2022 ഡിസംബർ 29ന് വിടപറഞ്ഞ, ഫുട്ബാൾ ഇതിഹാസം പെലെയെ ഓർമിക്കുന്നു. എന്തായിരുന്നു പെലെ കായികപ്രേമികൾക്ക് നൽകിയത്? എന്തായിരുന്നു ആ ജീവിതം?
‘‘നന്നായി പരിശീലിക്കുമായിരുന്നു ഞാനന്ന്. എന്നും ഒരു പെർഫക്ഷനിസ്റ്റുമായിരുന്നു. ഇടങ്കാലിന്റെ മിടുക്ക് വർധിപ്പിക്കുന്നതിനാണ് അന്ന് കൂടുതൽ ഊന്നിയത്. വലങ്കാലുമായി താരതമ്യം ചെയ്യുമ്പോൾ അത്ര കരുത്തുറ്റതല്ല എന്ന് തോന്നിയതുകൊണ്ടായിരുന്നു അത്. ഹെഡറുകൾ നിരന്തരം പ്രാക്ടീസ് ചെയ്തു. അതിനായി പന്ത് കെട്ടിത്തൂക്കിയിടുന്നതുപോലുള്ള ചില സൂത്രപ്പണികളുടെ സഹായവും തേടിയിരുന്നു. സാന്റോസിൽ നല്ല ജിംനേഷ്യമുണ്ടായിരുന്നു. അതും ഉപയോഗപ്പെടുത്തി. ഒരു വർഷത്തോളം കരാട്ടേ പഠിച്ചു. എങ്ങനെ വീഴണമെന്നതും ചാടണമെന്നതുമൊക്കെ വശത്താക്കാനായിരുന്നു അത്. അതിനുശേഷം ജൂഡോ പഠിക്കാനായി ശ്രമം. ബാലൻസും ചുറുചുറുക്കും നേടാൻ അതെന്നെ ഏറെ സഹായിച്ചു. എതിരാളികളെ ഡ്രിബ്ൾ ചെയ്ത് മുന്നേറുമ്പോൾ ഞാൻ ഒട്ടും വീണുപോകാറില്ലായിരുന്നു’’ -തന്റെ ആത്മകഥയിൽ പെലെ എഴുതിയത്.
***
1958ലെ ലോകകപ്പ് ഫുട്ബാളിനുള്ള ബ്രസീൽ ടീം പ്രഖ്യാപിക്കുന്നു. ഹോവോ റാമോസ് ഡോ നാസിമെന്റോ എന്ന വലിയ പേരിനുടമയായ ഡോൺഡിഞ്ഞോ, മിനാസ് ജെറെയ്സിലെ ട്രേസ് കൊറാസിയോസിലെ തന്റെ വീട്ടിൽ റേഡിയോ വാർത്തക്കായി കാതുകൂർപ്പിച്ചിരിക്കുകയാണ്. അപ്പോൾ, താൻ കാത്തിരുന്ന പേര് ആ കൂട്ടത്തിൽ വിളിച്ചുപറഞ്ഞോ എന്ന് അയാൾക്ക് സംശയമുണ്ടായിരുന്നു. 17കാരനായ സ്വന്തം മകൻ പെലെയുടെ പേരാണ് റേഡിയോയിൽ കേട്ടതെന്ന് അയാൾക്ക് തോന്നിയിരുന്നു. പക്ഷേ, ഉറപ്പുണ്ടായിരുന്നില്ല. ഫ്ലുമിനെൻസിന് കളിക്കുന്ന ‘ടെലെ’യുടെ പേരാണോ പറഞ്ഞതെന്ന നേരിയ സംശയം അപ്പോഴും ബാക്കിയുണ്ടായിരുന്നു. ഒടുവിൽ സംശയനിവാരണത്തിനുള്ള ചുമതല മകൻ പെലെതന്നെ ഏറ്റെടുത്തു. അവൻ താൻ കളിച്ചുകൊണ്ടിരിക്കുന്ന സാന്റോസ് ക്ലബുമായി ബന്ധപ്പെട്ടു. ചെയർമാൻ മോഡസ്റ്റോ റോമയാണ് മറുപടി നൽകിയത്. ‘‘ഏയ് കുട്ടീ...നീ ബ്രസീലിന്റെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.’’
അതൊരു ചരിത്രപ്പിറവിയായിരുന്നു. പൈലറ്റാകാൻ മോഹിച്ച പയ്യൻ 1958 മേയ് 24ന് ആദ്യമായി അത്യുയരങ്ങളുടെ ആകാശങ്ങളിലേറി. ലോകകപ്പ് അരങ്ങേറുന്ന സ്വീഡനിലേക്കായിരുന്നു അവന്റെ ആദ്യ വിമാനയാത്ര. കളിയുടെ സമസ്ത കണക്കുകൂട്ടലുകൾക്കുംമേൽ, അസാധ്യമെന്നു തോന്നുന്ന ആംഗിളുകളിൽനിന്ന് പുത്തൻ ഗോൾമുഖങ്ങളിലേക്ക് അയാൾ നിരന്തരം കയറിയെത്തിയ വീരകഥകളുടെ തുടക്കമായിരുന്നു അത്.
