വിക്കറ്റ് കീപ്പർമാർ ഗോൾ കീപ്പർമാരോളം കാൽപനികവത്കരിക്കപ്പെട്ടിട്ടില്ല. എങ്കിലും, ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്. വിക്കറ്റ് കീപ്പറെ ഒരു മെറ്റഫറാക്കി സ്ത്രീകളുടെ പാർശ്വവത്കരണത്തെക്കുറിച്ച് കരീബിയൻ കവി വലെരി ബ്ലൂം (Valerie Bloom) എഴുതിയിട്ടുണ്ട്. പന്ത് പിടിക്കുക, തടുക്കുക, പിടിച്ച പന്ത് വിതരണം ചെയ്യുക എന്നിങ്ങനെ സമാനസ്വഭാവമുള്ള ജോലിയാണ് ഗോൾ കീപ്പറും വിക്കറ്റ് കീപ്പറും ചെയ്യുന്നത്. പക്ഷേ, വളരെ മൗലികമായ ഒരു മാറ്റം ഇരുവർക്കുമിടയിലുണ്ട്. ഒരു ഫുട്ബാൾ ടീമിലെ 11 പേരിൽ ഏറ്റവും കുറച്ച് പന്ത് സ്പർശിക്കുന്നത് ഗോൾകീപ്പറാണ്. തന്റെ യൗവനകാലത്ത് ഗോൾകീപ്പറായിരുന്ന വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ആൽേബർ കാമ്യു തന്റെ ഗോൾ കീപ്പിങ് കാലത്തെ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: ‘‘നമ്മൾ പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് പന്ത് ഒരിക്കലും അരികിലെത്തില്ലെന്ന് ഞാൻ മനസ്സിലാക്കി. ആ പാഠം എന്നെ ജീവിതത്തിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വലിയ നഗരങ്ങളിലുള്ള മനുഷ്യരുമായുള്ള ബന്ധങ്ങളിൽ. അവർ ഒരിക്കലും കൃത്യ സമയത്ത് എത്തിച്ചേരാറില്ല.’’
പക്ഷേ, ക്രിക്കറ്റിലത് നേർവിപരീതമാണ്. 11 ഫീൽഡർമാരിൽ വിക്കറ്റ് കീപ്പറേക്കാൾ പന്ത് സ്പർശിക്കുന്ന മറ്റാരുമില്ല. പകലന്തിയോളം നീളുന്ന മത്സരത്തിൽ വിക്കറ്റ് കീപ്പർ നടത്തുന്ന സാഹസികതകളും അക്രോബാറ്റിക് മികവുമൊന്നും അധികമാരും വിവരിക്കാറില്ല. ബൗളർ തൊടുത്തുവിടുന്ന ടേണിങ്ങും സ്വിങ്ങും ബൗൺസും ചേർന്ന പന്തുകൾ പിടിച്ചെടുക്കുക എന്നത് അസാധ്യ മെയ് വഴക്കവും പരിശീലനവും ഏകാഗ്രതയും സമന്വയിച്ച ഒരു വിക്കറ്റ് കീപ്പർക്ക് മാത്രം സാധിക്കുന്നതാണ്. ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ അഭിപ്രായത്തിൽ വിക്കറ്റ് കീപ്പിങ് ഒരു ‘താങ്ക് ലെസ് ജോബാണ്’. മികച്ച വിക്കറ്റ് കീപ്പർ എന്ന വിഭാഗത്തിൽ ഒരു അവാർഡ് ഇതുവരെ ഉദയം ചെയ്തിട്ടുപോലുമില്ല. ഇതിഹാസ വിക്കറ്റ് കീപ്പർമാരിലൊരാളായ, ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചർക്ക് തന്റെ ഉദ്യമത്തിനിടയിൽ നഷ്ടമായത് കരിയറും ഇടതുകണ്ണിന്റെ കാഴ്ചയുമാണ്. സോമർസെറ്റുമായുള്ള പരിശീലന മത്സരത്തിനിടെ ഇംറാൻ താഹിറിന്റെ പന്തിൽ തെറിച്ച ബെയിൽസ് ബൗച്ചറുടെ ഇടതുകണ്ണിൽ ഇരുട്ടൊഴിച്ചാണ് പോയത്. ഭാഗിക കാഴ്ച അവശേഷിച്ചെങ്കിലും ബൗച്ചർക്ക് പിന്നീടൊരിക്കലും കളിക്കളത്തിലേക്ക് മടങ്ങിവരാനായില്ല. ബിഹാറുകാരൻ സാബ കരീം ഇന്ത്യൻ ടീമിൽ നിലയുറപ്പിച്ച് വരുമ്പോഴായിരുന്നു ബംഗ്ലാദേശുമായുള്ള മത്സരത്തിനിടെ കണ്ണിൽ പന്തുകൊണ്ടത്. 33ാം വയസ്സിലേറ്റ ആ പരിക്കിനെത്തുടർന്ന് സർജറിക്ക് വിധേയനായ കരീം പിന്നീടൊരിക്കലും കളത്തിലേക്ക് മടങ്ങിവന്നില്ല. ആരും അയാളെ ഓർക്കാറുമില്ല.
ഇംഗ്ലണ്ട് ഫുട്ബാൾ ടീം ഗോൾകീപ്പർ ജോ ഹാർട്ടും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ജോസ് ബട്ലറും തങ്ങളുടെ ജോലികൾ പരസ്പരം വെച്ചുമാറുന്ന ഒരു വിഡിയോ യൂട്യൂബിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പങ്കുവെച്ചിട്ടുണ്ട്. ഗോൾകീപ്പറും വിക്കറ്റ് കീപ്പറും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും ഇരുവരും കൃത്യമായി വിഡിയോയിൽ വിശദീകരിക്കുന്നു. ക്രിക്കറ്റ് വരുമ്പോൾ വിക്കറ്റ് കീപ്പറായും ഫുട്ബാൾ വരുമ്പോൾ ഗോൾകീപ്പറായും വേഷമിടുന്ന അനേകം പേർ നമ്മുടെ നാട്ടിൻപുറങ്ങളിലുമുണ്ട്. റാഞ്ചിയിലെ ജവഹർ വിദ്യാമന്ദിർ സ്കൂളിനായി ഗോൾ കീപ്പിങ് ഗ്ലൗസണിഞ്ഞിരുന്ന ധോണിയുടെ കഥയും സമാനംതന്നെ. ധോണിയുടെ ഗോൾകീപ്പിങ് സ്കില്ലുകൾ കണ്ട സ്കൂളിലെ കോച്ച് രഞ്ജൻ ബാനർജി ക്രിക്കറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു.
