അ​ഗ​സ്റ്റി​ൻ പ​ള്ളി​യു​ടെ മ​ണി​ഗോ​പു​രം 

ഒരു കൈയുടെ ജൈത്രയാത്ര

ഗോവൻ യാത്രയിലെ അനുഭവം എഴുതുകയാണ്​ ലേഖിക. നൂറ്റാണ്ടുകൾക്കു മുമ്പ് മരിച്ച കറ്റേവാൻ രാജ്ഞിയുടെ മൃതശരീരത്തിൽനിന്നു വേർപെടുത്തിയ കൈക്ക്​ എന്തു സംഭവിച്ചു?

നൂറ്റാണ്ടുകൾക്കു മുമ്പ് മരിച്ച കറ്റേവാൻ രാജ്ഞിയുടെ മൃതശരീരത്തിൽനിന്നും വേർപെടുത്തിയ കൈ ജോർജിയയിൽനിന്നും യാത്ര ആരംഭിച്ച്, പേർഷ്യ വഴി ഗോവയിലെത്തുകയും, പിന്നീട് അവിടെനിന്നു ജോർജിയയിൽ തിരിച്ചുമെത്താൻ നാനൂറോളം വർഷങ്ങളെടുത്തു. ഒരുപാട് പുരാവസ്തു ഗവേഷകർ അഹോരാത്രം യത്‌നിച്ചതിന്റെ ഫലമായിട്ടാണ് അസ്ഥിക്കഷ്ണങ്ങളുടെ യാത്രക്ക് ‘ശുഭ’പരിസമാപ്തി ഉണ്ടായത്.

ഹോളിവുഡ് അഡ്വഞ്ചർ ത്രില്ലർ സിനിമകളെ വെല്ലുന്ന കഥയെപ്പറ്റി ആദ്യം അറിഞ്ഞത് ഗോവയിലെ പുരാവസ്തു ഗവേഷക മ്യൂസിയം സന്ദർശിച്ചപ്പോഴാണ്. അവിടത്തെ കെയർ ടേക്കറോട് കുശലാന്വേഷണം നടത്തിയ കൂട്ടത്തിൽ ഇവിടെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവെന്താണെന്നു ഞാൻ ചോദിച്ചു. കറ്റേവാൻ രാജ്ഞിക്ക് പുതിയതായി സമർപ്പിച്ച ‘ഡയോരമ മുറി’ എന്നായിരുന്നു ഉത്തരം. ഇന്നേവരെ കേട്ടിട്ടില്ലാത്ത രാജ്ഞിയെക്കുറിച്ചറിയാൻ ജിജ്ഞാസയും കൗതുകവും തോന്നിയതിനാൽ ആ മുറി അന്വേഷിച്ച് നീങ്ങി.

പ്രതീക്ഷിച്ചത് വലിയ ഒരു ഹാൾ ആയിരുന്നെങ്കിലും ചെന്നെത്തിയത് ഒരു ചെറിയ മുറിയിലായിരുന്നു. ചുമരിൽ നിറയെ ഫോട്ടോകളും അതിനെ പറ്റിയുള്ള വിശദീകരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇടതുവശത്തുണ്ടായിരുന്ന പാനലിൽ കറ്റേവാൻ രാജ്ഞിയുടെ ജീവചരിത്രം എഴുതിവെച്ചിരുന്നു. കിഴക്കൻ ജോർജിയയിലെ രാജകുടുംബത്തിൽ 1560ലാണ് അവർ ജനിച്ചത്. കഖേതി എന്ന നാട്ടുരാജ്യത്തിന്റെ രാജകുമാരനായ ഡേവിഡിനെയായിരുന്നു അവർ വിവാഹം ചെയ്തത്. പേർഷ്യയിലെ സഫാവിഡ് രാജവംശത്തിന്റെ കീഴിലായിരുന്നു കഖേതി.