ആ യാത്രയിൽ മനസ്സു വേദനിക്കുന്നുണ്ടായിരുന്നു പെലെക്ക്, ഒപ്പം കാൽമുട്ടും. ലോകകപ്പിന് മുന്നോടിയായി കൊറിന്ത്യൻസിനെതിരെ നടന്ന പരിശീലന മത്സരത്തിൽ ആരി ക്ലമന്റ് പെട്ടെന്നെവിടുന്നോ പൊട്ടിവീണതുപോലെ ആ ടാക്ലിങ്ങിനൊരുങ്ങിയത് പെലെക്ക് അതിശയമായിരുന്നു. ഡ്രിബ്ൾ ചെയ്തു കയറാനാണ് ശ്രമിച്ചത്. പക്ഷേ, ക്ലമന്റിന്റെ കാൽ കൃത്യമായി പെലെയുടെ വലതു കാൽമുട്ടിൽ പതിച്ചു. അവിടെ വീണു. സ്ട്രെച്ചറിൽ മൈതാനത്തിന് പുറത്തേക്ക് നീങ്ങുമ്പോൾ ആകാംക്ഷയോടെ പെലെ നോക്കിയത് ടീം ഡോക്ടർ ഹിൽട്ടൺ ഗോസ്ലിങ്ങിന്റെയും ഫിസിയോ മരിയോ അമേരികോയുടെയും മുഖത്തേക്കായിരുന്നു. സ്വീഡനിലേക്ക് പോകാൻ കഴിയുമോ എന്ന ആശങ്കയായിരുന്നു ഉള്ളുനിറയെ. ബ്രസീലിയൻ ഡെലിഗേഷൻ മേധാവി ഡോ. പൗളോ മച്ചാഡോ ഡി കാർവാലോയോട് സംസാരിച്ചു. ‘‘ടീമിന് ഭാരമാകാൻ ആഗ്രഹിക്കുന്നില്ല’’ എന്ന് അദ്ദേഹത്തോട് പെലെ പറഞ്ഞു. പെലെയുടെ പരിക്ക് ദേഭമാകുമെന്ന വിശ്വാസത്തിലായിരുന്നു പൗളോ. ടീമിൽ ഉൾപ്പെടുത്തണോ, പകരം മറ്റൊരാളെ എടുക്കണോ എന്ന കൂലങ്കഷമായ ചർച്ചക്കൊടുവിലാണ് കൗമാരതാരത്തെ സ്വീഡനിലേക്ക് കൊണ്ടുപോകാൻ അവസാനഘട്ടത്തിൽ തീരുമാനിച്ചത്.
ടീം ഡെന്റിസ്റ്റ് ഡോ. മരിയോ ട്രിഗോ ആളൊരു രസികനായിരുന്നു. സ്വീഡനിലേക്കുള്ള വിമാനയാത്ര രസകരമാക്കാൻ അയാൾ ആവുന്നതൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പെലെയായിരുന്നു തമാശകളുടെ കേന്ദ്രബിന്ദു. ബ്രസീലിയൻ ടി.വി പ്രോഗ്രാമിന്റെ പേരായ ‘സ്കൈ ഈസ് ദ ലിമിറ്റ്’ എന്ന പേരിൽ ക്വിസ് പരിപാടി നടത്തുമ്പോൾ ഡോ. മരിയോയുടെ ചോദ്യങ്ങളേറെയും പെലെയോടായിരുന്നു- ‘‘ഇറ്റലിയുടെ തലസ്ഥാനമേതാണ്?’’ ഒട്ടും അമാന്തിക്കാതെ പെലെ മറുപടി പറഞ്ഞു, ‘അറകജു’. ബ്രസീലിലെ സെർഗിപെ സ്റ്റേറ്റിന്റെ തലസ്ഥാനമാണ് കൊച്ചുപട്ടണമായ അറകജു. സഹതാരങ്ങൾ തലതല്ലിച്ചിരിക്കുന്നതിനിടയിൽ മരിയോയുടെ അടുത്ത ചോദ്യം -‘‘ലോകത്തെ ഏറ്റവും വലിയ നഗരമേതാണ്?’’ ഒരു നിമിഷംപോലും ചിന്തിക്കാതെ പെലെ ഉടൻ ഉത്തരം നൽകി -‘‘റെയ്സ് ഡാ സേറ’’. വിഖ്യാത താരം ഗാരിഞ്ചയുടെ ജന്മദേശമായ ബ്രസീലിയൻ നഗരമാണത്. ചിരി ഒന്നുകൂടി കനത്തു. യാത്ര സന്തോഷകരമായി മുന്നോട്ടുപോയി. താൻ കളിയാക്കലിന്റെ നടുവിൽ നിൽക്കുന്നതൊന്നും പെലെക്ക് വിഷയമായിരുന്നില്ല. കന്നിയാത്ര നടത്തുന്ന നാവികനെപ്പോലെ അവനും സന്തോഷത്തിലായിരുന്നു. കാരണം, ആ തമാശകൾക്കും ചിരിക്കുമിടയിൽ, വേദനിക്കുന്ന കാൽമുട്ടിൽനിന്ന് മനസ്സിനെ അവൻ മറ്റിടങ്ങളിലേക്ക് മാറ്റിവെച്ചിരുന്നു. അതുവരെ ലോകമെന്തെന്നറിയാത്ത കൊച്ചു പെലെ, ഡോ. മരിയോയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമറിയാതെ പറന്നുകൊണ്ടിരുന്നത്, ലോകമറിയുന്ന താരമാകാനുള്ള പുതിയ വിഹായസ്സിലേക്കായിരുന്നുവെന്ന് മാത്രം.
സമർപ്പണങ്ങളുടെ സഹയാത്രികൻ
ഒരുപാട് ഘടകങ്ങൾ ചേർന്നാണ് പെലെയിലെ അസാമാന്യ താരം രൂപംകൊണ്ടത്. ആത്മകഥയിൽ പെലെ തുറന്നെഴുതിയതുപോലുള്ള സമർപ്പണങ്ങൾ അതിനു പിന്നിലുണ്ടായിരുന്നു. കരുത്തേറിയ ആയുധങ്ങൾ പ്രയോഗിച്ച് കത്തിത്തെളിയുന്നതിനപ്പുറം, തന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് ആ മേഖലകളിലും മൂർച്ച കൂട്ടുകയായിരുന്നു കരിയറിന്റെ തുടക്കത്തിൽ പെലെ അവലംബിച്ച രീതി. ഇരുകാലുകളുടെ ഷൂട്ടിങ് പവറും ഹെഡറുകളുടെ മൂർച്ചയും ഡ്രിബ്ലിങ്ങിലെ കൗശലവുമൊക്കെ പ്രതിഭയും പരിശീലനവും ചേർന്ന മുന്നൊരുക്കങ്ങളുടെ പ്രതിഫലനമാണ്. ട്രേസ് കൊറാസിയോസിലെ തെരുവുകളിൽ പഴയ ഷൂകൾ ഗോൾപോസ്റ്റാക്കിയ ലക്ഷ്യങ്ങൾ. അതിനുള്ളിലേക്ക് സോക്സിനകത്ത് കടലാസ് കുത്തിനിറച്ച് നാരുകൊണ്ട് കെട്ടിയുണ്ടാക്കിയ പന്തടിച്ചുകയറ്റിയായിരുന്നു ആനന്ദങ്ങളുടെ തുടക്കം. പന്തിന്മേൽ അതിശയകരമായ നിയന്ത്രണം പുലർത്താൻ കരിയറിൽ കരുത്തുപകർന്നത് ആ നീക്കങ്ങൾ തന്നെയാവണം. പിന്നെ, പെലെതന്നെ സാക്ഷ്യപ്പെടുത്തിയതുപോലെ, ഇൻഡോറിൽ കളിച്ചുകൊണ്ടിരുന്ന ഫുട്സാൽ മത്സരങ്ങളും.