ജോ ഹാർട്ടും ജോസ് ബട്ലറും
സ്റ്റംപിന് പിറകിലുള്ള തന്റെ ജോലി ഭംഗിയായി നിർവഹിക്കുക എന്നത് മാത്രമായിരുന്നു ഒരുകാലത്ത് വിക്കറ്റ് കീപ്പർമാരുടെ ജോലി. സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാർക്ക് ശേഷം ക്രീസിലെത്തുന്ന വിക്കറ്റ് കീപ്പർക്ക് ബാറ്റിങ്ങിൽ വലിയ ഉത്തരവാദിത്തങ്ങളൊന്നുമുണ്ടായിരുന്നില്ല. ആ ബാറ്റിൽനിന്നും വീണുകിട്ടുന്നതെന്തും ബോണസായി എല്ലാവരും കരുതി. ഒറ്റപ്പെട്ട ഉദാഹരണങ്ങൾ എതിർവാദങ്ങളായി വന്നേക്കാം. ഈ സ്ഥിതിയിൽ വിപ്ലവം നടപ്പാക്കുന്നത് ആസ്ട്രേലിയക്കാരൻ ആദം ഗിൽക്രിസ്റ്റാണ്. പഴുതുകളില്ലാത്ത വിക്കറ്റ് കീപ്പിങ്ങിനൊപ്പം ആക്രമണോത്സുകമായ ബാറ്റിങ് പുറത്തെടുക്കുകയും പല മത്സരങ്ങളിലും ആസ്ട്രേലിയയെ വിജയത്തിലെത്തിക്കുകയും ചെയ്തതോടെ വിക്കറ്റ് കീപ്പർമാർക്കും ഒന്നാന്തരം ബാറ്റ്സ്മാനാകാമെന്ന പൊതുധാരണ രൂപപ്പെട്ടു. അതിന്റെ അനുരണനങ്ങൾ മറ്റു ടീമുകളിലുമുണ്ടായി. ശ്രീലങ്കയിൽ കുമാർ സംഗക്കാര, ദക്ഷിണാഫ്രിക്കയിൽ മാർക്ക് ബൗച്ചർ അടക്കമുള്ള വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻമാർ ഉദയംചെയ്തു. ഇന്ത്യക്കാകട്ടെ, അസാധാരണ മികവുള്ള വിക്കറ്റ് കീപ്പറെ ലോകത്തിനു മുന്നിൽ വെക്കാനില്ലായിരുന്നു. ’90കളുടെ മധ്യം മുതൽ 2000ത്തിന്റെ തുടക്കകാലം വരെ സ്ഥിരമായി ടീമിലുണ്ടായിരുന്ന നയൻ മോംഗിയയെന്ന ശരാശരി ബാറ്റ്സ്മാനായിരുന്നു ദീർഘകാലം ആ ജോലി ചെയ്തുപോന്നത്. കോഴ വിവാദത്തെത്തുടർന്ന് മോംഗിയ പുറത്തായതോടെ പ്രതിസന്ധി രൂപപ്പെട്ടു. വിക്കറ്റ് കീപ്പറെന്ന അപായമേഖലയിലേക്ക് പലരും വന്നുപോയെങ്കിലും ആരും സ്വയം അടയാളപ്പെടുത്തിയില്ല. സമീർ ദിഗെ, അജയ് രാത്ര, ദീപ് ദാസ് ഗുപ്ത, വിജയ് ദഹിയ, സാബ കരീം, പാർഥിവ് പട്ടേൽ, ദിനേശ് കാർത്തിക് എന്നിവരെല്ലാം അതിലുൾപ്പെടും. ഇവരെല്ലാം അതിദയനീയമായ ബാറ്റിങ് പ്രകടനത്തിനൊപ്പം കീപ്പിങ്ങിലും പരാജയമായിരുന്നു. അതോടെ, രാഹുൽ ദ്രാവിഡ് വിക്കറ്റ് കീപ്പറായി ഗ്ലൗസണിയുന്ന കൗതുകക്കാഴ്ചക്കും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി.
പരിക്കേറ്റ് മടങ്ങുന്ന മാർക്ക് ബൗച്ചർ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പിങ് പൊസിഷൻ പ്രതിസന്ധിയുണ്ടാകുന്ന അതേ കാലത്തുതന്നെയാണ് ഡൽഹിയിൽനിന്നും 1300 കിലോമീറ്റർ മാറി റാഞ്ചിയിൽ മഹേന്ദ്ര സിങ് ധോണി ഉദയംചെയ്യുന്നത്. ആദ്യം ബിഹാറിനായും ശേഷം ഝാർഖണ്ഡിനായും തന്റെ പണി വൃത്തിയായി ചെയ്തിരുന്ന ധോണിയെക്കുറിച്ച ചർച്ചകൾ ദേശീയ ടീം സെലക്ടർമാരിലും എത്തി. 1983 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറും മുൻ ഇന്ത്യൻ ചീഫ് സെലക്ടറുമായിരുന്ന സയ്യിദ് കിർമാനി ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിസരത്തിലേക്ക് കണ്ടെടുത്തതിനെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: ‘‘ഞാനും അന്നത്തെ ഈസ്റ്റ് േസാണിലെ സഹ സെലക്ടറായിരുന്ന പ്രണബ് റോയിയും ഒരു രഞ്ജിട്രോഫി മത്സരം കാണുകയായിരുന്നു. ഝാർഖണ്ഡിൽനിന്നും ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുണ്ടെന്നും അദ്ദേഹം ഒരു സെലക്ഷൻ അർഹിക്കുന്നുണ്ടെന്നും പ്രണബ് എന്നോട് പറഞ്ഞു. ഞാനദ്ദേഹത്തോട് ചോദിച്ചു, ഈ മത്സരത്തിൽ വിക്കറ്റ് കീപ്പറായിരിക്കുന്നയാളാണോ? അല്ല, ഇന്നദ്ദേഹം ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുകയാണെന്ന് പ്രണബ് പറഞ്ഞു. ഞാൻ ആ കളിക്കാരന്റെ രണ്ടുവർഷത്തെ സ്റ്റാറ്റിസ്റ്റിക്സ് എടുത്തുനോക്കി. അയാളുടെ സ്ഥിരത എന്നെ അമ്പരപ്പിച്ചു. അയാൾ വിക്കറ്റ് കീപ്പിങ് എങ്ങനെ ചെയ്യുന്നുവെന്ന് ഒരിക്കൽപോലും കാണാതെ അദ്ദേഹത്തെ ഈസ്റ്റ് സോൺ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തു. പിന്നീട് നടന്നതെല്ലാം ചരിത്രം.’’ ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ ഈസ്റ്റ് സോണിനായി നടത്തിയ ഉഗ്രൻ പ്രകടനങ്ങളാണ് ധോണിയെ ദേശീയ ടീമിന്റെ വാതിലിലെത്തിച്ചത്. ഇന്ത്യ എ ടീമിനായി നടത്തിയ നിർണായക പ്രകടനങ്ങൾ കൂടിയായതോടെ ധോണിയുടെ സെലക്ഷൻ അവഗണിക്കാൻ കഴിയാത്തതായി മാറി.
