വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷിച്ച് ചരിത്രം തിരുത്തി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റ് ഔദ്യോഗിക ഒാഫീസിൽ ദീപാവലി ആഘോഷിക്കുന്നത്. ഭാവിയിൽ തന്‍റെ പിൻഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി.
"ഈ വർഷം ഒാവൽ ഒാഫീസിൽ ആദരപൂർവം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്‍റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയിൽ യു.എസ് പ്രസിഡന്‍റുമാർ ഈ ആഘോഷം തുടരട്ടെ" എന്ന് വൈറ്റ് ഹൗസ് ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ ഒബാമ വ്യക്തമാക്കി.
ദീപാവലി ആഘോഷവേളയിൽ കുടുംബത്തോടൊപ്പം ആശംസകൾ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്ന് പ്രത്യാശിച്ചു. ഇന്ത്യ സന്ദർശന വേളയിൽ മുംബൈയിൽവെച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും ഒബാമ ഒാർമ്മിച്ചു.
വൈറ്റ് ഹൗസിലെ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്. 2009ൽ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒബാമയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒന്നര ലക്ഷം ലൈക്കുകൾ ലഭിക്കുകയും 33000ത്തോളം പേർ ഷെയർ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.