ദില്‍മക്കെതിരായ ഇംപീച്മെന്‍റ് പ്രമേയം: ബ്രസീല്‍ കോൺഗ്രസിൽ ചർച്ച തുടങ്ങി

ബ്രസീലിയ: ബജറ്റ് തിരിമറി ആരോപണത്തിൽ പ്രസിഡന്‍റ് ദില്‍മ റൂസെഫിനെതിരായ ഇംപീച്മെന്‍റ് പ്രമേയത്തിൻമേൽ ബ്രസീല്‍ കോൺഗ്രസിൽ ചർച്ച തുടങ്ങി. അധോസഭയായ ചേംബർ ഒാഫ് ഡെപ്യൂട്ടീസിലാണ് ചർച്ച ആരംഭിച്ചത്. കുറ്റം തെളിയിക്കാതെയുള്ള ഇംപീച്മെന്‍റ് അട്ടിമറിയാണെന്ന് ദില്‍മയെ അനുകൂലിക്കുന്ന അംഗങ്ങൾ ആരോപിച്ചു. പ്ലക്കാർഡുകളുമായാണ് അനുകൂലികൾ സഭയിലെത്തിയത്. പ്രമേയത്തിൽ നാളെ വോട്ടെടുപ്പ് നടക്കും.  

അധോസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസായാല്‍ ഉപരിസഭയായ ഫെഡറൽ സെനറ്റിന് ദില്‍മയെ കുറ്റവിചാരണ ചെയ്യാം. 513 അംഗ സഭയിൽ നിലവിൽ 124 പേരുടെ പിന്തുണയാണ് ദിൽമക്കുള്ളത്. 338 പേരുടെ പിന്തുണയുള്ള എതിർപക്ഷത്തിന് നാലുപേരുടെ കൂടി പിന്തുണ തരപ്പെടുത്തിയാൽ ഇംപീച്മെന്‍റിന് ശിപാർശ ചെയ്യാം. സെനറ്റിന് പ്രമേയം കൈമാറാന്‍ 342 അംഗങ്ങളുടെ പിന്തുണ വേണം. നിലപാട് വ്യക്തമാക്കാത്ത 51 സാമാജികരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്.

ദിൽമയെ രക്ഷിക്കാൻ രാഷ്ട്രീയ ഗുരുവും മുൻ പ്രസിഡന്‍റുമായ ലുല ഡിസിൽവ രംഗത്തുണ്ട്. അധോസഭ പ്രമേയം പാസാക്കിയാൽ സെനറ്റിൽ പ്രമേയം എത്തും. ഇംപീച്മെന്‍റ് കോൺഗ്രസ് അംഗീകരിച്ചാൽ ദിൽമയെ ആറുമാസം മാറ്റി നിർത്തി അന്വേഷണം നടത്തും. ഇതോടെ എതിരാളിയായ വൈസ് പ്രസിഡന്‍റ് മൈക്കല്‍ ടിമറിന് പ്രസിഡന്‍റിന്‍റെ ചുമതല ലഭിക്കും.

ബജറ്റ് അട്ടിമറി കേസിൽ ദില്‍മ റൂസെഫിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസിന്‍റെ അകത്തും പുറത്തും ഉയരുന്നത്. ഇംപീച്മെന്‍റ് പ്രമേയത്തിനെതിരെ ദില്‍മ സമര്‍പ്പിച്ച ഹരജി ബ്രസീല്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദില്‍മക്കെതിരായ അഴിമതിയാരോപണങ്ങളും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും രാജ്യത്തെ സാമ്പത്തികനില താറുമാറാക്കിയിട്ടുണ്ട്.

1992ല്‍ അഴിമതി ആരോപണത്തിന്‍റെ പേരില്‍ പ്രസിഡന്‍റായിരുന്ന ഫെര്‍ണാഡോ കോളര്‍ പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ബ്രസീലില്‍  ഇംപീച്ച്മെന്‍റ് നടപടികള്‍ നടക്കുന്നത്. ഇംപീച്മെന്‍റ് പ്രമേയം പാസായാൽ 13 വര്‍ഷം നീണ്ട വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഭരണത്തിനാണ് അന്ത്യമാവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.