ടീമിൽ അഞ്ചു പേർ വീതമുള്ള ഫുട്സാൽ കളികളിൽ ബാലനായിരിക്കേ തന്നെ പെലെ പയറ്റാനിറങ്ങിയിരുന്നു. ചെറിയ കോർട്ടായതിനാൽ കളിക്കാർ വളരെ അടുത്തായിരിക്കും. ഫുട്ബാൾ കോർട്ടിലെ വിശാലതയും സമയവുമൊന്നും ഫുട്സാലിനില്ല. അവിടെ വെട്ടൊന്ന്, മുറി രണ്ട് എന്നതാണ് തത്ത്വം. പ്രതിരോധിക്കാൻ തൊട്ടടുത്ത് എതിരാളികൾ നിൽക്കുമ്പോൾ കൂടുതൽ വേഗത്തിൽ ചിന്തിക്കാനും ഉടനടി തീരുമാനം നടപ്പാക്കാനും കഴിയണം. മുൻനിരയിൽ അസാധ്യമെന്നു തോന്നുന്ന നീക്കങ്ങളിലേക്ക് പെലെക്ക് പിൽക്കാലത്ത് കരുത്ത് പകർന്നതിൽ ഫുട്സാൽ വഹിച്ച പങ്ക് വലുതാണ്. ‘‘വെള്ളത്തിലിട്ട മീനിനെപ്പോലെ എന്നതുപോലെയാവണം ഫുട്സാൽ കളങ്ങളിൽ’’ -പെലെ പിന്നീട് അതേക്കുറിച്ച് പറഞ്ഞതിങ്ങനെ. 14 വയസ്സുള്ളപ്പോൾതന്നെ മുതിർന്നവർക്കൊപ്പം ഫുട്സാലിൽ സജീവമായിരുന്നു അദ്ദേഹം. ഒരുതവണ പ്രായക്കുറവ് കാരണം തുടക്കത്തിൽ ഒരു ടൂർണമെന്റിൽ കളിക്കാൻ സമ്മതിച്ചില്ല. ഒടുവിൽ കാലുപിടിച്ച് സമ്മതിച്ചതിനൊടുവിൽ 14 ഗോളുമായി ആ ടൂർണമെന്റിലെ ടോപ്സ്കോററായാണ് കളത്തിൽനിന്ന് തിരിച്ചുകയറിയത്.
സെതെ ഡി സെതെംബ്രോ, കാന്റോ ഡോ റയോ, സാവോ പൗളിഞ്ഞോ, അമേരിക്വിഞ്ഞ, ബൗറു അത്ലറ്റികോ ക്ലബ് ജൂനിയേഴ്സ്... ചെറുപ്പകാലത്ത് ഈ ക്ലബുകൾക്കൊക്കെ വേണ്ടി ഗോളുകളടിച്ചുകൂട്ടുമ്പോൾ പെലെയുടെ ഫിനിഷിങ് പാടവത്തിന് കരുത്തേറുകയായിരുന്നു. 1958ൽ സ്വീഡനെതിരെ ഫൈനലിൽ പെലെ നേടിയ ബ്രസീലിന്റെ മൂന്നാംഗോൾ കൗമാരത്തിലേ വളർച്ചമുറ്റിയ പ്രതിഭയുടെ ബ്രില്യൻസിന്റെ സാക്ഷ്യമായിരുന്നു. നിൽറ്റൺ സാന്റോസിന്റെ പാസ് നെഞ്ചിലെടുത്ത് കാലിലിറക്കിയ പെലെ, തുടകൊണ്ട് പന്ത് ഉയർത്തിയിട്ടത് തടയാനെത്തിയ ജൂൾ ഗുസ്താവ്സണിന്റെ തലക്ക് മുകളിലൂടെ. ശങ്കിച്ചുനിന്ന സ്വീഡിഷ് ഡിഫൻഡറെ വട്ടംചുറ്റി മറികടന്ന് പന്ത് നിലംതൊടുംമുമ്പേ വലയിലേക്ക്. ഫുട്ബാൾ ചരിത്രത്തിലെ കണ്ണഞ്ചും ഗോളുകളിലൊന്ന് പിറവികൊള്ളുന്നത് പെലെയുടെ പതിനേഴാം വയസ്സിലായിരുന്നു. പിന്നീട് തനിക്കിഷ്ടപ്പെട്ട ഗോൾ അതാണെന്ന് പെലെ പലവട്ടം പറഞ്ഞിട്ടുണ്ട്. പുഷ്കാസിന്റെ ‘ഡ്രാഗ്ബാക്കും’, ക്രൈഫിന്റെ ‘ടേണും’ മറഡോണയുടെ ‘ഗംബേറ്റ’യും പോലെ പെലെയുടെ സിഗ്നേച്ചർ മൂവായിരുന്നു അത്. ‘‘ആ ഗോൾ ഞാൻ അത്രയേറെ ഇഷ്ടപ്പെടാൻ കാരണം, ഞാനന്ന് വളരെ ചെറുപ്പമായിരുന്നു എന്നതുകൊണ്ടാണ്. ഒപ്പം, അതുപോലൊരു ഗോൾ അതിനുമുമ്പ് മറ്റാരും കണ്ടിട്ടില്ല എന്നതുകൊണ്ടും’’ -ആത്മകഥയിൽ പെലെ വിശദീകരിക്കുന്നതിങ്ങനെ.
