ഫെബ്രുവരി 16ന് തുളസിദാസ് ബലറാം വിടവാങ്ങിയതോടെ ഇന്ത്യൻ ഫുട്ബാളിൽ ഒരുകാലത്ത് ആവേശമായിരുന്ന ത്രിമൂർത്തികൾ ഒാർമയായി മാറുന്നു. ഇന്ത്യൻ ഫുട്ബാൾ ലോകം നിരീക്ഷിച്ച കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരായിരുന്നു ആ മൂന്നു പേരും.മെൽബൺ ഒളിമ്പിക്സിൽ സെമിഫൈനലിൽ കടന്നു ചരിത്രമെഴുതിയ ഇന്ത്യൻ ഫുട്ബാൾ ടീമിൽ ഹാട്രിക് ഉൾപ്പെടെ നാലു ഗോളുമായി തിളങ്ങിയ നെവിൽ ഡിസൂസയെ 1960ലെ റോം ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയത് വലിയ...
ഫെബ്രുവരി 16ന് തുളസിദാസ് ബലറാം വിടവാങ്ങിയതോടെ ഇന്ത്യൻ ഫുട്ബാളിൽ ഒരുകാലത്ത് ആവേശമായിരുന്ന ത്രിമൂർത്തികൾ ഒാർമയായി മാറുന്നു. ഇന്ത്യൻ ഫുട്ബാൾ ലോകം നിരീക്ഷിച്ച കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരായിരുന്നു ആ മൂന്നു പേരും.
മെൽബൺ ഒളിമ്പിക്സിൽ സെമിഫൈനലിൽ കടന്നു ചരിത്രമെഴുതിയ ഇന്ത്യൻ ഫുട്ബാൾ ടീമിൽ ഹാട്രിക് ഉൾപ്പെടെ നാലു ഗോളുമായി തിളങ്ങിയ നെവിൽ ഡിസൂസയെ 1960ലെ റോം ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയത് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. 1959ൽ നൗഗോങ് സന്തോഷ് േട്രാഫിയിലും റോവേഴ്സ് കപ്പിലും ഏറെ തിളങ്ങിയിട്ടും നെവിൽ തഴയപ്പെട്ടത് കോച്ച് സയ്യിദ് അബ്ദുൽ റഹിമിന് അദ്ദേഹത്തിലുള്ള വിശ്വാസക്കുറവാണെന്ന് ആരോപണം ഉയർന്നു. ആരോഗ്യവും ശരീരവും ശ്രദ്ധിക്കാത്ത ജീവിതശൈലിയായിരുന്നു നെവിലിന്റേത്. ഫോമിലായിരുന്നിട്ടും നെവിലിന് റഹിം ഒരു അവസരംകൂടി നൽകാഞ്ഞതും ഒരുപക്ഷേ, അതുകൊണ്ടാകാം. പക്ഷേ, എസ്.എ. റഹിമിന്റെ കണക്കുകൂട്ടൽ വ്യത്യസ്തമായിരുന്നു.
മെൽബണിൽ കളിച്ച പ്രദീപ് കുമാർ ബാനർജിക്കും തുളസിദാസ് ബലറാമിനുമൊപ്പം സുബിമൽ ‘ചുനി’ ഗോസ്വാമിയെക്കൂടി ഇറക്കിയൊരു പരീക്ഷണമാണ് കോച്ച് റഹിം റോം ഒളിമ്പിക്സിൽ നടത്തിയത്. ഇന്ത്യൻ ടീമിന്റെ ശരാശരി പ്രായം 22. ഫുട്ബാൾ റാങ്കിങ് ഇല്ലാത്ത കാലമായതിനാൽ ഇന്ത്യ എത്തിപ്പെട്ടത് കരുത്തരായ ഹംഗറിയും ഫ്രാൻസും പെറുവും ഉൾപ്പെട്ട മരണഗ്രൂപ്പിൽ. ഹംഗറിക്കെതിരെ (1–2) ബൽറാം ആശ്വാസ ഗോൾ നേടി. ഫ്രാൻസിനെതിരെ സമനില വഴങ്ങിയ (1–1) ഇന്ത്യയെ പി.കെ. ബാനർജി 72ാം മിനിറ്റിൽ മുന്നിൽ എത്തിച്ചിരുന്നു. പെറുവിനോട് 1–3ന് കീഴടങ്ങിയപ്പോൾ ഗോളടിച്ചത് സൈമൺ സുന്ദർരാജാണ്.
