ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനും 1960കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ഡിഫെൻഡറായി പരിഗണിക്കപ്പെടുകയും ചെയ്ത ജർണയിൽ സിങ് ധില്ലെനക്കുറിച്ചാണ് ഇൗ കുറിപ്പ്. ജർണയിലിന്റെ കരുത്തിൽ ഇന്ത്യ മുന്നേറിയ കാലത്തെ കൂടി അടയാളപ്പെടുത്തുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ.
കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിലെ കാതടപ്പിക്കുന്ന ആരവങ്ങളിൽനിന്നും ആൾക്കൂട്ടങ്ങളിൽനിന്നുമകലെ ഏതോ വിദൂരബിന്ദുവിൽ കണ്ണുനട്ട് നിശ്ശബ്ദനായി നിൽക്കുന്നു, ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച പന്തുകളിക്കാരിലൊരാൾ. ചുറ്റുമുള്ളവരാരെയും ശ്രദ്ധിക്കുന്നില്ല അദ്ദേഹം. ചുറ്റുമുള്ളവർ അദ്ദേഹത്തെയും. അതുകൊണ്ടുതന്നെ മുന്നിൽ ചെന്നുനിന്ന് സകല ധൈര്യവും സംഭരിച്ചു കൈനീട്ടി ഹലോ പറഞ്ഞപ്പോൾ ഒന്നു ഞെട്ടിയോ എന്ന് സംശയം. സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ഈ അപരിചിത യുവാവാര് എന്നോർത്ത് അമ്പരന്നിരിക്കണം അദ്ദേഹം.
മുഖത്തെ അമ്പരപ്പ് പതുക്കെ സൗമ്യമായ ഒരു ചിരിക്ക് വഴിമാറുന്നു. തനിക്ക് നേരെ നീണ്ടുവന്ന മെലിഞ്ഞ ‘മലയാളിക്കൈ’ പിടിച്ചുകുലുക്കി അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നു: ‘‘ജർണയിൽ സിങ് ധില്ലൻ. ഫോർമർ ഇന്ത്യൻ ഫുട്‍ബോളർ.’’ ഒപ്പം, ഷർട്ടിന് മുകളിൽ അണിഞ്ഞിരുന്ന ഇന്ത്യൻ ബ്ലെയ്‌സറിന്റെ ഹൃദയഭാഗത്തേക്ക് വിരൽ ചൂണ്ടുന്നു; അഭിമാനത്തോടെ. കാലപ്പഴക്കംകൊണ്ട് തേഞ്ഞു മാഞ്ഞു തുടങ്ങിയ അശോകചക്രമുണ്ടവിടെ. തൊട്ടു താഴെ ഏഷ്യൻ ഗെയിംസ് 1962 എന്ന മുദ്രയും. അത്ഭുതം തോന്നി. പ്രതീക്ഷിച്ചതല്ലല്ലോ അതുപോലൊരു പ്രതികരണം. ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ കഴിയുന്ന മുഖമാണ്. കുട്ടിക്കാലം മുതൽ പത്രങ്ങളിലും സ്പോർട്സ് മാസികകളിലും കണ്ട് മനസ്സിൽ പതിഞ്ഞ ചിത്രം. ‘‘എനിക്കറിയാം അങ്ങയെ. ജകാർത്ത ഏഷ്യാഡിൽ ഇന്ത്യക്ക് സ്വർണം നേടിത്തന്ന ഹീറോയെ മറക്കാൻ പറ്റുമോ?’’ –എന്റെ ചോദ്യം.
ജർണയിലിന്റെ മുഖത്തെ ചിരി മായുന്നു. പകരം ഗൗരവഭാവം നിറയുന്നു അവിടെ. മാസങ്ങൾ മാത്രം മുമ്പുണ്ടായ നിർഭാഗ്യകരമായ ഒരനുഭവത്തിന്റെ ഓർമകൾ അദ്ദേഹത്തിന്റെ മനസ്സിനെ വിട്ടൊഴിഞ്ഞിരുന്നില്ല. രാജ്യത്തിന് വേണ്ടി വിയർപ്പൊഴുക്കിയ പന്തുകളിക്കാരോടുള്ള നമ്മുടെ സമീപനം വെളിച്ചത്തുകൊണ്ടുവരുന്ന അനുഭവം. ‘‘ഒരു നാഷനൽ ടൂർണമെന്റിന്റെ ഫൈനൽ കാണാൻ പോയതാണ്. സാധാരണ വേഷത്തിൽ. പഴയ ഇന്ത്യൻ കളിക്കാർക്കുള്ള വി.ഐ.പി പാസ് കിട്ടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തും വരട്ടെ, നമ്മളെ അറിയുന്നവർ ആരെങ്കിലുമുണ്ടാകുമല്ലോ ആ പരിസരത്ത്. അങ്ങനെയാണ് കളി കാണാൻ ചെന്നത്.’’
