തൂനിസ്: പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ തുനീഷ്യൻ ജനത പോളിങ് ബൂത്തിൽ. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ എട്ടുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. 24 വർഷം രാജ്യം ഭരിച്ച സൈനുൽ ആബിദീൻ ബിൻ അലിയുടെ പതനത്തിനുശേഷം തുനീഷ്യയിൽ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞമാസം സൗദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം.
അധികാരത്തിൽനിന്ന് പുറത്തായശേഷം സൗദിയിലായിരുന്നു ബിൻ അലിയും കുടുംബവും. അറബ് വിപ്ലവത്തിനു ശേഷവും രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുറഞ്ഞിട്ടില്ല. ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതും ജനങ്ങൾക്ക് തിരിച്ചടിയാണ്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
പ്രാഥമികഫലം ഈ മാസം 10നറിയാം. നവംബർ 17നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനും മന്ത്രിസഭ രൂപവത്കരിക്കാനും രണ്ടുമാസത്തെ സമയം ലഭിക്കും. 217 സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 15,000ത്തോളം സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. അഭിപ്രായ വോട്ടെടുപ്പ് സർവേകൾ രാജ്യത്ത് നിരോധിച്ചതാണ്.
ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയില്ലെന്നിരിക്കെ, കൂട്ടുകക്ഷി മന്ത്രിസഭക്കാണ് സാധ്യത.വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയത്.
ഇസ്ലാമിസ്റ്റ് പാർട്ടിയായ അന്നഹ്ദയും ജയിലിൽ കഴിയുന്ന മാധ്യമ കുലപതി നബീൽ കറൂറി നയിക്കുന്ന ഖൽബ് ട്യൂൺസും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്. തുനീസ്യയിൽ ഏതാനും ആഴ്ചകൾക്കു മുമ്പാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.