ഇസ്രായേല്‍ കുടിയേറ്റം: രൂക്ഷ വിമര്‍ശവുമായി ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്: ഫലസ്തീന്‍ സമൂഹത്തോടും ലോകത്തോടുമുള്ള കടുത്ത അവജ്ഞയാണ് ഇസ്രായേല്‍ തുടരുന്ന കുടിയേറ്റ നിര്‍മാണങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. പശ്ചിമേഷ്യന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പരാമര്‍ശം. പുതുതായി അനധികൃത ഭവനങ്ങളൊരുക്കുന്നത് കുടിയേറ്റ ജനസംഖ്യ പിന്നെയും വര്‍ധിപ്പിക്കുമെന്നും പ്രദേശത്ത് സംഘര്‍ഷം വര്‍ധിപ്പിക്കാനും സമാധാന നീക്കങ്ങളെ തടയിടാനും മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഫലസ്തീനികളുടെ അമര്‍ഷവും നൈരാശ്യവും വര്‍ധിച്ചുവരുകയാണ്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ പ്രകടിപ്പിച്ചുവരുന്ന പോലെ, ഇവിടെയും അധിനിവേശത്തിനു നേരെ പ്രതികരണം സ്വാഭാവികമാണ്. തീവ്രവാദത്തിനും വെറുപ്പിനും വഴിവെക്കുന്നതും ഇതാണ്’ -അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലും കുടിയേറ്റ ഭവന നിര്‍മാണം തുടരുന്നതിനെതിരെ മാസങ്ങളായി ഫലസ്തീനികള്‍ പ്രതിഷേധവുമായി ഇറങ്ങിയത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. ഒക്ടോബര്‍ ഒന്നിനു ശേഷം ഇതുവരെയായി 165 ഫലസ്തീനികളും 25 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ബാന്‍ കി മൂണിന്‍െറ വാക്കുകള്‍ക്കെതിരെ വിമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രംഗത്തത്തെിയിട്ടുണ്ട്. തീവ്രവാദത്തിന് ന്യായീകരണമില്ളെന്നും ഫലസ്തീനികള്‍ രാജ്യമുണ്ടാക്കാനല്ല, രാഷ്ട്രത്തെ തകര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു നെതന്യാഹുവിന്‍െറ പ്രതികരണം.

1967ലെ ആറുദിന യുദ്ധത്തിനു ശേഷം വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ ഫലസ്തീനികളുടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കിയാണ് ഇസ്രായേല്‍ അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ഇവിടങ്ങളില്‍ നിര്‍മിച്ച 200ഓളം കുടിയേറ്റ കേന്ദ്രങ്ങളില്‍ അഞ്ചു ലക്ഷത്തോളം പേരെ താമസിപ്പിച്ചത് സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചിരുന്നു. യു.എന്‍ രക്ഷാസമിതി 446ാം പ്രമേയമനുസരിച്ച് ഇത്തരം കുടിയേറ്റ ഭവനങ്ങളെല്ലാം രാജ്യാന്തര ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഏറ്റവുമൊടുവില്‍ വെസ്റ്റ്ബാങ്കില്‍ ജെറിക്കോക്ക് സമീപം 380 ഏക്കര്‍ ഭൂമി ഇസ്രായേല്‍ നിയമവിരുദ്ധമായി കണ്ടുകെട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.