ലുലാ ദ സില്‍വയുടെ അറസ്റ്റ്: പ്രതിഷേധവുമായി ബ്രസീല്‍ പ്രസിഡന്‍റ്

ബ്രസീലിയ: പെട്രോബാസ് എണ്ണക്കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുലാ ദ സില്‍വയെ കസ്റ്റഡിയിലെടുത്ത നടപടി ഉചിതമായില്ലെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ദിൽമ റൂസഫ്. മുമ്പ് നിരവധി തവണ ചോദ്യംചെയ്യലിന് ഹാജരായ ദ സില്‍വയെ യുദ്ധസമാനമായ രീതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയെ അപലപിച്ച ദിൽമ റൂസഫ് ലുലാ ദ സില്‍വക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ലുലാ ദ സില്‍വയോടൊപ്പം ദിൽമ റൂസഫ്
 


വെള്ളിയാഴ്ച വസതിയിൽ റെയ്ഡ് നടത്തി ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്ത സില്‍വയെ മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 70കാരനായ സില്‍വക്ക് അഴിമതിക്കേസില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതിനുള്ള മതിയായ രേഖകള്‍ കൈവശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അറസ്റ്റ് ചെയ്യാനെത്തിയ ഫെഡറൽ പൊലീസ് ലുലാ ദ സില്‍വയുടെ വസതിക്ക് മുമ്പിൽ
 


എന്നാൽ, ആരോപണങ്ങള്‍ നിഷേധിച്ച സില്‍വ തന്‍റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചു. മുൻവിധിയോടെ‍യാണ് പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിൽ പ്രതിഷേധിച്ച് വർക്കേഴ്സ് പാർട്ടി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ലുലാ ദ സില്‍വയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ പ്രവർത്തകർ വസതിക്ക് മുമ്പിൽ സുരക്ഷാ കവചം തീർത്തിരുന്നു.

തന്‍റെ പേരിലുള്ള സന്നദ്ധ സംഘടനക്കായും ദിൽമ റൂസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായും ദ സിൽവ അഴിമതിപണം ഉപയോഗിച്ചെന്നാണ് പ്രധാന ആരോപണം. കേസന്വേഷണത്തെ തുടര്‍ന്ന് നിരവധി കമ്പനി ജീവനക്കാരെയും രാഷ്ട്രീയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്‍റ് പദവിയിൽ നിന്ന് 2011ലാണ് സില്‍വ സ്ഥാനമൊഴിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.