ബലൂചിസ്താന്‍: ഇന്ത്യയുടെ നിലപാടുമാറ്റം യു.എസ് വിദഗ്ധര്‍ ഉറ്റുനോക്കുന്നു

വാഷിങ്ടണ്‍: പാക് അധീന കശ്മീര്‍, ബലൂചിസ്താന്‍, ഗില്‍ഗിത് തുടങ്ങി പാകിസ്താനിലെ പ്രശ്നമേഖലകളെ സംബന്ധിച്ച് ഇന്ത്യയുടെ പുതിയ സമീപനത്തെ അമേരിക്കയിലെ ദക്ഷിണേഷ്യന്‍ വിദഗ്ധര്‍ ഉറ്റുനോക്കുന്നു. മോദിയുടെ നീക്കം ഒന്നുകില്‍ രാജ്യത്തിനകത്തെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനായിരിക്കുമെന്നും അല്ളെങ്കില്‍ വരും ചര്‍ച്ചകളില്‍ ഇന്ത്യയുടെ ഭാഗം ശക്തിപ്പെടുത്താനായിരിക്കുമെന്നുമാണ് യു.എസ് ആഭ്യന്തരമന്ത്രാലയത്തില്‍ നിര്‍ണായകസ്ഥാനം വഹിച്ചയാളും ഒബാമയുടെ ഉദ്യോഗസ്ഥവൃന്ദത്തിലൊരാളുമായിരുന്ന വിക്രം ജെ. സിങ് വിലയിരുത്തുന്നത്.
ലക്ഷ്യം രണ്ടാമത്തേതാണെങ്കില്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് വാഷിങ്ടണിലെ അന്താരാഷ്ട്ര നിലപാടുകള്‍ സംബന്ധിച്ച വിദഗ്ധസമിതിയുടെ തലപ്പത്തുള്ള സിങ് വിലയിരുത്തുന്നു. ഇതുവരെ ഒരേസമയം പാകിസ്താനുമൊത്ത് പ്രവര്‍ത്തിക്കാനും രാജ്യത്തെ കടുംപിടിത്തക്കാരോടൊപ്പം നില്‍ക്കാനും മോദി ശ്രമിച്ചിട്ടുണ്ടെന്നും സിങ് പറയുന്നു. ബലൂച് പാകിസ്താന്‍െറ ഭാഗമായിരിക്കണമെന്ന പാക് ആവശ്യത്തിനുള്ളതിനേക്കാള്‍ പിന്തുണ കശ്മീരില്‍ ഇന്ത്യക്കുണ്ടെന്നുറപ്പാക്കലാണ് മോദിയുടെ വെല്ലുവിളിയെന്നും സിങ് പറയുന്നു.
മോദി സര്‍ക്കാറിന്‍െറ പാകിസ്താന്‍ സംബന്ധിച്ച നയത്തിലുള്ള മാറ്റം തന്നെയാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കണ്ടതെന്ന് യു.എസ് വിദഗ്ധസംഘമായ ഹെറിറ്റേജ് ഫൗണ്ടേഷനിലെ ലിസ കുര്‍തിസ് പറയുന്നു. മോദി ലാഹോര്‍ സന്ദര്‍ശിച്ചതിന് ദിവസങ്ങള്‍ പിന്നാലെ പാക് തീവ്രവാദികള്‍ പത്താന്‍കോട്ട് ആക്രമിച്ചത് പാകിസ്താനുമായുള്ള ചര്‍ച്ചകളുടെ വ്യര്‍ഥത ബോധ്യപ്പെടുത്തിയെന്നും കുര്‍തിസ് പറയുന്നു. എന്നാല്‍, ബലൂച് പരാമര്‍ശം ഇന്ത്യയുടെ ഭാഗത്തുനിന്ന് നിര്‍ണായകമായ നടപടികളുടെ സൂചനയായി വിലയിരുത്താനാവില്ല. മോദിയുടെ വിവാദപരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഒബാമ ഭരണകൂടം തയാറായിട്ടില്ല. ബലൂചിസ്താനിലും മറ്റും സ്വന്തം ജനങ്ങള്‍ക്കുമേല്‍ ബോംബിടുന്ന പാകിസ്താന്‍, കശ്മീരിനെക്കുറിച്ച് പറയേണ്ടെന്ന തന്‍െറ മുന്‍ പ്രസ്താവനയില്‍ അവിടങ്ങളില്‍നിന്നുള്ള ജനങ്ങളുടെ നന്ദി പ്രവഹിക്കുകയാണെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.