യുെനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച െകെറോയിലെ സിറ്റി ഒാഫ് ഡെഡ് (മരിച്ചവരുടെ നഗരം) സന്ദർശിച്ചതിന്റെ ഒാർമകൾ എഴുതുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ലേഖിക.വഴിയരികിലെ പൂവിൽപനക്കാരികളിൽനിന്ന് ഒരുപിടി ചുവന്ന റോസാപ്പൂക്കളും വാങ്ങി അയൂബ് ഉള്ളിലേക്ക് നടന്നു, പിന്നാലെ ഞങ്ങളും. എല്ലാ വെള്ളിയാഴ്ചകളിലും അവന്റെ പതിവിതാണ്. ജുമുഅക്ക് മുന്നേ ഉമ്മയെ കാണാൻ വരും. കുറച്ചു നേരം പ്രാർഥിക്കും, കഥകളും വിശേഷങ്ങളും പറയും. ചിരിക്കും. കരയും. ആശ്വാസം കാണും. ശേഷം മടങ്ങും. മുഖദ്ദം കുന്നിറങ്ങി...
യുെനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച െകെറോയിലെ സിറ്റി ഒാഫ് ഡെഡ് (മരിച്ചവരുടെ നഗരം) സന്ദർശിച്ചതിന്റെ ഒാർമകൾ എഴുതുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ലേഖിക.
വഴിയരികിലെ പൂവിൽപനക്കാരികളിൽനിന്ന് ഒരുപിടി ചുവന്ന റോസാപ്പൂക്കളും വാങ്ങി അയൂബ് ഉള്ളിലേക്ക് നടന്നു, പിന്നാലെ ഞങ്ങളും. എല്ലാ വെള്ളിയാഴ്ചകളിലും അവന്റെ പതിവിതാണ്. ജുമുഅക്ക് മുന്നേ ഉമ്മയെ കാണാൻ വരും. കുറച്ചു നേരം പ്രാർഥിക്കും, കഥകളും വിശേഷങ്ങളും പറയും. ചിരിക്കും. കരയും. ആശ്വാസം കാണും. ശേഷം മടങ്ങും. മുഖദ്ദം കുന്നിറങ്ങി സയ്യിദ ആയിശ മാർക്കറ്റിൽ ചുറ്റിയാണ് ഞങ്ങളപ്പോൾ അങ്ങോട്ടേക്കെത്തിയത്. പൊടിപിടിച്ച് നരച്ച തെരുവുകളിലൂടെയുള്ള നടത്തം തുടങ്ങിയിട്ട് കുറേ നേരമായിരുന്നു. വെള്ളിയുടെ ആലസ്യവും തിരക്കുകളും ഒരേപോലെ വഴികളിൽ കാണാം. ഈജിപ്തിലെ പ്രധാന അവധിദിനം വെള്ളിയാണ്. ആ ദിവസമാണ് അവർ മരിച്ചുപോയവരെ സന്ദർശിക്കാറ്. അയൂബ് ആ തെരുവിലേക്ക് എത്തിയത് അതിനാണ്. കൊല്ലങ്ങൾക്കു മുമ്പേ മരിച്ചുപോയ തന്റെ പ്രിയപ്പെട്ട ഉമ്മയെ കാണാൻ.
ആ വഴി തുടങ്ങുന്നയിടത്ത് പലയിടത്തായി സ്ത്രീകൾ ചുവന്ന റോസാപ്പൂക്കൾ വിൽക്കുന്നുണ്ടായിരുന്നു. ഖബർസ്ഥാൻ സന്ദർശിക്കുന്നവരെ ലക്ഷ്യംവെച്ചുള്ളതാണ് അത്. അവർ ആ പൂക്കളും വാങ്ങിയാണ് പ്രിയപ്പെട്ടവരെ കാണാൻ പോവുക. വഴിയരികിൽ നിരനിരയായി കാറുകൾ നിർത്തിയിട്ടിരുന്നു. അവിടേക്ക് വന്നവരുടെ വാഹനങ്ങളാണ്. അകത്തേക്ക് കടന്നാൽ പിന്നെ ഖബറുകളാണ്. പല നിറത്തിലും വലുപ്പത്തിലുമുള്ള അനേകമനേകം മരിച്ചവർ പാർക്കുന്ന കൂടുകൾ. അതിനോട് ചേർന്ന് ജീവിച്ചിരിക്കുന്നവരുടെ വീടുകൾ. ജീവിതവും മരണവും മുഖാമുഖം നോക്കി ചിരിച്ചുകൊണ്ടേയിരിക്കുന്ന കൈറോയിലെ മരിച്ചവരുടെ നഗരം, City of Dead. അങ്ങനെയാണ് ആ പ്രദേശം വിളിക്കപ്പെടുന്നത്. നൂറ്റാണ്ടുകൾക്കും മുമ്പേ മരിച്ചുപോയവർ വരെ അന്തിയുറങ്ങുന്ന കിലോമീറ്ററുകളുള്ള ആ ഭൂമികയെ മറ്റെന്താണ് വിളിക്കേണ്ടത്? മഹായാനത്തിന്റെ മഹാനഗരം.
