ഒക്ടോബർ 23ന് വിടപറഞ്ഞ, ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദിയെ ഒാർമിക്കുകയാണ് ഇൗ ലേഖനം. ഇന്ത്യൻ കായികവേദിക്ക്, ക്രിക്കറ്റിന് എന്തായിരുന്നു ബിഷൻ സിങ് ബേദി നൽകിയ സേവനം?
അമ്പത്തിരണ്ട് വർഷങ്ങൾക്കു മുമ്പ് 1971 ആഗസ്റ്റിൽ ‘ദ ഇലസ്ട്രേറ്റഡ് വീക്കിലി’യിൽ ഇംഗ്ലണ്ടിൽ ആദ്യമായി ഒരു ക്രിക്കറ്റ് പരമ്പര -റബർ- നേടിയ ഇന്ത്യ ടീമിനെ കുറിച്ച് ലേഖനം വർണചിത്രങ്ങളോടെ കൊടുത്തിരുന്നു. അജിത് വഡേക്കറുടെ നേതൃത്വത്തിൽ റേ ഇല്ലിങ് വർത്തിന്റെ ഇംഗ്ലണ്ടിനെതിരെ കെന്നിങ് ടൺ ഓവലിലെ വിജയത്തോടെ വിദേശത്ത് തുടർച്ചയായ ഇന്ത്യയുടെ പരമ്പര വിജയം. സർ ഗാരി സോബേഴ്സിന്റെ കരീബിയൻ പടയെ കീഴടക്കി ചിത്രം കുറിച്ച വഡേക്കറും കൂട്ടുകാരും ലോകക്രിക്കറ്റിന്റെ നെറുകയിലേറിയ വർഷം. ലേഖനത്തോടൊപ്പം കൊടുത്തിരുന്ന ചിത്രത്തിലെ അടിക്കുറിപ്പ് ഇന്നും മനസ്സിൽനിന്നു മാഞ്ഞുപോയിട്ടില്ല.
വലതുകൈ രാജ്ഞിക്കും ഇടതുകൈ ഇംഗ്ലണ്ടിന്റെ ബാറ്റർമാർക്കും (അന്ന് ബാറ്റ്സ്മാൻമാർക്കും എന്നായിരുന്നു). ക്രിക്കറ്റിന്റെ മക്കയായ ലോഡ്സിൽ ക്യാപ്റ്റൻ വഡേക്കർ ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മുമ്പ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുന്നതാണ് സന്ദർഭം. പിങ്ക് ടർബനിൽ, ടീമിലെ സർദാർജിക്കാണ് എലിസബത്ത് രാജ്ഞി കൈയുറ ധരിച്ച വലതുകൈകൊണ്ട് ഹസ്തദാനം ചെയ്യുന്നത്. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ട ആ ചിത്രം, ഇക്കഴിഞ്ഞ ദിവസം –2023 ഒക്ടോബർ 25ന് – ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച എക്കാലത്തെയും ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർ ബിഷൻ സിങ് ബേദി കളിയും കളിക്കളവുമില്ലാത്ത ലോകത്തേക്ക് ജീവിതത്തിലെ സംഭവബഹുലമായ ഇന്നിങ്സ് പൂർത്തിയാക്കി മടങ്ങിയെന്നറിഞ്ഞപ്പോൾ മനസ്സിലേക്ക് ഒരിക്കൽകൂടി മടങ്ങിയെത്തി.
കളിച്ചിരുന്ന കാലത്തും പിന്നീടും ക്രിക്കറ്റ് ലോകത്ത് നിറഞ്ഞുനിന്ന ഇതിഹാസ താരമായിരുന്നു, സമാനതകളില്ലാത്ത, വിട്ടുവീഴ്ചക്ക് തയാറില്ലാത്ത, തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന ഒരു വ്യത്യസ്തനായ സ്പോർട്സ് താരമായിരുന്നു അമൃത്സറിന്റെ ആ ഓമനപുത്രൻ. കുറച്ചുനാളുകൾക്കു മുമ്പ് ആരോഗ്യം മോശമാകുന്നതുവരെ ഒരിക്കലല്ലെങ്കിൽ, മറ്റൊരിക്കൽ ആ സർദാർജി വാർത്തകളിൽ പ്രത്യക്ഷപ്പെടുകയും തനിക്ക് ലോകത്തിനോട് പറയാനുള്ളത് തുറന്നടിക്കുകയും ചെയ്തിരുന്നു. കളിയെയും കളിക്കാരെയും ജീവന് തുല്യം സ്നേഹിച്ച, ഭരണാധികാരികളുടെ ചെയ്തികളെ നിശിതമായി വിമർശിച്ച, ബിഷൻ ബേദി കാലയവനികയിൽ മറയുമ്പോൾ ഒരു യുഗത്തിന്റെ അവസാനമായി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല.
