തെൽഅവീവ്: 24മണിക്കൂറിനിടെ ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ 24 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും ദുഃഖിപ്പിക്കുന്ന ദിനമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു.
മധ്യ ഗസ്സയിലെ മഗാസി അഭയാർഥി ക്യാമ്പിനോട് ചേർന്ന് 21 പേരും ദക്ഷിണ ഗസ്സയിലെ ഖാൻ യൂനിസിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. അതിർത്തിയിൽനിന്ന് 600 മീറ്റർ മാത്രം മാറി രണ്ടു കെട്ടിടങ്ങൾ തകർക്കാനായി മൈനുകൾ നിറക്കുന്നതിനിടെ ഹമാസ് ആർ.പി.ജി മിസൈലുകൾ തൊടുക്കുകയായിരുന്നു.
കെട്ടിടത്തിനകത്തെ സൈനികർക്ക് സുരക്ഷയൊരുക്കി പുറത്ത് നിലയുറപ്പിച്ച ടാങ്കിനുനേരെയാണ് ആദ്യം ഹമാസ് ആക്രമണമുണ്ടായത്. ഇതേസമയം കെട്ടിടത്തിലും മിസൈൽ പതിച്ചതോടെ ഉഗ്രസ്ഫോടനത്തോടെ തകർന്നുവീഴുകയായിരുന്നു. അടിയിൽപെട്ടവർക്കായി രാത്രിയും ചൊവ്വാഴ്ച രാവിലെയും മണിക്കൂറുകൾ തിരച്ചിൽ തുടർന്നു. ടാങ്കിലുണ്ടായിരുന്ന രണ്ട് സൈനികരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറിൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചതു മുതൽ ഇസ്രായേൽ സേനക്കുണ്ടാകുന്ന ഏറ്റവും വലിയ ആൾനാശമാണിത്. പരിസരത്തെ 10 കെട്ടിടങ്ങൾ പൂർണമായി തകർക്കാനായിരുന്നു ഇസ്രായേൽ പദ്ധതി.
ശക്തമായ ചെറുത്തുനിൽപ് നേരിടുന്ന ഖാൻ യൂനിസിലാണ് മറ്റ് മൂന്നുപേരെ ഹമാസ് വധിച്ചത്. ഇവിടെ, കനത്ത ഇസ്രായേൽ ആക്രമണം തുടരുകയും മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെത്തിക്കൽപോലും ദുഷ്‍കരമാകുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവം.
ഖാൻ യൂനിസിൽ ആശുപത്രികൾ വളഞ്ഞ് ജീവനക്കാരെയുൾപ്പെടെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. അൽഖൈർ, അൽഅമൽ, നാസർ ആശുപത്രികളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ഗസ്സയിൽ ഇതുവരെ 25,295 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്.
വടക്കൻ ഇസ്രായേലിലെ മൗണ്ട് മെറോണിൽ വ്യോമസേന താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. യമനിൽ യു.എസ്-യു.കെ സംയുക്ത സേന തിങ്കളാഴ്ചയും എട്ട് ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഏദൻ കടലിൽ യു.എസ് സൈനിക ചരക്കുകപ്പൽ ‘ഓഷ്യൻ ജാസി’നു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പ്രതികാരമെന്നോണമാണ് നടപടിയെന്ന് അമേരിക്ക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.