കാബൂൾ: അഫ്ഗാനിസ്താനിൽ ഭൂചലനത്തിൽ തകർന്ന മൺവീടുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുന്ന ദൗത്യം ദുഷ്കരമായി. തകർന്ന മൺവീടുകൾക്കുള്ളിൽ വായു അറകൾ കുറവായതിനാൽ ഉള്ളിലകപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാൻ പ്രയാസമായിരുന്നു. എങ്കിലും നിരവധി പേരെ പരിക്കുകളോടെ രക്ഷിച്ചു.
ആദ്യത്തെ കുലുക്കത്തിൽതന്നെ പ്രഭവകേന്ദ്രത്തിനു സമീപം നിരവധി വീടുകൾ തകർന്നു. ശനിയാഴ്ച പകൽ 11നായിരുന്നു ഭൂചലനം.
ആളുകളധികവും ഈ സമയം പുറത്തായിരുന്നു. രാത്രിയാണെങ്കിൽ മരണസംഖ്യ നിലവിലുള്ളതിന്റെ ഇരട്ടിയെങ്കിലുമായേനെ. ഹെറാത്തിൽ നിന്ന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്ത് ദരിദ്ര മേഖലയായ പക്തിക പ്രവിശ്യയിലെ 12 ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഭൂകമ്പബാധിതർ പുതപ്പുകളോ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വസ്തുക്കളോ ഇല്ലാതെ പ്രയാസത്തിലാണ്. 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനെത്തുടർന്ന് വിദേശസഹായം വ്യാപകമായി പിൻവലിച്ചതോടെ അഫ്ഗാനിസ്താൻ ഇതിനകംതന്നെ കടുത്ത മാനുഷിക പ്രതിസന്ധിയുടെ പിടിയിലാണ്. വർഷങ്ങൾ നീണ്ട വരൾച്ച കാർഷികസമൂഹത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശക്തമായൊരു വ്യവസ്ഥാപിത ഭരണകൂടം ഇല്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
താലിബാൻ ഭരണകൂടത്തിന് അന്താരാഷ്ട്ര പിന്തുണയും ലഭിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസിയും റെഡ്ക്രോസും രക്ഷാപ്രവർത്തന, ദുരിതാശ്വാസ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണ്.
ഇസ്രായേൽ-ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ അഫ്ഗാൻ ഭൂകമ്പത്തിന് വേണ്ടത്ര അന്താരാഷ്ട്ര ശ്രദ്ധയും ലഭിച്ചില്ല. അഫ്ഗാനിസ്താനിൽ ഇടക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിക്കുകയും പതിനായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.