തന്റെ പിതാവിന്റെ ആരോഗ്യം ക്ഷയിച്ചപ്പോൾ, ഡേവിഡ് സ്വയം രാജാവായി പ്രഖ്യാപിച്ചു. എന്നാൽ, ഭരണം ഏറ്റെടുത്ത് ഒരു വർഷം ആയപ്പോഴേക്കും അദ്ദേഹം അസുഖബാധിതനായി മരണപ്പെട്ടു. ഡേവിഡിന്റെ അനിയൻ കോൺസ്റ്റാന്റിൻ ചെറുപ്പം മുതൽ പേർഷ്യൻ കൊട്ടാരത്തിലായിരുന്നു വളർന്നത്. പേർഷ്യൻ രാജാവായ ഷാഹ് അബ്ബാസിന്റെ പിന്തുണയോടെ കോൺസ്റ്റാന്റിൻ ഭരണം പിടിച്ചെടുത്തു. അനുരഞ്ജന ചർച്ചക്കെത്തിയ സ്വന്തം പിതാവിനെയും മറ്റൊരു സഹോദരനെയും കൊലപ്പെടുത്തുകയുംചെയ്തു. ഇതിൽ അസന്തുഷ്ടരായ ചില പ്രഭുക്കന്മാരുടെ പിന്തുണയോടെ കറ്റേവാൻ കോൺസ്റ്റാന്റിനുമായി യുദ്ധത്തിൽ ഏർപ്പെട്ടു. ആ യുദ്ധത്തിൽ കോൺസ്റ്റാന്റിൻ കൊല്ലപ്പെട്ടു. കറ്റേവാന്റെ പ്രായപൂർത്തിയാകാത്ത മകൻ റ്റെയ്മുറാസ് രാജാവായി അവരോധിക്കപ്പെട്ടു. മകന് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ രാജ്ഞിയായിരുന്നു രാജഭരണം നടത്തിയിരുന്നത്.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ റ്റെയ്മുറാസ് രാജ്യകാര്യങ്ങൾ നോക്കിത്തുടങ്ങി. പേർഷ്യയുടെ ശത്രുക്കളായിരുന്ന ഓട്ടോമൻ രാജാക്കന്മാരുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം അബ്ബാസിനെ ചൊടിപ്പിച്ചു. അബ്ബാസ് കഖേതി രാജ്യത്തെ ആക്രമിക്കാൻ ഒരുങ്ങുന്നു എന്ന് മനസ്സിലാക്കിയ റ്റെയ്മുറാസ്, അമ്മയായ കറ്റേവാനേയും തന്റെ രണ്ടു പിഞ്ചു മക്കളെയുംകൂട്ടി അനുരഞ്ജന ചർച്ചക്ക് പേർഷ്യയിലേക്ക് വിട്ടു. എന്നാൽ, അവിടെ വെച്ച് കുട്ടികൾ കൊല്ലപ്പെടുകയും രാജ്ഞി തടവിലാക്കപ്പെടുകയും ചെയ്തു. ഏറെക്കാലം രാജ്ഞി ഷിറാസ് നഗരത്തിലെ കാരാഗൃഹത്തിലായിരുന്നു. അങ്ങനെയിരിക്കെ അബ്ബാസിന് അറുപതു വയസ്സുള്ള കറ്റേവാനെ വിവാഹംചെയ്യാൻ ആഗ്രഹം തോന്നി. അതിനായി അവരെ മതപരിവർത്തനത്തിന് നിർബന്ധിച്ചു.

ഇത് എതിർത്ത കറ്റേവാനെ അതിക്രൂരമായാണ് അബ്ബാസ് നേരിട്ടത്. പൊതുസ്ഥലത്തുവെച്ച് ഇരുമ്പുകമ്പി ചൂടാക്കി കറ്റേവാന്റെ ദേഹത്തു മുഴുവൻ പൊള്ളലേൽപിക്കുകയും ചവണ ഉപയോഗിച്ച് ശരീരഭാഗങ്ങൾ ചതക്കുകയുംചെയ്തു. അവസാനം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഫ്രഞ്ച് അഗസ്റ്റിൻ മിഷനറിമാർ കറ്റേവാന്റെ ദാരുണാന്ത്യത്തിന് സാക്ഷ്യംവഹിച്ചു. നാലു വർഷങ്ങൾക്കുശേഷം രാജ്ഞിയെ മറവുചെയ്ത കുഴിമാടത്തിൽനിന്ന് അവർ ഏതാനും എല്ലുകൾ ശേഖരിച്ചു ജോർജിയയിലെ അൽവെറാഡി മൊണാസ്ട്രിയിലേക്ക് പോയി. ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചുനിന്നതിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ട കറ്റേവാൻ രാജ്ഞിയെ ജോർജിയൻ പള്ളി വിശുദ്ധയായി പ്രഖ്യാപിച്ചു. അഗസ്റ്റിൻ മിഷനറിമാരിൽ ഒന്നുരണ്ടു പേർ ഗോവയിലെ സെന്റ് അഗസ്റ്റിൻ പള്ളിയിലേക്കാണ് പോയത്. അവരുടെ പക്കലുണ്ടായിരുന്ന കറ്റേവാന്റെ വലതുകൈയുടെ എല്ല് അങ്ങനെ 1627ൽ ഗോവയിലെത്തി.