ഒരു ദശാബ്ദത്തിലേറെക്കാലം ഇന്ത്യൻ ടീമിൽ നിറഞ്ഞുനിന്ന, ലോക ക്രിക്കറ്റിൽ രാജ്യത്തിന് അഭിമാനമുയർത്തിത്തന്ന താരമാണ് ബിഷൻ ബേദി. നന്നേ ചെറുപ്പത്തിൽതന്നെ ഇന്ത്യൻ ടീമിനെ നയിക്കാൻ നിയോഗിക്കപ്പെട്ട മൻസൂർ അലിഖാൻ പട്ടൗഡിയാണ് തന്റെ ടീമിന്റെ പരിമിതികളെ കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന നായകൻ. ഇന്ത്യൻ വിക്കറ്റുകൾ മാത്രമല്ല, ക്രിക്കറ്റ് കളിക്കുന്ന വിദേശമണ്ണിലും ബാറ്റ്സ്മാൻമാരെ വട്ടംകറക്കാൻ സ്പിൻ ബൗളർമാരെ എങ്ങനെ ഉപയോഗപ്പെടുത്തുവാൻ കഴിയുമെന്ന് ഇംഗ്ലണ്ടിൽ കളിച്ചുവളർന്ന ക്രിക്കറ്റ് സിരകളിലൊഴുകിയിരുന്ന നവാബ് പട്ടൗഡിക്ക് വ്യക്തമായ ധാരണകളുണ്ടായിരുന്നു.
അങ്ങനെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ വാടാത്ത സ്പിൻ വസന്തമുണ്ടായത്. ബിഷൻ സിങ് ബേദി, എറപ്പള്ളി പ്രസന്ന, ഭഗവത് ചന്ദ്രശേഖർ, ശ്രീനിവാസൻ വെങ്കിട്ട രാഘവൻ- ഈ സ്പിൻ നാൽവർ സംഘത്തിന്റെ വിരലുകളിൽ വിരിഞ്ഞ ഇന്ദ്രജാലമാണ് ഇന്ത്യക്ക് വഡേക്കറുടെ കീഴിൽ 1971ൽ വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരെ ഇരട്ട ടെസ്റ്റ് പരമ്പര നേട്ടമുണ്ടാക്കിയത്. ആ നാൽവർ സംഘത്തിലെ ഇളയവനാണ് ബിഷൻ ബേദി. അവർ നാലുപേരും ചേർന്ന് വീഴ്ത്തിയ 853 ടെസ്റ്റ് വിക്കറ്റുകളിൽ 266 എണ്ണം ബേദിയുടേതായിരുന്നു. കളിക്കളത്തിൽ ഒരിക്കലും അന്യോന്യം മത്സരിക്കാതെ കൂട്ടുകാരെ ഓരോ ഘട്ടത്തിലും പ്രചോദിപ്പിച്ചിരുന്നയാളായിരുന്നു ബേദി.