ക്രിക്കറ്റ് താരത്തിൽനിന്നും സൂപ്പർതാരത്തിലേക്ക്
2004ലെ ബംഗ്ലാദേശ് പര്യടനത്തിലാണ് ധോണി ആദ്യമായി ഇന്ത്യൻ ജഴ്സിയണിയുന്നത്. ഡൽഹി, മുംബൈ അടക്കമുള്ള വൻ നഗരങ്ങളിലെ സ്വാധീനമൊന്നുമില്ലാതെ നീളന്‍മുടിയുമായി എത്തിയ റാഞ്ചിക്കാരന്റെ അരങ്ങേറ്റം ആഘോഷമാക്കാൻ ആരുമുണ്ടായിരുന്നില്ല. സചിൻ, ദ്രാവിഡ്, ഗാംഗുലി, സെവാഗ്, യുവരാജ് എന്നിവരടങ്ങുന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിങ് ലൈനപ്പിനിടയിലേക്കാണ് ധോണി വന്നിറങ്ങുന്നത്. കന്നി മത്സരത്തിൽ ആദ്യ പന്തിൽതന്നെ ഇല്ലാത്ത റണ്ണിനോടി പൂജ്യത്തിന് പുറത്ത്. ഒരു താരവും ആഗ്രഹിക്കാത്ത മോശം അരങ്ങേറ്റം. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ധോണിയെ കരക്കിരുത്തി അവസരം നൽകിയത് ദിനേശ് കാർത്തികിന്. മുഖം കാണിച്ചുമടങ്ങുന്ന ഒരു വിക്കറ്റ് കീപ്പര്‍ മാത്രമായി ധോണിയും മടങ്ങുമെന്ന് പലരും കരുതി.
ധോണി ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിൽ
മത്സരത്തിൽ കാർത്തിക് ദയനീയ പരാജയമാകുകയും ഇന്ത്യ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പരാജയപ്പെടുകയും ചെയ്തതോടെ മൂന്നാം മത്സരത്തിൽ ധോണിയെ തിരിച്ചുവിളിച്ചു. മുൻനിര ബാറ്റ്സ്മാൻമാരെല്ലാം തിളങ്ങിയ മത്സരത്തിൽ ധോണിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടു പന്തിൽനിന്നും ഒരു സിക്സറടക്കം ഏഴു റൺസുമായി പുറത്താകാതെ നിന്നു. വരാനിരിക്കുന്ന അനേകം സിക്സറുകളുടെ വിളംബരം അറിയിക്കുന്ന ധോണിയുടെ സ്വതഃസിദ്ധമായ ശൈലിയിലുള്ള സിക്സറായിരുന്നു അത്.
വിക്കറ്റ് കീപ്പർ തസ്തികയിലേക്ക് പരിഗണിക്കാൻ യോഗ്യതയുള്ളവർ ഇല്ലാത്തതിനാൽതന്നെ 2005ലെ പാകിസ്താനെതിരായ ഏകദിന പരമ്പരയിലും ധോണി ഇടം നേടി. ഏറെ വർഷങ്ങൾക്കു ശേഷം പാകിസ്താൻ ഇന്ത്യയിൽ നടത്തുന്ന പര്യടനമായതിനാൽതന്നെ ഏറെ ശ്രദ്ധയാകർഷിച്ച പരമ്പരയായിരുന്നു അത്. കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ സെവാഗിന്റെയും ദ്രാവിഡിന്റെയും സെഞ്ച്വറി മികവിൽ ഇന്ത്യക്ക് ജയം. മത്സരത്തിൽ ഏഴു പന്തിൽനിന്നും 3 റൺസെടുത്ത ധോണി പരാജയംതന്നെ. രണ്ടാം ഏകദിനത്തിന് വേദിയായത് അവിഭക്ത ആന്ധ്രയിലെ തീരദേശ പട്ടണമായ വിശാഖപട്ടണം. മത്സരത്തിന് ആരവങ്ങളുയർന്നു. ടോസ് നേടിയ ഇന്ത്യക്കായി കൂടുതലൊന്നും ആലോചിക്കാതെ ഗാംഗുലി ബാറ്റിങ് തിരഞ്ഞെടുത്തു. സ്കോർബോർഡ് 26ൽ നിൽക്കേ സചിൻ ടെണ്ടുൽകർ മടങ്ങി. ഇന്നിങ്സ് പടുത്തുയർത്തേണ്ട നിർണായക വൺഡൗൺ പൊസിഷനിൽ ധോണി അപ്രതീക്ഷിതമായി ക്രീസിലെത്തുന്നു. സചിന്റെ നിലയുറപ്പിക്കും മുമ്പേയുള്ള അപ്രതീക്ഷിത റൺഔട്ടിൽ നിശ്ശബ്ദമായ ഗാലറി ഒന്നമ്പരന്നു. തൊട്ടുമുമ്പു നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്ത്, എല്ലാ ബാറ്റ്സ്മാൻമാർക്കും ശേഷം ക്രീസിലെത്തിയിരുന്ന ധോണിയുടെ സ്ഥാനക്കയറ്റം സ്വാഭാവികമായുണ്ടാക്കുന്ന അമ്പരപ്പ്. പക്ഷേ, ആ സ്ഥാനക്കയറ്റം ഇന്ത്യൻ ക്രിക്കറ്റിന്റെയും ധോണിയെന്ന താരത്തിന്റെയും കഥ അവിടെ മുതൽ മാറ്റിത്തുടങ്ങുകയായിരുന്നു. ഒരറ്റത്ത് അടിച്ചുതകർത്തിരുന്ന സെവാഗിനൊപ്പം ധോണിയും ചേർന്നു. റാണ നവേദുൽ ഹസനെതിരായ ഉജ്ജ്വല ബൗണ്ടറിയോടെയാണ് ധോണി അക്കൗണ്ട് തുറന്നത്. മോശം പറയാനില്ലാത്ത ആ പന്തിനെ ബൗണ്ടറിയിലേക്ക് പറത്തിയതിൽ തന്നെ ചില സൂചനകളുണ്ടായിരുന്നു. കമന്റേറ്റർ റമീസ് രാജയുടെ ഭാഷയിൽ പറഞ്ഞാൽ ‘‘Dhoni making a very strong statement that he is arrived.’’
