ക്രിക്കറ്റ് ഇനി എത്ര ബാക്കിയുണ്ട്

ക്രിക്കറ്റിലെ ഏറ്റവും കാലഹരണപ്പെട്ട ഫോർമാറ്റിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ് നടത്തുക, പരമാവധി ടീമുകളെ ഉൾപ്പെടുത്തുന്നതിന് പകരം എണ്ണം വെട്ടിച്ചുരുക്കുക തുടങ്ങിയ ചില പ്രത്യേക തരം കലാപരിപാടികളാണ് ലോകകപ്പെന്ന പേരിൽ ഐ.സി.സി നടത്തിവരുന്നത്. ക്രിക്കറ്റി​െന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പടർത്തുന്നതിലും ജനകീയമാക്കുന്നതിലും ഏറ്റവും വലിയ ഇന്ധനം നൽകിയത് ഏകദിന ക്രിക്കറ്റും ലോകകപ്പുമാണ്. എന്നാൽ, ഇവ രണ്ടും ക്രിക്കറ്റ് അധികാരികൾക്ക് ഒരു ബാധ്യതയായിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് ലോകകപ്പിലെ സംഭവ വികാസങ്ങൾ. ബ്രിട്ടീഷ് കൊളോണിയലിസം വിതച്ചുപോയ വിത്തുകളിൽനിന്നും അനേകം...

ക്രിക്കറ്റിലെ ഏറ്റവും കാലഹരണപ്പെട്ട ഫോർമാറ്റിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ് നടത്തുക, പരമാവധി ടീമുകളെ ഉൾപ്പെടുത്തുന്നതിന് പകരം എണ്ണം വെട്ടിച്ചുരുക്കുക തുടങ്ങിയ ചില പ്രത്യേക തരം കലാപരിപാടികളാണ് ലോകകപ്പെന്ന പേരിൽ ഐ.സി.സി നടത്തിവരുന്നത്. ക്രിക്കറ്റി​െന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പടർത്തുന്നതിലും ജനകീയമാക്കുന്നതിലും ഏറ്റവും വലിയ ഇന്ധനം നൽകിയത് ഏകദിന ക്രിക്കറ്റും ലോകകപ്പുമാണ്. എന്നാൽ, ഇവ രണ്ടും ക്രിക്കറ്റ് അധികാരികൾക്ക് ഒരു ബാധ്യതയായിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് ലോകകപ്പിലെ സംഭവ വികാസങ്ങൾ. 

ബ്രിട്ടീഷ് കൊളോണിയലിസം വിതച്ചുപോയ വിത്തുകളിൽനിന്നും അനേകം ശാഖകളുള്ള വൻമരമായി ക്രിക്കറ്റ് വളർന്നിട്ടുണ്ട്. ക്രിക്കറ്റിന്റെ ചില പരമ്പരാഗത ഭൂമികകൾ പിന്നോട്ടു പോയപ്പോൾ ഭൂപടത്തിലേക്ക് പുതിയ ചില പ്രദേശങ്ങൾ ചേർത്തുവെക്കപ്പെട്ടിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇടംപിടിച്ച ക്രിക്കറ്റ് ഒളിമ്പിക്സിലേക്കുള്ള പ്രയാണത്തിലാണ്.

ദക്ഷിണേഷ്യയിൽ കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റിന് പകരംവെക്കാനോ അടുത്തെങ്ങുമെത്താനോ മറ്റൊരു കളിക്കും സാധിച്ചിട്ടില്ല. സമീപഭാവിയിൽ മറിച്ചൊരു സാധ്യതയും കാണുന്നില്ല. ദേശീയതയും വിപണിയും രാഷ്ട്രീയവുമെല്ലാം ക്രിക്കറ്റുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യയും പാകിസ്താനും 1980കളോടെത്തന്നെ പൂർണമായും ക്രിക്കറ്റിന് കീഴ്പ്പെട്ടതായി കാണാം.

വൈകിയോടിയാണെങ്കിലും ശ്രീലങ്കയും അതിവേഗം ഇരുവർക്കുമൊപ്പമെത്തി. 1996ലെ ക്രിക്കറ്റ് ലോകകപ്പ് വിജയമാണ് ലങ്കൻമണ്ണിൽ ക്രിക്കറ്റിനെ ജനകീയമാക്കിയത്. ടെലിവിഷന്റെ പ്രചാരം, മറ്റു കായിക ഇനങ്ങളിലെ മോശം പ്രകടനങ്ങൾ, ക്രിക്കറ്റിലെ സൂപ്പർസ്റ്റാറുകളുടെ ഉദയം, സർക്കാറുകളുടെയും കോർപ​റേറ്റുകളുടെയും സഹായം എന്നിവയെല്ലാം ഇവിടങ്ങളിൽ ക്രിക്കറ്റിന്റെ വളർച്ചക്ക് സഹായകരമായിട്ടുണ്ട്.

ബംഗാളിനെപ്പോലെ ഫുട്ബാൾ ഇൗറ്റില്ലമായിരുന്ന ബംഗ്ലാദേശും ക്രിക്കറ്റി​ന് മുന്നിൽ അടിയറവു പറയുന്നതാണ് പിന്നീടം ലോകം കണ്ടത്. 1997ലെ ഐ.സി.സി ട്രോഫി വിജയവും 1999 ലോകകപ്പി​ൽ പാകിസ്താനെതിരായ വിജയവുമെല്ലാം ബംഗ്ലാദേശിൽ ക്രിക്കറ്റിനെ മുൻനിരയിലെത്തിച്ചു. 2000ത്തിൽ ഐ.സി.സിയുടെ ഫുൾമെംബർഷിപ് നേടിയ ബംഗ്ലാദേശ് ടെസ്റ്റ് പദവിയും നേടി. മോശം പ്രകടനങ്ങളാണ് കളിക്കളത്തിൽ പുറത്തെടുത്തിരുന്നതെങ്കിലും പതിയെ ബംഗ്ലാദേശ് ക്രിക്കറ്റ് ഉണർന്നെണീറ്റു.