കളത്തിൽ പെലെ എല്ലാമായിരുന്നു...
പെലെ എല്ലാം തികഞ്ഞൊരു സ്ട്രൈക്കർ മാത്രമായിരുന്നുവെന്നും ഡീഗോ മറഡോണയെയോ ലയണൽ മെസ്സിയെയോ പോലെ കളിയെ സവിസ്തരം നിയന്ത്രിക്കുന്ന കംപോസറായി തിളങ്ങാൻ കഴിഞ്ഞില്ലായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ, അത് പെലെയുടെ െഫ്ലക്സിബിലിറ്റിയെ അറിയാത്തതുകൊണ്ടുള്ള വാദമുഖങ്ങളാവണം. ബ്രസീൽ കോച്ചായിരുന്ന ജോവോ സൽദാഞ്ഞയോട് ‘‘നിങ്ങളുടെ ടീമിലെ മികച്ച ഗോൾകീപ്പർ ആരാണ്?’’ എന്ന് ഒരു ബ്രസീലിയൻ ജേണലിസ്റ്റ് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ‘‘പെലെ’’ എന്നായിരുന്നു. അയാൾ ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്നവനാണ് എന്നായിരുന്നു ഇതിന് സൽദാഞ്ഞയുടെ വിശദീകരണം. ബ്രസീലിെന്റ സുവർണകാലത്ത് ദിദിയും വാവയും ഗാരിഞ്ചയും ജഴ്സിഞ്ഞോയുമടക്കമുള്ളവർ മധ്യനിര വാഴാനുള്ളപ്പോൾ പെലെയുടെ സേവനം മുന്നണിയിൽ കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. അതല്ലെങ്കിൽ, പെലെ മധ്യനിരയിലെ ലക്ഷണമൊത്ത ഓർക്കസ്ട്രേറ്ററായി മാറിയേനെ എന്നു കരുതുന്നവരേറെയാണ്.
കരിയറിന്റെ തുടക്കത്തിൽതന്നെ അറ്റാക്കിങ് പൊസിഷനുകളുടെ സകല വകഭേദങ്ങളിലും പെലെ നിറഞ്ഞാടിയിരുന്നു. പെനാൽറ്റി ഏരിയക്കുള്ളിലെ മെയിൻ സ്ട്രൈക്കറും സെന്റർ ഫോർവേഡുമൊക്കെ അയാൾക്ക് നന്നായിണങ്ങുന്ന റോളുകളായിരുന്നു. സ്കില്ലുകളുടെ ധാരാളിത്തം, കൂടുതൽ പിന്നോട്ടിറങ്ങി കളിക്കാനും പെലെക്ക് കരുത്തുനൽകി. ഇൻസൈഡ് ഫോർവേഡോ സെക്കൻഡ് സ്ട്രൈക്കറോ വൈഡ് ഫോർവേഡോ... ഏതു പൊസിഷനിലും പെലെ അതിശയിപ്പിക്കുന്ന രീതിയിൽ ഫിറ്റായിരുന്നു. കരിയറിന്റെ അവസാനകാലത്ത് സ്ട്രൈക്കർമാർക്കു പിന്നിലായി േപ്ലമേക്കറുടെ റോളിൽ അയാൾ സ്വയം വിന്യസിച്ചു. പലപ്പോഴും അറ്റാക്കിങ് മിഡ്ഫീൽഡറുമായി. സ്പീഡും ക്രിയേറ്റിവിറ്റിയും ടെക്നിക്കൻ സ്കില്ലും സ്റ്റാമിനയുമൊക്കെച്ചേർന്ന് അഞ്ചടി എട്ടിഞ്ചിന്റെ ‘ഉയരക്കുറവിനിടയിലും’ മുൻനിരയിൽ പെലെ ആജാനുബാഹുക്കളായ എതിർ ഡിഫൻഡർമാരെ പുഷ്പംപോലെ മറികടന്ന് തുരുതുരാ ഗോളുകളടിച്ചു. ഉയർന്നുചാടാനുള്ള മിടുക്കും ഹെഡറുകളിലെ കൃത്യതയും ചാട്ടുളി കണക്കെയുള്ള ഷോട്ടുകളും കണ്ണഞ്ചിക്കുന്ന ഫ്രീകിക്കുകളും പിഴക്കാത്ത പെനാൽറ്റികളുമൊക്കെയായി അയാൾ എല്ലാംകൊണ്ടും കളത്തിൽ പൂർണനായിരുന്നു.
ആദ്യ ഗ്ലോബൽ സൂപ്പർസ്റ്റാർ
കളിയിലെ ആദ്യ ഗ്ലോബൽ സൂപ്പർസ്റ്റാറായിരുന്നു പെലെ. വലകുലുക്കങ്ങളാണ് അന്തിമമായി വിധിനിർണയിക്കുന്നതെന്നതിനാൽ, ഫുട്ബാൾ പബ്ലിക്കിന് അയാളെന്നും പൂർണതയുടെ പര്യായമായിരുന്നു. വേഗം, കരുത്ത്, പന്തടക്കം, ബുദ്ധിവൈഭവം, ഫിനിഷിങ്... എല്ലാം ചേരുംപടി ചേർന്ന അതിശയമായിരുന്നു പെലെ. അയാളെപ്പോലെ, നിമിഷാർധങ്ങളുടെ ഞൊടിയിടയിലും പഴുതുകളില്ലെന്നുതോന്നുന്ന പ്രതിരോധ ദുർഗങ്ങൾക്കിടയിലും അവിശ്വസനീയമായി വെടിപൊട്ടിക്കാൻ കഴിയുന്ന വേട്ടക്കാർ കളിയുടെ പുൽമേട്ടിൽ അധികം പിറവികൊണ്ടിട്ടില്ല. കളിച്ച കാലത്ത് അയാൾ അടിച്ചുകൂട്ടിയ 1,283 ഗോളുകളിലും 90 ഹാട്രിക്കുകളിലുമൊക്കെ ആ മാന്ത്രികത മുറ്റിനിൽക്കുന്നുണ്ട്. പെലെ അടിച്ചതുപോലെ ആയിരത്തിലേറെ ഗോളുകളടിച്ചുകൂട്ടിയവരുണ്ടായിട്ടില്ല ഇതേവരെ. ഇനിയുള്ള കാലത്തും അതു നടക്കുമെന്നുറപ്പില്ലാത്ത ലോകത്ത്, അയാൾ അടിച്ചതുപോലെ മിടുക്കുള്ള ഗോളുകൾ അടിച്ചുകാട്ടുന്നവരെ അംഗീകരിക്കുകയായിരുന്നു പിന്നീട് ഫുട്ബാൾ ചെയ്തുകൊണ്ടിരുന്നത്.