സെവാഗിനൊപ്പം ധോണികൂടി അടിച്ചുതുടങ്ങിയതോടെ സ്കോർബോർഡ് കുതിച്ചുകയറി. സെവാഗ് മടങ്ങിയതിനുശേഷം ധോണി ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുത്തു. വലിയ സാങ്കേതികത്തികവോ ക്ലാസിക് ശൈലിയോ അവകാശപ്പെടാൻ ആ ഇന്നിങ്സിനില്ലായിരുന്നു. പക്ഷേ, അയാളുടെ ഷോട്ടുകളിലെല്ലാം സ്വന്തം കൈകളുടെ പ്രഹരശേഷിയിലുള്ള കടുത്ത ആത്മവിശ്വാസമുണ്ടായിരുന്നു. 123 പന്തുകളില്‍നിന്നും നാലു സിക്സറുകളും 15 ബൗണ്ടറികളുമടക്കം 148 റൺസാണ് ധോണി കുറിച്ചത്. ശരാശരിയോ അതിന് താഴെയോ ബാറ്റിങ് മികവ് മാത്രമുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെ കണ്ടു പരിചയിച്ച പാകിസ്താന് നിര അമ്പരന്നു. പന്തിനെ തഴുകി തലോടിവിടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കിടയിൽനിന്നും പന്തിനെ അടിച്ചകറ്റുന്ന സ്വഭാവമുള്ള വേറിട്ടൊരാൾ.
2005ൽ പാകിസ്താനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ ധോണിയുടെ ആഹ്ലാദ പ്രകടനം
വിക്കറ്റ് കീപ്പര്‍മാരെ മാറിമാറി പരീക്ഷിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു പേരുപോലും പരിഗണനക്ക് വരാത്തവിധമുള്ള ധോണിവാഴ്ച അവിടെത്തുടങ്ങുകയായിരുന്നു.
വര്‍ഷാവസാനം ശ്രീലങ്കക്കെതിരെ പടുകൂറ്റന്‍ സിക്സറുമായി കുറിച്ച 183 റണ്‍സിന്റെ വിലാസത്തിൽ അയാൾ സൂപ്പര്‍താരമായി. അയാള്‍ കുടിക്കുന്ന പാലിന്റെ അളവും കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയുമടക്കമുള്ള വിശേഷങ്ങളുമായി പത്രങ്ങള്‍ അച്ചുനിരത്തി. യുവത അയാളിലൊരു ഹീറോയെയും പെൺകുട്ടികൾ അയാളിലൊരു കാമുകനെയും കണ്ടു. ടി.വിയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിൽ ദേശീയ വികാരം ചേർത്തുകുടിക്കുന്ന ഇന്ത്യൻ മധ്യവർഗ കുടുംബങ്ങൾക്കിടയിൽ പുതിയൊരു രക്ഷകൻ ഉയിർത്തു. സചിന്റെ ക്ലാസിനും ദ്രാവിഡിന്റെ സഹനത്തിനും ഗാംഗുലിയുടെ വീര്യത്തിനും നൽകാൻ കഴിയാത്ത മറ്റെന്തോ അനുഭവം അയാളുടെ ബാറ്റിങ്ങിനുണ്ടായിരുന്നു. പതിയെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് വരെയെത്തി. ആദ്യ ഓവറുകളേക്കാൾ തന്റെ കൈക്കരുത്തിന്റെ സേവനം ആവശ്യമുള്ളത് അവസാന ഓവറുകളിലാണെന്ന് ധോണി സ്വയം തിരിച്ചറിഞ്ഞു. ടീം ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്തിയും പിന്തുടരുമ്പോള് പാറപോലെ ഉറച്ചുനിന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിനിഷറെന്ന പുതിയ തസ്തിക ധോണി സൃഷ്ടിച്ചു. ആ തസ്തികയിൽ നിയമന യോഗ്യത അയാൾക്ക് മാത്രമായിരുന്നു.
കാത്തിരുന്ന നായകൻ
2007ലെ കരീബിയന്‍ ലോകകപ്പ്. സചിനും ഗാംഗുലിയും സെവാഗുമടങ്ങിയ വന്‍താരനിരയുമായി കരീബിയന്‍ തീരങ്ങളില്‍ ലോകകപ്പിനിറങ്ങിയ ഇന്ത്യന്‍ ടീം നാണം കെട്ട് മടങ്ങി. രാഹുൽ ദ്രാവിഡായിരുന്നു നായകൻ. കളിച്ച മൂന്നു മത്സരങ്ങളിലും ധോണിയും അമ്പേ പരാജയം. ക്രിക്കറ്റിനെയും ദേശീയതയെയും അതിവൈകാരികതയിൽ ചേർത്തുവെച്ച ഇന്ത്യന്‍ ജനതക്ക് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ചതുരങ്ങൾ അറിയുമായിരുന്നില്ല. പ്രതിഷേധക്കല്ലുകള്‍ വന്നുവീണ വീട്ടിലേക്കാണ് ധോണി മടങ്ങിയെത്തിയത്.
ഇന്ത്യൻ ക്രിക്കറ്റിൽ തലകൾ ഉരുണ്ടു. ക്യാപ്റ്റൻ ദ്രാവിഡിന്റെയും പരിശീലകൻ ഗ്രെഗ് ചാപ്പലിന്റെയും കസേരകൾ തെറിപ്പിച്ചു ബി.സി.സി.ഐ രോഷം തണുപ്പിച്ചു. ക്രിക്കറ്റിലെ പരമ്പരാഗത പണ്ഡിറ്റുകള്‍ക്ക് ഇനിയും ദഹിക്കാത്ത ട്വന്റി 20 ലോകകപ്പൊരുക്കാന് ഐ.സി.സി തീരുമാനിച്ച വര്‍ഷംകൂടിയായിരുന്നു അത്. ദ്രാവിഡ് ഒഴിച്ചിട്ടുപോയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന മുള്‍ക്കിരീടം അണിയാന്‍ ആരും തയാറായില്ല. ഒടുവില്‍ ട്വന്റി 20 ലോകകപ്പിന് ടീമിനെ ധോണി നയിക്കുമെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിറക്കിയപ്പോള്‍ പലര്‍ക്കുമത് ദഹിച്ചില്ല. സെവാഗും യുവരാജും അടക്കമുള്ള പരിചയസമ്പന്നരുള്ളപ്പോള് ഇയാളെ നായകനാക്കുന്നത് ചരിത്രപരമായ മണ്ടത്തങ്ങളിലൊന്നാകുമെന്ന് പലരും കരുതി.