കാഴ്ചയിൽ ക്ഷീണിതനും വയോധികനുമായ സർദാർജിയെ ഗേറ്റിൽ തടയുന്നു കാവൽക്കാർ. ‘‘മുൻ ഇന്റർനാഷനലാണ്, ഒളിമ്പിക്സിൽ കളിച്ചിട്ടുണ്ട്, ഏഷ്യാഡ് സ്വർണ ജേതാവാണ് എന്നൊക്കെ പറഞ്ഞുനോക്കി. ഒരു കാര്യവുമുണ്ടായില്ല. തെളിവെവിടെ എന്നാണ് അവരുടെ ചോദ്യം. വാഗ്വാദം കേട്ട് സ്ഥലത്തെത്തിയ സംഘാടകർക്കും നമ്മളെ മനസ്സിലായില്ല. എത്ര നേരമാണ് സ്വന്തം നേട്ടങ്ങൾ സ്വയം വിവരിച്ചുകൊണ്ടിരിക്കുക. ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണത്. മടുത്ത് ഒടുവിൽ പിന്മാറി ഞാൻ. പിന്നീടെപ്പോഴും മത്സരങ്ങൾ കാണാൻ പോകുമ്പോൾ പഴയ ഇന്ത്യൻ ബ്ലേസർ ധരിക്കാൻ ശ്രദ്ധിക്കും. അല്ലെങ്കിൽ സർട്ടിഫിക്കറ്റോ മെഡലോ കൈയിൽ കരുതും... ഇവിടെ വന്നപ്പോഴും ആ പതിവ് മുടക്കിയില്ല...’’
കളിക്കളത്തിലെ സിംഹം എന്ന് പേരുകേട്ട സെന്റർ ബാക്ക്. ഏഷ്യയിലെ ഏറ്റവും ആപൽക്കാരികളായ ഫോർവേഡുകളുടെ പോലും ഉറക്കം കെടുത്തിയ താരം. പിൽക്കാലത്ത് മുന്നേറ്റ നിരയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ പ്രതിരോധഭടന്മാരുടെ പേടിസ്വപ്നമായി മാറിയ സെന്റർ ഫോർവേഡ്. ഏഷ്യൻ ഓൾസ്റ്റാർ ടീമിന്റെ നായകത്വം അലങ്കരിച്ച ആദ്യത്തെയും അവസാനത്തെയും ഇന്ത്യക്കാരൻ. അങ്ങനെ പദവികൾ എത്രയെത്ര. ആ ഇതിഹാസനായകനാണ് ഇരമ്പുന്ന സ്റ്റേഡിയത്തിന്റെ ഒരു കോണിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ തെല്ലൊരു ആത്മനിന്ദ കലർന്ന ചിരിയുമായി...
ജകാർത്ത ഏഷ്യാഡിൽ വിജയിച്ച ഇന്ത്യൻ ഫുട്ബാൾ ടീം
‘മൈതാനി’ലെ ജർണയിൽ
കഴിഞ്ഞ ദിവസം ‘മൈതാൻ’ എന്ന ബോളിവുഡ് ചിത്രം കണ്ടപ്പോൾ വീണ്ടും ആ മുഖം ഓർമവന്നു. ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മഹാനായ കോച്ച് സയ്യിദ് അബ്ദുൽ റഹീമിന്റെ ജീവിതകഥയാണെങ്കിലും 1962ലെ ജകാർത്ത ഏഷ്യൻ ഗെയിംസിലെ വിജയശിൽപികളായ കളിക്കാരെല്ലാം മിന്നിമറയുന്നുണ്ട് ആ പടത്തിൽ. റഹീമിന്റെ കൈപിടിച്ച് കളിക്കളത്തിൽ പ്രശസ്തിയുടെ പടവുകൾ കയറിപ്പോയവർ. പി.കെ. ബാനർജി, ചുനി ഗോസ്വാമി, തുളസീദാസ് ബലറാം, എത്തിരാജ്, പീറ്റർ തങ്കരാജ്, പ്രദ്യുത് ബർമൻ, യൂസഫ് ഖാൻ, ഒ. ചന്ദ്രശേഖർ, അരുൺ ഘോഷ്, തൃലോക് സിങ്, അഫ്‌സൽ, ഫ്രാങ്കോ, രാം ബഹാദൂർ, പ്രശാന്ത സിൻഹ, അരുമൈനായകം...
ചരിത്രത്തിന്റെ ഭാഗമായി മാറിയ താരങ്ങൾ. ഇക്കൂട്ടത്തിൽ അരുമൈ, അരുൺ ഘോഷ്, അഫ്‌സൽ തുടങ്ങി വിരലിലെണ്ണാവുന്നവരേ ഇപ്പോൾ നമുക്കൊപ്പമുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുന്നു കളിയെഴുത്തുകാരൻകൂടിയായ സുഹൃത്ത് ജാഫർ ഖാൻ. ഏറ്റവുമൊടുവിൽ ഏതാണ്ട് വഴിക്കുവഴിയായി വിടവാങ്ങിയത് പി.കെ. ബാനർജിയും ചുനിയും ബലറാമുമാണ്. ഇന്ത്യയുടെ മുന്നേറ്റനിരയിലെ പുലിത്രയം.