പെലെ കളിയെ അങ്ങേയറ്റം സ്നേഹിച്ചു, കളി അയാളെയും. രണ്ടും തമ്മിൽ പാരസ്പര്യങ്ങളേറെയായിരുന്നു. കളിയിൽ ഇതുപോലെ ‘സന്തോഷം’ കൊണ്ടുവന്നവരില്ല എന്നതാണ് പെലെയെ ഇതിഹാസങ്ങളുടെ നിരയിൽ വേറിട്ടുനിർത്തുന്നത്. കളിയെ ഉപാസിച്ച പെലെ, അച്ചടക്കവും സ്പോർട്സ്മാൻഷിപ്പും വിട്ടുകളിക്കാൻ മെനക്കെട്ടിരുന്നില്ല. വിശുദ്ധമായിരുന്നു പെലെയുടെ ഫുട്ബാൾ. എതിരാളികളുടെ വല കുലുങ്ങുന്നതിലേക്കായിരുന്നു അയാളുടെ നോട്ടമത്രയും. തുടക്കംതന്നെ അങ്ങനെയായിരുന്നു. 16 വർഷവും ഒമ്പതു മാസവും പ്രായമുള്ളപ്പോൾ അർജന്റീനക്കെതിരെ മാറക്കാനയിൽ നടന്ന മത്സരത്തിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ആ കളി തോറ്റെങ്കിലും ഗോളടിച്ചുകൊണ്ടാണ് വരവറിയിച്ചത്. അന്ന് ബ്രസീലിനുവേണ്ടി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പകിട്ടുമായാണ് ഒരുപാട് റെക്കോഡുകളിലേക്കുള്ള കുതിപ്പിന്റെ തുടക്കം. ഇപ്പോൾ 65 വർഷം പിന്നിട്ടിട്ടും ആ റെക്കോഡ് പെലെ എന്ന പേരിനൊപ്പംതന്നെ ചേർത്തുകെട്ടിയാണുള്ളത്.
സാന്റോസിലെ കാൽഡിയേര സ്റ്റേഡിയത്തിൽ പെലെയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ
‘ബ്യൂട്ടിഫുൾ ഗെയിം...’ ആ പ്രയോഗം ഫുട്ബാളിന്റെ കുമ്മായവരക്കുള്ളിലെത്തിയത് പത്താം നമ്പർ കുപ്പായമിട്ടായിരുന്നു. ആ പ്രയോഗത്തെ മഹത്വവത്കരിച്ചതിന്റെ ക്രെഡിറ്റ് പെലെ എന്ന ഇതിഹാസത്തിന് സ്വന്തമാണ്. ‘ജോഗോ ബോണീറ്റോ’യെന്ന അതിന്റെ പോർചുഗീസ് പരിഭാഷയും പെലെക്കും ഫുട്ബാളിനുമൊപ്പം ലോകമറിഞ്ഞു. കേവലമൊരു കായിക വിനോദമെന്നതിൽനിന്ന് ഫുട്ബാളിന് കലയുടെ എലമെന്റുകൾ കൂടിയുള്ള കാൽപനിക ഭാവം പകർന്നുനൽകിയതിന് ചുക്കാൻ പിടിച്ചത് പെലെയായിരുന്നു. കേവല ജയങ്ങൾക്കപ്പുറം ചേതോഹരമായി കളിച്ച് മനുഷ്യരെ ഫുട്ബാളിലേക്കടുപ്പിക്കാൻ ശ്രമിക്കുന്ന കേളീശൈലികൾക്ക് പിൽക്കാലത്ത് സ്വീകാര്യതയേറിയത് പെലെയും അക്കാലത്തെ ബ്രസീൽ ടീമും കാഴ്ചവെച്ച അഴകുറ്റ കളിയുടെ ചുവടുപിടിച്ചാണ്. ലോകകപ്പുകളെ തന്റെ ലാസ്യനടനങ്ങളുടെ വിസ്മയഭൂമിയാക്കിയ പെലെ ജോഗോ ബോണീറ്റോയുടെ പ്രയോക്താവായി. കളിയുടെ നിയതമായ ഗദ്യരൂപകൽപനകളെ പൊളിച്ചടുക്കി കാവ്യാത്മകമാക്കിയ പെലെ ‘ബ്യൂട്ടിഫുൾ ഗെയിം’ എന്ന പ്രയോഗത്തെ ഫുട്ബാളുമായി കൂട്ടിയിണക്കുകയായിരുന്നു. ജീവിതത്തെ മനോഹര ഫുട്ബാളിന്റെ ലാവണ്യശൈലിയുമായി കൂട്ടിക്കെട്ടിയതിനൊപ്പം, ആത്മകഥക്ക് ‘മൈ ലൈഫ് ആൻഡ് ദ ബ്യൂട്ടിഫുൾ ഗെയിം’ എന്ന പേരിട്ട് ജീവിതകഥ കൊണ്ടും അദ്ദേഹം അതിന് അടിവരയിട്ടു.