2007ലെ ട്വന്റി20 ലോകകപ്പുമായി ധോണി
ദക്ഷിണാഫ്രിക്കൻ പിച്ചുകളില്‍ രഞ്ജിയും ‘എ’ ടീമും കളിച്ചു പരിചയമുള്ള പയ്യന്മാരുമായി ഈ നീളന്‍മുടിക്കാരന്‍ എന്തുചെയ്യുമെന്ന് പലരും കരുതി. ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും പാകിസ്താനുമെല്ലാം കടലാസിൽ ഇന്ത്യയേക്കാൾ കരുത്തർ. പക്ഷേ, ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് കളങ്ങൾ കണ്ടത് 1983ലേതിന് സമാനമായ തോൽക്കാൻ മനസ്സില്ലാത്ത ഇന്ത്യൻ യുവത്വത്തെ. ശ്രീശാന്ത്, ജോഗീന്ദർ ശർമ, യുവരാജ് സിങ്, ഇർഫാൻ പത്താൻ, ഗൗതം ഗംഭീർ എന്നിവരെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്താൻ ധോണിക്കായി. ഒടുവില്‍ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് മൈതാനത്ത് കുട്ടിക്രിക്കറ്റിന്റെ പ്രഥമ ലോകകിരീടം ഇരുകൈകളിലുമായി ധോണി ഏറ്റുവാങ്ങുമ്പോള്‍ ഇന്ത്യന്‍ തെരുവുകള്‍ എല്ലാം മറന്ന് തുള്ളിച്ചാടി. ചങ്കുതുളക്കുന്ന സമ്മർദങ്ങള്‍ക്കിടയില്‍ പരിചയസമ്പത്തുപോലുമില്ലാത്ത ബൗളര്‍മാരെ വെച്ച് വിജയം കൊയ്തതോടെ കാത്തിരുന്ന നായകന് ഇതാണെന്ന് ക്രിക്കറ്റ് ബോര്‍ഡും ഉറപ്പിച്ചു. ആസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ അഹങ്കാരത്തെ ഉപഭൂഖണ്ഡത്തിലും കംഗാരുക്കളുടെ ഈറ്റില്ലങ്ങളിലും കയറി പലകുറി വെല്ലുവിളിച്ചതോടെ അയാള്‍ വാഴ്ത്തപ്പെട്ടവനായി. 2008ൽ നേടിയ വി.ബി സീരീസ് കിരീടമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആസ്ട്രേലിയയിൽ നടന്ന ഫൈനലിൽ ആസ്ട്രേലിയയെ തോൽപിക്കുന്ന ആദ്യത്തെ നായകനെന്ന പട്ടം ധോണി അണിഞ്ഞു.
പതിയെ മൂന്നു ഫോര്‍മാറ്റിലും കപ്പിത്താന് കുപ്പായമണിഞ്ഞ ധോണി ക്രിക്കറ്റ് അധികാരകേന്ദ്രങ്ങളിലും സ്വാധീനമുറപ്പിച്ചു. സ്വന്തം പ്രഹരശേഷിയിലും തീരുമാനങ്ങളിലുമുള്ള അസാമാന്യ ആത്മവിശ്വാസമാണ് അയാളെ മുന്നോട്ടുനടത്തിയത്. സചിനും സെവാഗും കോഹ്ലിയും പരാജയപ്പെട്ടിടത്ത് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം ചോദിച്ചുവാങ്ങി ക്രീസിലേക്കിറങ്ങാന്‍ അയാള്‍ കാണിച്ച ചങ്കൂറ്റത്തിന്റെ ഫലം കൂടിയായിരുന്നു 2011ലെ ക്രിക്കറ്റ് ലോകകപ്പ് വിജയം. നുവാന്‍ കുലശേഖരയുടെ പന്ത് വാംഖഡെയുടെ ആരവങ്ങളിലേക്ക് താഴ്ത്തിയിറക്കി ലോകകിരീടം നെ ഞ്ചോട് ചേര്‍ക്കുമ്പോഴും അയാള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരുന്നില്ല. എല്ലാം താന്‍ കരുതിയതുപോലെ വന്നുചേര്‍ന്ന നിര്‍വൃതി മാത്രമായിരുന്നു ആ മുഖത്ത്. തൊട്ടുപിന്നാലെ 2013ൽ ഇംഗ്ലണ്ടിൽ വെച്ച് ചാമ്പ്യൻസ് ട്രോഫി കിരീടവും നേടിയതോടെ ധോണി ഐ.സി.സിയുടെ 3 പ്രധാന കിരീടങ്ങളും നേടുന്ന ആദ്യ നായകനായി.
1983ൽ ലോകകപ്പ് കിരീടത്തിനുശേഷം ഐ.സി.സിയുടെ പ്രധാന ട്രോഫികളൊന്നും വിജയിക്കാൻ ഒരു ഇന്ത്യൻ ക്യാപ്റ്റനുമായിരുന്നില്ല. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ 2002ൽ ശ്രീലങ്കയുമായിചാമ്പ്യൻസ് ട്രോഫി കിരീടം പങ്കുവെച്ചതാണ് ഐ.സി.സി ടൂർണമെന്റുകളിലെ വലിയ നേട്ടം. 90കളിലുണ്ടായ ടെലിവിഷൻ ബൂമും ഇന്ത്യൻ ഹോക്കി നേരിട്ട ആഴത്തിലുള്ള പതനവും കുത്തകകളുടെ കച്ചവട താൽപര്യങ്ങളും ചേർന്നപ്പോൾ ഇന്ത്യൻ മണ്ണ് ക്രിക്കറ്റിന് വേരോടാൻ പാകപ്പെട്ടു. മറ്റൊരു കായിക വിനോദത്തിലും കാര്യമായ മേൽവിലാസമില്ലാത്ത ഇന്ത്യക്ക് ക്രിക്കറ്റിലെ വിജയങ്ങൾ വലിയ ആശ്വാസമായി. ക്രിക്കറ്റിൽ നേടുന്ന ചെറിയ വിജയങ്ങളും ഭരണകൂടങ്ങളുടെ കൂടെ ഒത്താശയോടെ നടന്ന പാകിസ്താനുമായുള്ള മത്സരങ്ങളുമെല്ലാം ഇന്ത്യയിൽ ക്രിക്കറ്റ് താരങ്ങളെ ബോളിവുഡ് താരങ്ങളേക്കാൾ വലിയ സൂപ്പർതാരങ്ങളാക്കി. 2000ത്തിലെ കോഴവിവാദവും തുടർന്നുണ്ടായ സ്ഥിരം ഫൈനൽ തോൽവിയും ക്രിക്കറ്റ് ആരാധകരെ വലിയ നിരാശയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാൽ, ധോണി നായകനായതോടെ സ്ഥിതി മാറി. 2007 മുതൽ 2013 വരെയുള്ള ചെറിയ കാലയളവിനുള്ളിൽതന്നെ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു കിരീടങ്ങളും ഇന്ത്യയിലെത്തിച്ചു എന്നതാണ് ധോണിയെ ഇത്രമേൽ സ്വീകാര്യനാക്കിയത്.
