ഖാർത്തൂം: ആഭ്യന്തര സംഘർഷം വ്യാപിക്കുന്ന സുഡാനിൽ ഏഴു ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചു. മെയ് നാല് മുതൽ ഏഴു വരെയാണ് വെടിനിർത്തലെന്ന് സൗത്ത് സുഡാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷം കുറക്കുന്നതിനുള്ള സമാധാന ചർച്ചക്ക് വഴി തുറക്കുന്നതിന്‍റെയും വിദേശ പൗരന്മാർക്ക് സുഡാൻ വിടാനുള്ള സുരക്ഷിത പാത ഒരുക്കുന്നതിന്‍റെയും ഭാഗമായാണ് നടപടി.
സുഡാനിൽ കൂട്ടപ്പാലായനം തുടരുന്ന സാഹചര്യത്തിലാണ് വെടിനിർത്തൽ പ്രഖ്യാപനം. രാജ്യത്ത് നിന്ന് എട്ട് ലക്ഷത്തോളം പേർ പാലായനം ചെയ്യേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്ര സഭ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. ഇതിൽ നാലു ലക്ഷത്തോളം പേർക്ക് വീടും ബന്ധുക്കളെയും വിട്ട് പാലായനം ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ. നിലവിൽ 73,000 പേർ പാലായനം ചെയ്തു കഴിഞ്ഞു.
നേരത്തെ, വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുന്നതിനിടെ ഏപ്രിൽ 25ന് സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. യു.എസിന്‍റെയും സൗദി അറേബ്യയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ഇരുപക്ഷവും ധാരണയായത്.
അതേസമയം, ഓപറേഷൻ കാവേരിയുടെ ഭാഗമായി 3,195 പ്രവാസികളെ ഇന്ത്യ തിരികെ എത്തിച്ചു. ജിദ്ദയിലെത്തിച്ച 231 പ്രവാസികൾ കൂടി വിമാനമാർഗം മുംബൈയിലേക്ക് പുറപ്പെട്ടു. 328 പേർ ചൊവ്വാഴ്ച രാത്രി ന്യൂഡൽഹിയിൽ വിമാനം ഇറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.