2005ൽ ലോക ക്രിക്കറ്റിൽ അജയ്യരായി വാണിരുന്ന ആസ്ട്രേലിയക്കെതിരായ വിജയം, 2007 ലോകകപ്പിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും വീഴ്ത്തിയത് എന്നിവ ബംഗ്ലാദേശിൽ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. 2011 ലോകകപ്പിന് ആതിഥേയ രാജ്യങ്ങളിലൊന്നായതും കൂടുതൽ പ്രതിഭയുള്ള താരങ്ങൾ ഉയർന്നുവന്നതും ബംഗ്ലാദേശിൽ ക്രിക്കറ്റിന് ആഴത്തിലുള്ള വേരുകൾ നൽകി. സ്വന്തം മണ്ണിൽ ഏത് ടീമിനെയും വീഴ്ത്താനുള്ള ശക്തിയും എതിർതട്ടകങ്ങളിൽ പോരാടിനിൽക്കാനുള്ള ശേഷിയും ഇന്ന് ബംഗ്ലാദേശ് ക്രിക്കറ്റിനുണ്ട്.

ഈ സംഘത്തിലേക്ക് ഒടുവിലായി വന്നെത്തിയത് അഫ്ഗാനിസ്താനാണ്. യുദ്ധങ്ങളും താലിബാൻ ഭരണവുമെല്ലാം അസ്ഥിരപ്പെടുത്തിയ അഫ്ഗാനിൽ ക്രിക്കറ്റ് മൊട്ടിട്ടുതുടങ്ങത് 1990കളിലാണ്. പാകിസ്താനിലേക്ക് അഭയാർഥികളായി പോയ യുവാക്കൾ പുതിയ കളിയുടെ പരാഗരേണുക്കളുമായി അഫ്ഗാനിലെത്തി. 1996ൽ താലിബാൻ ഭരണമേറ്റതോടെ ഫുട്ബാളിനും ക്രിക്കറ്റിനും നിരോധനമേർപ്പെടുത്തി. 2000ത്തിൽ താലിബാൻ ക്രിക്കറ്റിന്റെ നിരോധനം പിൻവലിച്ചു. വൈകാതെ 2001ൽ ഐ.സി.സിയുടെ അഫിലിയേറ്റ് പദവി നേടിയ അഫ്ഗാനിസ്താൻ പതിയെ കളിയിൽ മികവു കാണിച്ചുതുടങ്ങി. താലിബാൻ സർക്കാറിന്റെ പതനശേഷമെത്തിയ അഫ്ഗാൻ സർക്കാർ രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് അക്കാദമികൾക്ക് പണം ഏർപ്പെടുത്തിയത് താരങ്ങളെ വളർത്തിയെടുക്കുന്നതിന് സഹായകരമായി.

ഇന്ത്യയടക്കമുള്ള വമ്പൻ രാജ്യങ്ങളുടെ സാമ്പത്തികവും അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണ അഫ്ഗാൻ ക്രിക്കറ്റിന് ഗുണകരമായിത്തീർന്നു. റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് റഹ്മാൻ അടക്കമുള്ള മികച്ച താരങ്ങളാൽ സമ്പന്നമായ അഫ്ഗാൻ നിര ഇന്ന് ലോകത്ത് ഏത് ടീമിനോടും ഏറ്റുമുട്ടാൻ​ ശേഷിയുള്ള ടീമാണ്. 2017ൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകൾക്കു മാത്രം നൽകിവരുന്ന ടെസ്റ്റ് പദവിയും നേടിയെടുത്തു.

ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, കരീബിയൻ ദ്വീപുകൾ എന്നിവയാണ് ദക്ഷിണേഷ്യക്ക് പുറത്ത് ക്രിക്കറ്റിന്റെ ഈറ്റില്ലങ്ങൾ. നിലവിൽ ക്രിക്കറ്റിന് വലിയ മേധാവിത്വമൊന്നും ആസ്ട്രേലിയയിലില്ല. ആസ്ട്രേലിയൻ റൂൾസ് ഫുട്ബാളാണ് രാജ്യത്തെ പ്രധാന കായിക വിനോദം. ഫുട്ബാൾ, റഗ്ബി, ടെന്നിസ്, ഹോക്കി അടക്കമുള്ള കായികവിനോദങ്ങൾക്കെല്ലാം വലിയ വേരുകളുള്ള രാജ്യത്ത് വേനൽക്കാലമാണ് പൊതുവെ ക്രിക്കറ്റിനായി മാറ്റിവെക്കപ്പെടുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് ക്രിക്കറ്റ് സജീവമാണ്.

എന്നാൽ, മോശം ഫിക്സ്ചറുകളും ചുരുങ്ങിയ ഇടവേളകളിൽ ആരംഭിക്കുന്ന മത്സ​രക്രമവും സ്റ്റേഡിയങ്ങളിൽനിന്നും കാണികളെ അകറ്റുന്നു. എങ്കിലും ഇന്ത്യ, ഇംഗ്ലണ്ട് അടക്കമുള്ള ടീമുകൾ സന്ദർ​ശനം നടത്തുമ്പോൾ ആരവങ്ങൾ സൃഷ്ടിക്കാനുള്ള ശേഷി ക്രിക്കറ്റിനുണ്ട്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും മികച്ച ട്വന്റി 20 ലീഗ് നടക്കുന്ന രാജ്യമാണ് ആസ്ട്രേലിയ. ‘ബിഗ്ബാഷ് ലീഗ്’ എന്ന പേരിലറിയപ്പെുന്ന ഈ ടൂർണ​മെന്റ് ഇടക്കൊന്ന് താളം തെറ്റിയിരുന്നെങ്കിലും വീണ്ടും സജീവമായിത്തുടങ്ങിയിട്ടുണ്ട്.

