ആശ ശോഭിച്ച വഴിയിൽ മിന്നുവും സജനയും

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ആദ്യ മത്സരത്തിൽതന്നെ സജന സജീവൻ ഇന്ത്യൻ ടീമിലെത്തി. ഈ ടീമിൽ സ്ഥാനം കിട്ടിയില്ലെങ്കിലും മിന്നു മണി കഴിഞ്ഞ വർഷം ഇന്ത്യക്ക് ട്വന്റി 20 കളിച്ചിരുന്നു. വയനാട്ടിൽനിന്ന്​ വനിത ക്രിക്കറ്റി​ന്റെ ഉയരങ്ങളിലേക്ക്​ കുതിക്കുന്ന മിന്നുവിനെയും സജനയെയും, ആശ ശോഭനയെയും കുറിച്ചും വനിത ക്രിക്കറ്റി​ന്റെ സാധ്യതകളെക്കുറിച്ചുമാണ്​ മുതിർന്ന സ്​പോർട്​സ്​ ജേണലിസ്റ്റ്​ കൂടിയായ ലേഖകൻ എഴുതുന്നത്​.വയനാട്ടിലെ മാനന്തവാടിയിൽനിന്ന് മൂന്നു കിലോമീറ്റർ വരും ചോയ്മൂല എടപ്പടിയിലേക്ക്. ചൂട്ടക്കടവ് ആകട്ടെ മാനന്തവാടിയിൽനിന്ന് രണ്ടു കിലോമീറ്ററിൽ താഴെ മാത്രം അകലെ. നെൽപ്പാടങ്ങളും...

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ആദ്യ മത്സരത്തിൽതന്നെ സജന സജീവൻ ഇന്ത്യൻ ടീമിലെത്തി. ഈ ടീമിൽ സ്ഥാനം കിട്ടിയില്ലെങ്കിലും മിന്നു മണി കഴിഞ്ഞ വർഷം ഇന്ത്യക്ക് ട്വന്റി 20 കളിച്ചിരുന്നു. വയനാട്ടിൽനിന്ന്​ വനിത ക്രിക്കറ്റി​ന്റെ ഉയരങ്ങളിലേക്ക്​ കുതിക്കുന്ന മിന്നുവിനെയും സജനയെയും, ആശ ശോഭനയെയും കുറിച്ചും വനിത ക്രിക്കറ്റി​ന്റെ സാധ്യതകളെക്കുറിച്ചുമാണ്​ മുതിർന്ന സ്​പോർട്​സ്​ ജേണലിസ്റ്റ്​ കൂടിയായ ലേഖകൻ എഴുതുന്നത്​.

വയനാട്ടിലെ മാനന്തവാടിയിൽനിന്ന് മൂന്നു കിലോമീറ്റർ വരും ചോയ്മൂല എടപ്പടിയിലേക്ക്. ചൂട്ടക്കടവ് ആകട്ടെ മാനന്തവാടിയിൽനിന്ന് രണ്ടു കിലോമീറ്ററിൽ താഴെ മാത്രം അകലെ. നെൽപ്പാടങ്ങളും കാടും നിറഞ്ഞ ഗ്രാമം. വന്യമൃഗശല്യവുമുണ്ട്. ഇവിടെ ആദിവാസി കുറിച്യ സമുദായത്തിൽപെട്ട 52 വീട്ടുകാർ വസിക്കുന്നു. പാരമ്പര്യമായി അമ്പെയ്ത്തിൽ വൈദഗ്ധ്യമുള്ളവരാണ് കുറിച്യർ. ബാല്യത്തിൽതന്നെ മുളയിൽ നിർമിച്ച അമ്പും വില്ലുമായി കുട്ടികൾ പാടങ്ങളിലും വനത്തി​ന്റെ താഴ്വാരങ്ങളിലുമൊക്കെ കളിക്കാനിറങ്ങും. മീൻപിടിത്തമാണ് മറ്റൊരു വിനോദം. ചോയ്മൂലയിലെ മിന്നു മണിയും ചൂട്ടക്കടവിലെ സജന സജീവനും ബാല്യത്തിൽ അമ്പും വില്ലും കൈയിലേന്തിയവരാണ്. ശരിയായ പരിശീലനം കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ, ദീപിക കുമാരിയോ ഡോളാ ബാനർജിയോ ഒക്കെ ആകേണ്ടവർ. പക്ഷേ, അവർക്കായി കാലം കാത്തു​െവച്ചിരുന്നത് ക്രിക്കറ്റ് ബാറ്റും ബാളുമായിരുന്നു.

