ബെയ്ജിങ്: 1.1 ബില്യൺ യുവാൻ (12,64,12,73,722 രൂപ) കൈക്കൂലി വാങ്ങിയ ചൈന ബാങ്കർക്ക് വധശിക്ഷ. ഹുവാറോങ് ഇന്‍റർനാഷണൽ ഹോൾഡിംഗ്‌സിന്‍റെ മുൻ ജനറൽ മാനേജർ ബായ് ടിയാൻഹായ്ക്കാണ് കിഴക്കൻ ചൈനയിലെ കോടതി വധശിക്ഷ വിധിച്ചത്. രാഷ്ട്രീയ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും എല്ലാ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു. ഇന്‍റർമീഡിയറ്റ് പീപ്പിൾസ് കോടതിയുടെ വിധി പ്രകാരം ഇയാളുടെ അനധികൃത നേട്ടങ്ങൾ വീണ്ടെടുത്ത് സംസ്ഥാന ട്രഷറിയിലേക്ക് മാറ്റുകയും ചെയ്യും. ഭീമമായ തുകയ്ക്ക് പകരമായി പദ്ധതികൾ ഏറ്റെടുക്കുന്നതിലും ധനസഹായം നൽകുന്നതിലും മറ്റുള്ളവരെ സഹായിക്കാൻ ബായ് തന്‍റെ സ്ഥാനം മുതലെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.
1264 കോടിയലധികമാണ് ബായ് കൈക്കൂലിയായി വാങ്ങിയിട്ടുള്ളത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത് രാജ്യത്തിന്‍റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് കാര്യമായ നഷ്ടമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളുടെ വസ്തുതകൾ, സ്വഭാവം, സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മൃദുവായ ശിക്ഷ നൽകുന്നത് പര്യാപ്തമല്ലെന്നും അതിനാലാണ് വധശിക്ഷക്ക് വിധിച്ചതെന്നും കോടതി അറിയിച്ചു. പ്രസിഡൻ്റ് ഷി ജിൻപിങ്ങിന്‍റെ അഴിമതി വിരുദ്ധ നീക്കത്തിൽ നിരവധി ചൈനീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അവരിൽ ഭൂരിഭാഗവും കുറ്റം ഏറ്റുപറഞ്ഞ് സസ്പെൻഡ് ചെയ്ത വധശിക്ഷയോ ദീർഘകാല തടവോ ആയതിനാൽ വധശിക്ഷ അപൂർവ്വമായി മാത്രമേ നൽകപ്പെട്ടിട്ടുള്ളൂ.
അഴിമതിക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ ചൈനയിലെ ഹുവാറോങ് ഉദ്യോഗസ്ഥനാണ് ബായ്. 2021 ജനുവരിയിൽ ഇതേ കോടതി ചൈന സിറ്റിക് ഫിനാൻഷ്യൽ അസറ്റ് മാനേജ്‌മെന്‍റിന്‍റ മുൻ ചെയർമാനായിരുന്ന ലായ് സിയോമിനും സമാനമായ വിധി വിധിച്ചിട്ടുണ്ട്. ഷെജിയാങ് പ്രവിശ്യയിലെ കിഴക്കൻ നഗരങ്ങളായ ഹാങ്‌ഷൂവിലെ മുൻ മേയർമാരായ സു മൈയോങ്, ജിയാങ് റെൻജി, ജിയാങ്‌സുവിലെ സുഷു എന്നിവർക്കും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്. ശിക്ഷയ്‌ക്കെതിരെ ബായ് അപ്പീൽ നൽകുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സമാനമായ കുറ്റങ്ങൾക്ക് പ്രതികൾക്ക് കുറഞ്ഞ ശിക്ഷ ലഭിച്ച കേസുകൾ ഉദ്ധരിച്ച് മുൻവിധിയുടെ അടിസ്ഥാനത്തിൽ ബായ് അപ്പീൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ബെയ്ജിങ് ആസ്ഥാനമായുള്ള ഒരു ക്രിമിനൽ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.