ന്യൂസിലൻഡിലും ഏറക്കുറെ സ്ഥിതി സമാനമാണ്. റഗ്ബിയാണ് കിവികളുടെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനം. അതിനെ വെല്ലാൻ മറ്റൊന്നും അവിടെയില്ല. അതിനോട് നീതി പുലർത്തുന്നതാണ് ദേശീയ ടീമിന്റെ പ്രകടനവും. റഗ്ബിക്ക് പിറകിലായി ക്രിക്കറ്റിന് സ്ഥാനമുണ്ട്. ബ്ലാക് കാപ്സ് എന്ന് വിളിക്കപ്പെടുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ക്രിക്കറ്റ് പാരമ്പര്യം നിലനിർത്തിപ്പോരുന്നു. വേനൽക്കാലത്ത് തന്നെയാണ് പ്രധാനമായും ക്രിക്കറ്റിന് പ്രചാരമുള്ളത്.

വർണവെറിയെത്തുടർന്നുള്ള നിരോധനത്തിനുശേഷം ക്രീസിലേക്ക് മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ശേഷിക്കുന്ന വെള്ളക്കാർക്കിടയിലും ഇന്ത്യൻ വംശജർക്കിടയിലുമാണ് ക്രിക്കറ്റ് കൂടുതലായുമുള്ളത്. ആനുപാതികമായി കുറവെങ്കിലും കറുത്തവരും ഈ കളിയെ പിന്തുടർന്നു വരുന്നു. 2010 ഫുട്ബാൾ​ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഈ രാജ്യത്ത് ഫുട്ബാൾത​ന്നെയാണ് പ്രധാനം. രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ക്രിക്കറ്റിനെ റഗ്ബി പുറന്തള്ളിയിരിക്കുന്നു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മേജർ ടൂർണമെന്റുകളിൽ കളിമറക്കു​മ്പോൾ സ്പ്രിങ​്ബോക്സ് എന്ന് വിളിപ്പേരുള്ള അവരുടെ റഗ്ബി ടീം നന്നായി പ്രകടനം നടത്തുന്നുണ്ട്. റഗ്ബിയിൽ ഇതിനോടകംതന്നെ മൂന്ന് ലോക കിരീടങ്ങളാണ് ദക്ഷിണാഫ്രിക്ക നേടിയത്. സാമ്പത്തിക ​ഞെരുക്കവും വർണവിവേചനത്തിന്റെ അസ്വാരസ്യങ്ങളും ഇപ്പോഴും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുകയുന്നു. ഇടക്കത് അഗ്നിപർവതമായി പൊട്ടിത്തെറിക്കുന്നുമുണ്ട്. ഇന്ത്യൻ മുതലാളിമാർ വൻനിക്ഷേപം നടത്തിയ ട്വന്റി20 ലീഗി​ലൂടെ സാമ്പത്തിക അടിത്തറ മെച്ച​പ്പെടുത്താനുള്ള നീക്കത്തിലാണവർ.

ഇംഗ്ലണ്ടിൽ പൊതുവെ ക്രിക്കറ്റിന് നല്ല കാലമാണ്. ബ്രിട്ടീഷുകാർ തങ്ങളുടെ പൈതൃകത്തിന്റെ ഭാഗമായി കണ്ടുവരുന്ന കളി ഇടക്കാലത്ത് രാജ്യത്ത് അപ്രസക്തമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗും വിംബിൾഡണും റഗ്ബിയും നടന്നുവരുന്ന രാജ്യത്ത് ​മുൻനിരയിലേക്ക് എത്താൻ ക്രിക്കറ്റ് നന്നായി പ്രയാസപ്പെട്ടിരുന്നു. എന്നാൽ, ഇംഗ്ലീഷ് ക്രിക്കറ്റിൽ നടന്ന പരിവർത്തനങ്ങളും ദേശീയ ടീമിന്റെ മികച്ച വിജയങ്ങളുമെല്ലാം ക്രിക്കറ്റി​നെ വീണ്ടും മുഖ്യധാരയിലേക്ക് എത്തിച്ചു. 2019 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇഞ്ചോടിഞ്ചിൽ​ നേടിയ വിജയവും തീപാറുന്ന പോരാട്ടം നടന്ന 2019, 2023 ആഷസ് പരമ്പരകളുമെല്ലാം ഇംഗ്ലണ്ടിൽ ക്രിക്കറ്റിനെ മുഖ്യധാരയിലെത്തിച്ചു. ആസ്ട്രേലിയയെ തോൽപിക്കാനായി മാത്രം ടെസ്റ്റ് കളിക്കുന്ന പതിവ് രീതിയിൽനിന്നും മാറി കൂടുതൽ ഇന്നവേറ്റീവായ ശ്രമങ്ങളിലേക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് മാറിയിട്ടുണ്ട്. 100 പന്തുകൾ മാത്രമുള്ള ‘ദി ഹൻഡ്രഡ്’ ഇതി​നൊരുദാഹരണമാണ്.