പട്ടൗഡിയിൽനിന്നും ബിഷൻ ബേദി നായകസ്ഥാനമേറ്റെടുക്കുമ്പോൾ ഒരു ബൗളർക്ക് എങ്ങനെ ടീമിനെ നയിക്കാൻ കഴിയുമെന്ന് ചോദിച്ചവരുണ്ട്. അവരുടെ വായടപ്പിച്ചത് മികച്ച ക്യാപ്റ്റൻസിയിലൂടെയായിരുന്നു. 1976ൽ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ അവസാന ടെസ്റ്റിൽ, കിങ്സ്റ്റണിൽ തന്റെ പേസ് ബൗളർമാരെക്കൊണ്ട് അപകടകരമായ രീതിയിൽ പന്തെറിയിക്കുവാൻ ക്ലൈവ് ലോയിഡ് തയാറായപ്പോൾ പരിക്കുപറ്റി പവിലിയനിലേക്ക് മടങ്ങുന്ന തന്റെ കൂട്ടുകാരെ ഓർത്ത് ടെസ്റ്റ് മത്സരം അവസാനിപ്പിച്ച് മടങ്ങാൻ ബേദിക്ക് മടിയുണ്ടായിരുന്നില്ല. 97 റൺസിന് ഇന്ത്യൻ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് തന്റെ അഞ്ചു കളിക്കാരെ വെസ്റ്റ് ഇൻഡീസിന്റെ തീപാറിയ പേസ് ബൗളർമാരിൽനിന്നു സുരക്ഷിതരാക്കി നിർത്താൻ ബേദി തയാറായി.
1978, പാകിസ്താനെതിരെ ദീർഘനാളുകൾക്കുശേഷം ക്രിക്കറ്റ് ബന്ധം പുനരാരംഭിച്ചപ്പോൾ, ഏകദിന മത്സരത്തിൽ സഹിവാലിൽ പാക് പേസ് ബൗളർ സർഫറസ് നവാസ് തുടർച്ചയായി ഷോർട്ട് പിച്ച് പന്തുകൾ ഇന്ത്യൻ ബാറ്റർമാർക്കെതിരെ എറിഞ്ഞപ്പോൾ അവരെ തിരിച്ചുവിളിച്ച് കളി അവസാനിപ്പിക്കാൻ ബേദി തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. 1977ൽ ചെന്നൈയിലെ ചെപ്പോക്കിൽ, പന്തിന് സീം കൂടുതൽ ലഭിക്കാൻ വാസ്ലിൻ പുരട്ടി ഇംഗ്ലീഷ് ടീം പേസ് ബൗളർ ജോൺ ലിവർ പന്തെറിഞ്ഞ് ഇന്ത്യയെ തോൽപിച്ചപ്പോൾ ബിഷൻ ബേദി അക്കാര്യം വിവാദമാക്കി.
കൗണ്ടി ക്രിക്കറ്റിൽ തന്റെ സ്ഥാനം പോകുമെന്നൊന്നും ബേദി ശ്രദ്ധിക്കുകയുണ്ടായില്ല. ആസ്ട്രേലിയയിൽ ടെലിവിഷൻ ചാനൽ നടത്തിയിരുന്ന കെറി പാക്കർ തന്റെ ഏജന്റിനെ മൂന്ന് പ്രാവശ്യം ബേദിയുടെ അടുത്തേക്ക് വൻതുക ഓഫർ നൽകി വിട്ടെങ്കിലും സർദാർജി മാന്യനായി ദേശീയ ടീമിൽതന്നെ തുടർന്നു. ബേദിക്ക് തലവേദന സൃഷ്ടിക്കാൻ ബോംെബക്കാരനായ സുനിൽ ഗവാസ്കർ ശ്രമിച്ചപ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച അദ്ദേഹം ചെയ്തില്ല.
കളിക്കളം വിട്ട് ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ പരിശീലകനായി ന്യൂസിലൻഡിൽ മുഹമ്മദ് അസ്ഹറുദ്ദീനുമായി ടീമിലുണ്ടായിരുന്ന ബേദി ഇന്ത്യയുടെ തോൽവിയിൽ നിരാശനായി ടീമിനെ പസഫിക് സമുദ്രത്തിൽ എടുത്തെറിയണമെന്ന് പറഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു.
അടുത്തകാലത്താണ് ഡൽഹിയിലെ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ മുൻ കേന്ദ്രമന്ത്രി അരുൺ െജയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ബേദി പ്രതിഷേധിച്ചത്. സ്റ്റാൻഡിൽനിന്നും തന്റെ പേര് നീക്കം ചെയ്യാനായിരുന്നു ബേദി ആവശ്യപ്പെട്ടത്. ശ്രീലങ്കയുടെ ലോക റെക്കോഡുകാരൻ മുത്തയ്യ മുരളീധരന്റെ ബൗളിങ് ആക്ഷൻ ശരിയല്ലെന്ന നിലപാടിൽ ഒരിക്കൽപോലും ബേദി അയവുവരുത്തിയില്ല. ഐ.പി.എൽ മത്സരങ്ങളിൽ കളിക്കാരെ ലേലം വിളിച്ചെടുക്കുന്നതും ബേദിയുടെ വിമർശനം വിളിച്ചുവരുത്തി. ക്രിക്കറ്റ് താരങ്ങൾ കുതിരകളാണോ എന്നായിരുന്നു ബേദിയുടെ ചോദ്യം.
ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയിൽ വാലറ്റത്ത്, സഹ സ്പിൻ ബൗളറില്ലെങ്കിൽ അവസാന ബാറ്റർ ബേദിയായിരിക്കും. ബൗളിങ്ങിൽ റൺസ് ബാറ്റർമാർക്ക് നൽകാൻ പിശുക്ക് കാണിച്ചിരുന്ന ബേദി ഒരു നല്ല ബാറ്ററായിരുന്നില്ല. പക്ഷേ, 1969 നവംബർ രണ്ടിന് ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് ബിൽ ലാറിയുടെ കരുത്തരായ ആസ്ട്രേലിയക്കെതിരെ അഞ്ചു ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ബേദിയുടെ ബാറ്റിങ് പാടവവും ചെറുത്തുനിൽപും ക്രിക്കറ്റ് ലോകം കണ്ടതാണ്. പട്ടൗഡിയുടെ കീഴിൽ ആദ്യ ടെസ്റ്റിൽ എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യ അടുത്ത ടെസ്റ്റ് സമനിലയിലാക്കി.
അരങ്ങേറ്റ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ കർണാടകയുടെ ക്ലാസിക് ബാറ്റർ ഗുണ്ടപ്പ രഘുനാഥ് വിശ്വനാഥിന്റെ രണ്ടാം ഇന്നിങ്സിലെ കിടയറ്റ 137 റൺസിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ രക്ഷിച്ചത്. മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയയെ ബേദിയും പ്രസന്നയും നാലു വിക്കറ്റുകൾ പങ്കുവെച്ച് 296 റൺസിലൊതുക്കി. ഇയാൻ ചാപ്പലിന്റെ സ്പിന്നിനെതിരെയുള്ള കരുതലോടെയുള്ള ബാറ്റിങ്ങാണ് ഓസീസിനെ പൊരുതാൻ പോന്ന സ്കോറിലെത്തിച്ചത്. 138 റൺസെടുത്ത ചാപ്പലിനെ ബേദി ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു.
വെങ്കിട്ട രാഘവനായിരുന്നു മൂന്നാമത്തെ സ്പിന്നർ. ആസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് അഞ്ചു വിക്കറ്റുകൾ തുല്യമായി പങ്കിട്ട് ബേദി-പ്രസന്ന ദ്വയം ആസ്ട്രേലിയയെ 107 റൺസിന് പുറത്താക്കിയപ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 181 റൺസ് മാത്രമായിരുന്നു. ഓപണർമാരായ വിക്കറ്റ് കീപ്പർ ഫാറൂഖ് എൻജിനീയറും അശോക് മങ്കാദും ആസ്ട്രേലിയൻ സ്പിന്നർ ആഷ്ലി മാലറ്റിന് മുന്നിൽ വിക്കറ്റ് നഷ്ടപ്പെടുത്തുമ്പോൾ മൂന്നാം ദിവസം വൈകീട്ട് ഇന്ത്യ രണ്ട് വിക്കറ്റിന് 18 റൺസെന്ന നിലയിലായി.
അജിത് വഡേക്കറിന് കൂട്ടുകാരനായി പട്ടൗഡി പറഞ്ഞുവിട്ട ബേദി ആ ദിവസം മറ്റൊരു വിക്കറ്റെടുക്കാൻ ഓസീസിനെ അനുവദിച്ചില്ല. നാലാം ദിനം ഒന്നര മണിക്കൂർ വഡേക്കർക്ക് തുണയായി ക്രീസിൽ ഉറച്ചുനിന്ന ബേദി (20) പുറത്താകുമ്പോൾ ഇന്ത്യ മൂന്നിന് 61, വഡേക്കറും (91), വിശ്വനാഥും (44) വിക്കറ്റുകൾ കളയാതെ ഇന്ത്യയെ ഏഴു വിക്കറ്റിന്റെ വിജയത്തിലെത്തിച്ചു. 1976ൽ നായകനെന്ന നിലയിൽ പുറത്താകാതെ നേടിയ 50 റൺസാണ് ബേദിയുടെ ഉയർന്ന ടെസ്റ്റ് സ്കോർ. കാൺപൂരിൽ ന്യൂസിലൻഡിനെതിരെയാണ് ബേദി കരിയറിലെ ഏക അർധസെഞ്ച്വറി നേടിയത്.