ഈ മൂന്നുപേരടക്കം ജകാർത്തയിലെ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും കാണാനും പരിചയപ്പെടാനും സംസാരിക്കാനും അവരെക്കുറിച്ചെഴുതാനും കഴിഞ്ഞുവെന്നത് കളിയെഴുത്തു ജീവിതം നൽകിയ സൗഭാഗ്യങ്ങളിൽ ഒന്ന്. അക്കൂട്ടത്തിലെ അവസാന കണ്ണിയായിരുന്നു ജർണയിൽ. ‘മൈതാനി’ൽ ദവീന്ദർ ഗിൽ അവതരിപ്പിച്ച ജർണയിൽ കഥാപാത്രത്തിന് സിനിമയിൽ അധികമൊന്നും ചെയ്യാനില്ല. അജയ് ദേവ്ഗൺ വേഷമിട്ട റഹീം സാഹിബാണല്ലോ കഥാനായകൻ. എങ്കിലും പടം കണ്ടുതീർന്നപ്പോൾ മനസ്സിൽനിന്ന് ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത കഥാപാത്രങ്ങളിലൊരാൾ ജർണയിൽ തന്നെ. യക്ഷിക്കഥകളിലെ നായകനായി ചെറുപ്പം മുതലേ മനസ്സിൽ കൂടുകൂട്ടിയ താരമായതുകൊണ്ടാവാം.
ഏഷ്യാഡ് ടീമിൽ ജർണയിലിന്റെ സഹതാരമായിരുന്ന ആന്ധ്രക്കാരൻ ഡി.എം.കെ. അഫ്‌സലിന്റെ വാക്കുകളാണ് ഓർമയിൽ: ‘‘കൊറിയക്കെതിരായ ഏഷ്യാഡ് ഫൈനൽ കളിക്കാൻ ഭാഗ്യമുണ്ടായില്ല എനിക്ക്. എങ്കിലും ദുഃഖമില്ല. ജീവൻപോലും പണയപ്പെടുത്തിക്കൊണ്ടുള്ള ജർണയിലിന്റെ കളി ബെഞ്ചിലിരുന്ന് ആസ്വദിക്കാൻ പറ്റിയല്ലോ. അതുപോലൊരു പ്രകടനം കണ്ടിട്ടില്ല അതിനു മുമ്പും പിമ്പും.’’
ജകാർത്ത ഏഷ്യൻ ഗെയിംസിൽ കളിക്കാനിറങ്ങുമ്പോൾ ആരും വിജയസാധ്യത കൽപിച്ചിരുന്നില്ല ഇന്ത്യൻ ഫുട്‍ബോൾ ടീമിന്; സ്വന്തം നാട്ടിലെ കായിക ഭരണാധികാരികൾപോലും. ക്യാപ്റ്റൻ ചുനി ഗോസ്വാമിക്കും കൂട്ടർക്കും കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതുത ന്നെ ഒട്ടേറെ മുറുമുറുപ്പുകൾക്കുശേഷമാണ്. ഒടുവിൽ ജകാർത്തയിൽ വന്നിറങ്ങിയപ്പോഴാകട്ടെ കോച്ച് റഹീമിനെയും ശിഷ്യരെയും കാത്തിരുന്നത് പ്രതിസന്ധികളുടെ കൂമ്പാരം.
ഇസ്രായേലിനെയും തായ്‌വാനെയും ഗെയിംസിൽനിന്നൊഴിവാക്കാനുള്ള ഇന്തോനേഷ്യയുടെ തീരുമാനം അംഗീകരിക്കാൻ ഏഷ്യൻ ഗെയിംസ് ഫെഡറേഷനിലെ ഇന്ത്യൻ പ്രതിനിധി ഗുരുദത്ത് സോന്ധി വിസമ്മതിച്ചതാണ് പ്രശ്നമായത്. ഏഷ്യൻ ഗെയിംസ് എന്ന ഔദ്യോഗിക പേരിന് പകരം ജകാർത്ത ഗെയിംസ് എന്ന പേരുകൊണ്ട് തൃപ്തരാകണം ആതിഥേയർ എന്നൊരു നിർദേശംകൂടി മുന്നോട്ടുവെച്ചു സോന്ധി. സ്വാഭാവികമായും ഇന്തോനേഷ്യ ഒന്നടങ്കം ഇന്ത്യയുടെ ശത്രുപക്ഷത്തായി.
