കാബൂൾ: അഫ്ഗാനിസ്താനിൽ സുപ്രധാന പ്രവിശ്യ തലസ്ഥാനങ്ങൾ കീഴടക്കിയ താലിബാൻ രാജ്യ തലസ്ഥാനമായ കാബൂളിന് തൊട്ടരികിൽ. കാബൂളിനോട് ചേർന്നുള്ള മുഴുവൻ പ്രവിശ്യകളും താലിബാൻ പിടിച്ചടക്കിയതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. തലസ്ഥാന നഗരിയുടെ 11 കിലോമീറ്റർ തെക്കുള്ള ചഹർ അസ്യാബ് ജില്ലയിൽവരെ താലിബാൻ എത്തിക്കഴിഞ്ഞു. സൈനിക വാഹനങ്ങൾ പിടിച്ചെടുത്ത് അതിലാണ് സംഘം നഗരങ്ങളിൽ റോന്തു ചുറ്റുന്നത്.
അഫ്ഗാൻ ൈസന്യവും താലിബാനും തമ്മിൽ രൂക്ഷ ഏറ്റുമുട്ടലാണ് മിക്കയിടങ്ങളിലും നടക്കുന്നത്. പാകിസ്താൻ അതിർത്തിയായ പക്തിയ പ്രവിശ്യയും പൂർണമായും കീഴടക്കി. രാജ്യത്തിെൻറ വടക്കൻ നഗരമായ മസാറെ ശരീഫ് താലിബാൻ ആക്രമിച്ചതായും ഇവിടെ കനത്ത പോരാട്ടം നടക്കുന്നതായും പ്രവിശ്യ ഗവർണറുടെ വക്താവ് അറിയിച്ചു. യുദ്ധം ശക്തമായതിനെ തുടർന്ന് പലായനവും ഏറിയിട്ടുണ്ട്. അഫ്ഗാനിൽനിന്നുള്ള അഭയാർഥികൾക്ക് മുന്നിൽ അതിർത്തികൾ അടക്കരുതെന്ന് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, താലിബാനെ പ്രതിരോധിക്കാൻ സൈന്യത്തിെൻറ പുനർവിന്യാസത്തിനാണ് മുഖ്യ പരിഗണനയെന്ന് അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി പറഞ്ഞു. കാബൂളിന് തൊട്ടടുത്തെത്തി താലിബാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ടെലിവിഷൻ പ്രസംഗത്തിലാണ് ഗനി നയം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ, പ്രതിരോധ സേനകളുടെ പുനർവിന്യാസത്തിനാണു മുഖ്യപരിഗണന. ജനങ്ങളുടെമേൽ യുദ്ധം അടിച്ചേൽപിക്കാനോ കൂടുതൽ മരണങ്ങളോ ഞാനാഗ്രഹിക്കുന്നില്ല. അഫ്ഗാൻ ജനതക്ക് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാറിന് അകത്തും പുറത്തും വിപുല ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് -ഗനി പറഞ്ഞു. ജനപ്രതിനിധികളും രാജ്യാന്തര പങ്കാളികളുമായി സംസാരിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹെറാത്ത്, കാന്തഹാര്‍ അടക്കമുള്ള പട്ടണങ്ങൾ നിലവിൽ താലിബാന് കീഴിലാണ്. സര്‍ക്കാര്‍ സേനയുടെ ചെറുത്തുനില്പ് പലയിടത്തും ദുര്ബലമായിത്തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുന്നത് വരെ വിമാനത്താവളങ്ങളുടെ നിയന്ത്രണം നിലനിർത്തുന്നതിനായി 3000 യു.എസ് മറീനുകൾ ശനിയാഴ്ച അഫ്ഗാനിലെത്തി. കൂടുതൽ സേനാംഗങ്ങൾ ഇന്നെത്തും. താലിബാൻ എത്തുംമുമ്പ് തന്ത്രപ്രധാനരേഖകള്‍ തീയിട്ടു നശിപ്പിക്കാന്‍ യു. എസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.