കാബൂൾ: പാകിസ്താനിൽനിന്ന് കൂട്ടപ്പലായനം നടത്തുന്ന അഫ്ഗാനികളെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്ന് താലിബാൻ രാജ്യത്തെ സ്വകാര്യ മേഖലയോട് ആവശ്യപ്പെട്ടു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നുവെന്നാരോപിച്ചാണ് വിദേശികൾക്കെതിരെ പാകിസ്താൻ നടപടി ശക്തമാക്കിയത്. നടപടി ഏറ്റവും കൂടുതലായി ബാധിക്കുന്നത് അഫ്ഗാനികളെയാണ്. രാജ്യത്ത് രേഖകളില്ലാതെ താമസിക്കുന്നവരിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണ്.
മടങ്ങിയെത്തുന്ന പൗരന്മാരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം സ്വകാര്യ മേഖല സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. പാകിസ്താനിൽനിന്ന് നിർബന്ധിതമായി നാടുകടത്തപ്പെട്ട അഫ്ഗാനികൾ ദുരിതത്തിൽ കഴിയുകയാണെന്നും സഹജീവികൾക്കൊപ്പം നിലകൊള്ളേണ്ടത് ഇസ്ലാമിന്റെയും അഫ്ഗാനികളുടെയും കടമയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അനധികൃത താമസക്കാർക്ക് രാജ്യം വിടാനുള്ള അവസാന ദിവസമായ ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 2,50,000 അഫ്ഗാനികളാണ് പാകിസ്താനിൽനിന്ന് തിരിച്ചെത്തിയത്. രേഖകളില്ലാത്ത വിദേശികളെ കണ്ടെത്താൻ പാക് പൊലീസ് വീടുവീടാന്തരം പരിശോധന നടത്തുന്നതിനാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്താൽ പതിനായിരക്കണക്കിനാളുകൾ അതിർത്തിയിലേക്ക് നീങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.