന്റെ അവസാന ലോകകപ്പ് എന്നതായിരുന്നു 2011ന്റെ പ്രാധാന്യം. സചിന് ടീം നൽകിയ വിടവാങ്ങൽ സമ്മാനമായി രണ്ടാം ലോകകപ്പ് വിജയം ചരിത്രത്താളുകളിൽ സ്ഥാനം നേടിയെന്നത് യാഥാർഥ്യം. ഫൈനലിൽ സചിൻ തിളങ്ങിയില്ല, സചിൻ 18 റൺസ് മാത്രമാണു നേടിയത്. ഗംഭീറും (97) ധോണിയും (91 നോട്ടൗട്ട്) ആയിരുന്നു വിജയശിൽപികൾ. കോഹ് ലി 35 റൺസ് നേടി. യുവരാജ് സിങ് 21 റൺസുമായി പുറത്താകാതെ നിന്നു. യുവരാജ് രണ്ടു വിക്കറ്റും വീഴ്ത്തി. മാൻ ഓഫ് ദ മാച്ച് യുവരാജും മാൻ ഓഫ് ദ സീരീസ് ധോണിയുമായിരുന്നു. എന്നിട്ടും സചിനെ ഇന്ത്യ തോളിലേറ്റി.
1983 ലോകക്കപ്പ് ക്രിക്കറ്റ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീം
ഒരു കായികതാരത്തിനുള്ള ആദ്യ ഭാരതരത്ന ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിനു നൽകാതെ കേന്ദ്രസർക്കാർ സചിൻ ടെണ്ടുൽകർക്കു സമ്മാനിച്ചു. എത്രയോ ഒളിമ്പ്യൻമാർ ഇതിൽ പ്രതിഷേധിച്ചു. ഭാരതരത്നയും രാജ്യസഭയിലേക്കുള്ള നാമനിർദേശവും സചിനെ സർക്കാറിനോട് കടപ്പാടുള്ളവനാക്കി. ഗുസ്തി താരങ്ങളുടെ സമരത്തെ സചിൻ എന്തുകൊണ്ട് പിന്തുണക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം ഇതൊക്കെത്തന്നെ. സചിന് 50 തികഞ്ഞപ്പോഴും രാജ്യം ഒന്നാകെ ആ പിറന്നാൾ ആഘോഷിച്ചു. ഇന്ത്യയിൽ ഒട്ടേറെ അമ്മമാർക്കു പ്രിയപ്പെട്ടവനാണു സചിൻ. പക്വതയും വിനയവും സമർപ്പണവും പ്രതിഭക്കൊപ്പം സമന്വയിച്ച വ്യക്തിത്വം. ഏതൊരു അമ്മയും മക്കൾക്കു റോൾ മോഡൽ ആയി സചിനെ ചൂണ്ടിക്കാട്ടും. പക്ഷേ, സചിൻ സഹോദരിമാരായി കാണേണ്ടവരാണ് നമ്മുടെ ഗുസ്തി താരങ്ങൾ. അവരുടെ മാനത്തിനു വെല്ലുവിളി ഉയർന്നപ്പോൾ സചിൻ മറ്റെല്ലാം മറന്ന് അവർക്കൊപ്പം നിൽക്കേണ്ടതായിരുന്നു.
ഇവിടെയാണ് കപിൽദേവ് നികഞ്ച് എന്ന ക്രിക്കറ്റ് താരം വ്യത്യസ്തനാകുന്നത്. കപിൽദേവ് എന്നും തന്റേതായ നിലപാടുകളുള്ള വ്യക്തിയായിരുന്നു. കളിക്കളവും കളിക്കാരുമായിരുന്നു കപിലിന്റെ മനസ്സിലെ ആദ്യ സ്ഥാനക്കാർ. തനിക്കു ലഭിച്ച അംഗീകാരങ്ങൾ അധികാരികളുടെ ദാനമല്ല, മറിച്ച് കളിക്കളത്തിൽ വിയർപ്പൊഴുക്കി നേടിയതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഒരിക്കലും വിമതനാകാൻ ശ്രമിച്ചുമില്ല. ചിലരൊക്കെ അദ്ദേഹത്തിനു വിമതവേഷം നൽകാൻ ഒരുങ്ങിയെങ്കിലും വിജയിച്ചില്ല.
