കിയവ്: യുക്രെയ്ൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ചരക്ക് സംഭരണശാലക്ക് തീപിടിച്ചതിനെ തുടർന്ന് പടിഞ്ഞാറൻ റഷ്യയുടെ അതിർത്തി മേഖലയിലെ ഗ്രാമം ഒഴിപ്പിച്ചു. പോഡ്ഗൊറൻസ്കി ജില്ലയിലെ ഗ്രാമത്തിലുള്ളവരെയാണ് ഒഴിപ്പിച്ചതെന്ന് ഗവർണർ അലക്സാണ്ടർ ഗുസേവ് അറിയിച്ചു.
വൊറൊനെച് മേഖലയിൽനിന്ന് സ്ഫോടന ശബ്ദവും കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചരക്ക് സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. ഈ ഭാഗത്തേക്കുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.
യുക്രെയ്ൻ വ്യോമാക്രമണം റഷ്യൻ പ്രതിരോധ മന്ത്രാലയം രാവിലെ സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ബെൽഗൊരോഡ് മേഖലയിൽ യുക്രെയ്ൻ ഡ്രോൺ വെടിവെച്ചിട്ടതായി അറിയിച്ചിരുന്നു. അതേസമയം, ഞായറാഴ്ച രാത്രി രണ്ട് റഷ്യൻ ബാലിസ്റ്റിക് മിസൈലുകളും 13 ഷാഹിദ് ഡ്രോണുകളും വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രെയ്ൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ശനിയാഴ്ച ക്രാസ്നൊദാർ പ്രവിശ്യയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ തീപിടിച്ചതായും ഞായറാഴ്ചയോടെ അണച്ചതായും റഷ്യൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.