കൊളോണിയലിസത്തിന്റെ ഉൽപന്നമായി ഒരു കളിയെ കൊളോണിയലിസത്തിനെതിരെ പോരാട്ടമാക്കി മാറ്റിയ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഏറക്കുറെ മുങ്ങിത്താണിരിക്കുന്നു. പ്രതിഭകളായ താരങ്ങൾ കരീബിയൻ ദ്വീപുകളിൽനിന്നും ഉദിച്ചുവരുന്നുണ്ടെങ്കിലും വെസ്റ്റിൻഡീസെന്ന ക്രിക്കറ്റിനുവേണ്ടിയുള്ള കൂട്ടായ്മയിൽ നിൽക്കാൻ താരങ്ങൾക്ക് വലിയ താൽപര്യമൊന്നുമില്ല. പ്രശ്നം സാമ്പത്തികംതന്നെയാണ്.

 

വെസ്റ്റിൻഡീസിന്റെ മെറൂൺ ജഴ്സിയണിയുന്നതിന് പകരം ലോകത്തെ വിവിധതരം ​​ഫ്രാഞ്ചൈസി ലീഗുകളിൽ അവർ കളത്തിലിറങ്ങുന്നു. വ്യത്യസ്ത പതാകയും പരമാധികാരവുമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇവരെ ഒന്നിപ്പിക്കാനുള്ള സൂത്രവാക്യം വിൻഡീസ് ക്രിക്കറ്റ് ബോർഡിന് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഫുട്ബാൾ, അത്‍ലറ്റിക്സ്, ബാസ്കറ്റ് ബാൾ അടക്കമുള്ള വിവിധ കായിക ഇനങ്ങളിലേക്ക് കരീബിയൻ യുവത കുടിയേറുന്നുമുണ്ട്.

മുഖ്യധാരയിൽനിന്നും മാറി ക്രിക്കറ്റിന് വേരോട്ടമുള്ള ഏതാനും ഇടങ്ങൾകൂടിയുണ്ട്. സിംബാബ്​‍വെയും നേപ്പാളുമാണ് ഇതിൽ പ്രധാനികൾ. സുവർണ തലമുറക്ക് ശേഷമുള്ള ശൂന്യതയെത്തുടർന്നും ഭരണതലത്തി​​ലെ വിവിധ പ്രശ്നങ്ങൾമൂലവും തകർന്നടിഞ്ഞ സിംബാബ്​‍വെ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. ​

സിംബാബ്​‍വെയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു വരെ വമ്പൻ ജനക്കൂട്ടം എത്തിച്ചേർന്നിരുന്നു. രാജ്യത്തെ ഫുട്ബാളിന്റെ മോശം ​സ്ഥിതിയും സിംബാബ്​‍വെയെ ക്രിക്കറ്റിനോടടുപ്പിക്കുന്നു. ക്രിക്കറ്റ് രാജ്യത്തെ ഒന്നാമത്തെ കളിയായി മാറാനുള്ള തയാറെടുപ്പിലാണെന്ന് വിവിധ സിംബാബ്​‍വെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയോട് ചേർന്നുകിടക്കുന്ന നേപ്പാളാണ് വലിയ മേൽവിലാസമുള്ള മ​െറ്റാരു രാജ്യം.

നെതർലൻഡ്സ്, അയർലൻഡ്, സ്കോട്ട്‍ലൻഡ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നുണ്ടെങ്കിലും രാജ്യത്ത് വലിയ പ്രചാരമൊന്നും നേടിയെടുക്കാനായിട്ടില്ല. ഇംഗ്ലീഷുകാരുടെ ഒരു മത്സര ഇനമായിത്തന്നെയാണ് അവർ ക്രിക്കറ്റിനെ കാണുന്നത്. ബ്രിട്ടീഷ് കോളനികളായ ബോട്സ്വാന, നമീബിയ, കെനിയ, ബെർമുഡ അടക്കമുള്ള രാജ്യങ്ങളിലും ക്രിക്കറ്റിന് നേരിയ സ്വാധീനമുണ്ട്. ലോകത്തെ പകുതിയോളം രാജ്യങ്ങൾക്കിന്ന് ക്രിക്കറ്റ് ടീമുകളുണ്ടെങ്കിലും അവയിലെല്ലാം ജഴ്സിയണിയുന്നത് ദക്ഷിണേഷ്യക്കാരാണെന്ന് കാണാം.

ക്രിക്കറ്റി​നേക്കാൾ വലിയ കളികൾ

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോഡിയാണ് ബി.സി.സി​.ഐ. ഇത്രയും വരുമാനമുള്ള ബോഡികൾ മറ്റു കായിക ഇനങ്ങളിലും അപൂർവം. ശേഷിക്കുന്ന ക്രിക്കറ്റ് ബോഡികളെല്ലാം കൂട്ടിച്ചേർത്താൽ പോലും എത്താത്ത ഉയരത്തിലാണ് ബി.സി.സി.ഐ. 1983 ലോകകപ്പ് നേട്ടത്തിനു ശേഷം നാട്ടിലെത്തിയ സംഘത്തിന് പാരിതോഷികം നൽകാൻ ലത മ​ങ്കേഷ്കറുടെ ഗാനമേള നടത്തിയ കാലത്തുനിന്നുമുള്ള ബി.സി.സി.ഐയുടെ വളർച്ച ആരെയും കണ്ണുമിഴിപ്പിക്കുന്നതാണ്.

