കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഭീഷണിയുയർത്തി എബോള വൈറസ് പടരുന്നു. കോംഗോയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. മേയ് ആദ്യം വടക്കുപടിഞ്ഞാറൻ കോംഗോയിലാണ് ആദ്യം എബോള പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരു നഴ്സ് ഉൾപ്പെടെ ഇതുവരെ 30 പേർ മരിച്ചു. ആദ്യം രോഗം കണ്ടെത്തിയ 15 ലക്ഷത്തോളം ജനസംഖ്യയുള്ള, ജനം തിങ്ങിപ്പാർക്കുന്ന, എംബൻഡക നഗരത്തിൽ ഇതു പടരുകയാണെങ്കിൽ വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക.
ഇവരെ പിന്നീട് പിടികൂടിയെങ്കിലും മരിച്ചു. എബോളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. കോംഗോയിലേത് ‘ഉയർന്ന അപായസാധ്യത’യുള്ള എബോളയായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർ വാക്സിനേഷൻ ഉറപ്പാക്കുന്നുണ്ട്. വൈദ്യസഹായം ആവശ്യമുള്ള 628 പേരെ തിരിച്ചറിഞ്ഞു.
എബോള നഗരപ്രദേശങ്ങളിലേക്കു പടരുമോ അതോ നിയന്ത്രണവിധേയമാക്കാനാകുമോ എന്ന കാര്യത്തിൽ ഏതാനും ആഴ്ചകൾക്കകം മാത്രമേ തീരുമാനം പറയാനാകൂവെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. ഇനിയുള്ള ദിവസങ്ങള്‍ നിർണായകമാണ്. അതിനിടെ, കാൽനടയായും ബൈക്കുകളിലും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരാണ് എബോളക്കെതിരെ പ്രതിരോധ സന്ദേശങ്ങളുമായി കോംഗോയിൽ സഞ്ചരിക്കുന്നത്.
എബോള പകരുന്നതിങ്ങനെ
ശരീരസ്രവങ്ങളിൽനിന്നാണു രോഗം പകരുക. വവ്വാലുകളിൽനിന്നും കുരങ്ങുകളിൽനിന്നുമാണ് ആദ്യമായി എബോള മനുഷ്യനിലേക്കെത്തുന്നത്. മൃതദേഹം സംസ്കരിക്കുന്ന ചടങ്ങുകൾക്കിടെയാണ് പലപ്പോഴും ഇതു പടരുക പതിവ്. എബോള ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ തൊടരുതെന്നും രോഗത്തിനെതിരെ മുൻകരുതലെടുക്കണമെന്നുമുള്ള സന്ദേശങ്ങളാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്.
ഡബ്ല്യു.എച്ച്.ഒ വികസിപ്പിച്ചെടുത്ത വാക്സിൻ ആദ്യമായി കോംഗോയിൽ പരീക്ഷിക്കുന്നതും ഇത്തവണയാണ്. 1976ൽ സുഡാനിലും കോംഗോയിലുമാണ് ഇതു കണ്ടെത്തിയത്. ആദ്യമായി ഈ വ്യാധി പൊട്ടിപ്പുറപ്പെട്ട കോംഗോയിലെ യാംബുക്കു പ്രദേശത്തിനു സമീപമുള്ള എബോള എന്ന നദിയുടെ പേര് രോഗത്തിനു നൽകുകയായിരുന്നു. ആ വർഷം നാനൂറിലേറെ പേർ മരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ എബോള രോഗബാധ 2014ലായിരുന്നു. 11,310 പേർ മരിച്ചു. ലോകാരോഗ്യ സംഘടന അന്ന് എബോളയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.
വൈറസ് ശരീരത്തിലെത്തിയാൽ രണ്ടു മുതൽ 21 വരെ ദിവസത്തിനിെട രോഗലക്ഷണങ്ങൾ കാണാം. ശക്തമായ പനി, തൊണ്ടവേദന, പേശീവേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ലക്ഷണം കണ്ടശേഷം 16 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.