വാഷിങ്ടൺ: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ട നാല് പൊലീസ് ഉദ്യാഗസ്ഥർക്കെതിരെയും കുറ്റം ചുമത്തും. ഫ്ലോയിഡിനെ കാലുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷോവിൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് മേൽ മാത്രമാണ് നിലവിൽ കുറ്റം ചുമത്തിയിട്ടുള്ളത്. തോമസ് ലെയ്ൻ, അലെക്സാൻഡർ കുയെങ്, ടു താവോ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് പുതിയതായി കുറ്റം ചുമത്തുക. ഡെറിക് ഷോവിന്‍റെ മേൽ ചുമത്തിയ മൂന്നാംതരം കൊലക്കുറ്റം രണ്ടാംതരം കൊലക്കുറ്റമായി വർധിപ്പിക്കുകയും ചെയ്യും. മിന്നെസോട്ട അറ്റോർണി ജനറൽ കെയ്ത്ത് എല്ലിസൺ ഈ നടപടികൾ കൈക്കൊള്ളുകയാണെന്ന വിവരം യു.എസ് സെനറ്റർ ആമി ക്ലോബുഷർ ആണ് ട്വീറ്റിലൂടെ അറിയിച്ചത്.
ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നതിനിടെയാണ് കുറ്റക്കാർക്കെതിരെ കൂടുതൽ നടപടി വരുന്നത്. കൊലപാതകത്തിന് കാരണക്കാരായ പൊലീസുകാരെ നേരത്തെ സർവിസിൽനിന്ന് പുറത്താക്കിയിരുന്നു.
Minnesota Attorney General Keith Ellison is increasing charges against Derek Chauvin to 2nd degree in George Floyd’s murder and also charging other 3 officers. This is another important step for justice.
— Amy Klobuchar (@amyklobuchar) June 3, 2020
കഴിഞ്ഞ തിങ്കളാഴ്ചയാണ് തെക്കൻ മിനിയപൊളിസിൽ പൊലീസ് പീഡനത്തിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജനോട്ട് കൈവശം വെച്ചുവെന്നാരോപിച്ച് ഫ്ലോയ്ഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡെറിക് ഷോവിൻ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾകൊണ്ട് കഴുത്തിൽ അമർത്തുകയുമായിരുന്നു. എട്ടുമിനിറ്റും 46 സെക്കൻഡും ഷോവിന്‍റെ കാൽമുട്ടുകൾ ഫ്ലോയ്ഡിന്‍റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
രാജ്യത്ത് വ്യാപക പ്രക്ഷോഭമാണ് കൊലപാതകത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ടത്. കർഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ശ്രമങ്ങൾ ഫലം കണ്ടില്ല. കർഫ്യൂ ലംഘിച്ച് പ്രധാന നഗരങ്ങളിലെല്ലാം ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സൈന്യത്തെ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് തലസ്ഥാന നഗരിയായ വാഷിങ്ടണിലെ മേയർ വ്യക്തമാക്കി.
150 നഗരങ്ങളിൽ പ്രഖ്യാപിച്ച കർഫ്യൂവും 13 പ്രധാന നഗരങ്ങളിലെ അടിയന്തരാവസ്ഥയും ലംഘിച്ചാണ് ജനം വർണവിവേചനത്തിനെതിരെ തെരുവിലിറങ്ങിയത്.രാജ്യത്തുടനീളമായി 75,000 ഫെഡറൽ സൈനികരെ നിയോഗിക്കുകയും 9,000ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടും പ്രക്ഷോഭം തണുപ്പിക്കാനായിട്ടില്ല. ട്രംപിെൻറ കർക്കശ നടപടികൾ പ്രക്ഷോഭത്തെ ആളിക്കത്തിക്കുമെന്ന ആശങ്കയുമുണ്ട്.
പതിനായിരക്കണക്കിന് പേർ തെരുവിലുള്ള വാഷിങ്ടണിൽ 1600 നാഷനൽ ഗാർഡ് സൈനികരെ നിയോഗിക്കുകയും സൈനിക ഹെലികോപ്ടറിൽ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. വാഷിങ്ടണിൽ എട്ടാം ദിനത്തിലും പ്രക്ഷോഭം സമാധാനപരമായിരുന്നു. വാഷിങ്ടണിൽ പ്രക്ഷോഭകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. കർഫ്യൂ ലംഘിച്ചതിന് ന്യൂയോർക്കിൽ 200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, മിനിയപൊളിസ് പൊലീസിനെതിരെ മിനിസോട സ്റ്റേറ്റ് പൗരാവകാശ അന്വേഷണം പ്രഖ്യാപിച്ചു. ഫ്ലോയ്ഡിെൻറ കൊലപാതകത്തിൽ ഔപചാരിക പരാതി നൽകിയതായി ഗവർണർ ടിം വാൽസും മിനിസോട മനുഷ്യാവകാശ വിഭാഗവും വ്യക്തമാക്കി.
മിനിയപൊളിസിലെ പൊലീസിെൻറ വർണവിവേചനപരമായ പെരുമാറ്റത്തിെൻറ ചരിത്രം തിരുത്താൻ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണറും മനുഷ്യാവകാശ കമീഷണർ റെബേക്ക ലുസെറോയും പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്ലോയ്ഡിെൻറ മനുഷ്യാവകാശങ്ങൾ പൊലീസ് ബോധപൂർവം ഇല്ലാതാക്കിയോയെന്നത് സംബന്ധിച്ച് എഫ്.ബി.ഐയും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.