ഗസ്സ സിറ്റി: റഫയിലെ തമ്പുകളിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. സൈനിക ടാങ്കുകൾ നടത്തിയ ആക്രമണത്തിൽ വ്യാഴാഴ്ച 37 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗസ്സയിലാകെ 53 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 36,224 ആയി. 81,777 പേർക്ക് പരിക്കുണ്ട്.
ലക്ഷക്കണക്കിന് അഭയാർഥികൾ താമസിക്കുന്ന റഫയുടെ പടിഞ്ഞാറൻ ഭാഗമായ തൽ അസ്സുൽതാനിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ രണ്ട് അംഗങ്ങളെ ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞ് കൊലപ്പെടുത്തി. അതിനിടെ, ഫിലാഡൽഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്തുമായുള്ള ഗസ്സ അതിർത്തിയുടെ മുഴുവൻ നിയന്ത്രണവും പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് ശക്തമായ ചെറുത്തുനിൽപ് നടത്തുന്നുണ്ട്. ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് എട്ട് ആക്രമണങ്ങൾ നടത്തിയതായി അവർ അറിയിച്ചു. അൽ ഖുദ്സ് ബ്രിഗേഡും ഇസ്രായേൽ സൈനിക വാഹനങ്ങൾക്കുനേരെ ആക്രമണം നടത്തി. ഒരു സൈനികൻ കൊല്ലപ്പെട്ടതായി സമ്മതിച്ച ഇസ്രായേൽ സൈന്യം ജബാലിയയുടെ ചില ഭാഗങ്ങളിൽനിന്ന് പിന്മാറിയതായും അറിയിച്ചു. വെസ്റ്റ്ബാങ്കിലെ ജെനിൻ ക്യാമ്പിൽ ഇസ്രായേൽ വെടിവെപ്പിൽ എട്ട് ഫലസ്തീനികൾക്ക് പരിക്കേറ്റു.
അതിനിടെ, ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് നടത്താനുള്ള ബിൽ നാഷനൽ യൂനിറ്റി പാർട്ടി അംഗം നിന ടമാനോ ഷാത അവതരിപ്പിച്ചു. മന്ത്രിസഭാംഗം ബെന്നി ഗാന്റ്സിന്റെ പാർട്ടിയാണ് നാഷനൽ യൂനിറ്റി. രാജ്യം കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ സുസ്ഥിര ഭരണകൂടം രൂപവത്കരിക്കാൻ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നാണ് ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.