പാനലിൽ എഴുതിവെച്ച കഥ അവസാനിച്ചെങ്കിലും പിന്നീട് കൈക്ക് എന്ത് സംഭവിച്ചുവെന്നറിയാൻ ഉത്കണ്ഠയായി. ചുറ്റും കണ്ണോടിച്ചപ്പോൾ എല്ലിന്റെ നക്കൽപ്രതി ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരുന്നത് ശ്രദ്ധിച്ചു. അതിനോട് ചേർന്നുള്ള ഒരു ചിത്രത്തിൽ കറ്റേവാൻ അനുഭവിച്ച ദുരിതങ്ങൾ തനിമയോടെ പ്രതിപാദിച്ചിരുന്നു. കറ്റേവാന്റെയും ഭർത്താവായ ഡേവിഡിന്റെയും ഡേവിഡിന്റെ അച്ഛൻ അലക്‌സാണ്ടർ രാജാവിന്റെയും ഷാഹ് അബ്ബാസിന്റെയും ചിത്രങ്ങൾ അവിടെ കാണാൻ പറ്റി.

 

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക​റ്റേ​വാ​ൻ രാജ്ഞിയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ

കൈ സൂക്ഷിച്ചിരുന്ന അഗസ്റ്റിൻ പള്ളിയെ പറ്റിയും അവിടെ വിശദമായി എഴുതിവെച്ചിരുന്നു. 1572ൽ ചെറിയൊരു ചാപ്പലായിട്ടാണ് പള്ളി ആരംഭിച്ചത്. 1627ൽ പള്ളി പുതുക്കിപ്പണിതു. ഇന്തോ പോർചുഗീസ് വാസ്തുകലയുടെ ഒരു മികച്ച ഉദാഹരണമായിരുന്നു ആ പള്ളി. 1835ൽ അഗസ്റ്റിൻ പള്ളിയിലെ പാതിരിമാർ തിരികെ നാട്ടിലേക്കു പോയി. ആരും നോക്കാനില്ലാതെ പള്ളിയുടെ ഭൂരിഭാഗവും നശിച്ചുപോയി. 1960ൽ പുരാവസ്തു ഗവേഷണ കേന്ദ്രം പള്ളി ഏറ്റെടുത്തപ്പോൾ, അതിന്റെ ഒരു ഗോപുരം മാത്രമായിരുന്നു അവശേഷിച്ചത് എന്ന് അവിടെനിന്ന് മനസ്സിലാക്കി.

ആ മുറിയിൽനിന്നിറങ്ങുന്ന ഭാഗത്ത് ‘നന്ദി’ എന്നെഴുതിയിട്ടുള്ള ഒരു പോസ്റ്ററിൽ കുറച്ചാളുകളുടെ ഫോട്ടോ കണ്ടു. ആകെ തിരിച്ചറിഞ്ഞത് നമ്മുടെ വിദേശകാര്യ മന്ത്രിയായ ജയശങ്കറിനെ മാത്രമായിരുന്നു. പുരാവസ്തു ഗവേഷകർ, ശാസ്ത്രജ്ഞർ, പള്ളിയിലെ പുരോഹിതന്മാർ തുടങ്ങിയവരായിരുന്നു ബാക്കിയുള്ളത്. കറ്റേവാൻ രാജ്ഞിയുടെ കഥയിൽ ഈ ആളുകളുടെ സംഭാവന എന്തായിരിക്കുമെന്നാലോചിച്ചെങ്കിലും ഒരു എത്തുംപിടിയും കിട്ടിയില്ല. മാത്രവുമല്ല പള്ളിയിൽ വെച്ചിരുന്ന കൈക്ക് പിന്നീടെന്തു സംഭവിച്ചു എന്നുള്ളതും ചോദ്യചിഹ്നമായി മനസ്സിൽ അവശേഷിച്ചു. ഒരുപക്ഷേ, സെന്റ് അഗസ്റ്റിൻ പള്ളിയുടെ അവശിഷ്ടങ്ങൾ സന്ദർശിച്ചാൽ എന്റെ സംശയങ്ങൾക്ക് മറുപടി ലഭിക്കുമെന്ന് തോന്നി.