ഡൽഹിയിൽ പരമ്പര സമനിലയിലായതോടെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ടെസ്റ്റ് വാശിയേറിയ പോരാട്ടത്തിന് വേദിയായി. ടോസ് നേടിയ ആസ്ട്രേലിയൻ നായകൻ ബിൽ ലാറി സംശയിക്കാതെ ഇന്ത്യയെ ബാറ്റിങ്ങിന് വിളിച്ചു. പേസ് ബൗളർ ഗ്രഹാം മക്കൻസിയുടെ മുനവെച്ച ഏറുകളിൽ ഇന്ത്യൻ ബാറ്റിങ് നിര അപ്പാടെ തകർന്നു. മക്കൻസി ഏഴും സ്പിന്നർ ആഷ്ലി മാലറ്റ് മൂന്നും വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ഇന്ത്യയെ 212 റൺസിലൊതുക്കി.
മറുപടിയായി പട്ടൗഡി തന്റെ സ്പിന്നർമാരെ സമർഥമായ ഫീൽഡ് സെറ്റ് ചെയ്ത് ബൗളിങ്ങിന് നിയോഗിച്ചുവെങ്കിലും പ്രസന്നക്കും വെങ്കിട്ടരാഘവനും വിക്കറ്റൊന്നും വീഴ്ത്താനായില്ല. ആ മത്സരത്തിലാണ് പട്ടൗഡിയുടെ തുറുപ്പുശീട്ടായ ബേദി തന്റെ എക്കാലത്തെയും ഏറ്റവും മികച്ച ടെസ്റ്റ് ബൗളിങ് പ്രകടനം കാഴ്ചവെച്ചത്. തളരാതെ 50 ഓവറുകൾ എറിഞ്ഞ ബേദി 19 മെയ്ഡനുകൾ കഴിഞ്ഞ് കേവലം 98 റൺസിനാണ് ഏഴ് സീസ് വിക്കറ്റുകൾ തന്റെ ഇടംകൈയൻ സ്പിൻ ഇന്ദ്രജാലത്തിൽ വീഴ്ത്തിയത്. രണ്ട് വിക്കറ്റുകൾ റൺ ഔട്ടുകളായിരുന്നു. അന്ന് മൂന്നാമനായി ഇറങ്ങി ഇന്ത്യൻ സ്പിന്നർമാരെ അതിവിദഗ്ധമായി നേരിട്ട ആസ്ട്രേലിയയുടെ ഇയാൻ ചാപ്പൽ സെഞ്ച്വറിക്ക് ഒരൊറ്റ റൺ അകലെ നിൽക്കുമ്പോൾ ബേദി പുറത്താക്കിയ ബാളിനെ കുറിച്ച് പിന്നീട് പലപ്രാവശ്യം പല അവസരങ്ങളിൽ സ്മരിച്ചിട്ടുണ്ട്.
ക്രീസിൽനിന്ന് അൽപം മാറി ഡെലിവർ ചെയ്ത ബേദിയുടെ പന്തിന്റെ ഫ്ലൈറ്റ് കൃത്യമായി ശ്രദ്ധിച്ച ചാപ്പലിനെ, വിക്കറ്റിന് മുന്നിലേക്ക് ആകർഷിച്ച ബേദിയുടെ മാന്ത്രികവിരലുകൾ എതിർദിശയിലേക്ക് തിരിച്ചുവിട്ടത് ചാപ്പലിന്റെ ഷോട്ട് ഒന്നാം സ്ലിപ്പിൽ അജിത് വഡേക്കറുടെ കൈകളിലേക്ക് കോരിയിടുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. ബേദിയുടെ വായുവിലേക്ക് കറക്കിവിടുന്ന പന്ത് ക്രീസിൽ എവിടെ പതിക്കുമെന്ന് അന്ന് ചാപ്പലിന് മനസ്സിലാക്കാനേ കഴിഞ്ഞില്ലെന്നും പ്രമുഖ കമന്റേറ്ററും കോളമിസ്റ്റും ക്രിക്കറ്റ് വിദഗ്ധനുമായ മുൻ ഓസീസ് നായകൻ ഇയാൻ ചാപ്പൽ തുറന്നു സമ്മതിക്കുകതന്നെ ചെയ്തത് ഈ അമൃത്സർ സർദാർജിയുടെ കളിമികവ് ഒന്നുകൊണ്ട് മാത്രമാണ്. പട്ടൗഡിയുടെ കീഴിൽ കൊൽക്കത്ത ടെസ്റ്റിലും തുടർന്ന് ചെന്നൈയിലും ഇന്ത്യക്ക് തോൽവിയായിരുന്നു.
