ബീജിങ്: മധ്യ ചൈനയിൽ വാതക പൈപ്പ് പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും 138 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു. ഹുബെ പ്രവിശ്യയിലെ ഷിയാൻ നഗരത്തിലാണ് വമ്പൻ സ്ഫോടനം ഉണ്ടായത്.
അപകടത്തെത്തുടർന്ന് 150ലധികം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ 37 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് സംഭവം. സ്‌ഫോടനത്തിൽ ഇവിടത്തെ മാർക്കറ്റ് കെട്ടിടം തകർന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവസമയം ഇവിടെ ആളുകൾ പ്രഭാതഭക്ഷണവും പലചരക്ക് സാധനങ്ങളും വാങ്ങുകയായിരുന്നു. ഇവരാണ് ദുരന്തത്തിൽപ്പെട്ടത്. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മുനിസിപ്പൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് ഇവരെയെല്ലാം രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
പലരുടെയും നില ഗുരുതരമായതിനാൽ പ്രദേശത്തുള്ളവരോട് അടിയന്തരമായിരക്തം ദാനം ചെയ്യാൻ ഷിയാനിലെ ആശുപത്രികൾ അഭ്യർഥിച്ചിട്ടുണ്ട്. അപകട കാരണം അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.