ഹ്യൂസ്റ്റൺ: അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യുവിെൻറ മൃതദേഹം ഡല്ലാസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഒാഫീസിൽ നിന്നും വിട്ടുെകാടുത്തു. എന്നാൽ ആർക്കാണ് മൃതദേഹം കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഷെറിൻ മാത്യുവിന് വേണ്ടി പ്രാർഥന നടത്തിയും ‘ലോകത്തിെൻറ മകളെ’ന്നും ‘നമ്മുടെ മകളെ’ന്നും ‘പ്രിൻസസ് ഷെറിൻ’ എന്നുമുള്ള ഹാഷ്ടാഗുകളിൽ ഫേസ്ബുക്ക്, ട്വിറ്റർ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു.
അതിനിടെ, ഷെറിെൻറ മൃതദേഹം വിട്ടു നൽകണമെന്നും വിശ്വാസത്തിനതീതമായി സംസ്കാരം നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് റിച്ചാർഡ്സണിലെ താമസക്കാരനായ 23കാരൻ ഉമൈർ സിദ്ദിഖി ഒാൺലൈൻ പരാതി നൽകി. 5000ലധികം പേർ പരാതിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ചിലർ കുട്ടിയുെട മൃതദേഹം യു.എസിൽ തന്നെ സംസ്കരിക്കണമെന്നും ഇന്ത്യയിലേക്ക് അയക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇന്ത്യൻ കോൺസുലേറ്റ് അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നിയമപരമായി കുട്ടിയുെട മാതാപിതാക്കൾക്ക് മാത്രമേ മൃതദേഹം വിട്ടു നൽകാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ പിതാവ് വെസ്‌ലി മാത്യു അറസ്റ്റിലാണെങ്കിലും മാതാവ് സിനിക്കെതിരെ കേസെടുത്തിട്ടില്ല. മൃതദേഹം സംസ്കരിക്കാനുള്ള നടപടികളെല്ലാം മാതാവ് പൂർത്തിയാക്കിയിട്ടുമുണ്ട്. മാതാവും അറസ്റ്റിലാണെങ്കിലും അവർ ചുമതലപ്പെടുത്തുന്നവർക്ക് മാത്രമേ മൃതദേഹം കൈമാറാനും സംസ്കരിക്കാനുമുള്ള അനുവാദം നൽകാനാകൂവെന്നാണ് അധികൃത പക്ഷം.
ഒക്ടോബർ ഏഴിന് വടക്കൻ ടെക്സസിൽ റിച്ചാർഡ്സണിലെ വീട്ടിൽനിന്നാണ് കുഞ്ഞിനെ കാണാതായത്. പാലുകുടിക്കാത്തതിന് പുലർച്ച മൂന്നോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയപ്പോള്‍ കാണാതായെന്നാണ് വെസ്‌ലി മാത്യൂസ് ആദ്യം പൊലീസിന് മൊഴിനൽകിയത്.
എന്നാൽ, നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴാണ് ഷെറിൻ മരിച്ചതെന്നാണ് വെസ്‌ലി പിന്നീട് നൽകി മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നുകരുതി ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ മാരകമായി പരിക്കേൽപ്പിച്ചതുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ്. അഞ്ചുമുതൽ 99 വരെ വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മാത്യൂസ് ഇപ്പോൾ റിച്ചാർഡ്സൺ ജയിലിലാണ്.
എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസും ഭാര്യ സിനിയും രണ്ടുവർഷം മുമ്പാണ് ബിഹാറിലെ അനാഥാലയത്തിൽനിന്ന് ഷെറിനെ ദത്തെടുത്തത്. കുഞ്ഞിന് വളർച്ചക്കുറവും സംസാരവൈകല്യവുമുള്ളതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.