ടൂണിസ്: തിങ്കളാഴ്ച ഒറ്റ കോവിഡ് കേസും റിപ്പോർട്ട് ചെയ്തില്ലെന്ന് തുനീഷ്യ സർക്കാർ. മാർച്ച് രണ്ടിന് കോവിഡ് രോഗം കണ്ടെത്തിയ രാജ്യത്ത് ഇതാദ്യമായാണ് ആർക്കും രോഗമില്ലാത്ത ദിവസം കടന്നുപോകുന്നത്. 1,032 പേർക്ക് ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഇവിടെ 45 പേർ മരണപ്പെട്ടു.
വടക്കേ ആഫ്രിക്കൻ രാജ്യമായ തുനീഷ്യയിൽ അഞ്ഞൂറോളം തീവ്രപരിചരണ കിടക്കകൾ മാത്രമാണുള്ളത്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും 745 രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 11 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞയാഴ്ച മുതൽ രാജ്യത്ത് ലോക്ഡൗണിൽ ഇളവ് നൽകിയിരുന്നു. ഭക്ഷണം, നിർമാണം, ഗതാഗതം എന്നീ മേഖലകളിൽ ഭാഗികമായി സർവിസ് പുനരാരംഭിച്ചു. പകുതി ജീവനക്കാരെ ഉപയോഗിച്ച് സർക്കാർ ഓഫിസുകളും പ്രവൃത്തിക്കുന്നുണ്ട്. ഷോപ്പിങ് സെൻററുകൾ, തുണിക്കടകൾ, ബാർബർ ഷോപ്പുകൾ എന്നിവ തിങ്കളാഴ്ച തുറക്കും.
അതേസമയം, രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥ 4.3 ശതമാനം വരെ ഇടിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1956ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ഇങ്ങനെെയാരു തകർച്ച നേരിടുന്നത്. 400,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.