കിയവ്: യുക്രെയ്നിലെ തെക്കൻ ഖെർസോൻ മേഖലയിൽ ഞായറാഴ്ച റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 23 ദിവസം പ്രായമായ പെൺകുഞ്ഞുമുൾപ്പെടുമെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നൈപ്രോ നദീതീരത്തെ ശിരോക ബാൽക ഗ്രാമത്തിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് ചോരപ്പൈതലുൾപ്പെടെ കുടുംബം ഒന്നാകെ കൊല്ലപ്പെട്ടത്. ഭാര്യയും ഭർത്താവും 12 വയസ്സുള്ള മകനും 23 ദിവസം പ്രായമായ പെൺകുഞ്ഞുമാണ് ഈ വീട്ടിലുണ്ടായിരുന്നത്. സമീപ ഗ്രാമമായ സ്റ്റാനസ്ലാവിൽ ഷെല്ലാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇവിടെ ഒരു സ്ത്രീക്ക് പരിക്കുണ്ട്.
നൈപ്രോ നദിയുടെ കിഴക്കൻ തീരത്ത് റഷ്യൻ നിയന്ത്രണത്തിലുള്ള ഖെർസോൻ മേഖലയുടെ ഭാഗത്ത് യുക്രെയ്ൻ സേന എത്തിയെന്ന അഭ്യൂഹങ്ങളെ പിന്തുണക്കുന്ന തരത്തിൽ യുക്രെയ്ൻ ഉപ പ്രതിരോധമന്ത്രി ഹന്ന മാലിയർ നടത്തിയ പ്രസ്താവനയെത്തുടർന്നാണ് റഷ്യൻ ഷെല്ലാക്രമണം. ഖെർസോൻ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ റഷ്യൻ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായി ഗവർണർ ഒലക്സാണ്ടർ പ്രൊകുഡിൻ പറഞ്ഞു.
അതിനിടെ, രാജ്യത്തിന്റെ തെക്കൻ മേഖലയിൽ മുന്നേറ്റം നടത്തിയ സൈന്യം തെക്കൻ സപോർഷ്യ മേഖലയിലെ നിർണായകഗ്രാമം ഉൾപ്പെടെയുള്ളവ കീഴടക്കിയതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. സപോർഷ്യയിലെ തന്ത്രപ്രധാനമായ റോബോട്ടിനെ മേഖലയിൽ ഭാഗികവിജയം നേടിയതായി യുക്രെയ്ൻ സേന അറിയിച്ചു. മെലിറ്റോപോൾ മേഖല തിരിച്ചുപിടിക്കാൻ തെക്കൻ ഭാഗത്തേക്ക് യുക്രെയ്ൻ സൈന്യത്തിന് നീങ്ങാനുള്ള നിർണായക പ്രദേശമാണിത്. ഇവിടെ ചില പ്രദേശങ്ങൾ മോചിപ്പിച്ചതായും പ്രതിരോധസേന ശ്രമം തുടരുകയാണെന്നും യുക്രെയ്ൻ സേനയുടെ തെക്കൻ മേഖല കമാൻഡർ ജനറൽ ഒലക്സാണ്ടർ ടർണാവ്സ്കി പറഞ്ഞു.
അതേസമയം, ബെൽഗൊറോഡ് മേഖലയിൽ രണ്ടും സമീപത്തെ കുർസ്കിൽ ഒന്നും വീതം ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ച് വീഴ്ത്തിയതായി റഷ്യൻ സൈന്യം അറിയിച്ചു. യുക്രെയ്ൻ അതിർത്തിയോട് ചേർന്നാണ് രണ്ട് പ്രദേശങ്ങളുമുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.