വാഷിങ്ടൺ: വാക്സിൻ സ്വീകരിക്കാത്തതിന് 27 പേരെ പുറത്താക്കി യു.എസ് എയർഫോഴ്സ്. ഇതാദ്യമായാണ് യു.എസിൽ വാക്സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ എയർഫോഴ്സ് ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും അതിനാലാണ് നടപടിയുണ്ടായതെന്നും വക്താവ് സ്റ്റീഫ്നാക്ക് പറഞ്ഞു.
നവംബർ രണ്ടിനകം മുഴുവൻ എയർഫോഴ്സ് ഉദ്യോഗസ്ഥരോടും വാക്സിൻ സ്വീകരിക്കാൻ യു.എസ് നിർദേശിച്ചിരുന്നു. എയർ ഫോഴ്സ്, എയർ നാഷണൽ ഗാർഡ് അംഗങ്ങളോട് ഡിസംബർ രണ്ടിനകം വാക്സിൻ സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. ഇതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടിയുണ്ടായത്.
27 പേർക്കും ആറ് വർഷത്തിൽ കുറവ് സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് വേണമെന്ന ഇവരുടെ ആവശ്യം ബോർഡിന് മുമ്പാകെ എത്തിയില്ലെന്നും എയർഫോഴ്സ് വക്താവ് പറഞ്ഞു.
വാക്സിൻ സ്വീകരിക്കാത്തതിന് 37 ട്രെയിനി ജീവനക്കാരെ എയർഫോഴ്സ് പുറത്താക്കിയിരുന്നു. നേരത്തെ വാക്സിൻ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് യു.എസ് എയർഫോഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞാഴ്ചയിലെ കണക്കനുസരിച്ച് എയർ ഫോഴ്സിലെ 97.3 ശതമാനം ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 92 ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.