മുന്നേറാനായില്ലെങ്കിലും തല ഉയർത്തിയാണ് ഇന്ത്യ മടങ്ങിയത്. എ.എഫ്.പി ഉൾപ്പെടെ വിദേശ വാർത്താ ഏജൻസികൾ ഇന്ത്യയുടെ ഫുട്ബാൾ മികവ് വാഴ്ത്തി. ഡ്രസിങ് റൂമിലേക്ക് മാധ്യമപ്രവർത്തകർ തള്ളിക്കയറിയപ്പോൾ കോച്ച് റഹിമിന് വാതിൽ അടക്കേണ്ടിവന്നു. റോമിൽനിന്ന് അകലെ െഗ്രാസെറ്റോയിലായിരുന്നു ഇന്ത്യ–ഫ്രാൻസ് മത്സരം. കളി കഴിഞ്ഞ് ഇരു ടീമുകളും റോമിലേക്കു മടങ്ങിയത് ഒരേ െട്രയിനിൽ. റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ ടീമിനൊപ്പംനിന്ന് ഫ്രഞ്ച് ടീം ഫോട്ടോയെടുത്തത് അംഗീകാരം.
ലോകം ശ്രദ്ധിച്ചൊരു ഫോർവേഡ് നിരയിൽ പി.കെ-ചുനി-ബലറാം ത്രയം തലയെടുപ്പോടെ നിന്നു. അതിശക്തരായ ഹംഗറിയുടെ ഒരു പ്രതിരോധ താരത്തിൽനിന്നു പന്ത് റാഞ്ചിയ ചുനി ഗോസ്വാമി രണ്ടു പ്രതിരോധ താരങ്ങളെക്കൂടെ വെട്ടിച്ച് മിന്നൽപിണർപോലെ ഹംഗറി ഗോൾമുഖത്ത്. ചുനി ഗോസ്വാമിയുടെ വേഗത്തിനൊപ്പം പാഞ്ഞ ബലറാം പന്ത് വലയിലാക്കി മനോഹരമായ ഫ്ലിക്ക് എന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ടാം പകുതിയിൽ ത്രിമൂർത്തികൾ അത്യുജ്ജ്വല ഫോമിലേക്കുയർന്നെന്നും രേഖപ്പെടുത്തൽ.
ഇന്ത്യൻ ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച ആക്രമണനിരയായി അവർ മാറി. സൈമൺ സുന്ദർരാജും ജർനെയ്ൽ സിങ്ങും കണ്ണനും ഹമീദും ബോംബെയുടെ ബാനറിൽ നമ്മുടെ ദേവദാസും ഉൾപ്പെട്ട ഫോർവേഡ് നിര എണ്ണയിട്ട യന്ത്രം പോലെ ചലിച്ചപ്പോൾ ത്രിമൂർത്തികൾ ഗോൾമുഖത്ത് മിന്നൽ പിണറായി. തുളസിദാസ് ബലറാം ഫെബ്രുവരി 16ന് 86ാം വയസ്സിൽ കഥാവശേഷനായപ്പോൾ ആ ത്രിമൂർത്തികൾ ഇനി ഓർമ മാത്രം. പി.കെ. ബാനർജി 2020 മാർച്ച് 20നും ചുനി ഗോസ്വാമി 2020 ഏപ്രിൽ 30നും അന്തരിച്ചു.
ലണ്ടൻ, ഹെൽസിങ്കി ഒളിമ്പിക്സ് പങ്കാളിത്തവും 1951ൽ ന്യൂഡൽഹിയിൽ പ്രഥമ ഏഷ്യൻ ഗെയിംസിലെ സ്വർണവും ശ്രദ്ധേയമെങ്കിലും ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലം 1956ലെ മെൽബൺ ഒളിമ്പിക്സ് മുതൽ 1962ലെ ജകാർത്ത ഏഷ്യൻ ഗെയിംസ് വരെയായി കണക്കാക്കപ്പെടുന്നു. റഹിം എന്ന എക്കാലത്തെയും മികച്ച ഫുട്ബാൾ പരിശീലകൻ ജകാർത്തയിൽനിന്നു സ്വർണവുമായി മടങ്ങി നേരെ ആശുപത്രിയിലായി. 1963ൽ അദ്ദേഹം അർബുദത്തിനു കീഴടങ്ങിയതോടെ ഇന്ത്യൻ ഫുട്ബാളിന്റെ കുതിപ്പിനും തിരശ്ശീല വീണു. ക്ഷയരോഗത്തെ തുടർന്ന് ബലറാം 1962ൽതന്നെ പിൻവലിഞ്ഞു. തൊട്ടടുത്ത വർഷം നെവിൽ ഡിസൂസയും ബൂട്ടഴിച്ചു. ചുനിയും പി.കെയും ഏതാനും വർഷംകൂടി തുടർന്നു.
