ഐ.എസിനെതിരെ അമേരിക്ക യുദ്ധത്തിനൊരുങ്ങുന്നു

വാഷിങ്ടണ്‍: പാരിസ് ഭീകരാക്രമണത്തിനുശേഷം  ഐ.എസിനെതിരെ തുറന്ന യുദ്ധത്തിന് തയാറെടുക്കാന്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദമുയരുന്നു. ഇറാഖിലും സിറിയയിലും ഐ.എസിനെതിരായ യു.എസ് വ്യോമാക്രമണം ഫലപ്രദമല്ളെന്ന് വ്യാപകമായി ആക്ഷേപമുയര്‍ന്നിരുന്നു. ഇറാഖിലും സിറിയയിലും യൂറോപ്യന്‍-അറബ് സഖ്യങ്ങളുടെ സഹായത്തോടെ ഐ.എസിനെതിരെ  യുദ്ധത്തിന് പദ്ധതി  തയാറാക്കുന്നതായി സൂചനയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് ഒൗദ്യോഗിക വൃത്തങ്ങള്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. ഐ.എസിനെതിരായ പോരാട്ടത്തിന് വിമതര്‍ക്ക് പരിശീലനത്തിനും സൈനികോപദേശത്തിനും സിറിയയില്‍ പ്രത്യേക സേനയെ അയക്കുമെന്ന് നേരത്തേ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ സേനകളൊന്നും സിറിയന്‍ യുദ്ധമുന്നണികളിലുണ്ടാകില്ല. സിറിയയിലും ഇറാഖിലും വിന്യസിച്ച സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം അമേരിക്കയെയും സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ പര്യാപ്തമല്ളെന്ന് സെനറ്റര്‍ ഡിയാനെ ഫീന്‍സ്റ്റിന്‍ വെളിപ്പെടുത്തി. സിറിയയിലും ഇറാഖിലും പോരാട്ടം കൂടുതല്‍ ശക്തമാക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ യുദ്ധം തുടങ്ങാന്‍ ഒട്ടും അമാന്തമരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചര്‍ച്ച നിര്‍ത്തി കാര്യത്തിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുന്‍  സി.ഐ.എ വിദഗ്ധന്‍  ബൂസ് റീഡല്‍ വ്യക്തമാക്കി.
അടുത്തിടെ 43 പേര്‍ കൊല്ലപ്പെട്ട ബെയ്റൂത്തില്‍ നടന്ന  ഇരട്ടചാവേറാക്രമണത്തിന്‍െറയും 224 പേരുടെ ജീവന്‍ പൊലിഞ്ഞ റഷ്യന്‍ വിമാനാപകടത്തിന്‍െറയും പിന്നില്‍ ഐ.എസ് ആണെന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യങ്ങളില്‍ വൈകാതെ ഐ.എസിനെതിരെ ആക്രമണം ശക്തമാക്കണമെന്നാണ് ഒബാമക്കുമേല്‍ സമ്മര്‍ദമുയരുന്നത്.  സിറിയയില്‍ ഐ.എസിനെതിരെ വ്യോമാക്രമണം നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ തീരുമാനത്തിനെതിരെ പാര്‍ലമെന്‍റ് എം.പിമാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, പാരിസ് ആക്രമണത്തോടെ അവര്‍ തീരുമാനം പുന$പരിശോധിക്കുമെന്നും യു.എസ് കരുതുന്നു.

 

റഷ്യയും ബ്രിട്ടനും യു.എസും ഭീതിയില്‍
പാരിസ്:  പാരിസിലെ ഐ.എസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യ, യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭീതിയില്‍. ഇവിടങ്ങളില്‍ കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയത്.
സിറിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്ക് ഏറ്റവുമധികം നാശമുണ്ടാക്കിയത് റഷ്യന്‍ വ്യോമാക്രമണമാണ്. റഷ്യയോട് പ്രതികാരംചെയ്യമെന്ന് ഭീകരസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈജിപ്തില്‍ റഷ്യന്‍വിമാനം തകര്‍ന്നതിനുപിന്നില്‍ തങ്ങളാണെന്നും ഐ.എസ് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യ സുരക്ഷ ശക്തമാക്കിയത്. പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ സുരക്ഷ വിശകലനത്തിന് യോഗംവിളിച്ചിട്ടുണ്ട്.  ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സുരക്ഷാ ഉപദേഷ്ടാക്കളുടെ (കോബ്ര കമ്മിറ്റി) അടിയന്തരയോഗത്തില്‍ സുരക്ഷ വിലയിരുത്തി. തന്ത്രപ്രധാനമേഖലകളില്‍ സുരക്ഷാസേന പട്രോളിങ് നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലും കര്‍ശനപരിശോധന നടത്തുന്നുണ്ട്.
 അമേരിക്കയിലും സുരക്ഷാഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രസിഡന്‍റ് ബറാക് ഒബാമ ദേശീയ സുരക്ഷാകൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തു. ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചത്. ഭീകരാക്രമണ ഭീഷണിയുള്ളതായി തോന്നുന്നില്ളെന്നും രാജ്യത്തെ പൗരന്മാരുടെ സുരക്ഷക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ഭീകരസംഘടനയായ ഐ.എസിനെതിരെ പോരാടാന്‍ ഫ്രാന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാരിസ് ആക്രമണത്തിന്‍െറ അന്വേഷണത്തിനായി എല്ലാ സഹായങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളിലെ യു.എസ് എംബസികളുടെ സുരക്ഷ പരിശോധിച്ചുവെന്നും എംബസി ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി നടപടി സ്വീകരിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.  

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.