ബി.സി.സി.ഐയുടെ ആസ്തിയെക്കുറിച്ചുള്ള പല കണക്കുകളുംനമുക്ക് മുന്നിലുണ്ട്. ക്രിക്​േബ്ലാഗ് നെറ്റ് നൽകുന്ന കണക്കുകൾപ്രകാരം 33,730 കോടിയുടെ മഹാ ആസ്തി ബി.സി.​സി.ഐക്കുണ്ട്. ആസ്തിയിൽ രണ്ടാമതുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് 2834 കോടി രൂപയും മൂന്നാമതുള്ള ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് 2135 കോടി രൂപയുമാണ് ആസ്തിയുള്ളത്. നാലാമതുള്ള പാകിസ്താന്റെ കൈയിലുള്ളത് 811 കോടി മാത്രം. 2021-22 വർഷത്തിൽ മാത്രം ബി.സി.സി.ഐ 1159 കോടി രൂപ നികുതിയടച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

ഇന്ത്യയിലെ വലിയ ജനസംഖ്യ തന്നെയാണ് ബി.സി.സി.ഐയുടെ മൂലധനം. ടി.വി ബ്രോഡ്കാസ്റ്റിലൂടെയും മറ്റു സ്പോൺസർഷിപ്പുകളിലൂടെയും കോടികൾ കീശയിലെത്തുന്നു. 2023 മുതൽ 2028 വരെയുള്ള കാലയളവിലെ മീഡിയ റൈറ്റ്സ് മുകേഷ് അംബാനിയുടെ നിയ​ന്ത്രണത്തിലുള്ള വയാകോമിന് വിറ്റതിലൂടെ മാത്രം ലഭിച്ചത് 5693 കോടി രൂപയാണ്. കൂടാതെ ഐ.പി.എൽ, വനിത ഐ.പി.എൽ എന്നിവയിലൂടെയും ശതകോടികൾ ബി.സി.സി.ഐയുടെ പോക്കറ്റിലെത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ വരുമാനത്തിൽനിന്നും വലിയ പങ്ക് പോക്കറ്റിലാക്കുന്നതും ബി.സി.​സി.ഐ തന്നെ.

2024-27 വരെയുള്ള കാലയളവിൽ ഐ.സി.സിയുടെ 38.5 ശതമാനം തുകയും ബി.സി.സി.ഐയുടെ കൈകളിലാണെത്തുക. ബാക്കിയുള്ളതുകൊണ്ടാണ് ഐ.സി.സിയുടെ 12 സ്ഥിരാംഗങ്ങളും 94 അസോസിയേറ്റ് മെംബർമാരും ഇക്കാലയളവിൽ കഴിയേണ്ടത്. ഏറ്റവും കുറവ് കാശ് ആവശ്യമുള്ള ബോർഡിനാണ് ഏറ്റവും കൂടുതൽ കാശ് കിട്ടുന്നതെന്നാണ് മുൻ ഐ.സി.സി പ്രസിഡന്റ് ​കൂടിയായ ഇഹ്സാൻ മാനി ഈ വിഷയത്തിൽ ഫോബ്സ് മാഗസിനോട് പ്രതികരിച്ചത്. ക്രിക്കറ്റ് ​ബ്രോഡ്കാസ്റ്റിനുവേണ്ടി മാത്രം മാറ്റപ്പെട്ടത് ക്രിക്കറ്റിന്റെ ഭൂമികയെ ഒന്നാകെ മാറ്റിയെന്നാണ് മുൻ ഇംഗ്ലീഷ് താരം മൈക് ആതേർട്ടൺ പറഞ്ഞത്.

പണക്കിലുക്കത്തിന്റെ ബലത്തിൽ ഐ.സി.സിക്കു മേൽ ബി.സി.സി.ഐ ചെലുത്തുന്ന സമ്മർദത്തിലും പിടിമുറുക്കലിലും കനത്ത പ്രതിഷേധം മറ്റു രാജ്യങ്ങൾക്കുണ്ട്. എന്നാൽ, പുരയിലേക്ക് ചാഞ്ഞ സ്വർണമരത്തെ വെട്ടാനുള്ള കോടാലിയൊന്നും നിലവിൽ ഐ.സി.സിയുടെ കൈവശമില്ല. ഐ.സി.സി ലോകകപ്പിൽ പ​ങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പത്താക്കിക്കുറച്ചതു പോലും ഇന്ത്യയെ മുന്നിൽ കണ്ടാണെന്ന് ആരോപണമുണ്ട്. നേരത്തേയുണ്ടായിരുന്ന ഗ്രൂപ്പ്, പ്രീക്വാർട്ടർ, ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ ഫോർമാറ്റിൽ മുന്നേറുന്ന ടൂർണമെന്റിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉണ്ട്. നിർഭാഗ്യവശാൽ ഇന്ത്യ പുറത്താവുകയാണെങ്കിൽ കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് ലോകകപ്പ് എത്തും.

2007ലെ കരീബിയൻ ലോകകപ്പ് ഉദാഹരണം. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ പുറത്തായ ലോകകപ്പ് ഐ.സി.സിക്കും വിൻഡീസ് ക്രിക്കറ്റ് ബോർഡിനും കനത്ത സാമ്പത്തികനഷ്ടം സൃഷ്ടിച്ചിരുന്നു. എന്നാൽ, നിലവിലുള്ള റൗണ്ട് റോബിൻ ഫോർമാറ്റ് പ്രകാരം എത്ര മോശം പ്രകടനമാണെങ്കിലും എല്ലാ ടീമിനും ഒമ്പത് മത്സരം ലഭിക്കും. അതുകൊണ്ടുതന്നെ വലിയ നഷ്ടത്തിന് സാധ്യതയൊട്ടുമില്ല. കളിയുടെ ലാഭവും ക്രിക്കറ്റിന്റെ ലോകവ്യാപക പ്രചാരവുമൊക്കെ രണ്ടാമതുമാത്രം വരുന്ന കാര്യങ്ങളാണ്. ടീമുകളുടെ ​എണ്ണം വെട്ടിച്ചുരുക്കിയതോടെ വെസ്റ്റിൻഡീസ്, സിംബാബ്​‍വെ, അയർലൻഡ്, സ്കോട്‍ലൻഡ് അടക്കമുള്ള രാജ്യങ്ങൾക്കൊന്നും അവസാന പത്തിലിടംപിടിക്കാനായില്ല. എന്നാൽ, ടീമുകളുടെ എണ്ണം പത്താക്കുമ്പോൾ മത്സരക്ഷമത വർധിക്കുമെന്നാണ് ഐ.സി.സിയുടെ വാദം.