സ്പോർട്സിന്റെ ഗതിമാറ്റിയ വിജയങ്ങൾ
ഇന്ത്യയിൽ സ്പോർട്സിന്റെ ഗതിമാറ്റിയ രണ്ടു സംഭവങ്ങളാണ് 1975ൽ ക്വാലാലംപുരിൽ അജിത് പാൽ സിങ്ങിന്റെ നേതൃത്വത്തിൽ കൈവരിച്ച ലോകകപ്പ് ഹോക്കി വിജയവും 1983ൽ ലോർഡ്സിൽ കപിൽദേവിന്റെ നായകത്വത്തിൽ സാധ്യമായ ലോകകപ്പ് ക്രിക്കറ്റ് വിജയവും. ഇന്ത്യൻ കായികവേദിയിലേക്ക് പ്രഫഷനലിസവും പണത്തിന്റെ കുത്തൊഴുക്കും ഉണ്ടാകുന്നതിനു മുമ്പായിരുന്നു ഈ രണ്ടു ലോകവിജയങ്ങളും. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ അമച്വർ ടീമുകളാണ് രണ്ടു വിജയങ്ങളും സ്വന്തമാക്കിയത്.
1975 മാർച്ച് 15. ക്വാലാലംപുരിലെ മെൽദേക്കാ സ്റ്റേഡിയത്തിൽ അരലക്ഷത്തോളം കാണികളെ സാക്ഷിനിർത്തിയാണ് ലോകകപ്പ് ഹോക്കി ഫൈനലിൽ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത് (2-1). 1966ൽ ബാങ്കോക് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയശേഷം ഹോക്കിയിൽ ഇന്ത്യയുടെ പ്രഥമ രാജ്യാന്തര കിരീട ജയമായിരുന്നു അത്. രാജ്യം മുഴുവൻ ആഘോഷിച്ചതായിരുന്നു ആ വിജയം. പഞ്ചാബ് സംസ്ഥാന സർക്കാറാണ് ടീമിന്റെ പരിശീലനച്ചെലവുകൾ വഹിച്ചത്. വിജയശ്രീലാളിതരായി എത്തിയ കളിക്കാർക്കു സമ്മാനമായി കിട്ടിയത് ലാംെബ്രട്ട കമ്പനി നൽകിയ ലാംബി സ്കൂട്ടർ. അല്ലാതെ, കോടികൾ പോയിട്ട് ലക്ഷങ്ങൾപോലും കാഷ് അവാർഡ് നൽകാൻ സംവിധാനമില്ലായിരുന്നു.
ലോകകപ്പ് ഹോക്കി ജേതാക്കളായ ഇന്ത്യൻ ടീം
ഏതാണ്ട് ഇതേ സ്ഥിതിയിലായിരുന്നു 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീം. 1975ലും ’79ലും ലോകകപ്പ് ക്രിക്കറ്റിൽ ദയനീയ പ്രകടനം കാഴ്ചെവച്ച ഇന്ത്യയെ ’83ലും സാധ്യതയുള്ള ടീമായി ആരും കണ്ടില്ല. ‘ബുക്ക് മെയ്ക്കേഴ്സ്’ ഇന്ത്യക്കു നൽകിയ സാധ്യത 1/25 മാത്രം. അതായത് ഇന്ത്യക്കു പിന്നിൽ സിംബാബ് വെയും (1/500) ശ്രീലങ്കയും (1/1000) മാത്രം. വിൻഡീസ് ഹാട്രിക് തികക്കും എന്നുതന്നെയായിരുന്നു കണക്കുക്കൂട്ടൽ. 10/11 സാധ്യതയാണ് ക്ലൈവ് ലോയിഡിന്റെ ടീമിനു കൽപിക്കപ്പെട്ടത്. കാര്യമായ പ്രതീക്ഷകൾ ഇല്ലാതെ, മുൻ ലോകകപ്പുകളിൽ നേരിട്ട നാണക്കേട് മാറ്റാൻപോന്ന പ്രകടനമെങ്കിലും കാഴ്ചവെക്കണമെന്ന് ആഗ്രഹിച്ചായിരിക്കണം കപിലിന്റെ ടീം ലണ്ടനിൽ വിമാനമിറങ്ങിയത്.