കോച്ച് സയ്യിദ് അബ്ദുൽ റഹീം, അജയ് ദേവ്ഗൺ
ഫലം: ചെല്ലുന്നിടത്തെല്ലാം ഇന്ത്യൻ ടീമിന് കൂവലും കല്ലേറും മാത്രം. ആക്രമണം ഭയന്ന് ടീം ബസിൽനിന്ന് ദേശീയ പതാക അഴിച്ചുമാറ്റേണ്ട ഗതികേടിൽ വരെയെത്തി ഇന്ത്യ. പലപ്പോഴും കളിക്കാർക്ക് ബസിനകത്ത് ഒളിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നു. ജർണയിലിന്റെ കാര്യമായിരുന്നു ഏറ്റവും കഷ്ടം. തലപ്പാവ് ധരിച്ച സർദാർജി ആയിരുന്നതിനാൽ എവിടെയിരുന്നാലും കണ്ണിൽപെടും. സീറ്റിന് ചുവടെ ഒളിച്ചിരുന്നായിരുന്നു മിക്കപ്പോഴും അദ്ദേഹത്തിന്റെ യാത്ര. അതിനിടെ ജകാർത്തയിലെ ഇന്ത്യൻ ഹൈകമീഷന് നേർക്കുമുണ്ടായി കല്ലേറ്. അന്തരീക്ഷം ആകെ കലുഷം. മത്സരവേദികളിലെ നിറഞ്ഞ ഗാലറികളുടെ കൂവലും പരിഹാസവും അതിനു പുറമെ.
മാനസികമായി തളർന്ന ഇന്ത്യൻ ടീമാണ് ആദ്യമത്സരത്തിൽ പ്രബലരായ ദക്ഷിണ കൊറിയയെ നേരിട്ടത്. കളിയുടെ സർവമേഖലകളിലും പതറിയ ഇന്ത്യ രണ്ടു ഗോളിന് മത്സരം തോറ്റു. അവിടെ തകർന്നു തരിപ്പണമാകേണ്ടതായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ. എന്നാൽ, മറിച്ചാണ് സംഭവിച്ചത്. കോച്ച് റഹീമിന്റെ വാക്കുകൾ ചുനിക്കും കൂട്ടർക്കും മാന്ത്രിക ഔഷധത്തിന്റെ ഫലംചെയ്തു. ‘‘നിങ്ങൾക്കിനി ഒന്നും നഷ്ടപ്പെടാനില്ല. മരിച്ചു കളിക്കുക; ജയിക്കുക.’’ തായ്‌ലൻഡിനെതിരായ അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ കോച്ച് പറഞ്ഞ വാക്കുകൾ ടീമിലെ ബേബിയായിരുന്ന ലെഫ്റ്റ് ഔട്ട് അരുമൈനായകത്തിന്റെ ഓർമയിലുണ്ട്. ആദ്യ മത്സരത്തിൽ പിൻവാങ്ങിക്കളിക്കുന്ന ഫോർവേഡിന്റെ റോളിൽ പതറിപ്പോയ അഫ്‌സലിന് പകരമാണ് അരുമൈ ഫൈനൽ ഇലവനിൽ വന്നത്. മറ്റൊരു നിർണായക മാറ്റംകൂടി വരുത്തി റഹീം. മുന്നേറ്റ നിരയിൽ യൂസഫ് ഖാനെ ഇറക്കി. ഇന്ത്യ അന്ന് ജയിച്ചത് ഒന്നിനെതിരെ നാല് ഗോളിന്. പി.കെ. ബാനർജി (2), ചുനി, ബലറാം എന്നിവരായിരുന്നു സ്കോറർമാർ.
പക്ഷേ, ആ മത്സരത്തിൽ ഇന്ത്യക്കൊരു വമ്പൻ പണി കിട്ടി. ഏഷ്യയിലെ ഏറ്റവും ആപൽക്കാരിയായ സ്റ്റോപ്പർ ബാക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജർണയിൽ എതിർകളിക്കാരനുമായി കൂട്ടിയിടിച്ചു ഗ്രൗണ്ടിൽ പിടഞ്ഞുവീഴുന്നു. ചോരയൊലിപ്പിച്ചു സ്‌ട്രെച്ചറിൽ പുറത്തുപോയ ജർണയിലിന്റെ അഭാവത്തിൽ പത്തുപേരെ വെച്ചാണ് ഇന്ത്യ മത്സരം കളിച്ചു തീർത്തത്. സബ്സ്റ്റിറ്റ്യൂട്ട് നിയമം ഏഷ്യാഡ് ഫുട്‍ബോളിൽ നിലവിൽ വന്നിരുന്നില്ല അപ്പോഴും. തലയിൽ ആറു സ്റ്റിച്ചിടേണ്ടി വന്നു അന്ന് ജർണയിലിന്. പ്രബലരായ ജപ്പാനാണ് അടുത്ത എതിരാളി. ജർണയിലിന്റെ അഭാവം കനത്ത ആഘാതമായിരുന്നെങ്കിലും റഹീം തളർന്നില്ല. മധ്യനിരയിൽനിന്ന് അരുൺ ഘോഷിനെ പ്രതിരോധത്തിലേക്ക് പിൻവലിച്ചു അദ്ദേഹം. പകരം ബലറാമിനെ മിഡ്‌ഫീൽഡറാക്കി. ആ പരീക്ഷണങ്ങളും ഫലംചെയ്തു. പി.കെയും ബലറാമും നേടിയ രണ്ടു ഗോളുകൾക്ക് ജപ്പാനെ മുക്കി ഇന്ത്യ സെമി ഫൈനലിൽ.