തമിഴ്നാട്ടിൽനിന്ന് ആന്ധ്രയിലേക്ക് കുടിയേറിയ തുളസിദാസ് കാളിദാസ് -മുത്തമ്മ ദമ്പതികളുടെ പുത്രനായി ബലറാം ജനിച്ചത് സെക്കന്ദരാബാദിലാണ്. ഹൈദരാബാദ് പൊലീസിനെ ഇന്ത്യയിലെ സൂപ്പർ ടീമുകളിലൊന്നാക്കിയ റഹിമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബലറാം ഇന്ത്യൻ ടീമിലെത്തി. റൈഡേഴ്സ് കപ്പ് കളിക്കാൻ ഹൈദരാബാദിൽ എത്തിയതായിരുന്നു ബലറാം. 1956ൽ സന്തോഷ് േട്രാഫിയിൽ ഹൈദരാബാദിനു കളിച്ചു. പിന്നെ മെൽബൺ ഒളിമ്പിക്സ്. രോഗത്തിനൊപ്പം, ഈസ്റ്റ് ബംഗാൾ ക്ലബ് അധികൃതരുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളുമാണ് ബലറാമിന്റെ രാജ്യാന്തര ഫുട്ബാൾ ജീവിതം കേവലം ആറു വർഷത്തിൽ ഒതുക്കിയത്. ഈസ്റ്റ് ബംഗാളിനു വേണ്ടി 104 ഗോൾ ആണ് ബലറാം സ്കോർ ചെയ്തത്.
പി.കെയും ചുനിയും ആക്രമണശൈലിയിൽ മാത്രമൂന്നിയപ്പോൾ ബലറാം ഏതു പൊസിഷനിലും കളിക്കുമായിരുന്നു. ഹാഫ് ബാക്ക് ആയി പോലും തിളങ്ങി. ജകാർത്ത ഏഷ്യൻ ഗെയിംസിൽ ജർനെയ്ൽ സിങ്ങിനു പരിക്കേറ്റപ്പോൾ ബലറാമിനെ മുൻനിരയിൽനിന്നു പിന്നോട്ടു വലിക്കാൻ കോച്ച് റഹിമിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരിക്കില്ല.
1962 ആഗസ്റ്റ് 28. ജകാർത്ത ഏഷ്യൻ ഗെയിംസിൽ, ആദ്യ കളിയിൽ ദക്ഷിണ കൊറിയയോട് മറുപടിയില്ലാത്ത രണ്ടു ഗോളിനു തോറ്റ ഇന്ത്യ നിർണായകമായ രണ്ടാം മത്സരത്തിൽ തായ്ലൻഡിനെ നേരിടുന്നു. ഒടുവിൽ 4-1 ന് ഇന്ത്യ ജയിച്ചപ്പോൾ പി.കെ. ബാനർജി രണ്ടു ഗോളും ചുനി ഗോസ്വാമിയും ബലറാമും ഓരോ ഗോളും നേടി. അടുത്ത മത്സരത്തിൽ ഇന്ത്യ ജപ്പാനെ തോൽപിച്ചപ്പോൾ (2-0) ലക്ഷ്യം കണ്ടത് പി.കെയും ബലറാമും. സെമിയിൽ ദക്ഷിണ വിയറ്റ്നാമിനെ കീഴടക്കി (3-2). ചുനി ഗോസ്വാമിയും (2) ജർനെയ്ൽ സിങ്ങും ലക്ഷ്യം കണ്ടു. പരിക്കേറ്റ ജർനെയ്ലിനെ പ്രതിരോധത്തിൽനിന്നു മാറ്റി ആക്രമണനിരയിൽ ഇറക്കാൻ റഹിം കാണിച്ച സാഹസം ഫലം കണ്ടു.
