2001 സെപ്റ്റംബർ 11ന് യു.എസിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിറകെ ഉസാമ ബിൻ ലാദിനെയും അൽഖാഇദയെയും തിരഞ്ഞ് അഫ്ഗാൻ മണ്ണിലെത്തിയ യു.എസ് സേന ഒക്ടോബർ ഏഴിനാണ് ബോംബുവർഷവുമായി ശരിക്കും തുടങ്ങുന്നത്. അഞ്ചു വർഷം അധികാരം കൈയാളിയ താലിബാൻ അതിവേഗം കീഴടങ്ങിയതോടെ രാജ്യം അമേരിക്കക്കു മാത്രമായി. ബഗ്രാം താവളത്തിൽനിന്ന് നൽകുന്ന തിട്ടൂരങ്ങൾ ശിരസ്സാവഹിക്കുന്ന പാവ ഭരണകൂടങ്ങളെ വെച്ച് നിയന്ത്രിക്കാമെന്നായിരുന്നു ജോർജ് ഡബ്ല്യു ബുഷ് അമരത്തിരുന്ന വൈറ്റ് ഹൗസിന്‍റെ കണക്കുകൂട്ടൽ. അത് അങ്ങനെ തുടരുകയും ചെയ്തു.
ഒടുവിൽ അഫ്ഗാനികൾക്ക് സുസ്ഥിര ഭരണം നൽകാനല്ല വന്നതെന്നും ഇനിയും തുടരാനില്ലെന്നും പറഞ്ഞ് അമേരിക്ക
മടങ്ങുേമ്പാൾ അഫ്ഗാൻ ജനത മാത്രമല്ല ലോകവും ഉയർത്തുന്ന ചോദ്യമിതാണ്, ലക്ഷം കോടി ഡോളറും 20 വർഷവും ചെലവിട്ടവർ എന്താണ് അവശേഷിപ്പിച്ചത്?
കാബൂളിൽ താലിബാൻ വന്നിറങ്ങിയതിനു പിറകെ എംബസിയിലെ പതാക താഴ്ത്തി കെട്ടിട സമുച്ചയം പൂർണമായി ഒഴിപ്പിച്ച് യു.എസ് അംബാസഡറും നയതന്ത്ര ഉദ്യോഗസ്ഥരും നാടുപിടിച്ചത് അതിവേഗത്തിലായിരുന്നു. ഉദ്യോഗസ്ഥരെയും ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരെയും ഒഴിപ്പിക്കാൻ മാത്രമായി വിന്യസിച്ചത് 1,000 സൈനികരെ. എയർപോർട്ട് പിടിച്ചെടുത്ത് വ്യോമപാത അടച്ചിട്ടായിരുന്നു അതിദ്രുത ഒഴിപ്പിക്കൽ. അഫ്ഗാനിൽ ആഗസ്റ്റ് അവസാനത്തോടെ എല്ലാ യു.എസ് സൈനികരും മടങ്ങിയാലും മൂന്നുമാസം വരെ ഔദ്യോഗിക സർക്കാർ കാബൂൾ കേന്ദ്രീകരിച്ച് ഭരിക്കുമെന്ന കണക്കുകൂട്ടൽ തെറ്റിയതിൽ പിന്നെ ജീവനും കൊണ്ട് ഓടുന്നത് പഴയ വിയറ്റ്നാം യുദ്ധകാലത്തെ സായ്ഗോൺ സംഭവത്തെ ഓർമിപ്പിച്ചു.
20 വർഷത്തെ ഇടപെടലിനിടെ ഒരു ലക്ഷത്തിലേറെ അഫ്ഗാൻ സിവിലിയൻമാർക്കാണ് ജീവൻ നഷ്ടമായത്. 2,000 ലേറെ അമേരിക്കൻ സൈനികരും മരിച്ചു. റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നു. വൈദ്യുതി ഇനിയും തിരിച്ചുകിട്ടാത്തതോ തീരെ എത്താത്തതോ ആയ ഇടങ്ങളേറെ. യുദ്ധത്തിനും അനന്തരവുമായി ചെലവിട്ട തുകയാണ് ഭീകരം- ലക്ഷം കോടി ഡോളർ (75 ലക്ഷം കോടിയോളം രൂപ).
ഉസാമക്കു കീഴിൽ അൽഖാഇദയുടെ ആസ്ഥാനമായി അഫ്ഗാൻ മാറുമെന്ന ഭീഷണി മുന്നിൽവെച്ചാന്ന് അന്ന് യു.എസ് എത്തിയിരുന്നത്. അത് സംഭവിക്കാതെ കാത്തുവെന്ന് അവകാശപ്പെടുേമ്പാൾ പോലും ഇപ്പോൾ വീണ്ടും ഭരണമേറുന്നത് അന്ന് അധികാരം നിയന്ത്രിച്ച അതേ താലിബാൻ തന്നെയാണെന്നത് ഉത്തരമില്ലാത്ത ചോദ്യം. അവരെ ഭയന്നാണ് വിമാനത്താവളത്തിൽ ആയിരങ്ങൾ കാത്തുകെട്ടിക്കിടക്കുന്നതും. ആദ്യം ഓട്ടം പൂർത്തിയാക്കി നാട്ടിലെത്തിയെന്നതു മാത്രമാണ് അമേരിക്കയുടെ നിലവിലെ വലിയ നേട്ടം.
കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിൽ ഇരച്ചുകയറിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അമേരിക്കയുടെ സൈന്യം തന്നെ നടത്തിയ വെടിവെപ്പിൽ മരിച്ചത് രണ്ടുപേർ. ഒരു യു.എസ് സൈനിക വിമാനത്തിൽ 640 പേരെ തിക്കിനിറച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ലോകം കണ്ടു. പ്രതികാരവും ഇഛാശക്തിയും ഉറക്കെ പറഞ്ഞ് വന്നവർ അവസാനം മടങ്ങുേമ്പാൾ എല്ലാം നഷ്ടപ്പെട്ടുപോയത് തെല്ലൊന്നുമല്ല അമേരിക്കൻ ജനതക്ക് ആധി പകരുന്നത്.
ലോക രാഷ്ട്രീയത്തിൽ ഇനിയും അമേരിക്കൻ ഇടപെടലുകൾ എത്ര കണ്ട് മുന്നോട്ടുപോകുമെന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ്. സ്വന്തം സൈനിക ശേഷി ഇതുവരെയും വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത താലിബാനെ ഇത്രമേൽ അമേരിക്കൻ സേന ഭയന്നെങ്കിൽ പിന്നെ ലോകത്തുപലയിടത്തും നടത്തുന്ന ഇടപെടലുകൾകകും ഇതേ അവസ്ഥ തന്നെ വന്നുചേരുമെന്നാണ് ആശങ്ക. 20 വർഷമെടുത്ത് അമേരിക്ക പരിശീലിപ്പിച്ചെടുത്ത സൈനികർ അഫ്ഗാനിൽ അനേക ഇരട്ടികളുണ്ടായിട്ടും രാജ്യത്തെവിടെയും താലിബാന്‍റെ വരവിനെതിരെ പ്രതിരോധം ഉയർന്നിട്ടില്ല. അങ്ങനെയൊന്ന് യഥാർഥത്തിൽ ഇല്ലാത്ത പോലെയായിരുന്നു കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.