ഉദ്ഘാടന മത്സരം, ഇന്ത്യ-പാകിസ്താൻ മത്സരം, ഫൈനൽ അടക്കമുള്ള ഗ്ലാമർ മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നൽകിയ​തിനെതിരെയും നേരത്തേ വിമർശനങ്ങളുയർന്നിരുന്നു. മൊഹാലി, ഇന്ദോർ, രാജ്കോട്ട്, റാഞ്ചി, നാഗ്പുർ അടക്കമുള്ള പരമ്പരാഗത ക്രിക്കറ്റ് ​സ്റ്റേഡിയങ്ങൾ ലോകകപ്പ് വേദിയിൽനിന്നും പുറത്തായതും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. വടക്കുകിഴക്കിൽനിന്നുള്ള ഏക സ്റ്റേഡിയമായ ഗുവാഹതിക്കും തിരുവനന്തപുരം കാര്യവട്ടത്തിനും സന്നാഹ മത്സരങ്ങൾ നൽകി സമാധാനിപ്പിക്കുകയായിരുന്നു. ചരിത്രകാരനും നോവലിസ്റ്റുമായ മുകുൾ കേശവൻ അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇത് ഏറ്റവും രാഷ്ട്രീയവത്കരിക്കപ്പെട്ട ലോകകപ്പാണെന്നാണ്.

ഇന്ത്യയിൽ ക്രിക്കറ്റും രാഷ്​ട്രീയവും പരസ്പരം വളർത്തുന്ന ദ്വന്ദ്വങ്ങളാണെങ്കിലും അത് കൂടുതൽ പ്രത്യക്ഷമായ വർഷങ്ങളാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി പദം അലങ്കരിക്കുന്നതും നിർണായക തീരുമാനങ്ങളെടുക്കുന്നതും അതിലൊന്നാണ്. സ്റ്റേഡിയങ്ങളുടെ ​പേരുമാറ്റം, സ്വന്തം പേരിലുള്ള അഹ്മദാബാദ് സ്റ്റേഡിയത്തിൽ നടത്തുന്ന മോദി ഷോകൾ എന്നിവയെല്ലാം ഉദാഹരണം. കർഷകസമരത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ആഗോള സെലിബ്രിറ്റികൾക്കെതിരെ ഒരൊറ്റ ഹാഷ് ടാഗിൽ സചിൻ ടെണ്ടുൽകറും വിരാട് കോഹ്‍ലിയും അടക്കമുള്ള താരങ്ങളെ അണിനിരത്തിയതിന് പിന്നിലും ബി.സി.സി.ഐയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തെളിഞ്ഞുകാണാം.

മുഹമ്മദ് ഷമി, അർഷ് ദീപ് സിങ് എന്നിവരുടെ സ്വത്വത്തിന് നേരെയുള്ള ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങളും ലോകം കണ്ടു. ബി.സി.സി.ഐയുടെ അണിയറയിലുള്ള അഴിമതിയുടെയും വെട്ടിപ്പിന്റെയും കഥകൾ വേറെയുമുണ്ട്.

സംഘാടനത്തിലെ പാളിച്ചകൾ

രാജ്യങ്ങളുടെ എണ്ണം കുറവാണെങ്കിലും ആളെണ്ണത്തിൽ ലോകത്തിൽ ഏറ്റവുമധികം പേർ വീക്ഷിക്കുന്ന ടൂർണമെന്റുകളിലൊന്നാണ് ക്രിക്കറ്റ് ലോകകപ്പ്. മുന്നിലുള്ളത് ബൈസിക്കിൾ റേസായ ടൂർ ഡെ ഫ്രാൻസും ഫിഫ ലോകകപ്പും മാത്രം. പുതിയ കണക്കുകൾ പ്രകാരം ഒളിമ്പിക്സ് പോലും ക്രിക്കറ്റ് ലോകകപ്പിന് താഴെയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മഹാജനസംഖ്യ തന്നെയാണ് ഇതിന് കാരണം. പക്ഷേ, ക്രിക്കറ്റ് ലോകകപ്പിന് ഒരു ഗ്ലോബൽ ഫീൽ നൽകുന്നതിൽ ഇക്കുറി സംഘാടകർ പരാജയപ്പെട്ടുവെന്ന് ലോകകപ്പി​ലെ ആദ്യ മത്സരങ്ങൾ തെളിയിക്കുന്നു. ഒരു മഹാമേള ഒരുക്കുമ്പോൾ ചെയ്യേണ്ട മാർക്കറ്റിങ് വർക്കുകളോ പി.ആർ വർക്കുകളോ ഇക്കുറി കാര്യമായി ഇല്ല. ബോളിവുഡ് താരം രൺവീർ സിങ്ങിനെ ഉപയോഗിച്ചിറക്കിയ ലോകകപ്പിന്റെ തീം സോങ് ഒരു ഓളവും സൃഷ്ടിച്ചിരുന്നില്ല. പാട്ട് ദക്ഷിണാഫ്രിക്കയി​ലെയോ ജമൈക്കയിലെയോ ഒരാൾക്ക് ഒട്ടും കണക്ടാകാത്തതാണെന്നും ഒരു ഗ്ലോബൽഫീൽ ഉൾക്കൊള്ളാത്തതാണെന്നും നിരവധിപേർ വിമർ​ശിച്ചു.