ആദിവാസി കുട്ടികൾക്ക് കളിയിൽ എന്തു കാര്യമെന്ന ചോദ്യം നാട്ടിൽ ഉയരാതിരുന്നില്ല. പാടത്ത് ആൺകുട്ടികൾക്കൊപ്പം പ്ലാസ്റ്റിക് പന്തുമായി ക്രിക്കറ്റ് കളിച്ച മിന്നുവിനു പലപ്പോഴും സ്​പെഷൽ ക്ലാസ്​ എന്നു നുണപറയേണ്ടിവന്നത് സ്വാഭാവികം. മാനന്തവാടി ജി.വി.എച്ച്.എസ്​.എസിലാണ് ഇരുവരുടെയും ഭാവി നിശ്ചയിക്കപ്പെട്ടത്. കായികാധ്യാപിക കെ.എം. എൽസമ്മ അവരെ ക്രിക്കറ്റ് കളിക്കാരാക്കി. സജനക്ക് പ്രായം 28. മിന്നുവിന് 25. ഏതാണ്ട് ഈ പ്രായവ്യത്യാസം ഇവരുടെ ക്രിക്കറ്റ് അരങ്ങേറ്റത്തിലും ഉണ്ട്. സജന പ്ലസ്​ വണ്ണിലും മിന്നു എട്ടാംക്ലാസിലും പഠിക്കുമ്പോൾ എന്നു പറയാം.

ഡോഡ്ജ് ബാൾ സംസ്​ഥാന സ്​കൂൾ ചാമ്പ്യൻഷിപ്പിന് മാനന്തവാടി സ്​കൂൾ വേദിയായി. േത്രാ ബാളിലും സജീവമായിരുന്നു മിന്നു. േത്രായിലെ മികവ് ബൗളിങ്ങിൽ പ്രയോജനപ്പെടുത്താമെന്നു അധ്യാപികക്കു തോന്നി. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കണം എന്ന നാട്ടിലെ സങ്കൽപവും പെൺകുട്ടികൾക്ക് എന്തു ക്രിക്കറ്റ് കളി എന്ന സമൂഹത്തിലെ ആശങ്കയും മാറ്റിയെഴുതി മിന്നുവും സജനയും മുന്നോട്ടു നടന്നു. മാനന്തവാടിയിൽനിന്ന് തിരുവനന്തപുരം പേരൂർക്കട ഹാർവിപുരത്ത് എത്തുമ്പോൾ ഗ്രാമത്തിലെ അന്തരീക്ഷമല്ല; തലസ്​ഥാന നഗരത്തി​ന്റെ ഭാഗംതന്നെ. പക്ഷേ, വീട്ടിലെ സാഹചര്യം ഏതാണ്ട് ഒരുപോലെ. അവിടെനിന്ന് ആശ ശോഭനയും ക്രിക്കറ്റ് കളിക്കാരിയായി. സജനക്കും മിന്നുവിനും മുമ്പേ പറന്നു. പെൺകുട്ടികൾക്ക് എന്തു ക്രിക്കറ്റ് കളിയെന്ന് തലസ്​ഥാനത്തി​ന്റെ പ്രാന്തപ്രദേശത്ത് ആരും ചോദിച്ചില്ല.