77ാം ജന്മദിനത്തിന് ഒരുദിവസം മുമ്പേയാണ് ബിഷൻ ബേദി ജീവിതത്തിലെ ക്രീസിൽനിന്ന് വിടപറഞ്ഞത്. ഒരു ബ്രെയിൻ സർജറിക്ക് വിധേയനായ ക്രിക്കറ്റിലെ ഈ ഇടങ്കയ്യൻ സ്പിൻ രാജകുമാരന് ഒരുപക്ഷേ, തന്റെ ജീവിതസായാഹ്നത്തിൽ അദ്ദേഹത്തെ സ്നേഹിച്ച, ബഹുമാനിച്ച സഹകളിക്കാരും ആരാധനയോടെ നോക്കിക്കണ്ട പ്രഗല്ഭരും വിലയേറിയ ഉപദേശങ്ങൾ കേൾക്കുകയും കളിക്കളത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത യുവതാരങ്ങളും ചേർന്ന് രണ്ടുവർഷം മുമ്പ് നടത്തിയ ഒരു ശ്രമംകൂടി പ്രത്യേകം ഓർമിക്കേണ്ടതുണ്ട്.
മുൻ ഡൽഹി ഓപണറും 1978-79 സീസണിൽ ഡൽഹിയെ ദേശീയ ക്രിക്കറ്റ് കിരീടമായ രഞ്ജി ട്രോഫിയിൽ ബിഷൻ ബേദിയുടെ നേതൃത്വത്തിൽ വിജയം വരിച്ച ടീമിലെ അംഗവുമായിരുന്ന വെങ്കട്ട് സുന്ദരമാണ് ‘ദ സർദാർ ഓഫ് സ്പിൻ’ എന്ന ബേദിയെക്കുറിച്ചുള്ള ഓർമകളുടെ പുസ്തകത്തിന്റെ പിന്നിൽ നിശ്ശബ്ദനായി പ്രവർത്തിച്ചത്. മുൻ ഓസീസ് നായകനും ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പൽ, ഇംഗ്ലണ്ടിനെ നന്നായി മാനേജ് ചെയ്ത മുൻ നായകൻ മൈക്ക് ബ്രയർലി, പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ബേദിയുടെ കരിയർ ഗൗരവമായി പിന്തുടർന്ന ക്ലേട്ടൻ മുർസിലോ, ബേദിയുടെ ബൗളിങ്ങിന്റെ മാസ്മരികതയിൽ മയങ്ങി ഇന്ത്യയുടെ മികച്ച സ്പിൻ ബൗളർമാരായ അനിൽ കുംബ്ലെ, മുരളി കാർത്തിക് തുടങ്ങിയവർ ഇതിഹാസ താരത്തിന്റെ കളിയെക്കുറിച്ചും മറ്റു അനുഭവങ്ങളെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്.