ടൂർണമെന്റിന്റെ ഷെഡ്യൂളിങ്ങിലാണ് അടുത്ത പ്രശ്നം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ടൂർണമെന്റിന്റെ ഷെഡ്യൂൾ ഏകദേശം ഒരു വർഷം മുമ്പേ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇക്കുറി ജൂൺ അവസാനത്തോടെ മാത്രമാണ് ഷെഡ്യൂൾ പുറത്തെത്തുന്നത്. ഇത് വിദേശികളെയും ആഭ്യന്തര സന്ദർശകരെയും ഒരുപോലെ ബാധിക്കുന്നു. പുറത്തുവിട്ട ഷെഡ്യൂളിൽതന്നെ വേറെയും അവ്യക്തതകളുണ്ട്. ഒക്ടോബർ 15ന് നടക്കേണ്ട പാകിസ്താനുമായുള്ള മത്സരം നവരാത്രി ആഘോഷങ്ങൾ കാരണം ഒക്ടോബർ 14ലേക്ക് മാറ്റിയത് ഒരു ഉദാഹരണം.

ബി.സി.സി.ഐയുടെ ടിക്കറ്റ് വിതരണ രീതിക്കെതിരെയും കടുത്ത വിമർശനങ്ങളുണ്ട്. സ്വകാര്യ ഏജൻസിയായ ബുക് മൈ ഷോ മുഖേന വിറ്റഴിക്കുന്ന ടിക്കറ്റ് വിതരണ രീതി ഒട്ടും സുതാര്യമല്ല. സ്റ്റേഡിയങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോൾതന്നെ വെബ്സൈറ്റിൽ ടിക്കറ്റുകൾ കിട്ടാനില്ലെന്നാണ് പ്രധാന ആക്ഷേപം. ന്യൂസിലൻഡ്-ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തിൽ ഒഴിഞ്ഞുകിടന്ന ഗാലറി ബി.സി.സി.ഐക്ക് നാണക്കേടുണ്ടാക്കിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളക്കം ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിനിടെ അഹ്മദാബാദ് സ്റ്റേഡിയത്തിലേക്ക് ആളെയെത്തിക്കാൻ ബി.ജെ.പി പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നതായ വാർത്തകളും പുറത്തെത്തി. ബി.ജെ.പി നേതാക്കളുടെ വാക്ക് കേട്ട് ഇന്ത്യ-പാകിസ്താൻ മത്സരമാണെന്ന് കരുതി സ്റ്റേഡിയത്തി​ലെത്തിയ സ്​ത്രീകളുടെ വാർത്ത ചിരി പടർത്തിയിരുന്നു.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിലും ഗാലറി നിറയാത്തത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. 37,000 കപ്പാസിറ്റിയു​ള്ള സ്റ്റേഡിയത്തിൽ 33,110 പേർ എത്തിയെന്നാണ് കണക്ക്. ഇന്ത്യയുടെ ടൂർണമെന്റിലെ ഗ്ലാമർ മാച്ചുകളിലൊന്നിനുപോലും കാണികൾ കുറഞ്ഞത് ടിക്കറ്റ് വിൽപനയിലെ പ്രശ്നങ്ങൾ മൂലമാണെന്ന് ഉറപ്പ്. നിലവിലുള്ള സ്റ്റേഡിയങ്ങൾ ലോകകപ്പിനായി ഒരുക്കുന്നതിൽ പോലും ബി.സി.സി.ഐ വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ ധർമശാല സ്​റ്റേഡിയം ഫീൽഡിങ് ദുഷ്കരമാക്കുന്നുവെന്ന് കാണിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട് ലർ രംഗത്തെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തി വിജയിപ്പിച്ച, കോവിഡ് കാലത്തുപോലും ഐ.പി.എൽ വിജയകരമാക്കി ഒരുക്കിയ ബി.സി.സി.ഐ ലോകകപ്പിന്റെ കാര്യത്തിൽ ഉദാസീനത കാണിക്കുന്നുണ്ടെന്ന് വ്യക്തം.

ഏകനാകുന്ന ഏകദിനം

ട്വന്റി20യുടെ വരവോടെ ക്രിക്കറ്റിന്റെ പരിശുദ്ധ രൂപമായി വാഴ്ത്തപ്പെട്ടിരുന്ന ടെസ്റ്റ് ക്രിക്കറ്റ് മരിക്കു​മെന്നായിരുന്നു എല്ലാവരും വിലയിരുത്തിയിരുന്നത്. മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ട്വന്റി20 മത്സരങ്ങളും ഒരു ദിവസം മാത്രമുള്ള ഏകദിനങ്ങളും ഉള്ളപ്പോൾ അഞ്ചു ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റ് ആര് കാണുമെന്നായിരുന്നു ചോദ്യം. എന്നാൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറിച്ചാണ്. അതിവേഗത്തിലുള്ള ക്രിക്കറ്റ് ആഗ്രഹിക്കുന്നവർക്ക് ട്വന്റി20 പ്രിയപ്പെട്ടതായി മാറി.