അത് ജീവിച്ചിരിക്കുന്ന മനുഷ്യരുടെ കൂടി വാസസ്ഥലം ആണെന്നതാണ് അതിനെ ലോകത്തെ മറ്റെങ്ങുമില്ലാത്ത സവിശേഷമായ ഒന്നാക്കുന്നത്. അഹ്മദാബാദിലെ ലക്കി റസ്റ്റാറന്റിൽ ഖബറുകൾക്ക് ഇടയിലിരുന്നാണ് ചായ കുടിക്കുക. ചെറുതും വലുതുമായ കുറെ ഖബറുകൾ. മരിച്ചവരുടെ നഗരത്തിൽ പക്ഷേ രാവും പകലുമെല്ലാം മനുഷ്യർ ഈ ശവകുടീരങ്ങൾക്ക് ഇടയിലാണ്. അതിന് നൂറ്റാണ്ടുകളുടെ കഥകളുണ്ട്, പഴമയും.
മരിച്ചവരുെട നഗരത്തിലെ ഖബറുകൾ
ഏതാണ്ട് എ.ഡി ഏഴാം നൂറ്റാണ്ട് മുതലുള്ള ചരിത്രമുള്ള ഈ നഗരത്തെ പ്രാദേശികമായി അറബിയിൽ ‘ഖരാഫ’ എന്നാണ് വിളിക്കുന്നത്. കൈറോ സിറ്റാഡലിന്റെ വടക്കു ഭാഗത്തും തെക്കു ഭാഗത്തുമായി രണ്ട് ഭാഗങ്ങളിലായി ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നു. മരിച്ചവരെ മറവുചെയ്യുന്നതിനായി ഓരോ കുടുംബങ്ങൾക്കും അവരുടേതായ സ്ഥലമുണ്ട്. അതിനോട് ചേർന്ന് അവർ ചെറിയ വീടുകൾ പണി കഴിപ്പിച്ചിരിക്കുന്നു. ഖബറിടം സന്ദർശിക്കാൻ വരുമ്പോൾ കുടുംബാംഗങ്ങൾക്ക് വിശ്രമിക്കാനാണ് ഇതുണ്ടാക്കുന്നത്. മരിച്ചവരെ ബഹുമാനിക്കലും ഇതിന്റെ ഉദ്ദേശ്യമാണത്രേ. ഒറ്റ മുറി മാത്രമുള്ള ഈ വീടുകളിൽ താമസിക്കുന്നവരാണ് ഈ ഖബറുകളുടെ കാവൽക്കാർ. അവരാണ് മരിച്ചവരുടെ നഗരത്തിലെ ജീവിച്ചിരിക്കുന്ന മനുഷ്യർ.
ഓരോ കുടുംബത്തിന്റെയും കല്ലറകളുടെ കാവൽക്കാരായി തലമുറകളായി വന്നു പാർക്കുന്നവർ വരെ ഇവിടെയുണ്ട്. ഖബറുകള് കുഴിച്ചും ഖബറുകളുടെ പരിചരണം നടത്തിയും വെള്ളിയാഴ്ചകളിൽ പൂക്കച്ചവടം ചെയ്തുമൊക്കെയാണ് അവർ കുടുംബം പുലര്ത്തുന്നത്. ചിലർ കരകൗശല വസ്തുക്കൾ ഉണ്ടാക്കി തെരുവുകളിൽ വിൽക്കുന്നു. മരിച്ചവർക്കിടയിലെ ജീവിതം അവർക്കൊരു പ്രശ്നമേയല്ല.