ആറു സ്റ്റിച്ചുമായി കളിക്കളത്തിൽ
പക്ഷേ, പരീക്ഷണങ്ങൾ അവസാനിച്ചിരുന്നില്ല. ലീഗ് റൗണ്ടിൽ മുറക്ക് ഗോളടിച്ചുപോന്ന സൗത്ത് വിയറ്റ്നാം ആണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. ഈ പോരാട്ടത്തിലാവണം തന്റെ ഫുട്‍ബോൾ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ‘ചൂതാട്ട’ത്തിന് റഹീം തയാറായത്. തലയിൽ ആറു തുന്നിക്കെട്ടും ബാൻഡേജുമായി സൈഡ് ലൈനിലിരുന്ന ജർണയിലിനെ അദ്ദേഹം ഇന്ത്യയുടെ ഫസ്റ്റ് ഇലവനിൽ ഇറക്കി. സ്ഥിരം സ്റ്റോപ്പർ ബാക്ക് പൊസിഷനിലല്ല; സെന്റർ ഫോർവേഡായി! എതിരാളികളെപ്പോലും ഞെട്ടിച്ച തീരുമാനം.
പക്ഷേ, ജർണയിലായിരുന്നു കളിയിലെ കേമൻ. ചുനി ഗോസ്വാമിയുടെ ആദ്യ ഗോളിന് വഴിയൊരുക്കുക മാത്രമല്ല, മുപ്പതാം മിനിറ്റിൽ ചുനിയുടെ പാസിൽനിന്ന് ഉഗ്രനൊരു ഗോളടിച്ച് വിയറ്റ്നാമിനെ ഞെട്ടിക്കുകയും ചെയ്തു ജർണയിൽ. പരുക്കൻ ടാക്ലിങ്ങിന് പേരുകേട്ട ജർണയിലിനെ തളക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി വിയറ്റ്നാം. എന്നിട്ടെന്ത്? മത്സരം ഒടുവിൽ 3-2 ന് ജയിച്ചുകയറിയത് ഇന്ത്യ.
‘‘സെന്റർ ഫോർവേഡ് പൊസിഷനിലാണ് കളിക്കേണ്ടത് എന്ന് റഹീം സാഹിബ് വിളിച്ചുപറഞ്ഞപ്പോൾ അത്ഭുതം തോന്നി എന്നത് സത്യം. എങ്കിലും അതൊരു വലിയ വെല്ലുവിളിയായിരുന്നില്ല എനിക്ക്. ഫോർവേഡായി കളി തുടങ്ങിയ ആളാണല്ലോ ഞാൻ’’ -ജർണയിലിന്റെ വാക്കുകൾ. ഹോഷിയാർപൂരിലെ ഖാൽസാ സ്പോർടിങ് ക്ലബിന് വേണ്ടി ഇരുപതാം വയസ്സിൽ ഡി.സി.എം ട്രോഫിയിൽ അരങ്ങേറുമ്പോൾ സെന്റർ ഫോർവേഡാണ് ജർണയിൽ. കൊൽക്കത്തയിലെ രാജസ്ഥാൻ ക്ലബിലെത്തിയതോടെ അറ്റാക്കിങ് സെന്റർ ഹാഫ് ആയി പൊസിഷൻ. ഹെഡറുകളും ലോങ് റേഞ്ചറുകളുമായിരുന്നു കളിക്കളത്തിൽ അക്കാലത്ത് ജർണയിലിന്റെ മാരകായുധങ്ങൾ.
മോഹൻബഗാനിലും പിന്നീട് ഇന്ത്യൻ ടീമിലുമെത്തിയതോടെ സെന്റർ ഹാഫ് പ്രതിരോധത്തിലേക്ക് പിൻവാങ്ങുന്നു. സ്റ്റോപ്പറുടെ പൊസിഷനിലും അജയ്യത തെളിയിച്ചു ജർണയിൽ. ജപ്പാന്റെ കുനിഷിഗെ കമാമോട്ടോയെയും ഹംഗറിയുടെ ഫ്ലോറിയൻ ആൽബർട്ടിനെയുംപോലുള്ള ലോക ക്ലാസ് സ്‌ട്രൈക്കർമാരെ പോലും വരച്ച വരയിൽ നിർത്തിയ ചരിത്രമുള്ള ജർണയിലിനെ ഏഷ്യയിലെ ഏറ്റവും വിശ്വസ്തനായ സ്റ്റോപ്പർ എന്ന് ഫിഫ പ്രസിഡന്റ് സർ സ്റ്റാൻലി റൂസിനെപ്പോലുള്ളവർ വാഴ്ത്തുന്ന ഘട്ടം വരെയെത്തി. ഏഷ്യാഡ് സെമി ഫൈനലിനുള്ള ഫൈനൽ ഇലവനെ നിശ്ചയിക്കുമ്പോൾ, കടുത്ത ടാക്ലിങ്ങിന് പേരുകേട്ട വിയറ്റ്നാമീസ് ഡിഫൻഡർമാരെ തളക്കാൻ അത്രയുംതന്നെ പരുക്കനായ ഒരാൾ ഉണ്ടാവുന്നത് നല്ലതായിരിക്കും എന്ന് കണക്കുകൂട്ടിയിരിക്കാം റഹീം സാഹിബ്.