ധോണി ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുമായി
2011 ലോകകപ്പ് ഫൈനലിൽ സ്വയം സ്ഥാനക്കയറ്റം നൽകി ഇന്ത്യയെ വിജയശ്രീലാളിതരാക്കിയ തീരുമാനം, മധ്യനിരയിൽ ശരാശരിക്കാരനായി ഒതുങ്ങിക്കൂടിയിരുന്ന രോഹിത് ശർമയെ ഓപണറാക്കി ഉയർത്തിയത്, നിർണായക സമയങ്ങളിൽ ബൗളർമാരെ തിരഞ്ഞെടുക്കാനുള്ള മികവ്, കൈവിട്ടുവെന്ന് കരുതിയ മത്സരങ്ങൾ തിരിച്ചുപിടിക്കാനുള്ള ശേഷി, കൊടുങ്കാറ്റിലുലയുന്ന സാഹചര്യങ്ങളിലും അക്ഷോഭ്യനായി നിലകൊള്ളാനുള്ള കഴിവ് എന്നിവയെല്ലാം ധോണിയെ ക്യാപ്റ്റൻസിയുടെ അവസാന വാക്കാക്കി. 2017 മുതൽ ഇന്ത്യൻ നായക വേഷത്തിൽ കോഹ്ലി എത്തിയെങ്കിലും ടീമിലെ സൂപ്പർ ക്യാപ്റ്റൻ ധോണിതന്നെയായിരുന്നു. തീരുമാനങ്ങൾക്കായി ധോണിയെ നോക്കുന്ന കോഹ്ലിയെ അക്കാലത്ത് ടെലിവിഷൻ കാമറകൾ ഒപ്പിയെടുത്തിരുന്നു.
ഐ.പി.എല്ലിന്റെ ആഘോഷരാവുകളിലും ധോണി തന്നെയായിരുന്നു ഐക്കണ്‍. 2008ലെ പ്രഥമ ഐ.പി.എൽ ലേലത്തിൽ ഏറ്റവും ഉയർന്ന തുകക്ക് ചെന്നൈയിൽ എത്തിയ ധോണി തുടർന്നുള്ള സീസണുകളിലെല്ലാം ചെന്നൈയുടെ അമരക്കാരനായി. ഇടക്കാലത്ത് ചെെന്നെ സൂപ്പര്‍ കിങ്സ് കോഴവിവാദത്തില്‍ അകപ്പെട്ടത് വിശുദ്ധിക്കുമേല്‍ നേരിയ കളങ്കം ചാര്‍ത്തി. ചെന്നൈക്കൊപ്പം 10 ഫൈനലുകളിലാണ് ധോണി കളത്തിലിറങ്ങിയത്. അതിൽ അഞ്ചെണ്ണത്തിൽ കിരീടവും ചൂടി. മറ്റാർക്കുമില്ലാത്ത നേട്ടം. തുടർവിജയങ്ങളിലൂടെയും ദീർഘകാലം നീണ്ട സഹവാസത്തിലൂടെയും തമിഴ് സംസ്കാരത്തിന്റെ ഐക്കണുകളിലൊന്നായി മാറാൻ ധോണിക്കായിട്ടുണ്ട്.
കർണാടകക്കാരനായ രജനീകാന്ത് ദളപതിയായപോലെ ധോണി തമിഴർക്ക് ‘തല’യായി മാറി. തമിഴ്നാട്ടിൽ ഏറ്റവുമധികം സ്വീകാര്യതയുള്ള ഹിന്ദി സംസാരിക്കുന്നയാൾ ധോണിയാണെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. 2020ൽ ചെന്നൈ ചരിത്രത്തിലാദ്യമായി േപ്ലഓഫ് കടക്കാതായപ്പോൾ ധോണിയുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുത്തുകളുണ്ടായി. അവസാന സീസണല്ലേ ഇതെന്ന കമന്റേറ്ററുടെ ചോദ്യത്തോട് ‘ഡെഫനിറ്റ്ലി നോട്ട്’ എന്ന മറുപടി നൽകിയ ധോണി 2021ലെ കിരീടം വീണ്ടും ചെന്നൈയുടെ പേരിൽ തുന്നിച്ചേർത്തു. 2022 സീസണിൽ രവീന്ദ്ര ജദേജയുടെ കീഴിലാണ് ചെന്നൈ എത്തിയത്. സീസൺ പാതിവഴിയിലിരിക്കെ ക്യാപ്റ്റൻസിയെന്ന മുൾക്കിരീടം തലയെ ഏൽപിച്ച് ജദേജ കൈയൊഴിഞ്ഞു. നരവീണുതുടങ്ങിയ താടിയിൽ കളത്തിലിറങ്ങുന്ന ധോണിയിൽ ഇപ്പോഴും എല്ലാവർക്കും പൂർണവിശ്വാസം.
