ഒബാമ മുസ് ലിം പള്ളി സന്ദർശിച്ചു; മുഴുവൻ മുസ് ലിംകളെയും ഒറ്റപ്പെടുത്തരുതെന്ന് ആഹ്വാനം

ബാൾട്ടിമോർ: ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസത്തിനും എതിരായ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. പ്രസിഡന്‍റ് ആയ ശേഷം ആദ്യമായി യു.എസിലെ മുസ് ലിം പള്ളി സന്ദർശിച്ച് നടത്തിയ പ്രസംഗത്തിലാണ് ഒബാമ മതസാഹോദര്യത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്ന വിവാദ പ്രസ്താവന നടത്തിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പ്രസംഗത്തിൽ ഒബാമ രൂക്ഷമായി വിമർശിച്ചു.


മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന ട്രംപിന്‍റെ വിവാദ പ്രസ്താവന വെച്ച് പൊറുപ്പിക്കാനാവില്ലെന്ന് ഒബാമ പറഞ്ഞു. മുസ് ലിംകൾ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ചുരുക്കം ചില ആളുകളുടെ പ്രവർത്തനങ്ങളുടെ പേരിൽ യു.എസിലെ മുഴുവൻ മുസ് ലിംകളെയും ഒറ്റപ്പെടുത്തരുത്. അത്തരക്കാർക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ല. തീവ്രവാദ സംഘടനകൾക്കെതിരെ ഒരുമിച്ച് നിൽകണമെന്ന് ആഹ്വാനം ചെയ്ത ഒബാമ, അമേരിക്കയിലെ മുസ് ലിംകൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒബാമയെ കാണാനും പ്രസംഗം കേൾക്കാനും വൻ ജനക്കൂട്ടമാണ് ബാൾട്ടിമോറിലെ മുസ് ലിം പള്ളിയിൽ എത്തിയത്.

മുസ് ലിംകൾ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് പൂർണമായി തടയണമെന്ന ഡൊണാൾഡ് ട്രംപിന്‍റെ പരാമർശം വിവാദത്തിന് വഴിവെച്ചിരുന്നു. വിവാദ പരാമർശത്തിന്‍റെ പേരിൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരംഗത്തുള്ള ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്നുവരെ വിമർശം നേരിടേണ്ടി വന്നു. നിയമവിധേയമായി അമേരിക്കയിൽ വരുന്നവരെ മതമോ ജാതിയോ നോക്കാതെ സ്വാഗതം ചെയ്യണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയംഗവും സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹാലെ പ്രതികരിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.