കൂലിപ്പണി ചെയ്താണ് അച്ഛൻ മണിയും അമ്മ വസന്തയും മിന്നുവിനെ വളർത്തിയത്. ഒരു സഹോദരിയുണ്ട് മിമിത. സജനയുടെ അച്ഛൻ ജി. സജീവൻ ഓട്ടോൈഡ്രവറും അമ്മ ശാരദ നഗരസഭ കൗൺസിലറുമാണ്. ഒരു സഹോദരനുണ്ട് –എസ്​. സച്ചിൻ. മുപ്പത്തിമൂന്നുകാരി ആശയുടെ അച്ഛൻ ബി. ജോയ് ഓട്ടോൈഡ്രവറാണ്. അമ്മ എസ്​. ശോഭന വീട്ടമ്മയും. ജ്യേഷ്ഠൻ അനൂപ് ദു​ബൈയിലാണ്. മൂന്നുപേരും കടന്നുവന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ. ക്രിക്കറ്റ് അവർക്ക് ജീവിതമാർഗമായി. നടന്നുകയറിയ വഴികൾ മാത്രമല്ല കൈത്താങ്ങായവരെയും അവർ മറന്നിട്ടില്ല.

ആശ എന്ന ലെഗ് സ്​പിന്നർ 2009ൽ ഇന്ത്യയുടെ അണ്ടർ 19 ക്യാമ്പിൽ എത്തിയപ്പോൾ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി വനിതാ താരമായി. മിന്നു മണി 2023ൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ട്വന്റി20 ടീമിലും ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും കളിച്ചപ്പോഴും ഈ നേട്ടം കൈവരിച്ച ആദ്യ കേരള വനിതയെന്ന നേട്ടം സ്വന്തമായി. പക്ഷേ, മൂവരും ഒരുമിച്ച് ദേശീയ ശ്രദ്ധ നേടിയത് ഈ വർഷം. വിമൻസ്​ പ്രീമിയർ ലീഗി​ന്റെ രണ്ടാം പതിപ്പ് ഇവരുടേതുകൂടിയായി. നോക്കൗട്ട് റൗണ്ടിലെത്തിയ ടീമുകളിൽ അവർ തിളങ്ങി.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സി​ന്റെ (ഇനി ബംഗളൂരു റോയൽ ചലഞ്ചേഴ്സ്​) കിരീടനേട്ടത്തിൽ ആശ ശോഭന പങ്കാളിയായി. ഫൈനലിൽ നേടിയ രണ്ടു വിക്കറ്റ് ഉൾപ്പെടെ ആശ പരമ്പരയിൽ 12 വിക്കറ്റ് വീഴ്ത്തി. പ്ലേ ഓഫിൽ മുംബൈ ഇന്ത്യൻസിനെതിരെ അവസാന ഓവർ ബൗൾ ചെയ്യുവാൻ ആശയെയാണ് റോയൽ ചാലഞ്ചേഴ്സ്​ നായിക സ്​മൃതി മന്ദാന ചുമതലപ്പെടുത്തിയത്. മുംബൈ ടീമിന് ജയിക്കാൻ 12 റൺസ്​ വേണ്ടിയിരുന്നു. ആറു റൺസ്​ വഴങ്ങി ഒരു വിക്കറ്റും തെറിപ്പിച്ച് ആശ ത​ന്റെ ടീമിനെ ഫൈനലിൽ എത്തിച്ചു. ലീഗ് റൗണ്ടിൽ ആദ്യ മത്സരത്തിൽ യു.പി. വാരിയേഴ്സിനെതിരെ 22 റൺസിന് അഞ്ചു വിക്കറ്റ് നേടിക്കൊണ്ടായിരുന്നു ഡബ്ല്യു.പി.എൽ രണ്ടാം പതിപ്പിലെ ആശയുടെ തുടക്കം. ഇതു റെക്കോഡായി. രണ്ടാം തവണയാണ് ആശ ബാംഗ്ലൂർ ടീമിനു കളിച്ചത്. രണ്ടു തവണയും 10 ലക്ഷം രൂപക്കാണ് ആശയെ ടീമിലെടുത്തത്.