വിമർശനമുകളിൽ
ധോണി ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കലും വിശുദ്ധ പശുവായിരുന്നില്ല. മറ്റേത് ക്യാപ്റ്റനെയുംപോലെ ഒരുപക്ഷേ അതിനേക്കാൾ വലിയ വിമർശനങ്ങൾ ധോണി നേരിട്ടിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ശരാശരിയോ അതിലും താഴെയോ ഉള്ള പ്രകടനമാണ് അതിൽ ഏറ്റവും പ്രധാനം. ധോണിക്ക് കീഴിൽ ഇന്ത്യ നേടിയ ടെസ്റ്റ് വിജയങ്ങളിൽ ഏറെയും സ്വന്തം മണ്ണിലായിരുന്നു. വിദേശത്ത് കളിച്ച 30 ടെസ്റ്റുകളിൽ വിജയം ആറെണ്ണത്തിൽ മാത്രം. 15 എണ്ണത്തിൽ തോൽവിയറിഞ്ഞു. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നടന്ന പര്യടനങ്ങളിലെല്ലാം ഇന്ത്യ തോൽവിയറിഞ്ഞു. ഇതിൽ തന്നെ പലതും അതിദയനീയമായിരുന്നു. 2014ലെ ആസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ 2-0ത്തിന് പിന്നിൽ നിൽക്കേ അപ്രതീക്ഷിതമായി ടെസ്റ്റിൽനിന്നും വിരമിച്ചത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കുന്നവരുമുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം ഒരു വേദിയിൽ
ഐ.പി.എല്ലിലെ തന്റെ ടീം ചെന്നൈ സൂപ്പർ കിങ്സിലെ താരങ്ങൾക്ക് ഇന്ത്യൻ ടീമിലേക്ക് ‘ബൈപാസ്’ ഒരുക്കി എന്നതാണ് മറ്റൊരു വിമർശനം. പല സമയങ്ങളിലും ഇന്ത്യൻ ടീമിൽ ചെന്നൈ താരങ്ങളായ നാലോ അഞ്ചോ പേർ ഉൾപ്പെട്ടിരുന്നതായി കാണാം. ഇതിനെതിരെ ‘സി.എസ്.കെ േക്വാട്ട’ എന്ന് പരിഹാസരൂപത്തിൽ വിമർശനങ്ങളുയർന്നിരുന്നു. തീർച്ചയായും ഇതിൽ പലരും ദേശീയ ജഴ്സി അർഹിച്ചവർ തന്നെയായിരുന്നു. എന്നാൽ ഇതിൽ ചിലരെങ്കിലും ടീമിലുൾപ്പെട്ടതും നിലനിന്നതും ധോണിയുടെ തണലിലായിരുന്നുവെന്ന് നിസ്സംശയം പറയാനാകും.
ഇന്ത്യൻ ടീമിലെ വടവൃക്ഷങ്ങളായിരുന്ന പല സീനിയർ താരങ്ങളെയും അകാല വാർധക്യത്തിലേക്ക് നയിച്ചതിന് പിന്നിൽ ധോണിയുടെ ബുദ്ധിയുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ, ദ്രാവിഡ്, സെവാഗ്, ഇർഫാൻ പത്താൻ, ഗൗതം ഗംഭീർ തുടങ്ങിയ പല വന്മരങ്ങളും പലപ്പോഴായി വീണു. അർഹിച്ച വിരമിക്കൽ മത്സരംപോലും ലഭിക്കാതെയാണ് ഇവരിൽ പലരും ടീമിൽനിന്നും പടിയിറങ്ങിയത്. പക്ഷേ അതിന് താത്ത്വിക ന്യായീകരണങ്ങള്‍ നല്‍കിയും പകരക്കാരെ സൃഷ്ടിച്ചും സ്വയം പ്രതിരോധം തീര്‍ക്കാനുള്ള മിടുക്ക് ധോണിക്കുണ്ടായിരുന്നു.
2019 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ റൺഔട്ടായി മടങ്ങുന്ന ധോണി. താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്
കരിയറിലെ രണ്ടാം പകുതിയിൽ ധോണി പലപ്പോഴും ടീമിൽ തുടർന്നത് അന്യായമാണെന്ന് കരുതുന്നവരേറെയുണ്ട്. അത് സമർഥിക്കാൻ കണക്കുകൾ പര്യാപ്തവുമാണ്. ബാറ്റിങ്ങിലെ മെല്ലെപ്പോക്കും നേരത്തേ ജയിക്കാൻ കഴിയുന്ന മത്സരങ്ങൾ അവസാന ഓവർ വരെ ദീർഘിപ്പിക്കുന്നതും വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ബാറ്റിങ്ങിലെ പ്രതാപം മങ്ങിയപ്പോൾ പിടിച്ചുനില്ക്കാന് പോന്ന ചില പൊടിെക്കെകള് ധോണിയുടെ കൈയിലുണ്ടായിരുന്നു. കൃത്യമായി അളക്കുന്ന റിവ്യൂ അപ്പീലുകളിലൂടെയും ടൈമറിനെപ്പോലും കവച്ചുവെക്കുന്ന റണ്ഔട്ടുകളിലൂടെയുമാണ് ധോണി തന്റെ സാന്നിധ്യം അറിയിച്ചത്. ധോണി അനർഹമായി ടീമിൽ തുടരുന്നു എന്ന വിമർശനം ഉയരുന്ന വേളയിൽ പ്രാപ്തിയുള്ള അനേകം വിക്കറ്റ് കീപ്പർമാർ പുറത്തുണ്ടായിരുന്നു.