അജയ് ദേവ്ഗൺ, ഐ.എം. വിജയൻ,പീറ്റർ തങ്കരാജ്
വിയറ്റ്നാമിനെതിരെ മുപ്പതാം മിനിറ്റിൽ വീണ ജർണയിലിന്റെ ഗോൾ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ ശരദിന്ദു സന്യാൽ വാക്കുകൾകൊണ്ട് വരച്ചിട്ടതിങ്ങനെ: ‘‘കാവ്യനീതി പോലെയായിരുന്നു ആ ഗോൾ. ഡിഫൻസിലും അറ്റാക്കിലും ഒരുപോലെ തിളങ്ങിയ ചരിത്രമുള്ള ജർണയിൽ നിർണായക ഘട്ടത്തിൽ സ്കോർ ചെയ്യണമെന്നത് വിധിനിയോഗമാകാം. പി.കെ. ബാനർജിയാണ് ആ നീക്കത്തിന് തുടക്കമിട്ടത്. മിഡ്‌ഫീൽഡിൽനിന്ന് കുടുക്കിയെടുത്ത പന്തുമായി കുറച്ചു ദൂരം മുന്നേറിയ ശേഷം ജർണയിലിന് പാസ് കൈമാറുന്നു പി.കെ. ഒന്നാന്തരമൊരു ഫോർവേഡ് പാസ്. പന്ത് സ്വീകരിച്ചശേഷം മൂന്ന് പ്രതിരോധ ഭടന്മാരെ വഴിക്കുവഴിയായി മറികടന്ന് വിയറ്റ്നാമിന്റെ പെനാൽറ്റി ഏരിയയിൽ കടന്നുചെല്ലുന്നു ജർണയിൽ. ഗോൾകീപ്പർ മാത്രമേയുള്ളൂ ഇനി മുന്നിൽ. പരിഭ്രമിച്ചുപോയ ഗോളിയെ തന്ത്രപൂർവം തന്നിലേക്ക് ആകർഷിച്ച ശേഷം അതേ ശ്വാസത്തിൽ മറികടന്ന് നേരെ പോസ്റ്റിലേക്ക് പന്ത് തൊടുക്കുന്നു ജർണയിൽ. മൂന്ന് വാര ദൂരെനിന്നുള്ള ആ വെടിയുണ്ട വലയിൽ ചെന്നു വീഴുന്നത് നിസ്സഹായനായി കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ ഗോളിക്ക്.’’
ചുനി ഗോസ്വാമി,ജർണയിൽ സിങ്
കരുത്തരായ ദക്ഷിണ കൊറിയക്കെതിരായ ഫൈനലിലും കണ്ടു കോച്ച് റഹീമിന്റെ പരീക്ഷണങ്ങൾ. ജർണയിലിനെ നിലനിർത്തുക മാത്രമല്ല ക്രോസ് ബാറിനടിയിൽ തകർത്തു കളിച്ചുപോന്ന പ്രദ്യുത് ബർമനെ മാറ്റി പകരം ടൂർണമെന്റിൽ അതുവരെ ഒരു മത്സരംപോലും കളിക്കാത്ത തങ്കരാജിനെ ഇറക്കുക കൂടി ചെയ്തു അദ്ദേഹം. പരിക്കിൽനിന്ന് കഷ്ടിച്ച് വിമുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോഴും തങ്കരാജ്. ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയെങ്കിലും റഹീമിന്റെ തീരുമാനമായിരുന്നു ശരിയെന്ന് മത്സരഫലം തെളിയിച്ചു.
പി.കെ. ബാനർജിയിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്; പതിനേഴാം മിനിറ്റിൽ. മൂന്ന് മിനിറ്റിനകം ഫ്രാങ്കോയുടെ ഫ്രീകിക്കിൽനിന്ന് കൂറ്റനൊരു ഇടങ്കാൽ ഷോട്ടോടെ ജർണയിൽ വീണ്ടും കൊറിയൻ വല കുലുക്കി. രണ്ടു ഗോളിന് ഇന്ത്യ മുന്നിൽ. അവസാന വിസിലിന് അഞ്ചു മിനിറ്റ് മുമ്പ് അപ്രതീക്ഷിതമായി ഒരു ഗോൾ വഴങ്ങിയെങ്കിലും ബാറിനടിയിൽ പിന്നീടങ്ങോട്ട് ആറടി നാലിഞ്ചുകാരൻ തങ്കരാജ് മഹാമേരുവായി നിന്നതോടെ കളിയിൽ 2-1 ജയവും സ്വർണമെഡലും റഹീമിന്റെ കുട്ടികൾക്ക്.
