തൂനിസ്: തുനീഷ്യയിൽ കണക്കുകൂട്ടലുകൾ അസ്ഥാനത്താക്കി സ്വതന്ത്ര സ്ഥാനാർഥി ഖൈസ് സഈദ് പ്രസിഡൻറ് പദത്തിലേക്ക്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾപ്രകാരം രണ്ടാംഘട്ട വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷവുമായി നിയമ പ്രഫസറായ ഖൈസ് സഈദ് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. എതിരാളിയായിരുന്ന മാധ്യമരാജാവ് നബീൽ ഖറവിക്ക് 30 ശതമാനം സീറ്റുകൾ മാത്രമാണുണ്ടാകുക.
രാഷ്ട്രീയ പരിചയം തീരെയില്ലാതെ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ ഖൈസ് സഈദിനായി യുവതലമുറ രംഗത്തിറങ്ങിയതാണ് വിജയമൊരുക്കിയതെന്നാണ് സൂചന. 90 ശതമാനം യുവാക്കളും സഈദിന് വോട്ടുനൽകിയപ്പോൾ മൊത്തം പോൾ ചെയ്തതിെൻറ 70 ശതമാനവും സഈദിനൊപ്പം നിന്നു. മറുവശത്ത്, അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ ഖറവി വോട്ടെടുപ്പിന് നാലു ദിവസം മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കള്ളപ്പണം െവളുപ്പിക്കൽ, നികുതിവെട്ടിപ്പ് കേസുകളിലാണ് ഖറവി പ്രതിചേർക്കപ്പെട്ടത്.
മുഖ്യധാര കക്ഷികളുൾപ്പെടെ സജീവമായിരുന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. നിലവിലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മത്സരരംഗത്തുണ്ടായിരുെന്നങ്കിലും ജനം വോട്ടുനൽകിയില്ല. കൂടുതൽ വോട്ടുനേടിയ രണ്ടു സ്ഥാനാർഥികളെന്ന നിലക്കാണ് ഖൈസ് സഈദും ഖറവിയും രണ്ടാം ഘട്ടത്തിന് യോഗ്യത നേടിയത്. അടുത്ത നവംബറിൽ നിശ്ചയിച്ച പ്രസിഡൻറ് തെരഞ്ഞെടുപ്പ് നിലവിലെ പ്രസിഡൻറ് ബെയ്ജി ഖാഇദ് അസ്സബ്സിയുടെ മരണത്തോടെ നേരേത്ത നടത്തുകയായിരുന്നു.
വലിയ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാൻപോലുമില്ലാതിരുന്ന ഖൈസ് സഈദ് ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗമല്ല. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന് ഊന്നൽ നൽകിയുള്ള അദ്ദേഹത്തിെൻറ കാമ്പയിന് വൻപിന്തുണ ലഭിച്ചിരുന്നു. അതേസമയം, ‘നസമ’ എന്ന സ്വകാര്യ ടെലിവിഷൻ ചാനലിെൻറ ഉടമസ്ഥനാണ് പരാജയപ്പെട്ട ഖറവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.