കലാശക്കളി. സെനയം സ്റ്റേഡിയത്തിൽ ഒരുലക്ഷം കാണികൾ. ഏഷ്യൻ ഗെയിംസ് ഫെഡറേഷനിൽ ഉടലെടുത്ത പ്രശ്നങ്ങൾ ആതിഥേയരെ ഒന്നടങ്കം ഇന്ത്യക്കെതിരാക്കിയതിനാലും മറ്റ് ഇന്ത്യൻ അത്ലറ്റുകൾ മിക്കവാറും നാട്ടിലേക്കു മടങ്ങിയിരുന്നതിനാലും ഫൈനലിൽ ദക്ഷിണ കൊറിയയെ മാത്രമല്ല നിറഞ്ഞ ഗാലറികളുടെ കൂക്കുവിളിയും ഇന്ത്യൻ ഫുട്ബാൾ ടീമിനു നേരിടേണ്ടിവന്നു. ഇതിനിടെ സ്റ്റേഡിയത്തിലെ ഒരു മൂലയിൽ ഏതാനും പേർ മാത്രം ഇന്ത്യയെ േപ്രാത്സാഹിപ്പിച്ചു. തലേദിവസം ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താൻ ഹോക്കി കളിക്കാരായിരുന്നു അവർ. ആ േപ്രാത്സാഹനം റഹിമിനും ടീമിനും പുത്തൻ ഊർജം നൽകി.
പതിനേഴാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. കൊറിയൻ ഡിഫൻഡറിൽനിന്നു പന്ത് റാഞ്ചിയ ബലറാം അത് ചുനി ഗോസ്വാമിക്കു നൽകി. ചുനിയുടെ പാസ് സ്വീകരിച്ച പി.കെ. ബാനർജി നിറയൊഴിച്ചു. വിജയഗോൾ (2-1) ജർനെയ്ൽ സിങ്ങിന്റെ വകയായിരുന്നു. ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യ നേടിയ രണ്ടാം സ്വർണത്തിന് വഴിമരുന്നിട്ടത് ബലറാം-ചുനി-പി.കെ ത്രയം തന്നെ. ചുനിയായിരുന്നു ഇന്ത്യൻ നായകൻ.
ചുനിയുടെ നേതൃത്വത്തിൽ മെർദേക്കയിലും ഏഷ്യാ കപ്പിലുമൊക്കെ ഇന്ത്യ ഏതാനും വർഷംകൂടി തിളങ്ങി. പക്ഷേ, ജകാർത്ത ഏഷ്യൻ ഗെയിംസിലേതുപോലൊരു നേട്ടം പിന്നീട് സാധ്യമായില്ല. ഡ്രിബ്ലിങ്ങിലും പാസിങ്ങിലും സ്ൈട്രക്കിങ്ങിലും ഒരുപോലെ മികവു കാട്ടിയൊരു മുൻനിര പിന്നീട് ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഓൾറൗണ്ട് കളിക്കാരനെങ്കിലും ചുനി ഗോസ്വാമിക്കും പി.കെ. ബാനർജിക്കും ലഭിച്ച താരാരാധന ബലറാമിനു കിട്ടിയോ എന്നു സംശയം.
ഇന്ത്യ സന്ദർശിച്ച സോവിയറ്റ് ടീമിൽനിന്നും ഒളിമ്പിക്സ് മത്സരസമയത്ത് ഹംഗറിയിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട എസ്.എ. റഹിം ഇന്ത്യൻ ടീമിനെ ഉടച്ചു വാർക്കുകയായിരുന്നു. 1952ൽ 10-1ന് ഇന്ത്യയെ തോൽപിച്ച യൂഗോസ് ലാവിയയുടെ 1956 ലെ വിജയം 4-1ൽ ഒതുക്കിയത് ചെറിയ കാര്യമല്ല. മെൽബണിൽ ഫിഫ സമ്മേളനത്തിൽ ഇന്ത്യൻ ഫുട്ബാൾ ചർച്ചചെയ്യപ്പെട്ടെന്നാണ് കേട്ടത്. മാത്രമല്ല ഇന്ത്യയുടെ അമച്വർ നിരക്കെതിരെ യൂഗോസ് ലാവിയ ഇറക്കിയത് സ്യൂഡോ അമച്വർ താരങ്ങളെയാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇന്ത്യൻ ഫുട്ബാൾ ലോകം നിരീക്ഷിച്ച ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരിലാണ് ത്രിമൂർത്തികളുടെ സ്ഥാനം.