‘‘മത്സരം കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും റഹീം സാഹിബിനടുത്തേക്ക് ഓടിച്ചെന്നു’’ –ജർണയിലിന്റെ ഓർമ. ‘‘കൈകളിൽ മുഖമമർത്തി കരഞ്ഞുകൊണ്ടിരുന്ന അദ്ദേഹത്തെ എല്ലാവരും ചേർന്ന് ചുമലിലേറ്റി. എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യ നിമിഷം. തലയിലെ പരിക്കും വേദനയുമൊക്കെ മറന്നുപോയിരുന്നു ഞാൻ.’’
ഫൈനലിൽ ഇന്ത്യ ജയിക്കുമെന്ന് കോച്ച് റഹീം സാഹിബ് പോലും പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയം. ‘‘വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല അന്നത്തെ അന്തരീക്ഷം’’ –ജർണയിൽ പറഞ്ഞു. ‘‘ഒരു ലക്ഷത്തോളം വരുന്ന കാണികൾ ഒന്നടങ്കം ഇന്ത്യയുടെ ശത്രുപക്ഷത്താണ്. സത്യത്തിൽ കൊറിയൻ ടീമിനോട് വലിയ ആഭിമുഖ്യം ഉള്ളവരല്ല ഇന്തോനേഷ്യക്കാർ. എതിർപക്ഷത്ത് ഇന്ത്യ ആയതുകൊണ്ടുമാത്രം കൊറിയയെ പിന്തുണക്കുകയായിരുന്നു അവർ. നിലക്കാത്ത കൂവലോടെയാണ് അവർ ഞങ്ങളെ ഗ്രൗണ്ടിലേക്ക് വരവേറ്റതുതന്നെ. ഇന്ത്യ പന്ത് തൊടുമ്പോഴെല്ലാം കൂവൽ. കൊറിയയുടെ കാലിൽ പന്തുകിട്ടുമ്പോൾ ഹർഷാരവം. അതായിരുന്നു രീതി.’’
പതിനൊന്ന് കൊറിയൻ കളിക്കാരെ മാത്രമല്ല, ഒരുലക്ഷം വരുന്ന കാണികളെ കൂടി നേരിടേണ്ടിവരുമെന്ന് നേരത്തേതന്നെ ശിഷ്യർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു റഹീം. ഇത്രകൂടി പറഞ്ഞു അദ്ദേഹം: ‘‘നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. നഷ്ടപ്പെടാനുള്ളത് മുഴുവൻ കൊറിയക്കാണ്. ആദ്യ മത്സരത്തിൽ കൊറിയയോട് തോറ്റ നിങ്ങളിൽനിന്ന് ആരും വിജയം പ്രതീക്ഷിക്കില്ല. ഗാലറികളുടെ ശത്രുത വേറെ. ഒന്നും നഷ്ടപ്പെടാനില്ല എന്ന ഉത്തമബോധ്യത്തോടെ എല്ലാം മറന്നു പൊരുതുക. ജയം നിങ്ങൾക്കായിരിക്കും...’’ റഹീമിന്റെ ഉപദേശം ശിരസ്സാ വഹിച്ചു ചുനി ഗോസ്വാമിയും കൂട്ടരും; ഉൾക്കിടിലത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരു സായാഹ്നം കൊറിയൻ പടക്ക് സമ്മാനിച്ചുകൊണ്ട്.
തങ്കരാജ് വന്നു; ജയിപ്പിച്ചു
വലിയൊരു റിസ്‌ക്കാണ് അന്ന് റഹീം സാഹിബ് എടുത്തതെന്ന കാര്യത്തിൽ സംശയമില്ല ജർണയിലിന്. ‘‘തങ്കരാജിനെ ഗോളിയാക്കാനുള്ള തീരുമാനമായിരുന്നു ഏറ്റവും വലിയ പരീക്ഷണം. ഇന്ത്യ അന്ന് തോറ്റുപോയിരുന്നെങ്കിൽ, ആ ഒരൊറ്റ നീക്കത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ടേനെ അദ്ദേഹം. ഭാഗ്യവശാൽ തങ്കരാജ് അന്ന് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കളി കെട്ടഴിച്ചു. അവസാന വിസിലിന് പിന്നാലെ തങ്കരാജ് പോസ്റ്റിൽ ഉമ്മവെച്ചു പൊട്ടിക്കരഞ്ഞ കാഴ്ച ഇന്നും കണ്മുന്നിൽ കാണുന്നു ഞാൻ.’’
തങ്കരാജിനോട് നേരിട്ട് ചോദിച്ചിട്ടുണ്ട് സംഭവബഹുലമായ ആ ദിവസത്തെ കുറിച്ച്. കൊറിയക്കെതിരെ ഗോൾവലയം കാക്കേണ്ടിവരുമെന്ന് ഫൈനലിന്റെ തലേ ദിവസം റഹീം സാഹിബ് വിളിച്ചുപറഞ്ഞപ്പോൾ അത്ഭുതമായിരുന്നു തങ്കരാജിന്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ബർമന് താൻ കാരണം ബെഞ്ചിലിരിക്കേണ്ടിവരുമല്ലോ എന്ന വേവലാതി വേറെ. എന്നാൽ, റഹീമിലെ തന്ത്രശാലിയായ പരിശീലകന് സംശയമൊന്നും ഉണ്ടായിരുന്നില്ല ആ മാറ്റം ടീമിന് ഗുണംചെയ്യുമെന്ന കാര്യത്തിൽ.