കപിലിന്റെ ചെകുത്താന്മാർ
1983 ജൂൺ 25. ലോർഡ്സിൽ ഇന്ത്യ ചരിത്രമെഴുതി. ‘കപിലിന്റെ ചെകുത്താന്മാർ’ (കപിൽസ് ഡെവിൾസ്) ലോയിഡിന്റെ വെസ്റ്റ് ഇൻഡീസിനെ 43 റൺസിന് പരാജയപ്പെടുത്തി പ്രുഡൻഷ്യൽ ലോകകപ്പ് സ്വന്തമാക്കി. 54.4 ഓവറിൽ കേവലം 183 റൺസിന് ഇന്ത്യയെ പുറത്താക്കി. അനായാസ വിജയം കണക്കുകൂട്ടിയിറങ്ങിയ വിൻഡീസാണ് 52 ഓവറിൽ 140ന് ഓൾഔട്ടായത്. മദൻലാലിന്റെ ബൗളിങ്ങിൽ ഏതാണ്ട് 15 വാര പിന്നിലേക്ക് ഓടി കപിൽദേവ് എടുത്ത ക്യാച്ചിൽ വിവിയൻ റിച്ചാർഡ്സ് പുറത്തായതോടെ ഗാലറിയിലെ താളത്തിന്റെ നിയന്ത്രണം ഇന്ത്യൻ ആരാധകർ ഏറ്റെടുത്തു.
ഇന്ത്യയിൽ ടി.വി കാര്യമായി പ്രചരിച്ചിട്ടില്ല. റേഡിയോയിൽ കേട്ട ദൃക്സാക്ഷിവിവരണമായിരുന്നു കോടിക്കണക്കിന് ക്രിക്കറ്റ് േപ്രമികൾക്ക് ആശ്രയം. അവർ കാതുകൾ കൂർപ്പിച്ചിരുന്നു. ശ്വാസമടക്കിപ്പിടിച്ചു. ലോർഡ്സിലെ ഇന്ത്യൻ മുന്നേറ്റം വാക്കുകളായി ഇന്ത്യയിലെ ക്രിക്കറ്റ് േപ്രമികളുടെ കാതുകളിൽ എത്തി. അതൊരു ആരവമായി, ആവേശമായി. ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല, സ്പോർട്സിന്റെ ആകെ ഉയിർത്തെഴുന്നേൽപായി കപിലിന്റെ നേതൃത്വത്തിൽ ഫൈനൽ കളിച്ച ടീമിൽ അണിനിരന്നത് സുനിൽ ഗവാസ്കർ, കൃഷ്ണമാചാരി ശ്രീകാന്ത്, മൊഹീന്ദർ അമർനാഥ്, യശ്പാൽ ശർമ, സാന്ദീപ് പാട്ടീൽ, കീർത്തി ആസാദ്, റോജർ ബിന്നി, മദൻ ലാൽ, സയ്യദ് കിർമാനി ബൽവിന്ദർ സിങ് സന്ധു എന്നിവരാണ്. ദിലീപ് വെങ്സാർക്കർ, രവി ശാസ്ത്രി, സുനിൽ വാൽസൻ എന്നിവരായിരുന്നു സംഘത്തിലെ ഇതര കളിക്കാർ. ഇതിൽ കേരളത്തിൽ വേരുകളുള്ള സുനിൽ വാൽസനു മാത്രമാണ് ടൂർണമെന്റിൽ ഒരു കളിയിലും പങ്കെടുക്കാൻ അവസരം കിട്ടാതെ പോയത്. പക്ഷേ, മടങ്ങിയെത്തി ടീം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ടപ്പോൾ േട്രാഫി കൈയിൽനിന്നു താഴെവെക്കാതെ കൊണ്ടുനടന്നത് സുനിൽ വാൽസൻ ആയിരുന്നു. ഇന്ദിര ഗാന്ധി ഇക്കാര്യം ചോദിക്കുകയും ചെയ്തു.