അവിടന്ന് നേരെ അഗസ്റ്റിൻ പള്ളിയുടെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്ന ഇടത്തേക്ക് പോയി. അര കിലോമീറ്റർ ദൂരെ ആയിരുന്നെങ്കിൽകൂടി നാൽപത്താറു മീറ്റർ ഉയരവും, നാല് നിലകളുമുള്ള മണിഗോപുരം നടക്കുന്ന വഴിയുടെ അഭിമുഖമായി കാണാമായിരുന്നു. എട്ടു ചാപ്പലുകളും നാല് അൾത്താരകളും ഒരു കോൺവെന്റും ഉണ്ടായിരുന്ന ബഹുനില കെട്ടിടത്തിന്റെ ആകെ അവശേഷിക്കുന്ന ഭാഗമായിരുന്നു ആ മണിഗോപുരം എന്ന് കയറിച്ചെല്ലുന്നിടത്ത് ഗ്രാനൈറ്റ് സ്ലാബിൽ എഴുതിവെച്ചിരുന്നു. അതുകൊണ്ട് ഇപ്പോൾ അഗസ്റ്റിൻ ടവർ എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.

ഗോവയിലെ മറ്റു യുനെസ്‌കോ പൈതൃക കെട്ടിടങ്ങൾക്കു ചുറ്റും കാണുന്ന ജനക്കൂട്ടം അവിടെ ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമായിരുന്നു. ഇങ്ങനെയൊരു കെട്ടിടത്തെപ്പറ്റി അധികമാർക്കും അറിയില്ല എന്നത് വ്യക്തമായി. ഒരു വീതിയുള്ള റാംപിലൂടെ നടന്ന് പള്ളിയുടെ അവശിഷ്ടങ്ങൾക്കടുത്തെത്തി. അവിടെയുണ്ടായിരുന്ന തൂണുകളും ഇടനാഴികളും വിശാലമായ മുറികളുമെല്ലാം പഴയകാല പ്രതാപത്തെ സൂചിപ്പിച്ചു. പഴയ അൾത്താരകളും മറ്റും അവിടെ കണ്ടു.

പള്ളിയുടെ ചുവരിൽ അസുലജോസ് ടൈലുകൾകൊണ്ട് അലങ്കരിച്ചിരുന്നു. പ്രത്യേകരീതിയിൽ ഉണ്ടാക്കുന്ന പോർചുഗീസ് ടൈലുകളാണ് അസുലജോസ്. ഒരുപാട് പഴക്കമുള്ളതായിരുന്നെങ്കിലും ടൈലുകളുടെ നിറം അൽപംപോലും മങ്ങിയിട്ടില്ലായിരുന്നു. കാഴ്ചകൾ കാണുമ്പോഴും മനസ്സിൽ നിറയെ കറ്റേവാനായിരുന്നു. കൈ കിട്ടിയ സ്ഥലമോ ലഭിച്ച രീതിയോ എന്തെങ്കിലും അവിടെ പ്രദർശിപ്പിച്ചിരിക്കും എന്ന് കരുതിയിരുന്നെങ്കിലും അവിടെ ഒന്നുമുണ്ടായിരുന്നില്ല എന്നത് നിരാശപ്പെടുത്തി.