ക്രിക്കറ്റിന്റെ ജൈവികരൂപത്തെ മാത്രം ഇഷ്ടപ്പെടുന്നവർക്കിടയിൽ ടെസ്റ്റും സജീവമാണ്. എന്നാൽ, ഇതിന് രണ്ടിനുമിടയിൽപെട്ട് ഏകദിന ക്രിക്കറ്റ് ഞെരുങ്ങുന്നു. ഇന്ത്യയുടെ ആസ്ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങൾ, ആഷസ് പരമ്പര, ശ്രീലങ്ക-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര എന്നിങ്ങനെ സമീപകാലത്ത് തന്നെ ശ്രദ്ധേയമായ കാഴ്ചാനുഭവം പകർന്ന അനേകം ടെസ്റ്റ് പരമ്പരകളുണ്ട്. അതേസമയം തന്നെ വലിയ വാർത്താപ്രാധാന്യമുള്ള ഓർമയിൽ നിൽക്കുന്ന ഒരു ഏകദിന പരമ്പര വള​രെ അത്യപൂർവമായേ വർത്തമാന ക്രിക്കറ്റിൽ സംഭവിക്കുന്നുള്ളൂ.

2022 നവംബറിൽ ആസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ക്രിക്കറ്റിലെ ഏറ്റവും ഐക്കോണിക് സ്റ്റേഡിയങ്ങളിലൊന്നായ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഒരുലക്ഷത്തോളം സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ കളി കാണാൻ അങ്ങിങ്ങായി ഏതാനുംപേർ മാത്രം ഇരിക്കുന്നുണ്ട്. ക്രിക്കറ്റിലെ ഏറ്റവും വലിയ ബദ്ധവൈരികൾ ഏറ്റുമുട്ടുമ്പോൾപോലും സ്റ്റേഡിയത്തിന്റെ സ്ഥിതി ഇതാണെന്ന് കാണിച്ച് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. പലരും ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ തകർച്ചയായി ഇത് വ്യാഖ്യാനിച്ചു. എന്നാൽ, തൊട്ടുപിന്നാലെയുള്ള ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരക്കും ബിഗ്ബാഷ് ലീഗിനുമെല്ലാം മികച്ച രീതിയിൽ കാണികളെത്തി. ആളു കാണാത്തത് ക്രിക്കറ്റല്ല, ഏകദിന ക്രിക്കറ്റാണെന്നായിരുന്നു അതോടെ ഉയർന്ന വാദം.

ക്രിക്കറ്റിലെ പതിവ് രാജ്യങ്ങൾക്ക് പുറമെ യു.എ.ഇ, യു.എസ്.എ, കാനഡ അടക്കമുള്ള രാജ്യങ്ങളിലും ട്വന്റി20 ലീഗുകൾ ഉണർന്നുകഴിഞ്ഞു. സൗദി അറേബ്യയും ട്വന്റി20യിൽ വലിയ നിക്ഷേപത്തിനൊരുങ്ങുകയാണ്. മെച്ചപ്പെട്ട സാമ്പത്തികം നൽകുന്ന ട്വന്റി20 ലീഗുകൾ നടക്കുമ്പോൾ സ്വന്തം രാജ്യത്തിന്റെ ഏകദിന പരമ്പരകളിൽ പ​ങ്കെടുക്കാൻ കളിക്കാരിൽ ഏറെപ്പേർക്കും വലിയ താൽപര്യമില്ല. പല രാജ്യങ്ങളും ഏകദിന പരമ്പരകൾ വെട്ടിക്കുറക്കുകയും പകരം ട്വന്റി20 മത്സരങ്ങൾ കളിക്കുകയും ചെയ്യുന്നു.

ഏകദിന ലോകകപ്പിനുള്ള യോഗ്യത നിശ്ചയിക്കുന്ന ഐ.സി.സി സൂപ്പർലീഗുള്ളതുകൊണ്ടു മാത്രമാണ് ഏകദിനം ഇ​ത്രയെങ്കിലും സജീവമാകുന്നത്. അല്ലെങ്കിൽ ഇതിലും ശോകമാകും അവസ്ഥ. ക്രിക്കറ്റിലെ ചില വമ്പൻ പേരുകൾ ഏകദിന ക്രിക്കറ്റിൽനിന്നുമാത്രം വിരമിക്കുന്ന പ്രവണതയും കണ്ടുവരുന്നു. വെറും 30 വയസ്സ് മാത്രമുള്ള ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ക് ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഉജ്ജ്വലപ്രകടനം നടത്തിയ ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് ഏകദിനത്തിൽനിന്നും മാത്രം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2023 ലോകകപ്പിന് മുന്നോടിയായി ടീം തിരിച്ചുവിളിക്കുകയായിരുന്നു.

ക്രിക്കറ്റിനെ ജനകീയമാക്കുന്നതിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പടർത്തുന്നതിലും ഏറ്റവും നിർണായകമായത് ഏകദിന ക്രിക്കറ്റിന്റെ വര​വാണ്. ഏകദിന ലോകകപ്പ്, ഏകദിനത്തിൽ വന്ന ഡേ നൈറ്റ് മത്സരങ്ങൾ, കളർ ജഴ്സി അടക്കമുള്ള പരിഷ്കാരങ്ങൾ എന്നിവയെല്ലാം ക്രിക്കറ്റിന് പുതിയ രൂപവും ഭാവവും നൽകി. പക്ഷേ, ഏകദിന ക്രിക്കറ്റ് അതിന്റെ സ്വാഭാവികമായ പതനത്തിലാണ്. രക്ഷിച്ചുനിർത്താൻ വേണ്ടതൊന്നും ആരും ചെയ്യുന്നുമില്ല. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നൽകുന്ന പ്രാധാന്യംകൂടി നിർത്തലാക്കിയാൽ അതിന്റെ മരണം അതിവേഗത്തിലാകും.

Tags:    
News Summary - weekly sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.