‘നാടിന്റെ നിധി’
1938 ലോകകപ്പിൽ വെട്ടിത്തിളങ്ങിയ ലിയോണിഡാസിനെ പോലെ ആഫ്രോ-ബ്രസീലിയൻ സ്റ്റാറുകളുടെ വിജയകഥകൾകൊണ്ട് അനുഗൃഹീതമാണ് കാനറികളുടെ ഫുട്ബാൾ ചരിതം. എന്നാൽ, ഇതിന് അപവാദങ്ങളുമുണ്ടായിരുന്നു. 1950ലെ ഫൈനലിൽ ഉറുഗ്വായിയോട് തോറ്റ ‘മാറക്കാനയിലെ മഹാദുരന്ത’ത്തിൽ ബലിയാടുകളായത് നേരത്തേ പറഞ്ഞ, ആഫ്രോ-ബ്രസീലിയൻ സ്റ്റാറുകളായിരുന്നു. വംശീയവാദികളുടെ നിന്ദ്യമായ പരാമർശങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല. എട്ടുവർഷത്തിനുശേഷം, ആ ശാപവാക്കുകളെ തൂത്തെറിയാൻ പെലെയെന്ന രണ്ടക്ഷരം അവതരിച്ചു. പിന്നീടിങ്ങോട്ട് ബ്രസീലിൽ വർണസങ്കരങ്ങളിലൂന്നിയ കുത്തുവാക്കുകൾ ഏറെയുണ്ടായിട്ടില്ല. കാരണം, പെലെയെ നാടിന്റെ നിധിയായി അവർ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. നിറങ്ങളിൽ അവജ്ഞ കൊരുത്തെടുത്തവർക്കുപോലും പെലെ വിഗ്രഹമായി മാറി. ബ്രസീൽ എന്ന രാജ്യം ഏതു മേഖലയിലും പിറവി നൽകിയ എക്കാലത്തെയും അഭിമാനതാരം.
യൂറോപ്പിലെ വമ്പൻ ക്ലബുകൾ കഴുകൻകണ്ണുകളുമായി അവന് ചുറ്റുമുണ്ടായിരുന്നു. വൻതുക വിലപറഞ്ഞ് മാഞ്ചസ്റ്റർ യുനൈറ്റഡും റയൽ മഡ്രിഡും ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്റെ ഉമ്മറപ്പടിയിൽ കാത്തിരുന്നു. തങ്ങളുടെ മിന്നുംതാരം വിദേശത്തേക്ക് പറക്കുമെന്ന ഭീതിയിൽ ബ്രസീൽ അയാളെ ‘ദേശീയ നിധി’ ആയി പ്രഖ്യാപിച്ചു. രാജ്യത്തിനു പുറത്തേക്കൊരു കൂടുമാറ്റം അതോടെ വിലക്കപ്പെടുകയായിരുന്നു. യൂറോപ്പിന്റെ വിലോഭനീയ വേദിയിൽ പെലെ പറന്നിറങ്ങാതെ പോയത് കാനറികളുടെ ആ പൊസസീവ്നെസിന്റെ ഫലമായിരുന്നു.
മറുവശത്ത്, ബ്രസീലിയൻ ഫുട്ബാളിന്റെ സുവർണദശയിൽ ബൂട്ടുകെട്ടിയ അനുഗ്രഹകാലം രാജ്യാന്തരതലത്തിൽ പെലെയുടെ കരിയറിന് കരുത്തേകി. കൾചറൽ ലൈഫിന്റെ കേന്ദ്രബിന്ദുവായി ഫുട്ബാൾ മാറ്റപ്പെടുന്ന കാലം കൂടിയായിരുന്നു അത്. ടെലിവിഷനുകളിൽ കളി കണ്ടുതുടങ്ങിയ നാളുകളായതും പെലെയെന്ന പരിവേഷത്തെ അടുത്തറിയാൻ ആക്കംകൂട്ടി. കളിക്കുമപ്പുറത്തേക്കൊരു കൾചറൽ ഇംപാക്ടായി പെലെ വളരുകയായിരുന്നു. ഫുട്ബാളിന്റെ ആദ്യ ഗ്ലോബൽ സെലിബ്രിറ്റിയായി അയാൾ മാറി. 1969ൽ, തന്റെ ആയിരാമത്തെ ഗോളിലേക്ക് പെലെ ബൂട്ടുമുറുക്കിക്കെട്ടിയ നിമിഷം മുതൽ ജേണലിസ്റ്റുകളും കാമറകളും അയാളുടെ പിന്നാലെ ചലിച്ചു. ബ്രസീലിൽ സംഭവിക്കാൻ പോകുന്ന വലിയൊരു നാഷനൽ ഇവന്റായി അത് മാറുകയായിരുന്നു. ഒടുവിൽ നവംബർ 19ന് വാസ്കോ ഡ ഗാമക്കെതിരെ കളി. അന്തിമ വിസിലിന് 12 മിനിറ്റ് ബാക്കിയുള്ളപ്പോൾ ലഭിച്ച പെനാൽറ്റി കിക്കിൽ അതു പുലർന്നു. അപ്പോളോ 12 ചന്ദ്രനിൽ ഇറങ്ങിയതുപോലുള്ള പരിഗണനയായിരുന്നു ബ്രസീൽ അതിന് നൽകിയത്.