സിംബാബ്വെക്കെതിരെ കപിൽദേവിന്റെ ബാറ്റിംഗ്
സുനിൽ ഗവാസ്കറും ദിലീപ് വെങ്സാർക്കറും രവിശാസ്ത്രിയുമൊക്കെ ഉൾപ്പെട്ട ടീമായിരുന്നെങ്കിലും ഇവരാരും ഏകദിന ക്രിക്കറ്റിൽ തിളങ്ങിയവരല്ലായിരുന്നു. ഒരർഥത്തിൽ ശരാശരി കളിക്കാരുടെ ഒരു സംഘമായിരുന്നു കപിലിന്റെ ടീം. പലതുള്ളി പെരുവെള്ളം എന്നതുപോലെ ആ കളിക്കാർ ഓരോരുത്തരും ശരാശരി നിലവാരം കാത്തപ്പോൾ അതൊരു ടീം സ്പിരിറ്റായി. ഏതു വമ്പന്മാർക്കും ആ ശരാശരികളുടെ ആകത്തുക വെല്ലുവിളിയായി. അതുല്യപ്രകടനമാകട്ടെ കപിലിന്റെ ഭാഗത്തുനിന്നായിരുന്നുതാനും. വിൻഡീസും ആസ്േട്രലിയയും സിംബാബ്വെയും ഉൾപ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യ. സെമിെഫെനലിനു മുമ്പ് ഇരു ഗ്രൂപ്പിലെയും ടീമുകൾ എതിരാളികളെ രണ്ടുതവണ വീതം നേരിടണമെന്ന നിയമമായിരുന്നു മൂന്നാം ലോകകപ്പിൽ. വിൻഡീസിനെയും ആസ്േട്രലിയയെയും രണ്ടുതവണ നേരിട്ടാലുള്ള സ്ഥിതി ഊഹിക്കാം. അതാണ് ഇന്ത്യക്ക് സെമിസാധ്യതപോലും കൽപിക്കാൻ ക്രിക്കറ്റ് പണ്ഡിതർ വിമുഖത കാട്ടിയത്. ആദ്യ മത്സരത്തിൽ വിൻസീസിനെ തോൽപിച്ചു. രണ്ടാം മത്സരത്തിൽ സിംബാബ്വെക്കെതിരെ അനായാസ ജയം. പക്ഷേ, അടുത്ത രണ്ടു മത്സരവും തോറ്റു. ആസ്േട്രലിയയോട് ദയനീയ തോൽവി. വിൻഡീസ് ആകട്ടെ ആദ്യ തോൽവിക്കു പ്രതികാരംചെയ്തു.
അഞ്ചാം മത്സരത്തിൽ എതിരാളികൾ സിംബാബ്വെ. പക്ഷേ, ഇന്ത്യൻ സ്കോർ 17ൽ എത്തിയപ്പോൾ അഞ്ചാം വിക്കറ്റും വീണു. പുറത്തേക്കുള്ള വഴി തുറന്നുകിടക്കുമ്പോഴായിരുന്നു കപിലിന്റെ വരവ്. പതിവുവിട്ട് അതീവ ശ്രദ്ധയോടെ കപിൽ ബാറ്റ് വീശി. 138 പന്തിൽ 175 നോട്ടൗട്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ അതുവരെയുണ്ടായ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. യഥാർഥത്തിൽ 1983ലെ ലോകകപ്പ് വിജയത്തിൽ ഏറ്റവും നിർണായകമായത് കപിലിന്റെ ഈ ഇന്നിങ്സും കലാശക്കളിയിൽ വിവിയൻ റിച്ചാർഡ്സിനെ പുറത്താക്കാൻ കപിൽ എടുത്ത ക്യാച്ചുമാണ്.