അവിടത്തെ സൂക്ഷിപ്പുകാരനോട് കറ്റേവാനെപ്പറ്റി അന്വേഷിച്ചു. അദ്ദേഹം എന്നെയുംകൂട്ടി പള്ളിയുടെ മറ്റൊരു വശത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ചില്ലുകൊണ്ട് സംരക്ഷിച്ച ഒരു കല്ല് കൊണ്ടുണ്ടാക്കിയ പെട്ടി പോലെയൊന്ന് കണ്ടു. അതിലായിരുന്നത്രെ കറ്റേവാന്റെ കൈ സൂക്ഷിച്ചിരുന്നത്. യാത്രക്ക് പൂർണത കൈവരിക്കാത്തതുപോലെയാണ് അവിടന്നിറങ്ങിയപ്പോൾ അനുഭവപ്പെട്ടത്. അന്ന് രാത്രി ഹോട്ടൽമുറിയിൽ എത്തിയശേഷം കറ്റേവാന്റെ കൈക്കെന്തു സംഭവിച്ചു എന്ന് ഗൂഗിളിൽ പരതിയപ്പോഴാണ് ബാക്കി കഥയുടെ ചുരുളഴിഞ്ഞത്. അന്റോണിയോ സിൽവ റീഗോ എന്ന ചരിത്രകാരൻ 17ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് അഗസ്റ്റിൻ മിഷനറിമാർ സൂക്ഷിച്ചിരുന്ന രേഖകളെപ്പറ്റി പഠനം നടത്തി പ്രസിദ്ധീകരിച്ചു. ഗോവയിലെ ചാപ്പലിന്റെ എപ്പിസ്റ്റലിന്റെ വശത്ത് രണ്ടാമത്തെ ജനാലക്കു താഴെ രാജ്ഞിയുടെ അസ്ഥികൾ അടങ്ങിയ പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് അതിൽ പ്രതിപാദിച്ചിരുന്നു. അന്ന് ചിലർ അത് അന്വേഷിച്ചെത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

1985ൽ മറ്റൊരു ചരിത്രകാരനായ റോബർട്ടോ ഗുൽബെൻകിൻ കറ്റേവാനെ പറ്റി ഒരു പുസ്തകം രചിക്കുകയുണ്ടായി. അതിന്റെ ഫലമായി രാജ്ഞിയുടെ കാണാതായ കൈ വീണ്ടെടുക്കണം എന്ന ആവശ്യവുമായി പലരും മുന്നോട്ടു വന്നു. 1989 മുതൽ ജോർജിയയിൽനിന്നുള്ള വിവിധ പ്രതിനിധികൾ പുരാവസ്തു വകുപ്പുമായി സഹകരിച്ച് അഗസ്റ്റിൻ കോൺവെന്റിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കറ്റേവാന്റെ കൈ കണ്ടെത്താൻ ശ്രമിച്ചു. 2004ലാണ് എല്ലുകൾ കണ്ടെത്തിയത്.

അപ്പോഴും അത് കറ്റേവാന്റെയാണെന്ന് ഉറപ്പിക്കാൻ സാധിച്ചില്ല. ശാസ്ത്രജ്ഞർ എല്ലുകളെ ശാസ്ത്രീയമായ പല പരീക്ഷണങ്ങൾക്കും വിധേയമാക്കി. ഒടുവിൽ 2013 ലാണ് കറ്റേവാന്റെ എല്ലുകളാണെന്നു സ്ഥിരീകരിച്ചത്. 2017ൽ ജോർജിയ രാജ്യവുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി, കറ്റേവാന്റെ കൈ ഒരു വർഷത്തോളം ജോർജിയയിലെ പല പള്ളികളിൽ പ്രദർശിപ്പിച്ചശേഷം തിരികെയെത്തിച്ചു. 2021ൽ എല്ലിന്റെ ഒരുഭാഗം എ​െന്നന്നേക്കുമായി ജോർജിയക്കു നൽകുകയുണ്ടായി. അതിനു നന്ദിസൂചകമായാണ് ‘കറ്റേവാന്റെ ഗാലറി’ മ്യൂസിയത്തിൽ തുടങ്ങിയത്. നമ്മുടെ വിദേശകാര്യ മന്ത്രിയുടെ ചിത്രത്തിനു പിന്നിലെ ഗുട്ടൻസ് അതോടെ പിടികിട്ടി.

 

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക​റ്റേ​വാ​ൻ രാജ്ഞിയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ

സ്വന്തം രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ പോരാടി ഒടുവിൽ ദാരുണമരണത്തിന് കീഴടങ്ങേണ്ടിവന്ന കറ്റേവാൻ രാജ്ഞിയുടെ കഥ പെട്ടെന്ന് മനസ്സിൽനിന്നും മാഞ്ഞുപോയില്ല. മതത്തിന്റെയും വംശീയതയുടെയും പേരിൽ പ്രചരിപ്പിക്കപ്പെടുന്ന അപദാന ഗാഥകളിൽനിന്ന് മുക്തയാക്കി ഒരു സ്ത്രീയുടെ പോരാട്ടവീര്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമെന്ന നിലയിൽ കറ്റേവാൻ രാജ്ഞിയെ ഞാൻ എന്റെ മനസ്സിന്റെ കോണിൽ എ​െന്നന്നേക്കുമായി കുടിയിരുത്തി.

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.