1946 സെപ്റ്റംബർ 25ന് അമൃത്സറിൽ ജനിച്ച ബിഷൻ ബേദി സ്വതന്ത്ര ഇന്ത്യയിലാണ് കളിച്ചു വളർന്നത്. പതിനഞ്ചാം വയസ്സിലാണ് വടക്കൻ പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് ബേദികുടുംബം താമസം മാറ്റുന്നത്. 1968-69 സീസണിലാണ് ഡൽഹി രഞ്ജി ട്രോഫി ടീമിലേക്ക് ബേദി തിരഞ്ഞെടുക്കപ്പെടുന്നത്. 1974-75 സീസണിൽ ജമ്മു-കശ്മീരിനെതിരെ 7 റൺസിന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതാണ് കരിയറിലെ മികച്ച നേട്ടം. 1966ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ബേദിയുടെ അരങ്ങേറ്റം. അന്നുമുതൽ നായകൻ പട്ടൗഡിയുടെ പ്രിയപ്പെട്ട സഹകളിക്കാരനായിരുന്ന ബേദിക്ക് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അർഹമായ സംഭാവന കളിക്കളത്തിൽ നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
67 ടെസ്റ്റുകളിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ബേദി തുടർച്ചയായി എട്ടു വർഷം ടീമിൽ സ്ഥിരമായി ഇടംപിടിച്ചിരുന്നു. 1974ൽ വെസ്റ്റ് ഇൻഡീസിനെതിരെ ബാംഗ്ലൂർ ടെസ്റ്റിനുള്ള ടീമിൽ ആദ്യമായി സെലക്ഷൻ കമ്മിറ്റി ബേദിയെ ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. അജിത് വഡേക്കറുടെ കീഴിൽ 1974ൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ടീം മൂന്നു ടെസ്റ്റുകളിലും പരാജയപ്പെട്ടതിനെ തുടർന്ന്, ബി.ബി.സിക്കുവേണ്ടി ഇന്ത്യൻ ക്രിക്കറ്റ് അധികൃതരെ വിമർശിച്ചതാണ് ഫോമിലിരിക്കെ, ഈ താരത്തെ ഒരു ടെസ്റ്റിൽനിന്ന് മാറ്റിനിർത്താൻ കാരണമായത്.
ബാംഗ്ലൂർ ടെസ്റ്റ് തുടങ്ങുന്ന ദിവസം ‘നോ ബേദി, നോ ടെസ്റ്റ്, വാട്ട് ഈസ് ക്രിക്കറ്റ് വിത്തൗട്ട് ബേദി’ എന്ന മുദ്രാവാക്യവും പ്ലക്കാർഡുമായി ആലുവ യു.സി കോളജിൽ ഈ ലേഖകൻ ഉൾപ്പെടെയുള്ള ബേദി ആരാധകർ പ്രകടനം നടത്തിയിരുന്നു. ബാംഗ്ലൂരിൽ തലേദിവസം ക്രിക്കറ്റ് പ്രേമികൾ നടത്തിയ പ്രതിഷേധപ്രകടനം പത്രങ്ങളിൽ വായിച്ചപ്പോഴാണ് ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പ് അത്തരമൊരു ചെറുപ്രകടനം നടത്താൻ പ്രേരിതമായത്.
67 ടെസ്റ്റുകളിൽനിന്ന് 118 ഇന്നിങ്സുകളിൽ 266 വിക്കറ്റുകളാണ് ബേദിയുടെ ടെസ്റ്റ് സമ്പാദ്യം. ഒരു ടെസ്റ്റ് ഇന്നിങ്സിൽ 14 തവണ അഞ്ചു വിക്കറ്റോ അതിലധികമോ ബേദി വീഴ്ത്തിയിട്ടുണ്ട്. പത്തിൽ കൂടുതൽ വിക്കറ്റുകൾ ഒരു ടെസ്റ്റിൽ മാത്രം. പത്ത് ഏകദിന മത്സരങ്ങളിൽ ഏഴു വിക്കറ്റുകൾ ബേദിയുടെ പേരിലുണ്ട്. 1975ൽ ലണ്ടനിൽ ആദ്യ ഏകദിന നിയന്ത്രിത ഓവർ ലോകകപ്പിൽ, കന്നിമത്സരത്തിൽ 12 ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ അപൂർവ നേട്ടത്തിൽ 8 ഓവറുകൾ മെയ്ഡനായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അന്ന് ഏകദിന മത്സരങ്ങൾ 60 ഓവർ ഫോർമാറ്റിലായിരുന്നു. ഒന്നാം ക്ലാസ് ക്രിക്കറ്റിൽ 370 മത്സരങ്ങളിൽനിന്നും 1560 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 1966 ഡിസംബർ 31ന് ഇൗഡൻ ഗാർഡനിൽ വെസ്റ്റ് ഇൻഡീസിനെതിരെ പട്ടൗഡിയുടെ കീഴിൽ കളി തുടങ്ങിയ ബേദി, 1979 സെപ്റ്റംബർ നാലിന് ഓവലിലാണ് ടെസ്റ്റിൽ അവസാനമായി പന്തെറിഞ്ഞത്. ഏകദിനത്തിൽ 1974 ജൂലൈ 13ന് ഇംഗ്ലണ്ടിലെ ലീഡ്സിൽ ആദ്യ മത്സരം, ശ്രീലങ്കക്കെതിരെ മാഞ്ചസ്റ്ററിൽ 1979 ജൂൺ 18ന് അവസാന മത്സരം.