അയൂബിന് പിന്നാലെ നടന്ന് ഉള്ളിലേക്ക് കയറിയപ്പോൾ ആ കുടുംബ കല്ലറയുടെ കാവൽക്കാരായ കുടുംബത്തെ കണ്ടു. വർഷങ്ങൾക്കുമുമ്പേ പോർട്ട് സൈദിൽനിന്ന് വന്നവരാണ് അവർ. ഇപ്പോൾ ഈ ഖബറുകളെ പരിചരിച്ചാണ് ജീവിതം. അതിൽ അവർ തൃപ്തരാണ്. ഖബറുകൾക്ക് ഇടയിലെ ജീവിതത്തിന് പേടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ കുട്ടികൾക്കു പോലും ഇല്ലെന്നാണ് മറുപടി. ഒരു കുടുംബ ഫോട്ടോ എടുക്കട്ടെ എന്ന ചോദ്യത്തിന് എവിടെയും കൊടുക്കരുത് എന്ന നിബന്ധനയിൽ സമ്മതിച്ചു.
ആ ഒറ്റമുറിയിൽനിന്ന് പുറത്തിറങ്ങി വീണ്ടും നടന്നു. അപ്പോഴേക്കും അയൂബ് ഉമ്മക്കരികിൽ എത്തിയിരുന്നു. പച്ചവള്ളികൾ പരക്കെ പടർന്ന ആ ഖബറിനു മുകളിൽ അവൻ കൈയിലുള്ള പൂക്കൾകൊണ്ട് അലങ്കരിക്കാൻ തുടങ്ങി. സ്ഥിരമായി പരിചരിക്കപ്പെടുന്ന ഖബറാണതെന്നത് ഒറ്റ കാഴ്ചയിൽതന്നെ വ്യക്തമായിരുന്നു. അതിനു കുറച്ചപ്പുറത്തായി ഒരു പെൺകുട്ടി പ്രിയപ്പെട്ട ആരുടെയോ അരികിലിരുന്ന് കണ്ണീരോടെ പ്രാർഥിക്കുന്നുണ്ട്. അയൂബ് അപ്പോഴേക്കും ഖബറിനരികിലൊരു കസേരയിലേക്ക് ചാഞ്ഞു. പിന്നെ നിശ്ശബ്ദനായി. അവന്റെ കണ്ണുകളിൽ ചെറുപ്പത്തിലേ വിട്ടുപിരിഞ്ഞ ഉമ്മയോടുള്ള അടക്കാനാവാത്ത സ്നേഹം കാണാമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലുമുള്ള മകന്റെ ആ വരവ് ഉമ്മക്കെത്ര സന്തോഷമായിരിക്കും പകരുന്നുണ്ടാവുക എന്നോർത്തു.
പൂക്കളുമായി അയൂബ് ഖബറിലേക്ക്
ആ ഖബർസ്ഥാനിൽനിന്ന് ഇറങ്ങി അടുത്ത കുടുംബത്തിന്റേതിലേക്ക് പോയപ്പോൾ ഒരു കുടുംബം ഒന്നാകെ പ്രാർഥന കഴിഞ്ഞിറങ്ങുകയായിരുന്നു. ഇടയിൽ ധൂമക്കുറ്റികളുമായി ഒരാൾ എന്തൊക്കെയോ ചൊല്ലി കടന്നുപോയി. അയാൾ മരിച്ചുപോയവരെ അനുഗ്രഹിക്കുകയാവണം. ഇടയിൽ പല ഖബറുകൾക്ക് അരികിലേക്കും ആളുകൾ വന്നും പോയുമിരുന്നു. പൂക്കൾ വെച്ച് പ്രാർഥിച്ചു.
എന്തുകൊണ്ടാണ് യുെനസ്കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഈ പ്രദേശം എന്നതിന് അതിന്റെ പൗരാണികത തന്നെയാണ് മറുപടി. നൂറ്റാണ്ടുകളായുള്ള മനുഷ്യരുടെ നെടുവീർപ്പുകളും സന്തോഷങ്ങളും വേദനകളുമൊക്കെ അടക്കംചെയ്തതിന്റെ കാഴ്ചയാണത്. അതിനു മീതെ പ്രതീക്ഷകളും പ്രതിസന്ധികളുംകൊണ്ട് ദൈനംദിന ജീവിതത്തോട് മല്ലിടുന്ന കുറെ മനുഷ്യരുടെ ആവാസവ്യവസ്ഥയും. ജീവിതവും മരണവും നേർക്കുനേർ കാണുന്നു. രണ്ടും ഒന്നുതന്നെ എന്ന തീർപ്പിലേക്ക് എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.