ഇംപീച്ച്മെന്‍റ് വിചാരണ തുടരുന്നു; ദില്‍മ നിയമലംഘനം നടത്തിയില്ലെന്ന് മുന്‍മന്ത്രി

റിയോ ഡെ ജനീറോ: അഴിമതി, സാമ്പത്തിക വെട്ടിപ്പ് കേസില്‍ കുറ്റവിചാരണ നേരിടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ദില്‍മ റൂസഫില്‍നിന്ന് രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ളെന്ന് മുന്‍ മന്ത്രി. ഇംപീച്ച്മെന്‍റ് വിസ്താരവേളയില്‍ മുന്‍ ധനകാര്യമന്ത്രി നെല്‍സണ്‍ ബാര്‍ബോസയാണ് പാര്‍ലമെന്‍റില്‍ ദില്‍മക്ക് അനുകൂലമായി മൊഴി നല്‍കിയത്.

ബജറ്റ് കമ്മി നികത്തുന്നതിന് ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ വായ്പകള്‍ എടുത്ത കാര്യം മറച്ചുപിടിച്ചെന്നാണ് മുന്‍ പ്രസിഡന്‍റിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം. എന്നാല്‍, ഇത്തരം വായ്പകളുടെ കാര്യം രഹസ്യമായി സൂക്ഷിക്കുന്ന രീതി രാജ്യത്ത് ദീര്‍ഘകാലമായി തുടരുന്ന കീഴ്വഴക്കമാണെന്നും അതിനെ ഒരുനിലക്കും കുറ്റകരമായ നിയമലംഘനമായി വ്യാഖ്യാനിക്കാനാകില്ളെന്നും മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇപ്പോഴനുഭവപ്പെടുന്ന സാമ്പത്തിക ഞെരുക്കത്തെ വിവാദ വായ്പകളുമായി ബന്ധിപ്പിക്കാനാകില്ളെന്നും മുന്‍ മന്ത്രി വിശദീകരിച്ചു. വെള്ളിയാഴ്ച സഭയില്‍ ഹാജരായ റിയോ സര്‍വകലാശാല പ്രഫസര്‍ റിക്കോര്‍ഡോ ലോദിയും ഇതേ നിലപാടാണ് പാര്‍ലമെന്‍റംഗങ്ങളെ അറിയിച്ചത്.

വിചാരണയില്‍ ഹാജരാകാന്‍ 68കാരിയായ ദില്‍മ തിങ്കളാഴ്ച സഭയില്‍ എത്താനിരിക്കെ രാജ്യം രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ മൂര്‍ധന്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ദില്‍മയുടെ ഇംപീച്ച്മെന്‍റ് വിചാരണ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകും. 81 അംഗ സെനറ്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്താല്‍ ദില്‍മയുടെ എല്ലാ പദവികളും റദ്ദാക്കപ്പെടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.