മിന്നു മണിയും രണ്ടാം തവണയാണ് ഡൽഹി കാപിറ്റൽസ്​ ടീമിൽ സ്​ഥാനം നേടുന്നത്. രണ്ടു തവണയും ടീം ഫൈനലിൽ കടന്നു. ഇത്തവണ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ്​ നായിക സ്​മൃതി മന്ദാനയെ പുറത്താക്കിയത് മിന്നുവി​ന്റെ ഓഫ് സ്​പിൻ മികവാണ്. മുംബൈ ഇന്ത്യൻസിനായി അരങ്ങേറിയ സജന സജീവൻ പരമ്പരയിലെ മികച്ച ക്യാച്ചിനുള്ള അവാർഡും നേടി. യു.പി വാരിയേഴ്സി​ന്റെ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ച് ആണ് അംഗീകരിക്കപ്പെട്ടത്. എട്ടാം നമ്പർ ബാറ്റർ ആയി തുടങ്ങി ഓപണറായി സ്​ഥാനക്കയറ്റം നേടാൻ സജനക്ക് സാധിച്ചു. ആദ്യ മത്സരത്തിൽ ഡൽഹി ടീമിനെതിരെ വിജയിക്കുവാൻ അവസാന പന്തിൽ മുംബൈക്ക് അഞ്ചു റൺസ്​ വേണ്ടിയിരുന്നു. സജനയുടെ സിക്സർ, ടീമിനു വിജയം സമ്മാനിച്ചു. ഇതോടെ ടീമിലെ ബിഗ് ഹിറ്റർ എന്ന ലേബലും സ്വന്തമായി.

വനിത പ്രീമിയർ ലീഗ് ആദ്യപതിപ്പിൽ താൻ ചിത്രത്തിലേ ഇല്ലായിരുന്നെന്നു പറഞ്ഞ സജന ഇത്തവണയും അത്ര പ്രതീക്ഷ പുലർത്തിയില്ല. കൂട്ടുകാർക്കൊപ്പം നദിയിൽ ചൂണ്ടയിടുമ്പോഴാണ് കോച്ച് രാജഗോപാലി​ന്റെ ഫോൺ വരുന്നത്. ടീമിലെടുത്തെന്ന്. ടീം വാഗ്ദാനം ചെയ്തിരിക്കുന്ന 15 ലക്ഷം രൂപയിൽ നികുതി കഴിഞ്ഞുള്ള തുക കൈയിൽ കിട്ടിയിട്ടേ വിനിയോഗം തീരുമാനിക്കൂ. മിന്നുവാകട്ടെ കഴിഞ്ഞ സീസണിൽ കിട്ടിയ പണത്തിൽനിന്ന് (രണ്ടു സീസണിലും 30 ലക്ഷം രൂപ വീതം) ആദ്യം വാങ്ങിയത് സ്​കൂട്ടർ ആണ്. വീട്ടിൽനിന്ന് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്ക് നാലു ബസ്​ കയറിയാണ് 36 കിലോമീറ്റർ താണ്ടി പരിശീലനത്തിന് എത്തിയിരുന്നത്. അത് ഒഴിവായി. ‘‘പിന്നെ വീട്ടിൽ ഫർണിച്ചർ വാങ്ങി; വീടുപണിക്ക് എടുത്ത ബാങ്ക് വായ്പ വീട്ടി’’ –മിന്നു മണി പറഞ്ഞു. ‘‘അച്ഛനെയും അമ്മയെയും വിമാനത്തിൽ കയറ്റി എ​ന്റെ കളി കാണാൻ കൊണ്ടുപോകണം എന്ന ആഗ്രഹം ബാക്കി.’’

വലിയ ക്രിക്കറ്റ് കിറ്റുമായി ബസിൽ കയറുന്നത് ബുദ്ധിമുട്ടായിരുന്നു. പല ബസുകാരും കയറ്റാൻ വിസമ്മതിച്ചു. അതിനാൽ സജന നേരത്തേ തന്നെ സ്​കൂട്ടർ വാങ്ങി. 2018ൽ ‘കനാ’ എന്ന, ക്രിക്കറ്റ് അടിസ്​ഥാനമായി നിർമിച്ച തമിഴ് സിനിമയിൽ അഭിനയിച്ചതിന് 75,000 രൂപ പ്രതിഫലം കിട്ടിയപ്പോഴായിരുന്നു അത്. ‘‘സ്​കൂട്ടർ വീട്ടിൽ എത്തിച്ചതിനു പിന്നാലെ പ്രളയവും എത്തി. മൂന്നു ദിവസം സ്​കൂട്ടർ വെള്ളത്തിനടിയിൽ ആയിരുന്നു. അതി​ന്റെ പ്രശ്നങ്ങൾ സ്​കൂട്ടറിന് ഇപ്പോഴുമുണ്ട്’’, സജന പറഞ്ഞു.