സീനിയർ കളിക്കാർ പലരും ടീമിലുണ്ടായിരുന്നെങ്കിലും കപിലും സംഘവും എന്ന ലേബൽ വീണു. തന്റെ ടീമിന്റെ പരിമിതികൾ അറിഞ്ഞ് കപിൽ കളിക്കാരെ ഉണർത്തി. ഫീൽഡിങ്ങിൽ, ഓരോ പന്തിലേക്കും കളിക്കാർ പറന്നുവീഴുകയായിരുന്നു. മുന്നിൽ നിന്നു നയിച്ച നായകനായി കപിൽ. പ്രുഡൻഷ്യൽ ലോക കപ്പ് ഉയർത്തിയപ്പോൾ രാജ്യത്തിന്റെ ഹീറോയായി. എത്രയോ തലമുറകൾക്കു പ്രചോദനമാകുന്നതായി ആ ഐതിഹാസിക വിജയം. കപിൽദേവ് ഇന്ത്യൻ യുവത്വത്തിന്റെ മാന്ത്രിക ചേതനയായി.
നീരജ് ചോപ്രയും അഭിനവ് ബിന്ദ്രയും അനിൽ കുംെബ്ലയും സുനിൽ ബത്രയും സാനിയ മിർസയും റാണി റാംഫാലും നിഖാത് സരിനും ഗുസ്തി താരങ്ങളെ പിന്തുണച്ചു. കപിൽദേവ് തന്നെ തുടക്കത്തിലേ താരങ്ങൾക്കായി രംഗത്തുവന്നു. പക്ഷേ, അന്നൊന്നും ഉയരാത്തൊരു ദേശീയവികാരം 1983ലെ ലോകകപ്പ് ടീമിന്റെ പിന്തുണയിൽ ഉണ്ടായി. ഗവാസ്കറും കപിലും മുൻകൈയെടുത്തു. മറ്റുള്ളവർ ഒപ്പം ചേർന്നു (ബിന്നിയുടെ മനംമാറ്റം തൽക്കാലം മറക്കുക). എന്താണ് ഈ ടീമിന്റെ പിന്തുണയിൽ സംഭവിച്ചത്? രാജ്യം ഉണർന്നു എന്നതുതന്നെ.
1970-71 ൽ അജിത് വഡേക്കറുടെ ടീം വിൻഡീസിനെയും ഇംഗ്ലണ്ടിനെയും അവരുടെ മണ്ണിൽ പരാജയപ്പെടുത്തിയപ്പോൾ ഉണ്ടായത് ആഘോഷമാണ്. ഉണർവാണ്. പക്ഷേ, 1983ലെ ലോകകപ്പ് വിജയം ആഗോളവിജയമായി ക്രിക്കറ്റ് േപ്രമികൾക്കപ്പുറം ഇന്ത്യ കൊണ്ടാടി. ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വിജയമായിരുന്നു അത്. ഒട്ടേറെ വിജയങ്ങൾക്ക് അത് വഴിതുറന്നു.
കപിലിനു പ്രധാനം സ്പോർട്സ്
കപിൽദേവ് എന്നും സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ആൾരൂപമായിരുന്നു. മൻസൂർ അലി ഖാൻ പട്ടൗഡിക്കും ഗുണ്ടപ്പാ വിശ്വനാഥിനും ശേഷം എതിരാളികളുടെ അവസരം നിഷേധിക്കാതെ, സ്വന്തം ടീമിനെ വിജയിപ്പിക്കാൻ ശ്രമിച്ച നായകനായിരുന്നു കപിൽദേവ്. 1987ലെ ലോകകപ്പിൽ ഇന്ത്യ ആസ്േട്രലിയയോട് ഒരു റണ്ണിനു തോറ്റ മത്സരത്തിന്റെ കഥതന്നെ ഉദാഹരണം. ഒരു സിക്സർ ബൗണ്ടറിയായി തെറ്റിച്ചു രേഖപ്പെടുത്തപ്പെട്ടത് തിരിച്ചറിഞ്ഞ് ആസ്േട്രലിയക്ക് രണ്ടു റൺസ് കൂടി നൽകാൻ കപിൽ സമ്മതിച്ചു. ആസ്േട്രലിയയുടെ സ്കോർ 268ൽനിന്ന് 270ൽ എത്തി. ഫലം ഇന്ത്യ ഒരു റണ്ണിനു തോറ്റു.
