ബേൺ: യുക്രെയ്ന് 1.5 ബില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് അമേരിക്ക. സ്വിറ്റ്സർലൻഡിലെ ലൂസേണിൽ നടക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയിലാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് സഹായം പ്രഖ്യാപിച്ചത്. നേരത്തെ അവർ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്നിലെ അടിയന്തര ഊർജ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റ് ആവശ്യങ്ങൾക്കുമാണ് സഹായം. അഭയാർഥികളെയും യുദ്ധം ബാധിച്ച മറ്റ് ആളുകളെയും സഹായിക്കുന്നതിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും യു.എസ് ഏജൻസി ഫോർ ഇൻറർനാഷനൽ ഡെവലപ്മെൻറിൽ നിന്നും 379 മില്യൺ ഡോളറിന്റെ മാനുഷിക സഹായവും അവർ പ്രഖ്യാപിച്ചു.
അമേരിക്കക്ക് പുറമെ ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. റഷ്യക്ക് പുറമെ ചൈനയും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ചൈന വിട്ടുനിൽക്കുന്നത് റഷ്യയെ ഒറ്റപ്പെടുത്താമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിരിക്കുകയാണ്.
അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഗൗരവമുള്ളതല്ലെന്നും ഉച്ചകോടിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്നും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. റഷ്യക്ക് കിഴക്കൻ മേഖലയിൽ കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകുക, കൂടുതൽ മേഖലകളിൽനിന്ന് യുക്രെയ്ൻ സേനയെ പിൻവലിക്കുക, നാറ്റോ അംഗത്വ ശ്രമം അവസാനിപ്പിക്കുക എന്നിവയാണ് റഷ്യ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. എന്നാൽ, സമാധാന നിർദേശങ്ങളോട് ക്രിയാത്മകമായല്ല പാശ്ചാത്യരാജ്യങ്ങൾ പ്രതികരിച്ചതെന്ന് റഷ്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.