എട്ടാം ക്ലാസ്​ വിദ്യാർഥിയായിരിക്കെ ക്രിക്കറ്റ് കളിയിൽ സജീവമായ മിന്നു ഒമ്പത്, 10 ക്ലാസുകളിൽ പഠിച്ചത് തൊടുപുഴ ക്രിക്കറ്റ് അക്കാദമിയോടനുബന്ധിച്ചാണ്. ബത്തേരിയിലായിരുന്നു പ്ലസ്​ ടു പഠനം. തിരുവനന്തപുരം വിമൻസ്​ കോളജിൽ ബി.എ ഇക്കണോമിക്സിനു ചേർന്നെങ്കിലും പഠനം തുടരാനായില്ല. ഇപ്പോൾ അണ്ണാമ​ൈല സർവകലാശാലയുടെ ബി.എ സോഷ്യോളജി വിദൂരപഠന കോഴ്സിനു ചേർന്നിരിക്കുകയാണ്. ജോലി ഇനിയും കണ്ടെത്തിയിട്ടില്ല.

മാനന്തവാടി ഹയർസെക്കൻഡറി സ്​കൂളിൽ പ്ലസ്​ ടു പഠിച്ച സജന തൃശൂർ കേരളവർമ കോളജിൽ ബി.എ പൊളിറ്റിക്കൽ സയൻസ്​ പഠിച്ചു. അത്​ലറ്റിക്സിലും ഫുട്ബാളിലും ശ്രദ്ധിച്ചിരുന്ന സജന സംസ്​ഥാന വനിത ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. ക്രിക്കറ്റിൽ പ്രധാന ആകർഷണം സാമ്പത്തിക നേട്ടംതന്നെ. കിറ്റൊക്കെ അക്കാദമി തന്നു. ദിവസ അലവൻസായി 150 രൂപ കിട്ടിയിരുന്നതും പിന്നീട് വിവിധ പ്രായക്കാരുടെ ജില്ല, സംസ്​ഥാന ടീമുകളിൽ കളിച്ചതിനുള്ള മാച്ച് ഫീസും വലിയ അനുഗ്രഹമായി. ‘‘അച്ഛനും അമ്മയും കഷ്​ടപ്പെടുമ്പോൾ വീട്ടിൽ ഒരു നേരത്തെ ആഹാരത്തിനുള്ള പണം എ​ന്റെ വീതമായി കൊടുക്കാൻ കഴിഞ്ഞത് ഒരുപാട് സംതൃപ്തി നൽകി’’ -സജന പറഞ്ഞു. 2012-13 കാലത്തെ 150 രൂപയുടെ മൂല്യം എത്ര വലുതായിരുന്നെന്ന്, തിരിഞ്ഞുനോക്കുമ്പോൾ സജന ഓർക്കാറുണ്ട്. നിഥിൻ നങ്ങോത്താണ് ഇരുവരുടെയും മെന്റർ. കനൽവഴി താണ്ടിവന്നവർക്ക് നല്ല ആത്മവിശ്വാസമാണെന്ന് നിഥിൻ പറഞ്ഞു.

 