നാനൂറിലധികം വിക്കറ്റും 5000ത്തിലധികം റൺസും നേടി ലോകം കണ്ട ഏക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ കപിൽ, ഗവാസ്കർക്കും സചിനും മുമ്പേ വിസ്ഡന്റെ നൂറ്റാണ്ടിലെ ക്രിക്കറ്ററുടെ പട്ടികയിലെത്തി. പക്ഷേ, അനാവശ്യ വിവാദങ്ങളും ക്രിക്കറ്റ് ബോർഡിന്റെ എതിർപ്പുമെല്ലാം നേരിടേണ്ടിവന്നു. ഒരുപക്ഷേ, തനിക്കു കളിക്കളത്തിൽ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളാകാം കപിൽദേവിനെ താരങ്ങളുടെ വക്താവാക്കി മാറ്റിയത്. പറക്കും സിഖ്, മിൽഖാ സിങ്ങിന്റെ അഭാവമാണ് കപിൽദേവ് നികത്തിയത്. മിൽഖാ ജീവിച്ചിരുന്നെങ്കിൽ ഇന്നു ഗുസ്തി താരങ്ങൾക്കൊപ്പം സമരത്തിന്, ആരോഗ്യവും പ്രായവും മറന്ന് എത്തിയേനെ. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ പരസ്യമായി ചീത്തയും വിളിച്ചേനെ; കേരളത്തിലെ ഫുട്ബാൾ ഒളിമ്പ്യൻ അബ്ദുൽ റഹ്മാനെപ്പോലെ. ക്രിക്കറ്റിൽ ഇത്തരക്കാർ കുറവാണ്. ബിഷൻസിങ് ബേദിയെപ്പോലെ അപൂർവം ചിലർ കണ്ടെന്നു വരാം.
ഏറെ പെരുമയോടെ സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ച കപിൽദേവിന് പിന്നീട് തിരിച്ചടികൾ ഏറെ നേരിടേണ്ടിവന്നു. 1978ൽ ടെസ്റ്റിൽ അരങ്ങേറി 94ൽ വിരമിച്ച കപിൽ ഇന്ത്യൻ ടീമിന്റെ കോച്ചായെങ്കിലും വിജയിച്ചില്ല. 2004ൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാൻ ആയി. പക്ഷേ, ഒത്തുകളി വിവാദങ്ങൾ ഉയർന്നതോടെ സ്ഥാനം ഒഴിഞ്ഞു. ആരോപണങ്ങൾ എല്ലാം വ്യാജമായിരുന്നെന്ന് കാലം തെളിയിച്ചു. 2007ൽ എസെൽ സ്പോർട്സുമായി ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ലീഗ് തുടങ്ങി. 10 സിറ്റി ടീമുകളെയും നാല് വിദേശ ടീമുകളെയും ഉൾപ്പെടുത്തി വലിയതോതിൽ ആസൂത്രണംചെയ്ത പരിപാടി ബി.സി.സി.ഐക്ക് രുചിച്ചില്ല.
ഐ.സി.എൽ 2008-09 സീസണോടെ അവസാനിച്ചു. ഇതിനെ എതിരിടാൻ ബി.സി.സി.ഐ തുടങ്ങിയ ഐ.പി.എൽ വിജയമാക്കിയ ലളിത് മോദി കേസുകളിൽ കുടുങ്ങി രാജ്യം വിട്ടു. പക്ഷേ, ഐ.പി.എൽ വൻ വിജയമായി. ഈ ആശയത്തിന് ബോർഡ് കപിലിനോടും എസെൽ സ്പോർട്സിനോടും കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ കുറ്റപ്പെടുത്താനാവില്ല. ഐ.പി.എൽ ബോർഡിന്റെ പണപ്പെട്ടിയിൽ ശതകോടികൾ എത്തിച്ചെങ്കിലും കപിലിനോടുള്ള അനിഷ്ടം തുടർന്നു.