ഇംഗ്ലീഷ് കൗണ്ടിയിൽ നോർതാംപ്ടൻ ബിഷൻ ബേദിയുടെ ബൗളിങ് മികവിൽ അദ്ദേഹത്തെ ടീമിലെടുത്തിയിരുന്നു. ഇന്ത്യയെ ആറ് ടെസ്റ്റ് വിജയങ്ങളിൽ നയിച്ച ബിഷൻ ബേദിയായിരുന്നു 1976ൽ ക്ലൈവ് ലോയ്ഡിന്റെ കരുത്തുറ്റ കരീബിയൻ ടീമിനെതിരെ നാലു വിക്കറ്റ് നഷ്ടത്തിൽ 406 റൺസ് നാലാം ഇന്നിങ്സിൽ സ്കോർ ചെയ്ത് റെക്കോഡ് വിജയം നേടിയത്. 1990ൽ ബേദിയെ ഇന്ത്യൻ ടീമിന്റെ മുഴുസമയ പരിശീലകനായി നിയമിച്ചിരുന്നു. ഈ പദവി ആദ്യമായി ക്രിക്കറ്റ് ബോർഡ് ബേദിക്കാണ് നൽകിയത്.
പോയവർഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബേദി തന്റെ മനസ്സിനെ വേദനപ്പെടുത്തിയ ചില സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിടപറയുന്നതിന് മുമ്പുണ്ടായ ചില വെളിപ്പെടുത്തലുകൾ. തന്റെ ജീവിതകാലത്ത് കണ്ട ചില ദാരുണ സംഭവങ്ങളിലേക്ക് ബേദി പൊതുശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചു. പാകിസ്താനുമായുള്ള യുദ്ധങ്ങൾ, വരൾച്ച, സിഖ് മത വിശ്വാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ, കോവിഡ് തുടങ്ങിയപ്പോൾ നിനച്ചിരിക്കാതെയുള്ള ലോക്ഡൗൺ തുടങ്ങി സ്തുതിപാഠകരെക്കുറിച്ചുവരെ ബേദി വിശദമായി തന്റെ നിരീക്ഷണങ്ങൾ നിരത്തി. തന്റെ യൗവനകാലത്ത് ഇന്ത്യക്കും യൗവനമായിരുന്നു. ഇന്ന് ആരോഗ്യം ക്ഷയിച്ചകാലത്തും അധിനിവേശങ്ങളെ ചെറുത്തുതോൽപിച്ച തന്റെ രാജ്യം മുന്നോട്ടുതന്നെ പോകുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്നാണ് ബേദി അവസാനമായി പറഞ്ഞത്.
ഇന്ത്യൻ ക്രിക്കറ്റിലെ, അല്ല കായികലോകത്തെ വേറിട്ടൊരു ശബ്ദം ഇനിയില്ല. ബിഷൻ ബേദിയുടെ നിർഭയത്വത്തിന്റെ പകുതിയെങ്കിലും ഇന്നത്തെ ഇന്ത്യ മുഴുവൻ ആരാധിക്കുന്ന കായികതാരങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. പ്രതികരണശേഷി നശിച്ചെന്ന് പറയാൻ തോന്നുന്ന ഇക്കാലത്ത് ബിഷൻ ബേദിയെപ്പോലെ രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ച ഒരു വലിയ മനുഷ്യന്റെ വിടവ് വലുതാണ്. അതെങ്ങനെ നികത്താൻ കഴിയും എന്നതാണ് നമുക്കു മുന്നിൽ ഉയരുന്ന വിലയേറിയ വലിയ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.