സജന സജീവനും ആശ ശോഭനയും കളിക്കളത്തിൽ

പക്ഷേ, ആശ ശോഭന ക്രിക്കറ്റ് കളിച്ചുതുടങ്ങിയ കാലത്ത് പെൺകുട്ടികൾക്ക് ക്രിക്കറ്റ് അക്കാദമികൾ സജീവമല്ലായിരുന്നു. അതുകൊണ്ടു തന്നെ ബാറ്റും കിറ്റുമൊക്കെ വാങ്ങാൻ പലരുടെയും സഹായം വേണ്ടിവന്നു. ആരോൺ ജോർജ് തോമസ്​, ഷബീന ജേക്കബും സഹോദരൻ സലിം ജേക്കബും, മറ്റു സീനിയർ കളിക്കാരായ അഞ്ജലി സർവൻ, സുൽത്താന, രാജലക്ഷ്മി, ദീപ ലീലാമണി, വിലാസിനി നായർ തുടങ്ങിയവരുടെയൊക്കെ സഹായം ആശ ഓർക്കുന്നു. ഇന്ത്യൻ വനിത ടീമി​ന്റെ ഫീൽഡിങ് കോച്ച് ബിജു ജോർജ് അയൽവാസിയായതും ഭാഗ്യമായി. പരിശീലന വേദിയിലേക്ക് പലപ്പോഴും ബിജു ലിഫ്റ്റ് നൽകി.

കഴിഞ്ഞ 13 വർഷമായി ​െറയിൽവേസിന്റെ ഹൈദരാബാദ് ഓഫിസിൽ ആശ ജോലി നോക്കുന്നു. ഇപ്പോൾ സീനിയർ ടെക്നീഷ്യൻ. വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് ആണ് അവിടെ സ്​പോർട്സ്​ ഓഫിസർ. തിരുവനന്തപുരം വിമൻസ്​ കോളജിൽ ഒന്നാം വർഷ ബി.കോം വിദ്യാർഥിനിയായിരിക്കെയാണ് ജോലി കിട്ടിയത്. ഇപ്പോൾ ഉസ്​മാനിയ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.  മീഡിയം പേസറായി തുടങ്ങിയ ആശയെ ലെഗ് സ്​പിന്നിലേക്കു തിരിച്ചുവിട്ടത് കോച്ച് ജയകുമാറാണ്. പതിനാലാം വയസ്സിൽ സംസ്​ഥാന ടീമിലെത്തിയ ആശ

ശോഭന ഇടക്കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറഞ്ഞു. ‘‘ഫോം നഷ്​ടപ്പെട്ടില്ല. പ്രാദേശിക മത്സരങ്ങളിൽ നന്നായി കളിച്ചു. പക്ഷേ, ടീമിൽ സെലക്ഷൻ കിട്ടിയില്ല. ​െറയിൽവേ ടീമിൽ സ്​ഥാനം നഷ്​ടപ്പെട്ടപ്പോൾ കമന്റേറ്റർ ആയി. അപ്പോഴാണ്, മുമ്പ് ഒപ്പം കളിച്ചിരുന്ന ശ്വേത മിശ്ര പുതുശ്ശേരി ടീമിലേക്കു ക്ഷണിച്ചത്. ശ്വേതയാണ് പുതുശ്ശേരിയുടെ കോച്ച്. പുതുശ്ശേരിയുടെ നായികയായിട്ടായിരുന്നു പുതിയ തുടക്കം. ആദ്യ സീസണിൽ 16 വിക്കറ്റ് നേടി. തുടർന്ന് റോയൽ ചലഞ്ചേഴ്സിൽ.’’ ബാക്കി ചരിത്രമെന്നു പറയാം.

കേരളത്തിൽ കളിച്ചു വളർന്നൊരു പെൺകുട്ടി ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ചു എന്നതാണ് മിന്നു മണി സ്വന്തമാക്കിയ നേട്ടം. ട്വന്റി 20യിൽനിന്ന് ഇനി ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും കടന്നുകയറണം. ഇപ്പോൾ മൾട്ടി ഡേ ക്രിക്കറ്റിൽ ദക്ഷിണ മേഖലാ ടീമി​ന്റെ നായികയായി മിന്നു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ടീമിൽ ഒപ്പം സജനയുമുണ്ട്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ആദ്യ മത്സരത്തിൽതന്നെ സജന ഇന്ത്യൻ ടീമിൽ എത്തി. ഈ പരമ്പരയിൽതന്നെ ആശക്കും ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. ഈ ടീമിൽ സ്ഥാനം കിട്ടിയില്ലെങ്കിലും മിന്നു മണി കഴിഞ്ഞ വർഷം ഇന്ത്യക്ക് ട്വന്റി 20 കളിച്ചിരുന്നു.