എസെൽ സ്പോർട്സുമായുള്ള ബന്ധം വേർപെടുത്തിയെന്ന് കപിൽ ബോർഡിനെ അറിയിച്ചെങ്കിലും 2012 ജൂലൈയിൽ മാത്രമാണ് ബി.സി.സി.ഐ കപിൽദേവിനെതിരായ വിലക്ക് നീക്കിയത്. കായികക്ഷമതയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ എന്നും മാതൃക കാട്ടിയ കപിൽദേവിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം വേണ്ടവിധത്തിൽ ആഘോഷിച്ചില്ല. പരിക്കിന്റെ പേരിൽ ഒരിക്കൽപോലും ടെസ്റ്റിൽനിന്നു മാറിനിൽക്കേണ്ടിവന്നിട്ടില്ലാത്ത കപിലിന് ഇടക്കാലത്തെ വിലക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. പക്ഷേ, അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല. ബി.സി.സി.ഐ പ്രസിഡന്റ് ശ്രീനിവാസൻ തിരിച്ചുവിളിച്ചപ്പോൾ ‘‘ക്രിക്കറ്റ് ബോർഡ് അമ്മയാണ്. ക്രിക്കറ്റ് കളിക്കാർ മക്കളും’’ എന്നായിരുന്നു പ്രതികരണം. അതിലേറെ ‘‘അവസാനത്തിനുശേഷം ഒരു തുടക്കം’’ എന്ന് മടങ്ങിവരവിനെ കപിൽദേവ് വിശേഷിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
കപിൽ ഒരിക്കലും വിമതനായിരുന്നില്ല. വിമതശബ്ദം ഉയർത്താൻ ശ്രമിച്ചുമില്ല. അദ്ദേഹത്തിന്റെ ശബ്ദം പക്ഷേ, വേറിട്ടതായിരുന്നു. ന്യായത്തിനും നീതിക്കും വേണ്ടി ആ ശബ്ദം ഉയർന്നു. അത് ചുഴലിക്കാറ്റും കൊടുങ്കാറ്റുമായത് കപിൽദേവ് എന്ന, ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്റെയും ഓൾറൗണ്ടറുടെയും നിലപാടായതുകൊണ്ടാണ്. കായികലോകം കപിലിനെയും 1983 ലെ ലോകകപ്പ് ടീമിനെയും നെഞ്ചിലേറ്റിയതുകൊണ്ടാണ് ആ ടീമംഗങ്ങൾ ഗുസ്തി താരങ്ങൾക്കൊപ്പമെന്ന് അറിഞ്ഞപ്പോൾ ഇന്ത്യയൊട്ടാകെ അതൊരു തരംഗമായത്. അത്തരമൊരു തരംഗം സൃഷ്ടിക്കാൻ 2011ലെ ടീമിനോ ധോണിക്കോ കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല.
വാൽക്കഷ്ണം:
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഒരിക്കൽ ധ്യാൻചന്ദിനോട് പറഞ്ഞു. ‘‘താങ്കൾക്ക് ഒത്തിരി ഒളിമ്പിക് മെഡലുകൾ ഉണ്ടല്ലോ. ഒരെണ്ണം എനിക്കു തന്നാൽ ഞാൻ നെഞ്ചിൽ കുത്തി ഗമയിൽ നടക്കാം.’’ ധ്യാൻ ചന്ദ് പറഞ്ഞു: ‘‘ഇത് വിയർപ്പൊഴുക്കി നേടിയ മെഡലുകളാണ്. അങ്ങയുടെ കോട്ടിൽ ഇപ്പോഴുള്ള റോസാപ്പൂവാണു ചേരുന്നത്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.