ജോർജിയ മെലോണി

ഇറ്റാലിയൻ പ്രധാനമ​ന്ത്രിയുടെ ഉയരത്തെ പരിഹസിച്ച് പോസ്റ്റിട്ട മാധ്യമപ്രവർത്തകക്ക് 4.55 ലക്ഷം പിഴ

മിലാൻ: ഇറ്റാലിയൻ പ്രധാനമ​ന്ത്രി ജോർജിയ മെലോണിയുടെ ഉയരത്തെ പരിഹസിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകക്ക് 5000 യൂറോ (4.55 ലക്ഷം രൂപ) പിഴയിട്ട് കോടതി. ഗ്യൂലിയ കോർട്ടെസെ എന്ന മാധ്യമപ്രവർത്തകക്കെതിരെയാണ് കോടതി നടപടി.

2021 ഒക്ടോബറിലായിരുന്നു ഇവർ എക്സിൽ മെലോണിയെ പരിഹസിച്ച് പോസ്റ്റിട്ടത്. തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവും അന്ന് പ്രതിപക്ഷ നേതാവുമായിരുന്ന മെലോനിയുടെ ചിത്രം ഫാഷിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസോളിനിയെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തി കോർട്ടെസെ പോസ്റ്റ് ചെയ്തിരുന്നു. ഇതിനോട് മെലോനി രൂക്ഷമായി പ്രതികരിച്ചപ്പോൾ ‘നിങ്ങളെന്നെ ഭയപ്പെടുത്തരുത്, ജോർജിയ മെലോണി. നിങ്ങൾക്ക് 1.2 മീറ്റർ (4 അടി) മാത്രമേ ഉയരമുള്ളൂ, എനിക്ക് നിങ്ങളെ കാണാൻ പോലും പറ്റുന്നില്ല’ എന്ന് മറുപടി നൽകിയതാണ് കോടതി കയറിയത്. ഇത് ബോഡി ഷേമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് മെലോണി കോടതിയെ സമീപിച്ചത്.

സ്വതന്ത്ര മാധ്യമപ്രവർത്തകർക്ക് ഇത് കടുപ്പമേറിയ കാലമാണെന്നായിരുന്നു വിധിയോടുള്ള കോർട്ടെസെയുടെ പ്രതികരണം. ‘വരാനിരിക്കുന്ന നല്ല നാളുകളെ നമുക്ക് പ്രതീക്ഷിക്കാം, നമ്മൾ വിട്ടുകൊടുക്കില്ല’ -അവർ കൂട്ടിച്ചേർത്തു.

ആദ്യമായല്ല മെലോനി മാധ്യമപ്രവർത്തകർക്കെതിരെ കോടതി കയറുന്നത്. കുടിയേറ്റത്തിനെതിരായ മെലോനിയുടെ കടുത്ത നിലപാടിനെ 2021ലെ ടെലിവിഷൻ ചർച്ചയിൽ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ റോം കോടതി റോബർട്ടോ സാവിയാനോ എന്നയാൾക്ക് 1,000 യൂറോയും കോടതി ചെലവും പിഴ ചുമത്തിയിരുന്നു. 2024ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 46ാം സ്ഥാനത്താണ് ഇറ്റലി. 

Tags:    
News Summary - 4.55 lakh fine to journalist who posted mocking height of Italian prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.