ധോണിയുടെ കീഴിൽ ഇന്ത്യ നേടിയ വിജയങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി 2007ലെ ട്വന്റി 20 ലോകകപ്പ് വിജയം ആഘോഷമാക്കുമ്പോൾ 2009, 2010, 2012, 2014, 2016 വർഷങ്ങളിലെ ഇന്ത്യൻ പ്രകടനംകൂടി പരിഗണിക്കണമെന്ന് ഇവർ പറയുന്നു. 2014ലെ ഫൈനൽ പ്രവേശം മാറ്റിനിർത്തിയാൽ മറ്റു പലതിലും ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നുവെന്നും കാണാം. സൗരവ് ഗാംഗുലി ഉഴുതുമറിച്ച ഇന്ത്യന്ക്രിക്കറ്റില്നിന്നും ധോണി വിളവ് കൊയ്യുകയായിരുന്നെന്നാണ് മറ്റൊരു ആരോപണം. ഗാംഗുലി വളർത്തിക്കൊണ്ടുവന്ന സെവാഗ്, യുവരാജ്, സഹീർ ഖാൻ തുടങ്ങിയ താരങ്ങൾ ധോണിയുടെ വിജയങ്ങളിൽ വലിയ പങ്കുവഹിച്ചതാണ് ഇൗ ആരോപണത്തിന് കാരണം. എന്നാൽ അങ്ങനെയല്ല, ഗാംഗുലിയുടെ ചെടികളെ വെള്ളവും വളവും നല്കി ധോണി വളർത്തിയെടുക്കുകയായിരുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ക്രിക്കറ്റിനപ്പുറത്തെ ധോണി
സാമൂഹികബോധത്താൽ പ്രചോദിതമായ വീര്യത്തോടെയാണ് ഓരോ കരീബിയൻ ക്രിക്കറ്റ് താരവും കളത്തിലിറങ്ങിയിരുന്നതെന്ന് മാർക്സിസ്റ്റ് ചിന്തകൻ സി.എൽ.ആർ. ജെയിംസ് തന്റെ ആത്മകഥാംശമുള്ള ‘ബിയോണ്ട് എ ബൗണ്ടറി’യിൽ (Beyond a Boundary) പങ്കുവെക്കുന്നുണ്ട്. കൊളോണിയലിസത്തിന്റെ ഉൽപന്നമായ ഒരു ഗെയിമിനെ എങ്ങനെ കൊളോണിയലിസത്തിനെതിരായ പോരാട്ടമാക്കി വെസ്റ്റിൻഡീസുകാർ മാറ്റിയെന്ന് ജെയിംസ് വിശദീകരിക്കുന്നു. സ്റ്റീവൻ റിലി സംവിധാനം ചെയ്ത ‘ഫയർ ഇൻ ബാബിലോൺ’ എന്ന ക്രിക്കറ്റ് ഡോക്യുമെന്ററിയിൽ വിൻഡീസ് പേസ് ബൗളർ മൈക്കൽ ഹോൾഡിങ് പറയുന്ന വാക്കുകളിൽ ആ തീക്ഷ്ണത നമുക്ക് കാണാം: “We wanted to be able to show Englishmen, ‘You brought the game to us, and now we’re better than you.’” കരീബിയയിലേതിന് സമാനമായ കാലത്തുതന്നെയാണ് ബാറ്റും ഡ്യൂക്സ് ബാളുമായി ഇംഗ്ലീഷുകാർ ഇന്ത്യയിൽ കപ്പലിറങ്ങുന്നത്. എന്നാൽ, ഇന്ത്യയിലത് സവർണ ജാതിക്കാരുടെയും വരേണ്യരുടെയും കളിയായിരുന്നു. ഫ്യൂഡൽ പ്രഭുക്കളും രാജാക്കൻമാരും ഇന്ത്യൻ ഉപരിവർഗവും ചേർന്ന് വളർത്തിയ ക്രിക്കറ്റിന്റെ സ്ഥാനം ഹോക്കിക്കും ഫുട്ബാളിനും താഴെയായിരുന്നുവെന്നും കാണാം.
പക്ഷേ, 1983ലെ ലോകകപ്പ് വിജയം ഇന്ത്യൻ കായികരംഗത്തെ എന്നത്തേക്കുമായി മാറ്റിയെടുത്തു. കളർ ടി.വിയുടെ വരവും സാമ്പത്തിക ഉദാരവത്കരണും അതിനെ പുതിയ തലത്തിലേക്ക് ഉയർത്തി. ആദ്യകാലങ്ങളിൽ ഇംഗ്ലണ്ട്-ആസ്ട്രേലിയ ദ്വന്ദങ്ങളിലായിരുന്നു ക്രിക്കറ്റിന്റെ വികാസമെങ്കിൽ പിന്നീടത് ഇന്ത്യ-പാകിസ്താൻ ദ്വന്ദനിർമിതിയിലേക്ക് കുടിയേറി. അതിർത്തിയിലെ സൈനികർക്ക് പിന്തുണയുമായി ആർമി യൂനിഫോമിനെ പ്രതിനിധാനംചെയ്യുന്ന ഗ്ലൗസണിഞ്ഞ് കളത്തിലെത്തിയതാണ് ധോണി കളിക്കളത്തിൽ പ്രകടിപ്പിച്ച ഏറ്റവും വലിയ ‘രാഷ്ട്രീയ നിലപാട്’. എന്നാൽ ഇത് ധോണിയുടെ മാത്രം ബലഹീനതയല്ല, സചിൻ ടെണ്ടുൽകറും വിരാട് കോഹ്ലിയും അടക്കമുള്ള ബിംബങ്ങളിലും അതിദേശീയതയുടെ തിരയിളക്കങ്ങൾ കാണാം. കച്ചവടവും അധികാരവും നിലനിർത്തുന്ന ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾക്ക് കരീബിയൻ താരങ്ങളുടെ നിലപാടുബലം പ്രതീക്ഷിക്കാൻ വയ്യ. ശ്രീലങ്കയിലെ വംശീയ കലാപത്തിനെതിരെ വൈകാരികമായി പ്രതികരിക്കുന്ന കുമാർ സംഗക്കാരയോ മുഈൻ അലിക്കെതിരായ വംശീയ ആക്രമണത്തെ ചെറുക്കുന്ന ജോഫ്ര ആർച്ചറോ ആകാൻപോലും കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അപൂർവം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം ഒരു വേദിയിൽ
കളിയിലെ പൂർണമായ വിരമിക്കലിനുശേഷം ധോണി രാഷ്ട്രീയത്തിലേക്ക് ചേക്കേറുമെന്ന് കരുതുന്നവരുണ്ട്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ ധോണിയെ സന്ദർശിച്ചത് ഏറെ അഭ്യൂഹങ്ങൾക്ക് വഴിതുറന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും വിഷയത്തിലുണ്ടായില്ല. യു.പി.എ ഭരണകാലത്ത് രാഹുൽ ഗാന്ധിയെ സന്ദർശിച്ച അനുഭവവുമുണ്ട്.
ഇന്ത്യയുടെ പോപുലർ കൾചറിന്റെ ഭാഗമായി ധോണിയെന്ന താരം ഏറെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘എം.എസ്. ധോണി, ദി അൺടോൾഡ് സ്റ്റോറി’യാണ് ഇതിൽ പ്രധാനപ്പെട്ടത്. ഖുസെമ ഹവെലിവാലയുടെ സംവിധാനത്തിൽ അഞ്ച് എപ്പിസോഡുകളിലായി പുറത്തിറങ്ങിയ ‘റോർ ഓഫ് ദി ലയൺ’ മറ്റൊരു ഉദാഹരണം. ധോണിയെക്കുറിച്ച് ഡസൻ കണക്കിന് പുസ്തകങ്ങളും ഇക്കാലയളവിൽ പുറത്തുവന്നിട്ടുണ്ട്. ഭരത് സുദർശന്റെ ‘ദി ധോണി ടെച്ച്’, ഇന്ദ്രാനി റായിയുടെ ‘ക്യാപ്റ്റൻ കൂൾ’, ജോയ് ഭട്ടാചാര്യയുടെ ‘അൺടോൾഡ് ധോണി’ എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.