ബെയ്ജിങ്: ചൈനീസ് ഉൽപന്നങ്ങൾ വിപണി കീഴടക്കുന്നുവെന്നും ചൈനയുമായുള്ള വ്യാപാരക്കമ്മി രാജ്യത്തെ വലക്കുന്നുവെന്നും ആരോപിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക ചുങ്കത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന.
അമേരിക്കയിൽ നിന്നുള്ള 128 ഉൽപന്നങ്ങൾക്കാണ് ചൈന 25 ശതമാനം വരെ അധിക നികുതി പ്രഖ്യാപിച്ചത്. ഫ്രോസൺ പന്നിയിറച്ചി, വൈൻ, പഴങ്ങൾ തുടങ്ങി വ്യാപകമായി ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളാണ് നികുതിവലയിൽ പെട്ടത്. ചൈനയിൽ നിന്നുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതിക്കായിരുന്നു ട്രംപ് അധിക നികുതി ചുമത്തിയത്.
ഞായറാഴ്ച രാത്രിയോടെ പ്രഖ്യാപിച്ച പുതിയ നികുതികൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു. ഇതുവഴി 300 കോടി ഡോളറിെൻറ അധിക വരുമാനമാണ് ചൈന പ്രതീക്ഷിക്കുന്നത്.
ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകൾ പ്രകാരം കുറഞ്ഞ നികുതിയിൽപെട്ട 120ലേറെ വസ്തുക്കൾക്ക് അധിക നികുതി ചുമത്തുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പഴം, എഥനോൾ എന്നിവക്ക് 15 ശതമാനവും പന്നിയിറച്ചി, സ്ക്രാപ് അലൂമിനിയം തുടങ്ങിയ എട്ടിനങ്ങൾക്ക് 25 ശതമാനവും അധിക നികുതി വരും. േലാക വ്യാപാര ചട്ടങ്ങൾക്ക് എതിരല്ല, പുതിയ പ്രഖ്യാപനമെന്നാണ് ചൈനയുടെ വിശദീകരണം.
ഷി ജിൻപിങ് ഭരണകൂടം കടുത്ത നടപടികളുമായി എത്തിയത് ആഗോളതലത്തിൽ പുതിയ വ്യാപാര പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഉരുക്കിനും അലൂമിനിയത്തിനും നിലവിൽവന്ന അധിക നികുതിക്ക് പുറമെ 5000 കോടി ഡോളർ മൂല്യമുള്ള പുതിയ നികുതികൾ മറ്റു വസ്തുക്കൾക്കുമേലും ചുമത്താൻ യു.എസ് ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നു. അമേരിക്കൻ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചെന്നാരോപിച്ചാണ് നടപടിക്കു നീക്കം. എന്നാൽ, ഇതിന് തിരിച്ചടിയുമായി ചൈന വീണ്ടും പ്രതികരിച്ചാൽ ആഗോളതലത്തിൽ പ്രത്യാഘാതം ഗുരുതരമാകും.
അതേസമയം, യു.എസിൽനിന്ന് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന സോയാബീൻ, വിമാനങ്ങൾ എന്നിവക്ക് നികുതി വർധിപ്പിച്ചിട്ടില്ല. ഇവക്കു പിറകെയുള്ള പന്നിയിറച്ചി 110 കോടി ഡോളറിനായിരുന്നു കഴിഞ്ഞ വർഷം ചൈന ഇറക്കുമതി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.