1970ലെ ലോകകപ്പ് ഫൈനൽ പെലെയെ ‘മൾട്ടിമീഡിയ ഫുട്ബാൾ സ്റ്റാർ’ ആക്കി മാറ്റി. ഇറ്റലിക്കെതിരെ 4-1ന് ജയിച്ചുകയറിയ ആ കലാശപ്പോരിൽ ബ്രസീൽ അത്യുഗ്രൻ കളിയാണ് കെട്ടഴിച്ചത്. ഏതൊരു ടീമിന്റെയും ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നായി അതിന്നും എണ്ണപ്പെടുന്നു. ആദ്യഗോൾ നേടിയതിനൊപ്പം പെലെ നിറഞ്ഞുനിന്ന ആ കളി, ടെലിവിഷനിൽ കളറിൽ സംപ്രേഷണംചെയ്ത ആദ്യ കളിയായിരുന്നു. ബ്രസീലിന്റെ മഞ്ഞക്കുപ്പായം ലോകം മുഴുവൻ അതിന്റെ വർണപ്പകിട്ടിൽ കണ്ടുനിന്ന മുഹൂർത്തം. വർണസംബന്ധിയായ മഹത്വത്തിലേക്കുള്ള കാനറികളുടെ ആദ്യ ചുവടുകൂടിയായിരുന്നു അത്. പെലെയുടെ മഹത്ത്വം അതിന്റെ പരിപൂർണതയിൽ പ്രകാശിച്ച വേളയും. ബ്രസീലിന്റെ മുൻനിര ഗായകരായ ജാക്സൺ ഡോ. പാൻഡീരോയും ചികോ ബ്വാർക്കും അയാളെക്കുറിച്ച് പാട്ടുകൾ പാടി. യോവോ കബ്രാൽ മെലെ നെറ്റോയെപ്പോലുള്ള കവികൾ കവിതകളുമെഴുതി. കുറേക്കാലത്തേക്ക് സ്വന്തം റേഡിയോ ഷോ ഉണ്ടായിരുന്നു പെലെക്ക്. ഒരുപാട് റെക്കോഡ് ഹിറ്റുകൾ അയാൾ റിലീസ് ചെയ്തു. സ്പാനിഷിൽ ടെലിനോവലുകളെന്നു പറയുന്ന സോപ് ഓപറകളിൽ താരമായെത്തി. കോർപറൽ ലൂയിസ് ഫെർണാണ്ടസായെത്തിയ ‘എസ്കേപ് ടു വിക്ടറി’ ഉൾപ്പെടെ അഞ്ചു ഫിലിം ബയോഗ്രഫികളിൽ അയാളായിരുന്നു വിഷയം. പെലെ എല്ലാംകൊണ്ടും ഇതിഹാസമായി.
അമേരിക്കൻ ‘ദൗത്യം’
കളിയിൽനിന്ന് വിരമിക്കുന്നതിനുമുമ്പേ മറ്റൊരു ദൗത്യംകൂടി ഏറ്റെടുത്തിരുന്നു പെലെ. 1974ലെ സീസണിനൊടുവിൽ 34ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ഫുട്ബാളിൽ തന്റെ കരിയർ അവസാനിച്ചുവെന്ന് അദ്ദേഹം ഏറക്കുറെ തീരുമാനിച്ചിരുന്നു. അപ്പോഴും മുന്നേറ്റങ്ങളിലെ തന്റെ കൊള്ളിയാൻ നീക്കങ്ങളെപ്പോലെ, അപ്രതീക്ഷിതമായ ഒരു ഗതിമാറ്റം അയാളെ കാത്തിരിപ്പുണ്ടായിരുന്നു.
വിളി വന്നത് ന്യൂയോർക്കിൽനിന്നാണ്. സംശുദ്ധ ഫുട്ബാളിന് വേരോട്ടം തീരെയില്ലാത്തൊരു മണ്ണിൽനിന്ന്. പൂത്ത കാശുകാരായ വാർണർ ബ്രദേഴ്സ് പണമൊഴുക്കിയുണ്ടാക്കിയ ‘ന്യൂയോർക് കോസ്മോസ്’ എന്ന അമേരിക്കൻ ക്ലബിന് കളിക്കാനായിരുന്നു ക്ഷണം. നോർത്ത് അമേരിക്കൻ സോക്കർ ലീഗിലാണ് കോസ്മോസ് കളിക്കുന്നത്. ജർമൻ ഇതിഹാസം ഫ്രാൻസ് ബക്കൻബവറെയും പിന്നീട് പണമെറിഞ്ഞ് സ്വന്തമാക്കിയിരുന്നു വാർണർ സഹോദരന്മാർ. 1975ൽ പെലെക്ക് വിലയിട്ടത് അന്നത്തെ 70 ലക്ഷം ഡോളർ. 18 വർഷം മുഴുവൻ സാന്റോസിന് കളിച്ചിട്ടും സമ്പാദിച്ചതിനെക്കാൾ കൂടുതൽ കാശാണത് എന്നോർക്കണം. കുറെ നിബന്ധനകൾ ഊട്ടിയുറപ്പിച്ച കമ്പനി എക്സിക്യൂട്ടിവുമാരുടെ ചുറ്റിലുമിരുന്ന് കരാർ പറഞ്ഞുറപ്പിച്ച് പെലെ ആ കൂടുമാറ്റത്തിന് ഒപ്പുചാർത്തി.
പിന്നീട് പുതിയൊരു ഇമേജിലേക്കും കാഴ്ചകളിലേക്കും പെലെ മാറിയെന്നു പറയാം. സാന്റോസിന്റെയും ബ്രസീലിന്റെയും അതീവ ശുദ്ധിയാർന്ന കളിയൊഴുക്കിൽനിന്ന് ഡിസ്കോ-ഫങ്ക് സൗണ്ട് ട്രാക്കിന്റെ പശ്ചാത്തല മുഴക്കം ചേർന്നതുപോലെയുള്ള ‘മായം കലർന്ന’ കരിയറെന്ന് തോന്നിച്ച കോസ്മോസ് കാലം. പുല്ലില്ലാത്ത ഭാഗങ്ങളിൽ ആളെ പറ്റിക്കാൻ പച്ച പെയിന്റടിച്ച റാൻഡാൾസ് ഐലൻഡിലെ ഡോണിങ് സ്റ്റേഡിയത്തിൽനിന്ന് ബ്രോങ്ക്സിലെ യാങ്കീ സ്റ്റേഡിയത്തിലേക്കും ഈസ്റ്റ് റൂഥർഫോഡിലെ ജയന്റ്സ് സ്റ്റേഡിയത്തിലേക്കും കൂടും കുടുക്കയുമായി കോസ്മോസ് ഹോം സ്റ്റേഡിയം മാറിക്കളിച്ച കാലം കൂടിയായിരുന്നു അത്. 1977ലെ നോർത്ത് അമേരിക്കൻ സോക്കർ ലീഗ് ചാമ്പ്യൻഷിപ് സീസണിനുശേഷം പെലെ കളിയുടെ കളമൊഴിഞ്ഞു. 1977 ഒക്ടോബർ ഒന്നിനായിരുന്നു ആ വിടവാങ്ങൽ മത്സരം. കരിയറിൽ കുപ്പായമിട്ട രണ്ടു ക്ലബുകൾ- സാന്റോസും കോസ്മോസും. അവർ തമ്മിലായിരുന്നു ഇതിഹാസ കരിയറിലെ അവസാന മത്സരം. ആദ്യ പകുതിയിൽ അയാൾ കോസ്മോസിന്റെയും രണ്ടാം പകുതിയിൽ സാന്റോസിന്റേയും ജഴ്സിയണിഞ്ഞു. കോസ്മോസിനുവേണ്ടി 30 വാര അകലെനിന്നൊരു ഫ്രീകിക്ക് ഗോൾ. സംഭവബഹുലമായ കരിയറിലെ അവസാനഗോളായിരുന്നു അത്.