ചുനി ഗോസ്വാമി നിരത്തിൽ ഇറങ്ങിയാൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായൊരു കാലത്തെക്കുറിച്ച് കൊൽക്കത്തയിലെ മുതിർന്ന സ്പോർട്സ് എഴുത്തുകാർ പറഞ്ഞുകേട്ടിട്ടുണ്ട്. പി.കെ. ബാനർജിയെക്കുറിച്ച് സ്വന്തം അനുഭവം പറയട്ടെ. 1987-88ലെ കൊല്ലം സന്തോഷ് േട്രാഫി. ഒരുദിവസം രാവിലെ ലാൽ ബഹദൂർ സ്റ്റേഡിയത്തിലേക്ക് ഓട്ടോയിൽ പോകുമ്പോൾ വഴിയിൽ ബ്ലോക്ക്. ചെറുപ്പക്കാരും പ്രായമുള്ളവരുമെല്ലാം കൂടിനിൽപുണ്ട്. ബംഗാൾ ടീം പരിശീലനം കഴിഞ്ഞ് മടങ്ങുകയാണ്. കളിക്കാരെയല്ല, മഞ്ഞ ടീഷർട്ടും നീല ട്രാക്ക് പാന്റ്സും ധരിച്ച കോച്ചിനെയാണ് ആളുകൾ പൊതിഞ്ഞിരിക്കുന്നത്. ഓട്ടോയിൽനിന്ന് ഇറങ്ങിനടന്ന് അടുത്തുചെന്നു. സാക്ഷാൽ പി.കെ. ബാനർജി. ബംഗാൾ ടീമിന്റെ പരിശീലകനായി എത്തിയതാണ് പി.കെ. അദ്ദേഹത്തെ കാണാനും അഭിമുഖം നടത്താനും റിപ്പോർട്ടർമാർ മത്സരിക്കുന്നതാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്.
റോമിനുശേഷം നാളിതുവരെ ഒളിമ്പിക്സ് യോഗ്യത നേടാത്ത ഇന്ത്യ. 2026ലെ ലോകകപ്പിൽ 48 ടീം മത്സരിച്ചാലും സാധ്യത വിദൂരമായ ഇന്ത്യ. നാഷനൽ ലീഗും ഐ ലീഗും ഐ.എസ്.എല്ലുമൊക്കെയായി പ്രഫഷനലിസം എത്തിയെന്നും പറയുന്നു. ബംഗാൾ ലോബിയെന്ന പഴയ വിമർശനത്തിനു പ്രസക്തിയില്ല. കോച്ച് റഹിമിന് മഹാരാഷ്ട്ര താരങ്ങളോട് താൽപര്യമില്ലായിരുന്നു എന്ന രീതിയിലുള്ള ആരോപണങ്ങളും അപ്രസക്തം. ബംഗാളിനും ഗോവക്കും കേരളത്തിനും പഞ്ചാബിനുമപ്പുറം ഇന്ത്യൻ ഫുട്ബാൾ വളരുകയും ചെയ്തു. പക്ഷേ, ലോക ഫുട്ബാളിൽ ഇന്ന് ഇന്ത്യ എവിടെ നിൽക്കുന്നു? ഒരു ഏഷ്യൻ ഗെയിംസ് മെഡൽപോലും ദൃഷ്ടിപഥത്തിൽ ഇല്ല.
നാല് ഒളിമ്പിക്സിൽ പങ്കാളിത്തം, രണ്ട് ഏഷ്യൻ ഗെയിംസിൽ സ്വർണം, ഒരിക്കൽ വെങ്കലം എന്നു പറഞ്ഞു മടുക്കുന്നു. സ്വാതന്ത്ര്യസമര സേനാനികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നപോലെ ഫുട്ബാൾ ഒളിമ്പ്യൻമാരും ഇന്ത്യയിൽ ഇല്ലാതാകുന്നു. ഈ തലമുറ മാത്രമല്ല, അടുത്ത തലമുറയും പറയേണ്ടിവരും. ‘‘ഇന്ത്യൻ ഫുട്ബാളിന് ഒരു സുവർണ കാലമുണ്ടായിരുന്നു. പി. കെ. ബാനർജിയും ചുനി ഗോസ്വാമിയും തുളസിദാസ് ബലറാമും ഉൾപ്പെട്ടൊരു ആക്രമണനിരയുണ്ടായിരുന്നു. പീറ്റർ തങ്കരാജിനെയും എസ്.എസ്. നാരായണനെയുംപോലുള്ള ഗോൾ കീപ്പർമാരും ടി.എ. റാനെയും ജർനെയ്ൽ സിങ്ങിനെയുംപോലുള്ള പ്രതിരോധ താരങ്ങളും ഇന്ത്യക്കു കളിച്ചിരുന്നു.’’ ഇവരുടെയൊക്കെ ഓർമകൾ പുതുതലമുറയെ പ്രചോദിപ്പിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.