അഫ്ഗാൻ ഭൂകമ്പം: രക്ഷാപ്രവർത്തനം ദുഷ്കരം

കാബൂൾ: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കിഴക്കൻ അഫ്ഗാനിസ്താനിൽ ആശയവിനിമയ, ഗതാഗത സൗകര്യക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സമാവുന്നു. 'ഞങ്ങൾക്ക് പ്രദേശത്ത് എത്താൻ കഴിയുന്നില്ല, നെറ്റ്‌വർക്കുകൾ ദുർബലമാണ്' കൂടുതൽ നാശനഷ്ടമുണ്ടായ പക്തിക പ്രവിശ്യയിലെ ഉന്നത താലിബാൻ സൈനിക കമാൻഡറുടെ വക്താവ് മുഹമ്മദ് ഇസ്മായിൽ മുആവിയ വ്യാഴാഴ്ച റോയിട്ടേഴ്‌സ് വാർത്ത ഏജൻസിയോട് പറഞ്ഞു.

ഭൂകമ്പത്തിൽ റോഡ് തടസ്സപ്പെട്ടും കനത്ത മഴയെതുടർന്നുള്ള മണ്ണിടിച്ചിലുകളാലും കിഴക്കൻ പ്രവിശ്യകളായ ഖോസ്ത്, പക്തിക എന്നിവിടങ്ങളിലേക്കുള്ള വഴിസൗകര്യം തടസ്സപ്പെട്ടു കിടക്കുകയാണ്. 1800 വീടുകൾ തകർന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത നാശം വിതച്ച പക്തികയിലെ ഗയാൻ ജില്ലയിൽ വീടുകൾ മൺകൂനകളായി മാറി. 'ഞങ്ങൾക്ക് ഒന്നുമില്ല, താമസിക്കാൻ ഒരു കൂടാരം പോലുമില്ലെന്ന് ഭൂകമ്പത്തിൽനിന്ന് രക്ഷപ്പെട്ട ഹക്കീമുല്ല പറഞ്ഞു. ഗ്രാമവാസികൾ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ വ്യാഴാഴ്ച മരിച്ചവരെ ഖബറടക്കുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു.

അവശിഷ്ടങ്ങൾ കൈകൊണ്ട് നീക്കിയാണ് ഖബറടക്കാനുള്ള കുഴിയെടുത്തത്. മഴയിൽനിന്ന് സംരക്ഷിക്കാൻ മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഹെലികോപ്ടറുകളിലാണ് പരിക്കേറ്റവരുടെ അടുത്ത് എത്തിയതും അടിയന്തര വൈദ്യസഹായങ്ങളും ഭക്ഷണസാധനങ്ങളും എത്തിച്ചതും. ബുധനാഴ്ചത്തെ മോശം കാലാവസ്ഥ സഹായമെത്തുന്നതിന് വിലങ്ങുതടിയായി. പക്തിക പ്രാദേശിക ആശുപത്രി ഗുരുതര പരിക്കേറ്റ രോഗികളെ തിരിച്ചയച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കാരണം. അഫ്ഗാൻ-ദുൈബ എന്ന വിദൂര ഗ്രാമമാണ് കൂടുതൽ നാശംനേരിട്ടതെന്ന് സ്പെറ ജില്ലയുടെ തലവൻ സുൽത്താൻ മഹ്മൂദ് അൽ ജസീറയോട് പറഞ്ഞു. 

Tags:    
News Summary - Afghan earthquake: Rescue operation difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.