കളത്തിനു പുറത്ത് പെലെയുടെ റൊമാന്റിക് ജീവിതം സങ്കീർണതകളുടേതായിരുന്നു. മൂന്നു വിവാഹം, ആറു മക്കൾ. പെലെയാണ് പിതാവെന്ന അവകാശവാദവുമായെത്തിയവർ വേറെയും. ബിസിനസ് മേഖലയിലെ പരീക്ഷണങ്ങളും പൊട്ടിപ്പൊളിഞ്ഞു. റിട്ടയർമെന്റ് കാലത്ത് 1994ൽ പ്രസിഡന്റ് ഫെർണാണ്ടോ ഹെന്റിക് കൊർഡോസോയുടെ അപേക്ഷ മാനിച്ച് ബ്രസീലിന്റെ സ്പോർട്സ് മന്ത്രിയുമായി. ഫുട്ബാളിനെ ശുദ്ധീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. പക്ഷേ, നിനച്ചിരിക്കാതെ പല കോണുകളിൽനിന്നും എതിർപ്പുകൾ അണപൊട്ടിവന്നു. അഴിമതിയോട് ഏറ്റുമുട്ടുമ്പോൾ സ്നേഹത്തിനും വെറുപ്പിനുമിടയിൽ നേർത്ത വര മാത്രമാണുള്ളതെന്നായിരുന്നു പെലെയുടെ അഭിപ്രായപ്രകടനം. ക്ലബ് പ്രസിഡന്റുമാർ കളമറിഞ്ഞ് പണമൊഴുക്കണമെന്നതിൽ തുടങ്ങിയ ശുദ്ധീകരണങ്ങൾ താൻ വിചാരിച്ചാൽ മാത്രം നടക്കില്ലെന്നുറപ്പായതോടെ, മന്ത്രിക്കുപ്പായമഴിച്ചുവെച്ച് പെലെ ഭരണക്കളത്തിന് പുറത്തിറങ്ങി. ഒടുവിൽ, ഉത്തരവാദിത്തങ്ങളെല്ലാം കൈവിട്ട് അയാൾ അതുമാത്രമായി – പെലെയെന്ന ഇതിഹാസം. അതല്ലാത്തതൊന്നും തനിക്ക് ചേരില്ലെന്ന് പെലെ തിരിച്ചറിഞ്ഞിരിക്കണം. അപ്പോഴും, 2016ലെ ഒളിമ്പിക്സ് ബ്രസീലിലെത്തിക്കാനുള്ള വിജയകരമായ ശ്രമങ്ങളിൽ പെലെ മുൻപന്തിയിലുണ്ടായിരുന്നു. കളിയുടെ അംബാസഡറായി അയാൾ ലോകത്തിന്റെ സ്നേഹാദരവുകൾക്ക് നടുവിൽ ഊരുചുറ്റി. വിരമിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളുടെ കളി യൂട്യൂബിൽപോലും കാണാത്ത പുതുതലമുറകൾക്കും പെലെ രാജാവും ഹീറോയുമാണ്. അതയാളെ അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട്. ‘‘ലോകം മുഴുക്കെ എന്നെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും കാണുമ്പോൾ വല്ലാത്ത അതിശയം തോന്നാറുണ്ട്. വർഷങ്ങൾക്കു മുമ്പ് കളി നിർത്തിയ ഒരാളോടാണ് അവരിങ്ങനെ സ്നേഹം കാട്ടുന്നതെന്നത് തീർത്തും അവിശ്വസനീയം തന്നെ.’’
***
അപ്പോഴും എഡ്സൺ അരാന്റസ് നാസിമെന്റോ എന്ന അയാളിലെ പച്ചമനുഷ്യൻ അതുറക്കെ പറഞ്ഞുകൊണ്ടിരുന്നു. കുറച്ചു വർഷങ്ങൾക്കുമുമ്പ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ സൈമൺ ഹാറ്റൺസ്റ്റോണിന് നൽകിയ അഭിമുഖത്തിലും പെലെ അതാവർത്തിച്ചു. ‘‘ഞാൻ പുറത്തുപോകുമ്പോഴൊക്കെ ആളുകൾ കൂട്ടംകൂടുന്നു. അവർ പെലെ! പെലെ! പെലെ! എന്ന് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. ലോകം മുഴുക്കെ അതുതന്നെയാണ് സ്ഥിതി. ആരും എഡ്സണെ ഓർക്കുന്നില്ല. എഡ്സൺ എല്ലാ വികാരവിചാരങ്ങളുമുള്ള സാധാരണ മനുഷ്യനാണ്. അയാൾക്ക് കുടുംബമുണ്ട്. കഠിനമായി അധ്വാനിക്കുന്നുണ്ട്. എന്നാൽ, പെലെ ഒരു ബിംബമാണ്. പെലെ മരിക്കുന്നില്ല. പെലെ ഒരിക്കലും മരിക്കുകയുമില്ല. പെലെ ചിരപ്രതിഷ്ഠ നേടുന്നവനാണ്. എന്നാൽ, എഡ്സൺ ഒരു സാധാരണ മനുഷ്യനാണ്. അയാളൊരു ദിവസം മരിച്ചുപോകും. ജനങ്ങൾ പക്ഷേ, അതു മറക്കുകയാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.