കാബൂൾ: പെൺകുട്ടികളുടെ സെക്കൻഡറി സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം. പെൺകുട്ടികളുടെ സ്കൂളുകൾ കഴിഞ്ഞയാഴ്ച തുറന്നെങ്കിലും മണിക്കൂറുകൾക്കകം അടച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി പെൺകുട്ടികൾ തന്നെ രംഗത്തെത്തിയത്.
പുസ്തകങ്ങളും പ്ലക്കാർഡുകളുമേന്തിയാണ് പെൺകുട്ടികൾ പ്രതിഷേധിച്ചത്. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും നിങ്ങളുടെ രാഷ്ട്രീയ പദ്ധതിയല്ലെന്നും മുദ്രാവാക്യങ്ങൾ മുഴക്കി. താലിബാൻ അംഗങ്ങൾ സ്ഥലത്തെത്തിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് താലിബാൻ പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തുറന്നതിന് പിന്നാലെ സ്കൂളുകളെല്ലാം അടക്കുകയും ചെയ്തു. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പുതിയ ഉത്തരവ് വരുന്നതു വരെ ആറാം തരത്തിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാൻ നിർദേശം.
സ്ത്രീകളെ വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനും അനുവദിക്കുമെന്ന് അഫ്ഗാനിൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ താലിബാൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്ത്രീ വിദ്യാഭ്യാസം സംബന്ധിച്ച വാഗ്ദാനത്തിൽ നിന്ന് താലിബാൻ പിന്നോട്ടു പോയതിൽ വിദേശരാജ്യങ്ങളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. താലിബാനുമായി ഖത്തറിൽ വെച്ച് നടത്താനിരുന്ന കൂടിക്കാഴ്ച അമേരിക്ക റദ്ദാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.