ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സഭ സ്ഥാപിതമായതിന് ശേഷം കണ്ടിട്ടില്ലാത്ത പ്രതിസന്ധിക്ക് ലോകം സാക്ഷിയായിരിക്കെയാണ് ബാന്‍ കി മൂണിന് പിന്‍ഗാമിയായി അന്‍േറാണിയോ ഗുട്ടെറസ് വരുന്നത്. ഒമ്പതാമത്തെ യു.എന്‍ സെക്രട്ടറി ജനറലായി നിയമിതനായാല്‍, അദ്ദേഹത്തിന്‍െറ ഇടപെടല്‍ ആവശ്യമാവുന്ന സങ്കീര്‍ണ വിഷയങ്ങള്‍ ഏറെ. പശ്ചിമേഷ്യയിലെ വിശേഷിച്ച് സിറിയയിലെ സംഘര്‍ഷം, ഉത്തര കൊറിയയുടെ ആണവ ഭീഷണി, ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടലിന് സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഗുട്ടെറസിന് സാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും സംഘര്‍ഷം മൂലമുണ്ടാവുന്ന അഭയാര്‍ഥി പ്രവാഹവും അദ്ദേഹത്തിന് വെല്ലുവിളിയാണ്. സിറിയന്‍ പ്രശ്നത്തെ തുടര്‍ന്ന് റഷ്യ-യു.എസ് ബന്ധം ശീതയുദ്ധകാലത്തേതിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ചേക്കും.
എന്നാല്‍, പ്രതിസന്ധികളെ തരണം ചെയ്യാനും, പരസ്പരം പോരടിച്ചുനില്‍ക്കുന്നവരെ രമ്യതയിലേക്ക് നയിക്കാനും ഗുട്ടെറസിന് അസാമാന്യ മെയ്വഴക്കം സിദ്ധമാണെന്ന് അടുത്തറിയുന്നവര്‍ പറയുന്നു.
സെക്രട്ടറി ജനറലിനെ നിയമിക്കാന്‍ രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടാവുക സാധാരണഗതിയില്‍ എളുപ്പമല്ല. എന്നാല്‍, ഇത്തവണ വിപരീതമായി അതു സംഭവിക്കാന്‍ കാരണം ഗുട്ടെറസ് ഏവര്‍ക്കും സര്‍വസമ്മതനായതുകൊണ്ടത്രെ. വ്യാഴാഴ്ച ഗുട്ടെറസിന്‍െറ നിയമനത്തിന് ഒൗദ്യോഗിക അംഗീകാരം രക്ഷാസമിതി നല്‍കിയതിന് പിന്നാലെ, നിലവിലെ ആഗോളരാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാനാവുമോ എന്ന ചോദ്യമായിരുന്നു യു.എന്‍ ആസ്ഥാനത്ത് എത്തിയ പത്രപ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ശുഭപ്രതീക്ഷക്ക് വകയുണ്ട് എന്നായിരുന്നു എല്ലാ പ്രതിനിധികളുടെയും പ്രതികരണം. വിനയവും, നയചാതുര്യവും പ്രത്യേകം സിദ്ധമായ ഗുട്ടെറസിന് അതിന് കഴിയുമെന്നാണ് അദ്ദേഹത്തിനൊപ്പം പലനിലകളിലും പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ പറയുന്നത്.
ഫാഷിസ്റ്റ് ഏകാധിപത്യത്തെ കടപുഴക്കി ജനാധിപത്യം സ്ഥാപിതമായ ’70കളിലെ പോര്‍ച്ചുഗലില്‍ കരുത്തുറ്റ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ ഗുട്ടെറസിന് കഴിഞ്ഞു. പിന്നീട്, 1995ല്‍ രാജ്യത്തിന്‍െറ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം, മയക്കുമരുന്ന് ഉപഭോഗം രാജ്യത്തെ വന്‍ വിപത്തിലേക്ക് നയിച്ചുകൊണ്ടിരിക്കെ, മയക്കുമരുന്ന് ഉപഭോഗം കുറ്റകരമല്ലാതാക്കി, വന്‍ വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായതും അദ്ദേഹത്തിന്‍െറ പാടവമായി വാഴ്ത്തപ്പെടുന്നു. പിന്നീട് യു.എന്‍ ഹൈകമീഷണറായിരിക്കെ, അഭയാര്‍ഥിപ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി.
ജനുവരി ഒന്നു മുതല്‍ പുതിയ സ്ഥാനത്ത് അവരോധിതനാവുന്നതോടെ വീണ്ടും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമോ എന്നതാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.