1976ൽ സുധാ ഷായും സൂസൻ ഇട്ടിച്ചെറിയയും ഇന്ത്യൻ ടെസ്റ്റ് ടീമിൽ എത്തിയപ്പോൾ ഇരുവരും വളർന്നത് ചെന്നൈയിലെങ്കിലും അവർ ജനിച്ചത് കേരളത്തിലാണെന്ന് നമ്മൾ കൊട്ടിഗ്ഘോഷിച്ചു. കണ്ണൂർ കുറ്റിക്കണ്ടി കനകത്തി​ന്റെ മകളാണ് സുധ. സൂസ​ന്റെ അച്ഛൻ കെ.കെ. ഇട്ടിച്ചെറിയ നിരണം സ്വദേശിയാണ്. അമ്മ േഗ്രസിയും മലയാളി. ഇനി അതല്ല, ടെസ്റ്റ് താരം ജനിച്ചതും വളർന്നതും കേരളത്തിൽ എന്നു നാം പറയുകയും എഴുതുകയും ചെയ്യുന്ന കാലം വരട്ടെ. ഡബ്ല്യു.പി.എൽ രണ്ടാം പതിപ്പിൽ മൂന്നു മലയാളി താരങ്ങൾ തിളങ്ങിയപ്പോൾ അര ഡസനോ അതിലധികമോ യുവതാരങ്ങൾ ഊഴംകാത്തു നിൽക്കുന്നു എന്നതാണ് കേരള വനിത ക്രിക്കറ്റിന് ഏറെ പ്രതീക്ഷ നൽകുന്നത്.

തലശ്ശേരി സ്വദേശി അക്ഷയ സദാനന്ദന് പരിക്കു മൂലം പരിശീലനം മുടക്കേണ്ടിവന്നില്ലായിരുന്നുവെങ്കിൽ പണ്ടേ, പ്രീമിയർ ലീഗ് കളിച്ചേനെ. അക്ഷയ 2018-19ൽ അണ്ടർ 23 ചലഞ്ചർ േട്രാഫിയിൽ ഇന്ത്യ ഗ്രീൻസിനു കളിച്ചിരുന്നു. പോയവർഷം ട്വന്റി 20 ദക്ഷിണ മേഖലാ ടീമിൽ ഉണ്ടായിരുന്നു. കാൽമുട്ടിലെ ശസ്​ത്രക്രിയക്കു ശേഷം മടങ്ങിവരവി​ന്റെ പാതയിലാണ് അക്ഷയ.

സ​ജ​ന സ​ജീ​വ​ൻ, നി​ഥി​ൻ നാ​ങ്ങോ​ത്ത് ,മി​ന്നു മ​ണി, കോ​ച്ച് സു​മ​ൻ ശ​ർ​മ, അ​ക്ഷ​യ

മലപ്പുറംകാരി സി.എം.സി. നജ്​ല കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്ബൈ ആയിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ കളിച്ചു. ഈ ഓഫ് സ്​പിന്നർ ഇത്തവണ റോയൽ ചലഞ്ചേഴ്സി​ന്റെ നെറ്റ് ബൗളർ ആയിരുന്നു. വയനാടി​ന്റെ വി.ജെ. ജോഷിത ഇക്കഴിഞ്ഞ സീസണിൽ ഡൽഹി കാപിറ്റൽസി​ന്റെ നെറ്റ് ബൗളർ ആയിരുന്നു. തിരുവല്ലക്കാരി സൂര്യ സുകുമാർ ഗുജറാത്ത് ജയന്റ്സിന്റെ ട്രയൽസിൽ പങ്കെടുത്തതാണ്. ജോഷിതക്കും നിവേദ്യമോൾക്കും അണ്ടർ 19 സോണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. വനിത ക്രിക്കറ്റിൽ കേരളത്തിനു പുത്തൻ പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് ആശക്കും സജനക്കും മിന്നുവിനും പിന്നാലെ അവർ നടന്നടുക്കുന്നു.

Tags:    
News Summary - weekly social kaliyezhuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.