സ്ഥിരം ഗോൾകീപ്പറെ നിർണായക പോരാട്ടത്തിൽ റഹീം പുറത്തിരുത്തുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല കൊറിയൻ ടീം. ക്രോസ് ബാറിനടിയിൽ ബർമന്റെ ദൗർബല്യങ്ങൾ, പ്രത്യേകിച്ച് ഹൈബോളുകളിൽ, മുതലെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആ പരിമിതി മുൻകൂട്ടി കണ്ടുകൊണ്ടാണ് കൊറിയ അവരുടെ ഗെയിം പ്ലാൻ ആവിഷ്കരിച്ചത് തന്നെ. ‘‘അവസാന നിമിഷം ഒട്ടും നിനച്ചിരിക്കാതെ ബാറിനടിയിൽ തങ്കരാജ് വന്നതോടെ അവർ പരിഭ്രാന്തരായി. റഹീം സാഹിബ് ഉദ്ദേശിച്ചതും അതുതന്നെ ആവാം’’ –മത്സരം സൈഡ് ലൈനിൽ ഇരുന്ന് കണ്ട അരുമൈനായകത്തിന്റെ വാക്കുകൾ ഓർമവരുന്നു. ജർണയിലിന്റെ കണ്ണഞ്ചിക്കുന്ന വേഗത കൂടി ചേർന്നപ്പോൾ ഇന്ത്യയെ പിടിച്ചാൽ കിട്ടാതായി അന്നെന്ന് അരുമൈ.
പരുക്കൻ പ്രതിച്ഛായ ഒരിക്കലും ഭാരമായി തോന്നിയിട്ടില്ല തനിക്കെന്ന് പറഞ്ഞിട്ടുണ്ട് ജർണയിൽ. ഒരർഥത്തിൽ കളിക്കളത്തിൽ അതൊരനുഗ്രഹമായിരുന്നു; കരുത്തരായ എതിരാളികളെ നേരിടുമ്പോൾ പ്രത്യേകിച്ചും. തീക്ഷ്ണമായ ജീവിതാനുഭവങ്ങളായിരിക്കാം തന്നെ കഠിനഹൃദയനാക്കി മാറ്റിയതെന്ന് വിശ്വസിച്ചു അദ്ദേഹം. ഇപ്പോൾ പാകിസ്താനിലുള്ള ലയൽപൂരിലാണ് ജർണയിൽ ജനിച്ചത്. വിഭജനത്തെ തുടർന്നുള്ള കലാപത്തിൽ സ്വന്തം കുടുംബാംഗങ്ങൾ ഒന്നൊന്നായി കൊല്ലപ്പെടുന്നത് നടുക്കത്തോടെ കണ്ടുനിൽക്കേണ്ടി വന്നു കുട്ടിയായ ജർണയിലിന്. ഒടുവിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി അഭയാർഥികളെ കുത്തിനിറച്ച ഒരു ട്രക്കിൽ അതിർത്തിക്കപ്പുറത്തേക്ക് പലായനംചെയ്യുകയായിരുന്നു അദ്ദേഹം. ‘‘വഴി നീളെ കണ്ട അനാഥജഡങ്ങൾ ഇന്നും എന്റെ ഓർമയിലുണ്ട്. ആ പ്രായത്തിൽ കണ്ട കാഴ്ചകൾ ജീവിതകാലം മുഴുവൻ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും’’ -ജർണയിലിന്റെ വാക്കുകൾ.
ഏഷ്യാഡിനുവേണ്ടിയുള്ള പരിശീലന ക്യാമ്പ്. മൂന്നാമത് നിൽക്കുന്നത് ജർണയിൽ സിങ്
ഏഷ്യാഡ് സ്വർണ വിജയം കഴിഞ്ഞു മാസങ്ങൾക്കകം, 1963 ജൂൺ 11 ന് കോച്ച് റഹീം ഓർമയായി. അർബുദമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വില്ലൻ. രണ്ടായിരാമാണ്ട് ഒക്ടോബറിലാണ് ജർണയിലിന്റെ വിയോഗം. അപ്പോഴേക്കും തകർച്ചയുടെ നെല്ലിപ്പടിയിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഇന്ത്യൻ ഫുട്‍ബോൾ. ലോക റാങ്കിങ്ങിൽ നൂറ്റിയിരുപത്തൊന്നാം സ്ഥാനത്തെത്തി നിൽക്കുന്നു ആ വീഴ്ച.
ആറു ദശകങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ യക്ഷിക്കഥപോലെ തോന്നും ജകാർത്തയിലെ വിജയം. ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു ഇന്ത്യൻ ഫുട്‍ബോളിന് എന്ന് വിശ്വസിക്കുമോ പുതിയ തലമുറ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.